Wednesday, June 12, 2013

പ്രതിയുമായി ബന്ധം: മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് പ്രതിപക്ഷം

കോടികളുടെ തട്ടിപ്പുകേസിലെ പ്രതി അറസ്റ്റുചെയ്യപ്പെടുംമുമ്പ് മുഖ്യമന്ത്രിയുടെ ഓഫീസുമായി നിരന്തരം ബന്ധപ്പെട്ട  പ്രശ്നം നിയമസഭയിൽ. ആരോപണത്തെപ്പറ്റി മുഖ്യമന്ത്രിപ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ, സിപിഐ എം നേതാക്കളായ ഇ പി ജയരാജൻ, പി ശ്രീരാമകൃഷ്ണൻ എന്നിവർ സഭയിൽ ആവശ്യപ്പെട്ടു. പൊതുഭരണ-വനം വകുപ്പുകളുടെ ധനാഭ്യർഥൻ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ.  അതിനിടെ വിഷയത്തെപ്പറ്റി ഇന്റലിജൻസ്  അഡീഷണൽ ഡിജിപിയോട് മുഖ്യമന്ത്രി റിപ്പോർട്ട് തേടി. എഡിജിപി ടി പി സെൻകുമാറിനെ വിളിച്ചുവരുത്തിയാണു മുഖ്യമന്ത്രി നിർദേശം നല്കിയത്.

സൗരോര്‍ജപ്ലാന്റുകളും കാറ്റാടി വൈദ്യുതിപ്പാടങ്ങളും വാഗ്ദാനംചെയ്ത് പലരില്‍നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത സരിത എസ് നായരാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി തുടര്‍ച്ചയായി ബന്ധം പുലര്‍ത്തിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗവും സന്തതസഹചാരിയുമായ ടെന്നി ജോപ്പന്റെ പേരിലുള്ള മൊബൈല്‍ ഫോണിലാണ് ബന്ധപ്പെട്ടത്. മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയിലെ ലാന്‍ഡ് ഫോണുകളില്‍നിന്നും സരിതയുടെ മൊബൈലിലേക്ക് തുടര്‍ച്ചയായി വിളിച്ചിട്ടുണ്ട്.

സ്വന്തമായി മൊബൈല്‍ഫോണ്‍ ഇല്ലാത്ത മുഖ്യമന്ത്രി ജോപ്പന്റെ ഫോണിലാണ് എപ്പോഴും സംസാരിക്കുക. ജോപ്പന്‍ അടുത്തില്ലാത്തപ്പോള്‍ മറ്റ് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ ഫോണ്‍ ഉപയോഗിക്കും. ജോപ്പന്റെ ഫോണിലുള്ള ഈ ഇടപാട് മുഖ്യമന്ത്രിയെ സംശയത്തിന്റെ നിഴലിലാക്കുന്നു. കോടികളുടെ തട്ടിപ്പുകേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിച്ചതിന്റെ ഞെട്ടിക്കുന്ന വിവരമാണ് പുറത്തായത്. ഫോണ്‍രേഖകള്‍ കൈരളി- പീപ്പിള്‍ ടിവി പുറത്തുവിട്ടു.

ജൂണ്‍ മൂന്നിനാണ് ചെങ്ങന്നൂര്‍ വൈഎംസിഎയ്ക്കുസമീപം വട്ടപ്പാറ പടിഞ്ഞാറേതില്‍വീട്ടില്‍ സരിത എസ് നായരെ (35) തിരുവനന്തപുരത്ത് ഇടപ്പഴിഞ്ഞിയിലെ വാടകവീട്ടില്‍നിന്ന് അറസ്റ്റുചെയ്തത്. അറസ്റ്റിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ജോപ്പന്റെ മൊബൈലിലേക്കും തിരിച്ചും 70 കോളും സന്ദേശങ്ങളും പോയിട്ടുണ്ട്. 9446735555 എന്ന നമ്പരിലേക്കാണ് ജോപ്പന്റെ 9447274799 മൊബൈലിലും മുഖ്യമന്ത്രിയുടെ വസതിയിലെ ലാന്‍ഡ് ഫോണുകളിലും(0471 2314853, 2318406) നിന്ന് തുടര്‍ച്ചയായി വിളിച്ചത്. മെയ് 23 മുതല്‍ 31 വരെമാത്രം ജോപ്പന്‍ 21 തവണ സരിതയെ വിളിച്ചതായാണ് രേഖകള്‍. ബാക്കി സരിത തിരിച്ചുവിളിച്ചതാണ്. ഈ ദിവസങ്ങളില്‍ 20 തവണ പരസ്പരം സന്ദേശം കൈമാറി. ജൂണ്‍ ഒന്നിനും രണ്ടിനും ക്ലിഫ്ഹൗസിലെ രണ്ട് ലാന്‍ഡ് ഫോണുകളില്‍നിന്നും സരിതയെ വിളിച്ചു.

കൊച്ചി പച്ചാളത്തെ ഓട്ടോറിക്ഷാ ഡ്രൈവറായ രാജന്‍നായരുടെ പേരില്‍ എടുത്ത സിംകാര്‍ഡാണ് സരിത ഉപയോഗിച്ചിരുന്നത്. എറണാകുളം ചിറ്റൂര്‍ റോഡില്‍ സരിത "ടീം സോളാര്‍" എന്ന കമ്പനി നടത്തിയപ്പോള്‍ രാജനുവേണ്ടി എടുത്തതാണ്. പിന്നീട് ഇയാളെ ഒഴിവാക്കുകയും സിംകാര്‍ഡ് സരിത തിരിച്ചുവാങ്ങുകയും ചെയ്തു. മുടിക്കല്‍ കുറുപ്പാലിവീട്ടില്‍ സജ്ജാദിനെ കബളിപ്പിച്ച് 40.5 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയെതുടര്‍ന്നാണ് പെരുമ്പാവൂര്‍ സിഐയും സംഘവും സരിതയെ അറസ്റ്റുചെയ്തത്.

കണ്ണൂര്‍, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ നിരവധിപേര്‍ക്ക് പണം നഷ്ടപ്പെട്ടതായും പരാതിയുണ്ട്. പരാതി നല്‍കിയ ആറന്മുള സ്വദേശിയായ വിദേശമലയാളിയെ ഡിവൈഎസ്പി മുഖേന മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് പലതവണ ബന്ധപ്പെട്ടതായി ആക്ഷേപമുയര്‍ന്നു. പരാതി പിന്‍വലിക്കണമെന്നായിരുന്നു ആവശ്യം. തിരുവനന്തപുരം കവടിയാറില്‍ "ക്രെഡിറ്റ് ഇന്ത്യ" എന്ന സ്ഥാപനം നടത്തി നിരവധിപേരെ കബളിപ്പിച്ചതിന് 2009ല്‍ സരിതയും കൂട്ടാളി കൊട്ടാരക്കര സ്വദേശി ബിജു രാധാകൃഷ്ണനും അറസ്റ്റിലായിരുന്നു. ആറുമാസം ജയില്‍വാസവും അനുഭവിച്ചു.

deshabhimani

No comments:

Post a Comment