സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ കോടികള്‍ വിലമതിക്കുന്ന ഭൂമി അന്യാധീനമാകുന്നു. കരുനാഗപ്പള്ളിയിലും കൊട്ടാരക്കരയിലുമുള്ള കണ്ണായ 16 സെന്റ് സ്വകാര്യവ്യക്തികള്‍ കൈയേറിത്തുടങ്ങി. സാമൂഹ്യവിരുദ്ധര്‍ താവളമാക്കിയ ഭൂമി ഉപയോഗപ്പെടുത്താന്‍ സ്വാര്‍ഥതാല്‍പ്പര്യങ്ങളുടെ പേരില്‍ അധികൃതരും തയ്യാറല്ല. കരുനാഗപ്പള്ളി പട്ടണത്തിന്റെ ഹൃദയഭാഗത്ത് കോര്‍പറേഷന്റെ വക ഒമ്പതുസെന്റും കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനോടു ചേര്‍ന്ന ഏഴുസെന്റും ചുറ്റുമതില്‍പോലും ഇല്ലാതെ കാടുപിടിച്ചു കിടക്കുന്നു. ഈ ഭൂമിയില്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ കെട്ടിടം നിര്‍മിക്കാന്‍ പല തവണ തീരുമാനമെടുത്തെങ്കിലും ഉദ്യേഗസ്ഥതലത്തില്‍ ഇടങ്കോലിട്ടു. കരുനാഗപ്പള്ളിയിലെ ഭൂമി സെന്റിന് മതിപ്പുവില കോടികള്‍വരും. സമീപത്തെ കച്ചവടക്കാരും നാട്ടുകാരും വഴിനടക്കുന്നത് ഈ ഭൂമിയിലൂടെയാണ്. വഴി തടസ്സപ്പെടുമെന്നു കാട്ടി ഭൂമിയില്‍ നിര്‍മാണപ്രവര്‍ത്തനം നടത്തുന്നതിനെതിരെ ചിലര്‍ ഹൈക്കോടതിയില്‍ കേസ് നല്‍കി. പിന്നീട് കേസ് കോര്‍പറേഷന് അനുകൂലമായെങ്കിലും ഭൂമി സംരക്ഷിക്കാന്‍ അധികൃതരില്‍നിന്നു നടപടിയുണ്ടായില്ല. അധികാരികള്‍ തിരിഞ്ഞുനോക്കാതായതോടെ വീണ്ടും ഭൂമി അന്യാധീനമായി. രണ്ടുതവണ ചുറ്റുമതില്‍ കെട്ടിയെങ്കിലും സമീപത്തെ ചില കച്ചവടക്കാര്‍ അവരുടെ സൗകര്യാര്‍ഥം ഇടിച്ചുകളഞ്ഞു.
കരുനാഗപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസ് സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിലും സപ്ലൈകോ താലൂക്ക് ഡിപ്പോയും സൂപ്പര്‍ മാര്‍ക്കറ്റും വാടകക്കെട്ടിടങ്ങളിലുമാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഈ ഭൂമിയില്‍ കെട്ടിടസമുച്ചയം നിര്‍മിച്ച് താലൂക്ക് സപ്ലൈ ഓഫീസും സപ്ലൈകോ ഡിപ്പോയും അങ്ങോട്ടേക്കു മാറ്റാന്‍ തീരുമാനിച്ചിരുന്നു. കോര്‍പറേഷന്‍ അതിനായി പണവും അനുവദിച്ചു. എന്നാല്‍,അനുബന്ധ നടപടി സ്വീകരിക്കുന്നതില്‍ ഉദ്യോഗസ്ഥതലത്തില്‍ നീക്കമുണ്ടായില്ല. കെട്ടിടം നിര്‍മിച്ചാല്‍ കോര്‍പറേഷന് വന്‍തുക വാടക നഷ്ടം ഒഴിവാക്കാം. കൂടാതെ കടമുറികള്‍ വാടകയ്ക്കു നല്‍കി അധികവരുമാനവും നേടാം. വാടകക്കെട്ടിടത്തില്‍നിന്ന് സപ്ലൈ ഓഫീസ് മാറ്റുന്നതില്‍ ചില ഉദ്യോഗസ്ഥര്‍ക്കു താല്‍പ്പര്യമില്ലത്രെ. സപ്ലൈ ഓഫീസ് പ്രവര്‍ത്തിക്കുന്ന വാടക വീടിനോടു ചേര്‍ന്നുള്ള കടമുറികള്‍ റേഷന്‍ വ്യാപാരികളുടെ ഇടനിലക്കാരാണ് കൈയടക്കിയിരിക്കുന്നത്. പണം ഇടപാടുകള്‍ ഇവിടം കേന്ദ്രീകരിച്ചാണ് നടക്കുന്നത്.
(സനല്‍ ഡി പ്രേം)
deshabhimani

No comments:
Post a Comment