Sunday, August 9, 2020

കരിപ്പൂർ ദുരന്തം: റൺവേ വികസനവും സുരക്ഷ ഉറപ്പുവരുത്തലും വൈകിക്കൂടാ

 മഹാമാരി സൃഷ്ടിച്ച അരക്ഷിതത്വത്തിൽ നിന്നും അതിജീവനം തേടിയാണവർ ദുബായിൽ നിന്നും കോഴിക്കോട്ടേക്ക് യാത്ര തിരിച്ചത്... നീണ്ട പ്രവാസവും അതിനിടയിൽ ഭീഷണമായിത്തീർന്ന കോവിഡും സൃഷ്ടിച്ച ദുരിതജീവിതത്തിൽ നിന്നും ആശ്വാസം തേടി.... പ്രിയപ്പെട്ടവരുടെ സ്നേഹ സാമീപ്യം കൊതിച്ച്....ഗൾഫ് ജീവിതം അവശേഷിപ്പിച്ച സ്വപ്നങ്ങൾ വാരി നിറച്ച പെട്ടികളുമായി എത്തിയവർക്കാണ് ജന്മനാട് തൊടും മുമ്പ് ഇങ്ങനെയൊരു ദുരന്തമുണ്ടായത്...

എയർ ഇന്ത്യാ എക്സ്പ്രസ് വന്ദേഭാരത് കരിപ്പൂർ എയർപോട്ടിൻ്റെ 30 അടി ഉയരത്തിൽ നിന്ന് വീണു രണ്ടായി പിളർന്ന് സുരക്ഷാവേലി തകർത്ത് റൺവേയുടെ പുറത്തേക്ക് തെറിച്ചു പോയി. 184 യാത്രക്കാരിൽ 122 പേർക്ക് പരിക്കേറ്റു.ഒടുവിലത്തെ കണക്കനുസരിച്ച് പൈലറ്റും സഹപൈലറ്റുമടക്കം 19 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ആശുപത്രിയിൽ കഴിയുന്നവരിൽ പലർക്കും ഗുരുതരമായ പരിക്കുണ്ട്. ലാൻഡിനിംഗിനിടയിൽ റൺവേയുടെ മുന്നിലേക്ക് തെന്നി യ വിമാനം പറന്നുയരാൻ ശ്രമിക്കുന്നതിനിടയാവാം അപകടമുണ്ടായതെന്നാണ് പുറത്ത് വരുന്ന വിവരം. അപകടത്തിൻ്റെ യഥാർത്ഥ കാരണമെന്താകാമെന്നത് കൂടുതൽ ഉയർന്ന തലങ്ങളിലുള്ള അന്വേഷണത്തിലൂടെയേ പറയാനാവൂ..

മഴയും കോവിഡു ഭീഷണിയും കണക്കിലെടുക്കാതെയുള്ള നാട്ടുകാരുടെ യഥോചിതമായ ഇടപെടലാണ് ദുരന്തത്തിൻ്റെ വ്യാപ്തി കുറച്ചത്.  കൊണ്ടോട്ടി പ്രദേശവാശികൾ നടത്തിയ ശ്ലാഘനീയമായ രക്ഷാപ്രവർത്തനമാണ് പലരുടെയും ജീവൻ കാത്തത്. പ്രതികൂലഘടകങ്ങളെ തൃണവൽക്കരിച്ച് കൊണ്ട് കൊണ്ടോട്ടിയിലെ ജനങ്ങൾ കാണിച്ച ധീരയായ ഇടപെടലാണ് തകർന്ന വിമാനത്തിനുള്ളിൽ നിന്നും യാത്രക്കാരെ പുറത്തെടുക്കാനും രക്ഷിക്കാനുമായത്. അവരുടെ സഹജീവി സ്നേഹത്തിൻ്റെയും സേവനോത്സുകതയുടെയും  മുമ്പിൽ നമുക്ക് തലകുനിക്കാം ... ആംബുലൻസുകളിലും കിട്ടിയ വാഹനങ്ങളിലും പരിക്കേറ്റവരെ ആശുപത്രികളിലെത്തിച്ചവർ... കോവിഡു ഭീതി മാറ്റി വെച്ച് ആശുപത്രികളിൽ രക്തദാന ത്തിനെത്തിയവർ... സദാ സേവന സന്നദ്ധരായി ഉറക്കമൊഴിച്ച് പരിക്കേറ്റവരെ ശുശ്രൂഷിച്ച ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരുമെല്ലാം അഭിനന്ദനമർഹിക്കുന്നു... മറ്റെല്ലാം മറന്നുള്ള ഈ മനുഷ്യത്വമാണ്

ഈ സേവനോത്സുകതയാണ് നമ്മുടെ അതിജീവനത്തിൻ്റെ കരുത്തും ഉറപ്പും ...

പ്രാഥമികമായ വിശകലനങ്ങളനുസരിച്ച് കരിപ്പൂർ പോലുള്ള ടേബിൾ ടോപ്പ് എയർപോട്ടുകളിൽ ഇത്തരം അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യത നേരത്തെ തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടതാണ്. 2010 ലെ മംഗലാപുരം എയർപോർട്ട് ദുരന്തത്തിന് ശേഷം ടേബിൾ ടോപ്പ് എയർപോർട്ടുകളിൽ സുരക്ഷാ സംവിധാനങ്ങൾ വികസിപ്പിക്കേണ്ട കാര്യം വ്യോമമന്ത്രാലയത്തിന് സമർപ്പിച്ച സുരക്ഷാ കമീഷൻ റിപ്പോർട്ടിൽ എടുത്ത് പറഞ്ഞതാണ്.ഇന്ത്യയിൽ മംഗലാപുരവും കരിപ്പൂരും ലെങ്ങ് പൂയി യുമാണ് ടേബിടോപ്പ് എയർപോർട്ടുകൾ. കുന്നിൻ മുകളിലെ നിരപ്പായ സ്ഥലം റൺവേയായുള്ള എയർ പോർട്ടുകളാണ് ടേബിൾ ടോപ്പ് എന്ന് പറയുന്നത്. സമുദ്രനിരപ്പിൽ നിന്നും ഉയർന്നു നില്ക്കുന്ന കുന്നിൻ പ്രദേശങ്ങളിലെ എയർപ്പോർട്ടുകളിലെ റൺവെ വിപുലപ്പെടുത്തണമെന്നും റൺവെക്ക് പുറത്ത് ആവശ്യമായ പ്രദേശങ്ങൾ റൺവേക്ക് സമനിരപ്പിൽ വികസിപ്പിച്ചെടുക്കണമെന്നും മംഗലാപുരം ദുരന്തമന്വേഷിച്ച സുരക്ഷാകമ്മീഷൻ 2011ൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുള്ളതാണ്.

കരിപ്പൂരിൽ 2012 ൽ കോഴിക്കോട്- ദുബായ് വിമാനം പക്ഷി ഇടിച്ച് അപകടമുണ്ടായപ്പോൾ റൺവേ വികസനത്തിൻ്റെ വേഗത കൂട്ടേണ്ടതിൻ്റെയും സുരക്ഷ ഉറപ്പുവരുത്തേണ്ടതിൻ്റയും പ്രശ്നം പൊതു സമൂഹത്തിൻ്റെ ഭാഗത്ത് നിന്നു തന്നെ ഉയർന്നു വന്നിരുന്നു. 2017ൽ ചെന്നൈയിൽ നിന്നുള്ള സ്പൈസ്ജെറ്റ് അപകടമുണ്ടായപ്പോഴും 2019 ജൂൺ 12ന് അബുദാബി - കോഴിക്കോട് വിമാനത്തിന് അപകടമുണ്ടായപ്പോഴും 2019 ഡിസംബർ 24 ന് ജിദ്ദ-കോഴിക്കോട് സ്പൈസ്ജെറ്റ് അപകടമുണ്ടായപ്പോഴും റൺവേയുടെ പ്രശ്നമൂലം നിലനില്ക്കുന്ന സുരക്ഷാ ഭീഷണി ചർച്ച ചെയ്യപ്പെട്ടതും അധികൃതരുടെ അടിയന്തിര നടപടി ആവശ്യപ്പെട്ടിട്ടുള്ളതുമാണ്. അതെല്ലാം വലിയ ആഘാതങ്ങളുണ്ടാക്കാത്ത അപകടങ്ങളായിരുന്നു. ഇപ്പോൾ 19 പേരുടെ ജീവൻ നഷ്ടപ്പെടുന്നതിലേക്കെത്തിയ വിമാന ദുരന്തം നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതുണ്ട്.

വ്യോമയാന മന്ത്രാലയവും എയർ ഇന്ത്യയും എയർപോർട്ട് അതോറിറ്റിയും ഈ ദുരന്തത്തിന് നൽകുന്ന വിശദീകരണം എന്താണെന്ന് കാത്തിരിക്കാം.. വിമാനത്താവളങ്ങളുടെയും വിമാനസർവ്വീസുകളുടെയും കടുത്ത സ്വകാര്യവൽക്കരണ നടപടികളിൽ  സുരക്ഷാ സൗകര്യങ്ങളടക്കമുള്ള വിമാനത്താവള വികസന കാര്യങ്ങൾ കയ്യൊഴിഞ്ഞു കളയുകയായിരുന്നല്ലോ...

കെ ടി കുഞ്ഞിക്കണ്ണന്‍

No comments:

Post a Comment