Tuesday, August 18, 2020

10,000 റോഡ്‌, 517 പാലം, 7500 ഹൈടെക്‌ കെട്ടിടം ; പൊതുമരാമത്തിൽ സമാനതയില്ലാത്ത നാല്‌ വർഷം

 നാലു വർഷത്തിനുള്ളിൽ എൽഡിഎഫ്‌ സർക്കാർ നിർമിച്ചത്‌ പതിനായിരത്തിലേറെ ബിഎംബിസി നിലവാരത്തിലുള്ള റോഡ്‌. 20,000 കിലോ മീറ്റർ റോഡുകളാണ് ഇപ്രകാരം പുനർനിർമിച്ചത്. 517 പാലത്തിന്റെ നിർമാണം ഏറ്റെടുത്തു. സംസ്ഥാനത്തിന്റെ നിർമാണചരിത്രം എടുത്താൽ നാലുവർഷംകൊണ്ട് ഇത്രയധികം പാലങ്ങൾ ഒരിക്കലും നിർമിക്കാൻ സാധിച്ചിട്ടില്ലെന്ന്‌ പൊതുമരാമത്ത്‌ മന്ത്രി ജി സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഏനാത്ത് പാലത്തിന്റെ പുനർനിർമാണത്തിൽ പട്ടാളത്തെവരെ ഉപയോഗിച്ചു. കുട്ടനാട് താലൂക്കിൽ 14 പാലമാണ് നിർമിക്കുന്നത്. പാലം നിർമാണത്തിന്‌ പ്രത്യേക ചീഫ് എൻജിനിയറെയും ജില്ലകൾതോറും പാലം ഡിവിഷനുകളും ഏർപ്പെടുത്തി. രാജ്യത്ത്‌ ആദ്യമായി  മെയിന്റനൻസ് ജോലികൾക്കായി ഒരു ചീഫ് എൻജിനിയറെ നിയമിച്ചു. 7500 ലേറെ സർക്കാർ കെട്ടിടമാണ് നിർമിക്കുന്നത്. കിഫ്ബി പ്രവർത്തനങ്ങൾക്കായി മുന്നൂറിലേറെ എൻജിനിയർമാരെ നൽകി പ്രത്യേക ‌ വിഭാഗം ഉണ്ടാക്കി. 50 സബ്‌ രജിസ്‌ട്രാർ ഓഫീസിന്റെ നിർമാണം പുരോഗമിക്കുന്നു. എല്ലാ റസ്റ്റ് ഹൗസുകളും നവീകരിക്കുകയും  മുപ്പതിലേറെ പുതിയ റസ്റ്റ്ഹൗസ് മന്ദിരം നിർമിക്കുകയും ചെയ്തു. റസ്റ്റ് ഹൗസുകളുടെ വരുമാനം രണ്ട് കോടി രൂപയിൽനിന്ന്‌ 14 കോടി രൂപയായി വർധിച്ചു. റസ്റ്റ് ഹൗസുകളെ ഗസ്റ്റ് ഹൗസ് മോഡലിലേക്ക്‌ മാറ്റി. സർക്കാരിന് നഷ്ടപ്പെട്ട കുറ്റാലം റസ്റ്റ് ഹൗസ്, മൂന്നാർ റസ്റ്റ്ഹൗസ്, വൈക്കം റസ്റ്റ്ഹൗസ് എന്നിവ വീണ്ടെടുത്തു. അതുവഴി 2000 കോടി രൂപയിലേറെ സ്വത്തുക്കളാണ് തിരിച്ചുപിടിച്ചത്.

സഫലമാക്കുന്നത്‌ അരനൂറ്റാണ്ടുകാലത്തെ മോഹം

അമ്പത്‌ വർഷമായി മോഹിക്കുന്ന ദേശീയപാത 66 (പഴയ എൻഎച്ച് 47) നാലുവരിയാക്കാനുള്ള പ്രവർത്തനത്തിന്‌ തുടക്കം കുറിച്ചു. 44,000 കോടി രൂപയോടെ 650 കിലോ മീറ്റർ കാസർകോടുമുതൽ കളിയിക്കാവിളവരെയുള്ള ദേശീയപാത നിർമാണത്തിന്റെ 25 ശതമാനം തുക സംസ്ഥാനം നൽകിയാണ്‌ പദ്ധതി യാഥാർഥ്യമാക്കുന്നത്‌. എറണാകുളം വൈറ്റിലയിലും കുണ്ടന്നൂരിലും സംസ്ഥാന സർക്കാർ 200 കോടി ചെലവഴിച്ച് രണ്ട് പാലത്തിന്റെ നിർമാണം 95 ശതമാനം പൂർത്തിയായി. ഒക്ടോബറിൽ തുറന്നുകൊടുക്കും.  

3500 കോടിയുടെ മലയോര ഹൈവേ

മലയോര ഹൈവേ 3500 കോടി രൂപ ചെലവിൽ 21 റീച്ചിന്റെ നിർമാണം നടക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, കാസർകോട്, കണ്ണൂർ എന്നിവിടങ്ങളിൽ മലയോര ഹൈവേ ഉടൻ പൂർത്തിയാക്കും.   413 കോടി രൂപയുടെ 101 സിആർഎഫ് റോഡും, 950 കോടി രൂപയുടെ 150 നബാർഡ് റോഡും കേന്ദ്ര ഫണ്ടുവഴി നിർമിക്കുന്നുണ്ട്.

4000 കോടി രൂപ അടങ്കലിൽ ലോകബാങ്കും സംസ്ഥാന പൊതുമരാമത്തുവകുപ്പും ചേർന്ന് നിക്ഷേപം നടത്തി നിർമിക്കുന്നു. റീബിൽഡ് കേരളയുടെ 40 റോഡിന്റെ നിർമാണവും നടക്കുകയാണ്‌. എൽഡിഎഫ്‌ സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോൾ കേടുപാടുള്ള ഒരു പൊതുമരാമത്ത് റോഡും ഉണ്ടാകില്ല.

1000 പേർക്ക്‌ കെഎഫ്‌സി സംരംഭകത്വ വായ്‌പ ; ലക്ഷ്യം 500 കോടി വായ്‌പ ഉറപ്പാക്കൽ

കോവിഡ്‌ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടിയിൽ ഈ വർഷം കുറഞ്ഞത്‌ 1000 പേർക്ക്‌ വായ്‌പാ സഹായം ലഭ്യമാക്കും. കേരള ഫിനാൻഷ്യൽ കോർപറേഷൻവഴി നടപ്പാക്കുന്ന പരിപാടിയിലേക്ക് ഓൺലൈൻവഴി 1400 പേർ ഒരാഴ്‌ചയ്‌ക്കുള്ളിൽ അപേക്ഷിച്ചു. ഇതിൽ 60 ശതമാനം അപേക്ഷകരും പുതിയ സംരംഭകരാണ്‌.  അഞ്ചുവർഷത്തിനുള്ളിൽ 5000 പുതിയ സൂക്ഷ്‌മ, ചെറുകിട സംരംഭകർക്കായിരിക്കും സഹായം ലഭ്യമാകുക. 1500 കോടി രൂപ വായ്‌പ ഉറപ്പാക്കലാണ്‌ കെഎഫ്‌സി ലക്ഷ്യം. പരിപാടിയുടെ ഭാഗമാകാൻ ഉദ്ദേശിക്കുന്ന സംരംഭകർക്കായി കെഎഫ്‌സി സംഘടിപ്പിക്കുന്ന ഓൺലൈൻ പരിശീലന പരിപാടി ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ ഉദ്‌ഘാടനം ചെയ്‌തു.

സംരംഭകത്വ വികസന പരിപാടിയെ വായ്‌പാമേളയായി ചുരുക്കുകയല്ല ഉദ്ദേശിക്കുന്നതെന്ന്‌ ധനമന്ത്രി വ്യക്തമാക്കി. തൊഴിൽദായകരെ സൃഷ്ടിക്കുകയാണ്‌ ലക്ഷ്യം. അഞ്ചുവർഷത്തിനുള്ളിൽ 5000 പുതിയ സംരംഭകരെങ്കിലും വളർന്നുവരണം. വായ്‌പ അനുവദിക്കുന്നതിൽമാത്രം കെഎഫ്‌സിയുടെ ചുമതല അവസാനിക്കില്ല. സംരംഭങ്ങൾക്ക്‌ ആവശ്യമെങ്കിൽ സാങ്കേതിക സഹായവും കൺസൾട്ടൻസി സേവനവുമൊക്കെ ഉറപ്പാക്കും.

നൂതന ആശയങ്ങൾക്കായിരിക്കും മുൻഗണന. ഉൽപ്പന്നം, സാങ്കേതികവിദ്യ, വിപണനം തുടങ്ങിയ മേഖലകളിലെല്ലാം നൂതനത്വം അനിവാര്യമാകും. ഇതിലൂടെയുള്ള മത്സരക്ഷമത ഉറപ്പാക്കൽ പ്രധാന ഘടകമാകുമെന്നും ധനമന്ത്രി പറഞ്ഞു. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫിനാൻസ്‌ ആൻഡ്‌ ടാക്‌സേഷൻ ഡയറക്ടർ പ്രൊഫ. കെ ജെ ജോസഫ്‌, കെഎഫ്‌സി എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ പ്രേംനാഥ്‌ രവീന്ദ്രനാഥ്, സിഎംഡി സഞ്ജയ്‌ കൗൾ ‌എന്നിവർ സംസാരിച്ചു.

No comments:

Post a Comment