നിയമങ്ങളേറെയുണ്ട്. ജില്ലാ ഭരണാധികാരികളുടെ ഇടപെടലുകളുണ്ട്. എല്ലാം കടലാസില്‍ മാത്രം. നടക്കുന്നത് വര്‍ഷാരംഭത്തിലെ ഒരേയൊരു ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗം. ഇക്കുറിയും ആ ചടങ്ങ് നടന്നു. കലക്ടര്‍ വന്നു, ബസ് ഉടമസ്ഥരുടെയും ജീവനക്കാരുടെയും സംഘടനാനേതാക്കള്‍ വന്നു, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളും പൊലീസുമെത്തി. വര്‍ഷംതോറും അവതരിപ്പിക്കുന്ന പ്രശ്നങ്ങള്‍, അതേ പരിഹാരങ്ങള്‍, അതേ തലകുലുക്കല്‍. വിദ്യാര്‍ഥികളുടെ ദുര്യോഗത്തിനു മാത്രം അറുതിയില്ല. കോരിച്ചൊരിയുന്ന മഴയായാലും പൊരിയുന്ന വെയിലായാലും സ്റ്റാന്‍ഡില്‍നിന്ന് ബസെടുക്കുംവരെ പുറത്തു കാത്തുനില്‍ക്കണം. ബസ് മുന്നോട്ടെടുക്കുമ്പോള്‍ തിക്കിത്തിരക്കി കയറണം. ആ നിമിഷംമുതല്‍ അസഭ്യവും അപമാനിക്കലും തുടങ്ങും. സ്റ്റാന്‍ഡില്‍ പൊലീസിനെ നിര്‍ത്തിയിട്ടുണ്ട്. എന്നാല്‍, ഇതൊന്നും കണ്ടില്ലെന്ന് നടിക്കാനാണ് ഇവര്‍ക്ക് നിര്‍ദേശം. പ്രശ്നം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ മറുപടി അതൊക്കെ ഒരു അഡ്ജസ്റ്റ്മെന്റിലേ നടക്കൂ എന്നാണ്.
പെണ്‍കുട്ടികള്‍ ശാരീരികമായ അപമാനിക്കലും സഹിക്കണം. ബസില്‍ കയറുമ്പോള്‍ "കിളി"യുടെ ലീലാവിലാസങ്ങള്‍, അങ്ങോട്ടുമിങ്ങോട്ടും പോകുന്ന കണ്ടക്ടറുടെ തലോടല്‍, ദേഹത്തുതൊട്ടുകൊണ്ടുള്ള വരിനിര്‍ത്തല്‍. ഇതിനിടെ യാത്രക്കാര്‍ ആരെങ്കിലും ശല്യം ചെയ്താലും കുറ്റം പെണ്‍കുട്ടിക്ക്. പരാതി പറഞ്ഞാല്‍ മറ്റു ബസില്‍ കയറി പോകാന്‍ ആവശ്യപ്പെടുമെന്ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് വിദ്യാര്‍ഥിനി ലക്ഷ്മി. ബസില്‍ കയറ്റിയില്ലെങ്കിലും ദേഹത്തുതൊടാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ ലക്ഷ്മിക്ക് എല്ലാ വിദ്യാര്‍ഥികളും പ്രതികരിക്കാത്തതില്‍ പ്രതിഷേധമുണ്ട്. നമ്മുടെ കുട്ടികളെ അഭിമാനത്തോടെ വളര്‍ത്താനും പ്രതികരിക്കാനും നാം ശീലിപ്പിക്കേണ്ടിയിരിക്കുന്നു. അവകാശങ്ങള്‍ തിരിച്ചറിയാനും അത് നേടിയെടുക്കാന്‍ പൊരുതാനും പഠിപ്പിക്കേണ്ടിയിരിക്കുന്നു.
deshabhimani
No comments:
Post a Comment