Monday, June 3, 2013

നാലുവര്‍ഷ ബിരുദകോഴ്സിനു പിന്നില്‍ യുഎസ് താല്‍പ്പര്യം: യെച്ചൂരി

ഡല്‍ഹി സര്‍വകലാശാല നാലുവര്‍ഷ ഡിഗ്രി കോഴ്സുകള്‍ നടപ്പാക്കുന്നത് അമേരിക്കന്‍ താല്‍പ്പര്യം അനുസരിച്ചാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യച്ചൂരി പറഞ്ഞു. ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസമേഖല മാറ്റിമറിക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്. അക്കാദമിക് സമൂഹവുമായി ആലോചിക്കാതെ ബിരുദഘടന മാറ്റാനുളള തീരുമാനത്തിനെതിരെ സംയുക്ത പ്രക്ഷോഭസമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള വിദ്യാഭ്യാസഘടന അമേരിക്കന്‍ അധിനിവേശത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ബിരുദപരിഷ്കരണം. വിജ്ഞാനസമൂഹത്തില്‍ മേധാവിത്വം വഹിക്കാനുള്ള യുഎസ് താല്‍പ്പര്യമാണ് ഇതുവഴി സാധിച്ചുകൊടുക്കുന്നത്. നാലുവര്‍ഷ ബിരുദം നടപ്പാക്കുന്നത് ഡല്‍ഹി സര്‍വകലാശാലാ വൈസ് ചാന്‍സലറുടെമാത്രം താല്‍പ്പര്യപ്രകാരമല്ല. പശ്ചാത്യരാജ്യങ്ങളുടെ ബൗദ്ധിക മേധാവിത്വത്തിന് ഇന്ത്യ വെല്ലുവിളി ഉയര്‍ത്തുന്നതായി ഫ്രഞ്ച് പത്രം ലെ മോണ്ടെ രണ്ടുവര്‍ഷംമുമ്പ് മുഖപ്രസംഗം എഴുതിയിരുന്നു- യെച്ചൂരി പറഞ്ഞു.

വിദ്യാഭ്യാസനിലവാരം പിന്നോട്ടടിപ്പിക്കുന്ന പരിഷ്കാരമാണിതെന്ന് മുന്‍ യുജിസി ചെയര്‍മാന്‍ പ്രൊഫ. യശ്പാല്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ എന്ത് ചെയ്യണമെന്നും ചെയ്യരുതെന്നും കല്‍പ്പിക്കാന്‍ സര്‍വകലാശാലാ അധികൃതര്‍ക്ക് അവകാശമില്ല- അദ്ദേഹം പറഞ്ഞു. അക്കാദമിക് സമൂഹത്തിന്റെ ഊര്‍ജംകെടുത്തുന്ന നടപടിയാണ് ഡല്‍ഹി സര്‍വകലാശാലയുടേതെന്ന് പ്രൊഫ. ജയതി ഘോഷ് അഭിപ്രായപ്പെട്ടു. ഏകപക്ഷീയമായി സിലബസ് അടിച്ചേല്‍പ്പിച്ച് അക്കാദമികസമൂഹത്തെ പരിഹസിക്കുകയാണ്- അവര്‍ പറഞ്ഞു. ഡല്‍ഹി സര്‍വകലാശാലയുടെ നീക്കത്തിനെതിരെ മറ്റു സര്‍വകലാശാലകള്‍ രംഗത്തെത്തുമെന്ന് പ്രൊഫ. ഹര്‍ഗോപാല്‍ പറഞ്ഞു. ഉന്നതവിദ്യാഭ്യാസം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കമാണ് മറനീക്കുന്നതെന്ന് എഴുത്തുകാരി അരുന്ധതി റോയി പറഞ്ഞു. പരിഷ്കാരത്തിനെതിരെ ജനങ്ങള്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങണമെന്ന് ജെഡിയു നേതാവ് ശരദ് യാദവ് ആവശ്യപ്പെട്ടു. പ്രൊഫ. പി എഫ് കൃഷ്ണന്‍, എം എം അന്‍സാരി, അഭയ് മൗര്യ തുടങ്ങിയവരും സംസാരിച്ചു.

deshabhimani

No comments:

Post a Comment