Wednesday, August 19, 2020

"യുഡിഎഫിനുവേണ്ടിയുള്ള മനോരമയുടെ പിആർ പണി തരംതാണ നിലയിൽ ജോറാകുന്നുണ്ട് എന്ന് പറയാതെ വയ്യ": തോമസ്‌ ഐസക്‌

 മലയാള മനോരമ പത്രത്തിൽ വന്ന നുണവാർത്തക്കെതിരെ മന്ത്രി തോമസ്‌ ഐസക്‌. റെഡ് ക്രെസന്റുമായി കരാർ ഉണ്ടാക്കിയതിൽ സർക്കാരിന് പങ്കില്ലെന്ന് മുഖ്യമന്ത്രി എവിടെയും പറഞ്ഞിട്ടില്ല. എന്നിട്ടും മുഖ്യമന്ത്രിയ്‌ക്കെതിരെയാണ് മനോരമയുടെ നുണക്കഥ. റെഡ് ക്രെസന്റുമായി കരാർ ഉണ്ടാക്കിയതിൽ സർക്കാരിന് പങ്കില്ലെന്ന് മുഖ്യമന്ത്രി എവിടെയും പറഞ്ഞിട്ടില്ല. പത്രസമ്മേളനത്തിലും ഫേസ്ബുക്ക് പേജിലും അദ്ദേഹം പറഞ്ഞ കാര്യങ്ങൾ പൊതുസമൂഹത്തിന്റെ മുന്നിലുണ്ട്. എന്നിട്ടും മുഖ്യമന്ത്രി പറയാത്ത കാര്യം പറഞ്ഞുവെന്ന് കഥയുണ്ടാക്കി, അതിന്റെ മേൽ അന്വേഷണം നടത്തി വിധി പറയാൻ ശ്രമിക്കുകയാണ് മനോരമ. മന്ത്രി തോമസ്‌ ഐസകിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌.

ഇന്നത്തെ മനോരമ കണ്ടപ്പോൾ അത്ഭുതപ്പെട്ടുപോയി. 10-ാം തീയതി കൈരളി ന്യൂസിൽ ജോൺ ബ്രിട്ടാസ് പുറത്തുവിട്ട കേരള സർക്കാരും യുഎഇയിലെ റെഡ് ക്രെസന്റുമായിട്ടുള്ള കരാർ മനോരമയ്ക്ക് ഇന്ന് ബ്രേക്കിംഗ് ന്യൂസ് ആയിരിക്കുകയാണ്. അതിലെ അതിഗഹനമായ കണ്ടുപിടിത്തം രണ്ടാംകക്ഷി സർക്കാരാണെന്നതാണ്. ഇന്നലെയായിരുന്നു മാതൃഭൂമി ചാനലിലെ ബ്രേക്കിംഗ് ന്യൂസ്. ഭയങ്കര എക്സ്ക്ലൂസീവുകൾ തന്നെ.

ഏതായാലും ലൈഫ് മിഷൻ പദ്ധതി നടപ്പാക്കാൻ റെഡ് ക്രെസന്റുമായി കരാർ ഉണ്ടാക്കിയതിൽ സർക്കാരിനു പങ്കില്ലെന്ന വാദത്തെ അങ്ങനെ മനോരമ തലക്കെട്ടിൽത്തന്നെ പൊളിക്കുകയാണ്. ഈ എംഒയു ആകട്ടെ തന്റെ സാന്നിദ്ധ്യത്തിലാണ് കൈമാറിയതെന്ന് മുഖ്യമന്ത്രി തന്നെ 2019 ജൂലൈ 11 നേ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ജനങ്ങളെ അറിയിച്ചകാര്യവുമാണ്.

യുഡിഎഫിനുവേണ്ടിയുള്ള പിആർ പണി തരംതാണ നിലയിൽ ജോറാകുന്നുണ്ട് എന്ന് പറയാതെ വയ്യ. മാർക്സിസ്റ്റ് പാർട്ടിക്ക് എതിരാണെങ്കിൽ ഒന്നാംപേജിൽപ്പോലും കള്ളം പറയാൻ മടിയില്ലെന്ന് എത്രയോ കാലമായി അവർ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. പ്രളയദുരന്തബാധിതർക്ക് വീടുവച്ച് കൊടുക്കാൻ റെഡ് ക്രെസന്റ് ആകെ ആവശ്യപ്പെട്ടത് സംസ്ഥാന സർക്കാരിൽ നിന്ന് സ്ഥലമാണ്. ബാക്കി നിർമ്മാണപ്രവർത്തനങ്ങളെല്ലാം തീരുമാനിച്ചതും നടപ്പാക്കിയതും അവർ തന്നെയാണ്. ധാരണാപത്രം ഒപ്പിടുന്നതിനു മുമ്പ് അവർ അയച്ച കത്തിൽ ഇക്കാര്യം വളരെ വ്യക്തമായി പറയുന്നുണ്ട്.

റെഡ് ക്രെസന്റിൽ നിന്ന് സ്വർണക്കള്ളക്കടത്തുകേസ് പ്രതി കമ്മിഷൻ വാങ്ങി എന്ന് ആക്ഷേപമുണ്ടെങ്കിൽ, അതിന് ഉത്തരം പറയേണ്ടത് പണം കൊടുത്തവരാണ്. സംസ്ഥാന സർക്കാർ അത്തരം കാര്യങ്ങൾക്കൊന്നും ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്ന് ആവർത്തിച്ചു വ്യക്തമാക്കിയതുമാണ്. ധാരണാപത്രത്തിലെ ആറാമത്തെ ക്ലോസിൽ ധാരണാപത്രത്തിൽ ഒപ്പുവയ്ക്കുന്ന കക്ഷികളിൽ ഒരാളുടെ ചെയ്‌തികൾ മറ്റേയാൾക്ക് ഉത്തരവാദിത്വമില്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്. അഴിമതി ഉണ്ടായിട്ടുണ്ടെങ്കിൽ കൊടുത്തയാളെയും വാങ്ങിയയാളെയും കൃത്യമായി കണ്ടെത്തി ശിക്ഷിക്കണം. മൂന്നു കേന്ദ്ര അന്വേഷണ ഏജൻസികൾ ഇപ്പോൾ തന്നെ രംഗത്തുണ്ടല്ലോ.

എന്നിട്ടും മുഖ്യമന്ത്രിയ്ക്കെതിരെയാണ് മനോരമയുടെ നുണക്കഥ. റെഡ് ക്രെസന്റുമായി കരാർ ഉണ്ടാക്കിയതിൽ സർക്കാരിന് പങ്കില്ലെന്ന് മുഖ്യമന്ത്രി എവിടെയും പറഞ്ഞിട്ടില്ല. പത്രസമ്മേളനത്തിലും ഫേസ്ബുക്ക് പേജിലും അദ്ദേഹം പറഞ്ഞ കാര്യങ്ങൾ പൊതുസമൂഹത്തിന്റെ മുന്നിലുണ്ട്. എന്നിട്ടും മുഖ്യമന്ത്രി പറയാത്ത കാര്യം പറഞ്ഞുവെന്ന് കഥയുണ്ടാക്കി, അതിന്റെ മേൽ അന്വേഷണം നടത്തി വിധി പറയാൻ ശ്രമിക്കുകയാണ് മനോരമ.

അതിനിടെ രണ്ടാം ലാവലിൻ എന്ന ഭീഷണിയുമായി ചിലരിറങ്ങിയിട്ടുണ്ട്. ഒന്നാം ലാവലിൻ വിവാദത്തിൽ സ്വന്തമായി സൃഷ്ടിച്ച കള്ളക്കഥകളിലൂടെയാണ് യുഡിഎഫിനുവേണ്ടി മനോരമ രംഗം കൊഴുപ്പിച്ചത്. വരദാചാരിയുടെ തലക്കഥയൊക്കെ എത്ര എപ്പിസോഡുകളിലാണ് മനോരമ ഓടിച്ചത്?.

ഒന്നാം ലാവലിൻ കാലത്ത് പറഞ്ഞതിനെ ദുർവ്യാഖ്യാനം ചെയ്യലായിരുന്നു മനോരമയുടെ പണി. രണ്ടാം ലാവലിനായപ്പോൾ പറയാത്തത് പറഞ്ഞെന്ന് ഒന്നാം പേജിൽ നുണയെഴുതുന്നു. എന്നിട്ട് അത് തെറ്റെന്ന് തങ്ങൾ തെളിയിച്ചു എന്നവകാശപ്പെടുന്നു. ജോറാകുന്നുണ്ട് എന്നു മാത്രം ഒറ്റവാക്കിൽ പറയട്ടെ.

No comments:

Post a Comment