നിതാഖാത് നിയമം കര്‍ശനമാക്കിയതോടെ ജോലി നഷ്ടപ്പെട്ട് 5,421 മലയാളികള്‍ ഇതുവരെ നാട്ടില്‍ തിരിച്ചെത്തിയതായാണ് കണക്ക്. വിമാനത്താവളങ്ങളിലെ നോര്‍ക്ക സെല്ലുകളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ മാത്രം എണ്ണമാണിത്. തിരുവനന്തപുരം-1,352, നെടുമ്പാശേരി-414, കരിപ്പൂര്‍-3,192 എന്നിങ്ങനെയാണിത്്. ഓണ്‍ലൈനായി 472 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹെല്‍പ്പ് ഡസ്ക്കുകളില്‍ രജിസ്റ്റര്‍ചെയ്യാതെ മടങ്ങിയെത്തുന്നവരും കുറവല്ല. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ളവര്‍ മംഗളൂരു വിമാനത്താവളത്തെ ആശ്രയിക്കുന്നതിനാല്‍ ഇവരുടെ കണക്ക് ലഭ്യമല്ല. മതിയായ തൊഴില്‍ രേഖകളില്ലാത്തവര്‍ക്കും അനധികൃത കുടിയേറ്റക്കാര്‍ക്കും മറ്റും രാജ്യം വിടാന്‍ സൗദി നല്‍കിയ സമയപരിധി ജൂലൈ മൂന്നിന് അവസാനിക്കും. ഇതിന് മുമ്പ് 80,000 ഇന്ത്യക്കാര്‍ തിരിച്ചുവരുമെന്നാണ് കരുതുന്നത്. ഇതിലേറെയും മലയാളികളാണ്. ഇവരെ പുനരധിവസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍ കേരളം ഇക്കാര്യത്തില്‍ ഇതുവരെ നടപടി തുടങ്ങിയിട്ടില്ല.
നാട്ടിലേക്ക് മടങ്ങേണ്ടിവരുന്നവരുടെ യാത്രചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. ഈ ഉറപ്പ് പാലിച്ചില്ല. പ്രതിസന്ധി മുതലെടുത്ത് എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ കുത്തനെ ചാര്‍ജ് വര്‍ധിപ്പിച്ചു. ഇതിലും സര്‍ക്കാര്‍ ഇടപെട്ടില്ല. തിരിച്ചെത്തുന്നവരുടെ പുനരധിവാസത്തിനുള്ള പദ്ധതിയും പ്രഖ്യാപനത്തില്‍ ഒതുങ്ങി. കുവൈത്തിലും നാടുകടത്തല്‍ ആരംഭിച്ചതോടെ പ്രതിസന്ധി രൂക്ഷമായി. കുവൈത്തില്‍ ഒന്നേകാല്‍ ലക്ഷം മലയാളികള്‍ ഉണ്ടെന്നാണ് കണക്ക്. വിദേശികള്‍ക്ക് കുവൈത്തില്‍ ജോലിചെയ്യുന്നതിനുള്ള കാലപരിധി അവിദഗ്ധര്‍ക്ക് അഞ്ച് വര്‍ഷവും വിദഗ്ധര്‍ക്ക് പത്ത് വര്‍ഷവുമായി നിജപ്പെടുത്താനാണ് ആലോചന. ഇത് നടപ്പാക്കുന്നതിനുള്ള പരിശോധന ആരംഭിച്ചു.
വിസ മാറി ജോലിചെയ്തതിന് ജയിലിലായ മലയാളികള്‍ ഉള്‍പ്പെടെയുള്ള 61 ഇന്ത്യക്കാരെയാണ് കഴിഞ്ഞ ദിവസം മടക്കിയത്. ഇരുപതിനായിരത്തിലേറെ ഇന്ത്യക്കാര്‍ കുവൈത്തില്‍ ജയിലില്‍ കഴിയുന്നുണ്ടെന്നാണ് വെളിപ്പെടുത്തല്‍. ഇതില്‍ പകുതിയിലേറെയും മലയാളികളാണ്. കുവൈത്തിലെ തൊഴില്‍ നിയമം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് മന്ത്രിമാര്‍ പ്രതികരിച്ചത്. ഇന്ത്യന്‍ എംബസിയും സര്‍ക്കാര്‍ സംവിധാനങ്ങളും പരാജയമാണെന്ന് തുറന്നുസമ്മതിക്കുകയാണ് സര്‍ക്കാര്‍.
(സി പ്രജോഷ്കുമാര്‍)
മന്ത്രി വയലാര്‍ രവി സ്ഥാനമൊഴിയണം: കേരള പ്രവാസി സംഘം
തൃശൂര്‍: കുവൈത്തില്‍നിന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട് തനിക്കൊന്നുമറിയില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി സ്ഥാനമൊഴിയുന്നതാണ് ഉചിതമെന്ന് കേരള പ്രവാസിസംഘം ജനറല്‍ സെക്രട്ടറി കെ വി അബ്ദുള്‍ഖാദര്‍ എംഎല്‍എ പറഞ്ഞു. ഒരുമാസത്തിലേറെയായി കുവൈത്തില്‍ റെയ്ഡുകള്‍ തുടങ്ങിയിട്ട്. അയ്യായിരത്തോളം ഇന്ത്യന്‍ തൊഴിലാളികള്‍ ജയിലിലാണ്. കുവൈത്തിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയം ഇതൊന്നുമറിഞ്ഞില്ലെന്ന് വിശ്വസിക്കാനാവില്ല. ഉടതുണിക്ക് മറുതുണിയില്ലാതെ ഡല്‍ഹിയിലേക്ക് നാടുകടത്തപ്പെട്ട പ്രവാസികളുടെ വിവരം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് അറിഞ്ഞതെന്ന് കേരള നോര്‍ക്ക മന്ത്രി കെ സി ജോസഫും പറയുന്നുണ്ട്. ഗുരുതരമായ തൊഴില്‍പ്രശ്നങ്ങള്‍ കുവൈത്തിലെ ഇന്ത്യന്‍സമൂഹം നേരിടുമ്പോള്‍ ഭരണാധികാരികള്‍ അലസമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് അംഗീകരിക്കാനാവില്ല. പ്രധാനമന്ത്രി കാര്യാലയം അടിയന്തരമായി കുവൈത്ത്പ്രശ്നത്തില്‍ ഇടപെടണമെന്നും അബ്ദുള്‍ഖാദര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
No comments:
Post a Comment