Monday, August 31, 2020

കൊന്നു തള്ളിയിട്ടും പക തീരാതെ ചെന്നിത്തല: കൊല്ലപ്പെട്ടവരെ അപമാനിക്കുന്ന പ്രസ്താവന പിന്‍വലിക്കണമെന്ന് ഡിവൈഎഫ്‌ഐ

 തിരുവനന്തപുരം: രണ്ടുചെറുപ്പക്കാരെ അരുംകൊല ചെയ്തിട്ട് ന്യായീകരിക്കാനും കൊല്ലപ്പെട്ട സഖാക്കളെ അപമാനിക്കാനും കോണ്‍ഗ്രസ് നേതൃത്വം ഇറങ്ങുന്നത് കൊലപാതകത്തേക്കാള്‍ ഭീകരമാണെന്ന് ഡിവൈഎഫ്‌ഐ.

ഡിവൈഎഫ്‌ഐ പ്രസ്താവന: രണ്ട് ചെറുപ്പക്കാരെ അരുംകൊല ചെയ്തിട്ട് ന്യായീകരിക്കാനും കൊല്ലപ്പെട്ട സഖാക്കളെ അപമാനിക്കാനും കോണ്‍ഗ്രസ് നേതൃത്വം ഇറങ്ങുന്നത് കൊലപാതകത്തേക്കാള്‍ ഭീകരം.

തിരുവോണനാളില്‍ പ്രിയപ്പെട്ട സഖാക്കളെ വെട്ടി നുറുക്കിയ വാര്‍ത്ത കേട്ട് വിങ്ങിപ്പൊട്ടി നില്‍ക്കുന്ന ചെറുപ്പത്തിന്റെ ക്ഷമ പരീക്ഷിക്കരുത്. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് കൊല്ലപ്പെട്ട സഖാക്കളെ നിന്ദ്യമായ ഭാഷയിലാണ് അപമാനിക്കാന്‍ ശ്രമിച്ചത്.

കൊലയാളികള്‍ കോണ്‍ഗ്രസ്സ് അല്ല എന്ന് പറയാന്‍ അസാമാന്യമായ തൊലിക്കട്ടി വേണം. കഴിഞ്ഞ കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഫൈസല്‍ എന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ഇതേ ക്രിമിനലുകള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അന്ന് ഈ ക്രിമിനലുകളെ സഹായിക്കാന്‍ ഇറങ്ങിയത് അടൂര്‍ പ്രകാശ് എം പി ആയിരുന്നു.

ഡിസിസി വൈസ് പ്രസിഡന്റ് ആനക്കുഴി ഷാനവാസും, കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് പുരുഷോത്തമനും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കളും പ്രതികളും തമ്മിലുള്ള ബന്ധം നാട്ടില്‍ അന്വേഷിച്ചാല്‍ മനസിലാകും.

ഫൈസല്‍ വധ ശ്രമക്കേസില്‍ പ്രതികളായ ഇതേ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ ജാമ്യത്തില്‍ ഇറക്കാനും സ്റ്റേഷനില്‍ പോയതും ജയിലില്‍ പോയപ്പോള്‍ അവര്‍ക്ക് അവശ്യ സാധനങ്ങള്‍ വാങ്ങിക്കൊടുക്കാന്‍ പോയതും ഇതേ നേതാക്കളാണ്. അതില്‍ ഒരു പ്രതിക്ക് അന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

തുടര്‍ന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ കൂട്ടത്തോടെ ക്വാറന്റയിനില്‍ പോയത് ഈ നാട്ടില്‍ ഏവര്‍ക്കും അറിയാവുന്നതാണ്. ഫൈസല്‍ വധ ശ്രമ കേസിലെ പ്രതികളെ ഒളിവില്‍ താമസിപ്പിച്ചിരുന്നത് യൂത്ത് കോണ്‍ഗ്രസ്സ് പാര്‍ലമെന്റ് സെക്രട്ടറി അരുണ്‍രാജന്റെ പാലോട്ടെ വസതിയില്‍ ആയിരുന്നു.

ഇരട്ടക്കൊലപാതകത്തേക്കാള്‍ ഭയാനകമാണ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന. ഒരു നിമിഷം പോലും വൈകാതെ കൊല്ലപ്പെട്ടവരെ അപമാനിക്കുന്ന പ്രസ്താവന പിന്‍വലിക്കാന്‍ രമേശ് ചെന്നിത്തല തയ്യാറാകണം എന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് അരുംകൊല: സംസ്ഥാനമാകെ പ്രതിഷേധം; ഡിവൈഎഫ്‌ഐ മാര്‍ച്ചിന് നേരെ യൂത്ത് കോണ്‍ഗ്രസ് അക്രമം

വെഞ്ഞാറമൂടിലെ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കോണ്‍ഗ്രസ് ക്രിമിനലുകള്‍ വെട്ടി കൊലപ്പെടുത്തിയതില്‍ സംസ്ഥാനമാകെ പ്രതിഷേധം.

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്കും ഹരിപ്പാടുള്ള വീട്ടിലേക്കും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു വിട്ടു. സംഘര്‍ഷത്തില്‍ 2 ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.

തിരുവേണ ദിനത്തില്‍ മിഥിലാജ് ഹഖ് മുഹമ്മദ് എന്നീ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്രൂരമായി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന വ്യാപകമായി പ്രതി ഷേധം സംഘടിപ്പിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലേക്കും ഹരിപ്പാട്ടെ സ്വന്തം വീട്ടിലേക്കും ഡി.വൈ.എഫ്.ഐ പ്രതിഷേധ പ്രകടനം നടത്തി

തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമിച്ചു. മെഡിക്കല്‍ കോളേജിലേക്ക് ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച മാര്‍ച്ചിനു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പട്ടത്തുവച്ച് കല്ലെറിയുകയായിരുന്നു.

ഷാഫി പറമ്പിലും ശബരിനാഥും ഉള്‍പ്പെട്ട യൂത്ത് കോണ്‍ഗ്രസ് സംഘമാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ അക്രമിച്ചത്. ഒടുവില്‍ പോലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. അക്രമത്തില്‍ 2 ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളുടെ അറിവോടെ അല്ലാതെ ഇത്ര നിഷ്ഠൂരമായ കൊലപാതകം നടക്കില്ല; ഗൂഢാലോചനക്കാരെയും കണ്ടെത്തി ശിക്ഷിക്കണമെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളുടെ അറിവോടെ അല്ലാതെ ഇത്ര നിഷ്ഠൂരമായ ഇരട്ട കൊലപാതകം നടക്കുകയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

മന്ത്രി കടകംപള്ളിയുടെ വാക്കുകള്‍: തിരുവോണ തലേന്ന് രാത്രിയില്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നു. മിഥിലാജ്, ഹക്ക് മുഹമ്മദ് എന്ന രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ചെറുപ്പക്കാരെ നെഞ്ചില്‍ കുത്തിയും നിരവധി തവണ വെട്ടിയുമാണ് കൊലപ്പെടുത്തിയത്. വളരെ ആസൂത്രിതമായാണ് കൊലപാതകം നടത്തിയിരിക്കുന്നത്.

പ്രദേശത്തെ ചില വിദ്യാര്‍ഥികളും യുവാക്കളും അടുത്തിടെ ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നത് കോണ്‍ഗ്രസിനെയും യൂത്ത് കോണ്‍ഗ്രസിനെയും വല്ലാതെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇതിന് മുമ്പും ഇതേ സ്ഥലത്ത് കോണ്‍ഗ്രസ് ഗുണ്ടകള്‍ കൊലക്കത്തി ഉയര്‍ത്തിയിട്ടുണ്ട്.

നാടിനാകെ പ്രിയപ്പെട്ട ഈ രണ്ട് യുവാക്കളുടെ കുടുംബങ്ങളെയും, സുഹൃത്തുക്കളെയും , സഖാക്കളെയും ഈ തിരുവോണ ദിനത്തില്‍ ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ് ഖദറിട്ട ചെന്നായ്ക്കള്‍. കോണ്ഗ്രസ് സംസ്ഥാന-ജില്ലാ നേതാക്കളുടെ അറിവോടെ അല്ലാതെ ഈ സമയത്ത് ഇത്ര നിഷ്ഠൂരമായ ഇരട്ട കൊലപാതകം നടക്കുകയില്ല. കൊലയാളികളെ മാത്രമല്ല ഗൂഢാലോചനക്കാരെയും കണ്ടെത്തി ശിക്ഷിക്കണം.

ധീര രക്തസാക്ഷികളായ മിഥിലാജിന്റെയും , ഹക്കിന്റെയും ഓര്‍മ്മകള്‍ക്ക് മുന്നില്‍ രക്ത പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു.

No comments:

Post a Comment