Sunday, August 30, 2020

ജ്വല്ലറി തട്ടിപ്പ്‌; ലീഗ്‌ എംഎൽഎ ഖമറുദ്ദീൻ തട്ടിയത്‌ 132 കോടി

 തൃക്കരിപ്പൂർ > ഫാഷൻ ഗോൾഡ്‌ ജ്വല്ലറിയുടെ ഓഹരിയെടുത്തവരെ  മുസ്ലിംലീഗ്‌ നേതാവും മഞ്ചേശ്വരം എംഎൽഎയുമായ എം സി ഖമറുദ്ദീൻ കബളിപ്പിച്ചതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. കമ്പനി നിയമവും ചട്ടങ്ങളും  കാറ്റിൽപ്പറത്തിയാണ്‌ സാധാരണക്കാർ മുതൽ വൻകിടക്കാരെവരെ നിക്ഷേപകരാക്കിയത്‌‌.  800 പേരിൽനിന്നായി 132 കോടി രൂപ നിയമവിരുദ്ധമായി സമാഹരിച്ചു‌. 2017ൽ  കച്ചവടം നിലച്ചിട്ടും 2019  ജൂൺവരെ ‌ ജ്വല്ലറിയുടെ പേരിൽ പണം കൈപ്പറ്റി.  മത സംഘടനയിലും ലീഗിലും ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നവരാണ്‌ ജ്വല്ലറിയുടെ തലപ്പത്ത്‌ എന്നതിനാലാണ്‌  പലരും ലക്ഷങ്ങൾ നൽകിയത്.

2003ലാണ് ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ എന്ന പേരിൽ ചെറുവത്തൂരിൽ  എം സി ഖമറുദ്ദീൻ ചെയർമാനും ടി കെ പൂക്കോയ തങ്ങൾ എംഡിയുമായി ജ്വല്ലറി തുടങ്ങിയത്. ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗമാണ്‌ പൂക്കോയ തങ്ങൾ. പിന്നീട്  ഫാഷൻ ഗോൾഡ് ഇന്റർ നാഷണൽ,  ഖമർ ഫാഷൻ ഗോൾഡ്, ഫാഷൻ ഗോൾഡ് ഓർണമെന്റ്‌, നുജൂം ഗോൾഡ് എന്നീ കമ്പനികളായി രജിസ്റ്റാർ ഓഫ് കമ്പനീസ് (ആർഒസി)) മുമ്പാകെ രജിസ്റ്റർ ചെയ്‌തു. ഓരോ വർഷവും ജ്വല്ലറിയിലെ വിറ്റുവരവും ആസ്‌തിയുടെ വിവരങ്ങളും മറ്റും ആർഒസിയിൽ സമർപ്പിക്കണം. എന്നാൽ  2017 മുതൽ ഒരു വിവരവും  ഫയൽ ചെയ്‌തിട്ടില്ല. പണം നൽകിയ ചിലർക്ക് കമ്പനികളുടെ പേരിലും സ്വന്തം പേരിലും കരാർ പത്രവും ചെക്കും നൽകിയിട്ടുണ്ട്.  നിക്ഷേപം സ്വീകരിക്കുമ്പോൾ ആർഒസിയുടെ അനുമതി വാങ്ങണമെന്ന നിബന്ധനയും പാലിച്ചില്ല.

ആവശ്യപ്പെട്ടാൽ തിരിച്ചുനൽകാമെന്ന്‌ വിശ്വസിപ്പിച്ച്‌ 50 രൂപയുടെ മുദ്രപത്രത്തിൽ എഴുതി ഒപ്പിട്ടുനൽകിയാണ്‌ മിക്കവരിൽനിന്നും പണം വാങ്ങിയത്. 132 കോടി രൂപ  പൂർണമായും കമ്പനിയുടെ അക്കൗണ്ടിൽ വരവുവച്ചിട്ടില്ല. തലശേരിയിലെ മറ്റൊരു ജ്വല്ലറിയിൽ നിക്ഷേപിച്ച്‌ ലക്ഷങ്ങൾ ലാഭവിഹിതം വാങ്ങിയിട്ടുമുണ്ട്‌. കമ്പനി പ്രവർത്തനം നിലക്കുന്നതിന്‌ മുമ്പ്‌  കാസർകോട്ടെയും പയ്യന്നൂരിലെയും ഭൂമിയും കെട്ടിടവും ബംഗളൂരുവിലെ ആസ്‌തിയും വിറ്റു.

ജ്വല്ലറിയിൽ പണം നിക്ഷേപിച്ച കാടങ്കോട് സ്വദേശി അബ്ദുൾ ഷുക്കൂർ, വലിയപറമ്പിലെ ഇ കെ  ആരിഫ, എം ടി പി സുഹറ എന്നിവർ നൽകിയ പരാതിയിൽ ചന്തേര പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ തട്ടിപ്പിൽ കുടുങ്ങിയ നിരവധി പേർ രംഗത്തുവന്നിട്ടുണ്ട്‌.വൻതട്ടിപ്പ്‌ പുറത്തുവന്നിട്ടും ലീഗ്‌ നേതൃത്വം കുറ്റവാളികളെ  സംരക്ഷിക്കുകയാണ്‌‌. തൃക്കരിപ്പൂരിലെ ജാമിഅ സഅദിയ ഇസ്ലാമിയ അഗതി മന്ദിരത്തിന്റെ  ഭൂമി ഇതേ സംഘം തട്ടിയെടുക്കാൻ ശ്രമിച്ചിരുന്നു. വഖഫ്‌ ഭൂമി രജിസ്‌റ്റർ ചെയ്‌തു സ്വന്തമാക്കിയത്‌ വിവാദമായപ്പോൾ ‌ തിരിച്ചുനൽകി. ഇത്‌ സംബന്ധിച്ചും  അന്വേഷണം നടക്കുന്നുണ്ട്. ഈ ഭൂമി കാണിച്ച്‌ ഇവരുടെ നേതൃത്വത്തിലുള്ള സ്വകാര്യ കോളേജിന്‌ കണ്ണൂർ സർവകലാശാലയിൽനിന്ന്‌ അഫിലിയേഷൻ വാങ്ങാനും ശ്രമമുണ്ടായി.

ജ്വല്ലറി തട്ടിപ്പ്: മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീനെതിരെ കേസ്

തൃക്കരിപ്പൂർ> ജ്വല്ലറിയുടെ പേരിൽ  നിക്ഷേപമായി സ്വീകരിച്ച പണം തിരിച്ചു  നൽകാത്തതിന്‌  മുസ്ലിംലീഗ്‌ നേതാവും മഞ്ചേശ്വരം എംഎൽഎയുമായ  എം സി ഖമറുദ്ദീനെതിരെ  ചന്തേര പൊലീസ് കേസ് രജിസ്റ്റർചെയ്തു. ചെറുവത്തൂർ ആസ്ഥാനമായി പ്രവർത്തിച്ച  ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ പണം നിക്ഷേപിച്ച കാടങ്കോട്ടെ അബ്ദുൾ ഷുക്കൂർ (30 ലക്ഷം), എം ടി പി സുഹറ (15 പവനും ഒരു ലക്ഷവും),  വലിയപറമ്പിലെ ഇ കെ ആരിഫ (മൂന്ന് ലക്ഷം) എന്നിവരുടെ പരാതിയിലാണ്‌  കേസ്‌.

ഫാഷൻ ഗോൾഡ് ജ്വല്ലറി ചെയർമാൻ  എം സി ഖമറുദ്ദീൻ എംഎൽഎ, മാനേജിങ് ഡയറക്ടർ  ടി കെ പൂക്കോയ തങ്ങൾ എന്നിവർക്കെതിരെയാണ് കമ്പനിയുടെ മറവിൽ സ്വകാര്യനിക്ഷേപം സ്വീകരിക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തത്. ഫാഷൻ ഗോൾഡിന്റെ  ചെറുവത്തൂർ, പയ്യന്നൂർ, കാസർകോട്  ബ്രാഞ്ചുകൾ കഴിഞ്ഞ ജനുവരിയിൽ പൂട്ടിയിരുന്നു.   അവയുടെ പേരിലുണ്ടായിരുന്ന സ്വത്തുകളും കൈമാറി. കഴിഞ്ഞ വർഷം ആഗസ്ത് മുതൽ നിക്ഷേപകർക്ക് ലാഭവിഹിതം നൽകിയില്ല.

പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെയാണ്‌ നിക്ഷേപകർ പരാതി നൽകിയത്. 150 കോടിയുടെ നിക്ഷേപമാണ് മൂന്ന് ജ്വല്ലറിയുടെ പേരിൽ  തട്ടിയതെന്നാണ്‌ ആരോപണം.  800 ഓളം നിക്ഷേപകരുണ്ടായിരുന്ന ഫാഷൻ ഗേൾഡ് ജ്വല്ലറിയിൽ പണം നിക്ഷേപിച്ച മദ്രസ അധ്യാപകനുൾപ്പെടെയുള്ള ഏഴ് പേർ നേരത്തെ  ജില്ലാ പൊലീസ് മേധാവിക്ക്‌ പരാതി നൽകിയിരുന്നു.കാഞ്ഞങ്ങാട്ടെ സി ഖാലിദ് (78 ലക്ഷം), മദ്രസ അധ്യാപകൻ പെരിയാട്ടടുക്കത്തെ ജമാലുദ്ദീൻ (35 ലക്ഷം), തളിപ്പറമ്പിലെ എം ടി പി അബ്ദുൾ ബാഷിർ (അഞ്ച് ലക്ഷം), പടന്ന വടക്കെപ്പുറം വാടക വീട്ടിൽ താമസിക്കുന്ന തളിപ്പറമ്പിലെ എൻ പി  നസീമ (എട്ട് ലക്ഷം), ആയിറ്റിയിലെ കെ കെ സൈനുദ്ദീൻ (15 ലക്ഷം) എന്നിവരാണ്‌   പരാതി നൽകിയത്‌. ജ്വല്ലറി പ്രവർത്തിച്ചിരുന്ന കാസർകോട്ടെയും പയ്യന്നൂരിലെയും ഭൂമിയും കെട്ടിടവും ബംഗളൂരുവിലെ ആസ്തിയും ചെയർമാനും സംഘവും നേരത്തെ വിൽപ്പന നടത്തിയിരുന്നു.

വിവാദമായ തൃക്കരിപ്പൂരിലെ വഖഫ് ഭൂമി ഇടപാടിലും എംഎൽഎ  ആരോപിതനായിരുന്നു.  ജാമിഅ സഅദിയ ഇസ്ലാമിയ അഗതി മന്ദിരത്തിന്റെ  ഭൂമി എംഎൽഎയുടെ നേതൃത്വത്തിലുള്ള സ്വകാര്യ കോളേജ്‌ ട്രസ്‌റ്റ്‌  രഹസ്യമായി രജിസ്‌റ്റർ ചെയ്‌തു സ്വന്തമാക്കുകയായിരുന്നു. വിവാദമായപ്പോൾ ആ ഭൂമി തിരിച്ചു നൽകി.   വഖഫ് ബോർഡ് അന്വേഷണം നടത്തുന്നുണ്ട്.

courtesy: deshabhimani

No comments:

Post a Comment