Tuesday, August 18, 2020

വിറ്റഴിക്കുന്നത്‌ രാജ്യത്തിന്റെ അഭിമാനം ; വൻകിട പദ്ധതികളും പ്രതിസന്ധിയിൽ

 കേന്ദ്ര പൊതുമേഖലയിലെ എട്ട്‌ മഹാരത്ന സ്ഥാപനങ്ങളിലൊന്നായ ബിപിസിഎലിന്റെ വിൽപ്പനയിൽനിന്ന്‌ പിൻമാറില്ലെന്ന്‌ ആവർത്തിച്ച്‌ പ്രഖ്യാപിച്ച്‌ കേന്ദ്ര സർക്കാർ. ഏറ്റവുമൊടുവിൽ സ്വകാര്യ നിക്ഷേപകരെ ആകർഷിക്കാൻ മാനേജ്‌മെന്റ്‌ കമ്പനിയുടെ വൈവിധ്യവൽക്കരണ പദ്ധതികൾ ഉപേക്ഷിച്ചു, നിർബന്ധിത വിആർഎസ്‌ നടപ്പാക്കി, ശമ്പള പരിഷ്‌കരണം മരവിപ്പിക്കുകയും ചെയ്‌തു.‌  2022 ഏപ്രിലിൽ വിൽപ്പന പൂർത്തിയാക്കാനുള്ള കലണ്ടറും കഴിഞ്ഞദിവസം പുറത്തിറക്കി.

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ വിൽപ്പനയ്‌ക്ക്‌ തുടക്കമിട്ടത്‌ 2003ലെ എൻഡിഎ സർക്കാരാണ്‌. തുടർന്നുവന്ന യുപിഎ സർക്കാരും വിൽപ്പനയിൽനിന്ന്‌ പിന്നോട്ടുപോയില്ല. എന്നാൽ രാജ്യത്താകെ  മുമ്പൊന്നുമില്ലാത്ത എതിർപ്പുകളുയർന്നു. രാജ്യത്തിനുണ്ടാകുന്ന വൻ സാമ്പത്തികനഷ്‌ടം മാത്രമല്ല അതിന്‌ കാരണം‌. എണ്ണ ശുദ്ധീകരണ മേഖലയിലെ 15. 3 ശതമാനവും എണ്ണ വിൽപ്പനയിലെ 22.83 ശതമാനവും കൈയാളുന്ന തന്ത്രപ്രധാന സ്ഥാപനത്തിന്റെ ഉടമസ്ഥത സ്വകാര്യമേഖലയുടെ കീഴിലാകും‌.

കഴിഞ്ഞ സാമ്പത്തികവർഷം ബിപിസിഎലിന്റെ ലാഭം 7132.02 കോടിയാണ്. ദേശീയ വരുമാനത്തിലേക്കുള്ള സംഭാവന 95,035.24 കോടിയും. ഉദ്ദേശം 1.60 ലക്ഷം കോടി രൂപ മതിപ്പുള്ള   52.98 ശതമാനം ഓഹരി സ്വകാര്യ മേഖലയ്‌ക്ക്‌ കൈമാറുന്നതാകട്ടെ 74,000 കോടി രൂപയ്‌ക്കും.

കൊച്ചി റിഫൈനറിക്ക്‌ പുറമെ മുംബൈ, അസം എന്നിവിടങ്ങളിലും ബിപിസിഎൽ റിഫൈനറികളുണ്ട്‌. 12, 500 ജീവനക്കാരും. രാജ്യത്താകെ 14,715 പെട്രോൾ പമ്പുകളും 55 എൽപിജി ഫില്ലിങ്‌ സ്റ്റേഷനുകളും അഞ്ച്‌ ഉപകമ്പനികളും 22 സംയുക്ത സംരംഭങ്ങളുമുണ്ട്‌.

വൻകിട പദ്ധതികളും പ്രതിസന്ധിയിൽ

കേരളത്തിലെ ഏറ്റവും വലിയ കേന്ദ്രപൊതുമേഖലാ നിക്ഷേപമാണ്‌ കൊച്ചി റിഫൈനറി. സംസ്കരണ ശേഷി 15.5 മില്യൺ ടണ്ണായി വർധിപ്പിച്ച 1,65,000 കോടിയുടെ ഐആർഇപി പദ്ധതി ഒരുവർഷം മുമ്പാണ്‌ പൂർത്തീകരിച്ചത്‌. ഈ പദ്ധതിയിൽനിന്നുള്ള അഞ്ച്‌ ലക്ഷം ടൺ പ്രൊപ്പിലിൻ ഉപയോഗിച്ച്‌ പെട്രോ കെമിക്കൽ ഉൽപ്പന്നങ്ങൾ നിർമിക്കുന്നതിനുള്ള രണ്ട് വൻ പദ്ധതികളുടെ നിർമാണവും നടക്കുന്നു. 5245.96 കോടിയുടെ പിഡിപിപി, 11,130 കോടിയുടെ പോളിയോൾ പദ്ധതികളാണിവ.

ഈ പദ്ധതികളിൽനിന്നുള്ള പെട്രോ കെമിക്കൽ ഉൽപ്പന്നങ്ങൾ ഉപയോഗപ്പെടുത്തുന്ന പെട്രോ കെമിക്കൽ ഹബ്‌ ഇവിടെ സ്ഥാപിക്കാനായി സംസ്ഥാന സർക്കാർ പ്രവർത്തനം ആരംഭിച്ചു. അതിനായി ഫാക്ടിന്റെ ഭൂമിയും ഏറ്റെടുത്ത്‌ വികസിപ്പിക്കുന്ന ജോലി തുടങ്ങി.  അത്തരം വൻകിട പദ്ധതികളും ബിപിസിഎൽ വിൽപ്പനയുടെ ഭാഗമായി പ്രതിസന്ധിയിലായി. കമ്പനി സ്വകാര്യവൽക്കരണത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിനാണ്‌ തൊഴിലാളികൾ നേതൃത്വം നൽകുന്നത്‌.

എം എസ്‌ അശോകൻ

No comments:

Post a Comment