Wednesday, August 12, 2020

വലതുപക്ഷ ശ്രമങ്ങളെ പരാജയപ്പെടുത്തുക

 കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിനെതിരെ കോൺഗ്രസും മുസ്ലിംലീഗും യുഡിഎഫിലെ മറ്റ്‌ ഘടകകക്ഷികളും ബിജെപിയും വലതുപക്ഷ മാധ്യമങ്ങളും വൻകിട കോർപറേറ്റുകളും അണിനിരന്നിരിക്കുകയാണ്‌. മറ്റ്‌ സംസ്ഥാനങ്ങളിൽ ബിജെപിയും കോൺഗ്രസും ഏറ്റുമുട്ടുകയാണെങ്കിലും കേരളത്തിൽ എൽഡിഎഫിനെതിരെ അവർ യോജിപ്പോടെ നീങ്ങുന്നു. സർക്കാരിനെതിരെ ഒരു കള്ളക്കഥ പലതവണ ആവർത്തിക്കുകമാത്രമല്ല, പല കള്ളക്കഥകൾ ഒരുമിച്ച്‌ പ്രചരിപ്പിച്ചും ആവർത്തിച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്‌ ശ്രമിക്കുന്നത്‌. കോവിഡ്‌‐ 19ന്റെ വ്യാപനത്തെ തടയാനെടുക്കുന്ന നടപടികളുടെ ഫലമായി പാർടി അംഗങ്ങളുടെയും അനുഭാവികളുടെയും ജനറൽ ബോഡി യോഗങ്ങളോ പ്രകടനങ്ങളോ പൊതുസമ്മേളനങ്ങളോ നടത്താനാകുന്നില്ല. ഈ പരിമിതി കണക്കിലെടുത്ത്‌ യുഡിഎഫും ബിജെപിയും വലതുപക്ഷ സ്വഭാവമുള്ള അച്ചടി–- ദൃശ്യ–- സാമൂഹ്യ മാധ്യമങ്ങളും സർക്കാരിനെതിരെ വിഷലിപ്‌തമായ കള്ളപ്രചാരവേലകൾ സംഘടിപ്പിക്കുകയാണ്‌. നാടനും വിദേശീയവുമായ കോർപറേറ്റുകളുടെ വമ്പിച്ച ധനവും ഇവർക്ക്‌ തുണയായുണ്ട്‌. വലതുപക്ഷശക്തികളുടെ ഈ നീക്കങ്ങൾ ഞങ്ങളെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല. എന്നെല്ലാം ഇടതുപക്ഷ പ്രസ്ഥാനം കരുത്താർജിച്ചിട്ടുണ്ടോ അപ്പോഴെല്ലാം ബൂർഷ്വ–- ഭൂപ്രഭു വർഗത്തിന്റെയും അത്തരം രാഷ്ട്രീയകക്ഷികളുടെയും അവരെ പിന്താങ്ങുന്ന മാധ്യമങ്ങളുടെയും ഭാഗത്തുനിന്ന്‌ അപവാദപ്രചാരണങ്ങളെ നേരിടേണ്ടിവന്നിട്ടുണ്ട്‌. കേരളത്തിൽ പരാജയപ്പെടുത്തിയാൽ ഇന്ത്യയിലാകെ ഇടതുപക്ഷത്തെ പരാജയപ്പെടുത്താനാകുമെന്ന്‌ അവർ കണക്കുകൂട്ടുന്നു.

കരുത്താർജിക്കാൻ ഇടതുപക്ഷം നടത്തുന്ന ശ്രമങ്ങളെ അവർ ഭയപ്പെടുന്നു. കാരണം, ഇടതുപക്ഷമാണ്‌ മുതലാളിത്തവികസനത്തെയും നവഉദാരവൽക്കരണ സാമ്പത്തികനയങ്ങളെയും വിട്ടുവീഴ്‌ചയില്ലാതെ എതിർക്കുന്നത്‌. മതനിരപേക്ഷ നിലപാടുകളും ജനാധിപത്യമൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നത്‌. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ആശ്രിത സഖ്യശക്തിയായി ഇന്ത്യയെ മാറ്റുന്നതിനെയും ഇടതുപക്ഷം ചോദ്യംചെയ്യുന്നു. ഇക്കാര്യങ്ങളിൽ ബിജെപിയും കോൺഗ്രസും ലീഗ്‌ നേതൃത്വവും വലതുപക്ഷ മാധ്യമങ്ങളും കോർപറേറ്റുകളും ഇടതുപക്ഷ നിലപാടുകളെ എതിർക്കുന്നവരാണ്‌.

നവഉദാരവൽക്കരണ സാമ്പത്തികനയങ്ങളല്ല മറിച്ച്‌ ബദൽ സാമ്പത്തികനയങ്ങൾ നടപ്പാക്കാനാണ്‌ എൽഡിഎഫ്‌ സർക്കാർ കഴിഞ്ഞ നാലുകൊല്ലമായി ശ്രമിക്കുന്നത്‌. നവഉദാരവൽക്കരണ സാമ്പത്തികനയങ്ങൾക്ക്‌ ബദലുണ്ടെന്നും അവ നടപ്പാക്കുകവഴി വികസനവും ജനക്ഷേമവും നേടാനാകുമെന്നും കേരളം തെളിയിച്ചു. നവഉദാരവൽക്കരണ സാമ്പത്തികനയങ്ങളല്ലാതെ മറ്റൊരു ബദലില്ലെന്ന വലതുപക്ഷത്തിന്റെ വാദം പൊളിഞ്ഞു. കേരളത്തിലെ സർക്കാരിന്റെ പ്രവർത്തനങ്ങളും അവയുടെ വിജയവും ഇന്ത്യയിലെയും വിദേശങ്ങളിലെയും കോർപറേറ്റുകളെയും അവരുടെ ദല്ലാളുകളായ ബിജെപിയെയും കോൺഗ്രസിനെയും വലതുപക്ഷ മാധ്യമങ്ങളെയും അങ്കലാപ്പിലാക്കി. നവഉദാരവൽക്കരണത്തിന്‌ ബദലുണ്ടെന്നത്‌ അവർക്ക്‌ സഹിക്കാനാകുന്ന കാര്യമല്ല. ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിനെതിരെ വലതുപക്ഷശക്തികൾ ഒത്തുചേർന്ന്‌ കലിതുള്ളി അഴിഞ്ഞാടുന്നത്‌ ഇക്കാരണത്താലാണ്‌.

എൽഡിഎഫ്‌ നയം വ്യത്യസ്‌തം

എൽഡിഎഫ്‌ സ്വീകരിച്ച വികസനനയം സ്വാശ്രയത്വത്തിൽ ഊന്നിയതും ഭൂരിപക്ഷംവരുന്ന പാവപ്പെട്ട ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളതുമാണ്‌. 1957ൽ ആദ്യമായി കേരളത്തിൽ ഭരണത്തിൽ വന്ന കമ്യൂണിസ്റ്റ്‌ സർക്കാരിന്റെയും പിന്നീട്‌ വന്ന ഇടതുപക്ഷ സർക്കാരുകളുടെയും പാരമ്പര്യമുയർത്തിപ്പിടിച്ച്‌ മുന്നോട്ടുപോകാനാണ്‌ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ ശ്രമിക്കുന്നത്‌. ഈ സമീപനം പ്രകൃതിവിഭവങ്ങളും കൃഷിയും വ്യവസായങ്ങളും മത്സ്യസമ്പത്തും കൈയടക്കാൻ ആഗ്രഹിക്കുന്ന വൻകിട കോർപറേറ്റുകളെയും ബിജെപിയെയും കോൺഗ്രസിനെയും വലതുപക്ഷ മാധ്യമങ്ങളെയും പ്രകോപിപ്പിക്കുന്നു എന്നതിൽ ഞങ്ങളൊട്ടും ആശ്ചര്യപ്പെടുന്നില്ല.

വലിയ പരിമിതികളുടെയും പ്രതിസന്ധികളുടെയും നടുവിലാണ്‌ സർക്കാർ കഴിഞ്ഞ നാലുകൊല്ലമായി പ്രവർത്തിക്കുന്നത്‌. ഭരണഘടനാ വ്യവസ്ഥകൾ അനുസരിച്ച്‌ സംസ്ഥാന സർക്കാരുകളുടെ വരുമാനസ്രോതസ്സുകൾ പരിമിതമാണ്‌. ചെലവുകൾ ചെയ്യാനുള്ള ചുമതലകൾ അധികവും. കേന്ദ്രം 2016 നവംബറിൽ നടപ്പാക്കിയ നോട്ട്‌ റദ്ദാക്കൽ നടപടി പരമ്പരാഗത വ്യവസായങ്ങളായ കയർ, കശുവണ്ടി, കൈത്തറി, മത്സ്യം തുടങ്ങിയ മേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ജീവിതത്തെയും സമ്പദ്‌ഘടനയെയും ദോഷകരമായി ബാധിച്ചു. ജിഎസ്‌ടി വഴി സംസ്ഥാന സർക്കാരിന്റെ വരുമാനം കുറഞ്ഞു. സംസ്ഥാനത്തിന്‌ ലഭിക്കേണ്ട ധനവിഹിതം നൽകാൻ കേന്ദ്രം‌ തയ്യാറായില്ല. കടം എടുക്കാനുള്ള സംസ്ഥാനങ്ങളുടെ അവകാശങ്ങളിൽ കേന്ദ്ര സർക്കാർ പരിമിതികളേർപ്പെടുത്തി. ഇതിനെല്ലാം പുറമെ എൽഡിഎഫ്‌‌ അധികാരമേറ്റപ്പോൾ സർക്കാരിന്റെ ധനവരവ്‌ സ്‌തംഭിച്ചുനിൽക്കുകയും ചെലവുകളും ധനകമ്മിയും വർധിച്ചുകൊണ്ടിരിക്കുകയുമായിരുന്നു. ഇതിനു‌ പുറമെയാണ്‌ 2017ലെ ഓഖി ചുഴലിക്കൊടുങ്കാറ്റും 2018, 2019 വർഷങ്ങളിലെ അതിവൃഷ്ടിയും വെള്ളപ്പൊക്കവും ഉരുൾപൊട്ടലുകളും‌. നിപാ മഹാമാരിയെത്തുടർന്ന്‌ കോവിഡ്‌–-19  മഹാമാരിയുടെ വ്യാപനവും ലോക്ഡൗൺപോലുള്ള നടപടികളും പ്രതിസന്ധി വളർത്തുന്നു. ധനവരവ്‌ ഗണ്യമായ അളവിൽ കുറയുന്നു. ധനപ്രതിസന്ധി സംസ്ഥാന സർക്കാരിനെ ഞെരുക്കുന്നു.

വാഗ്‌ദാനങ്ങൾ നിറവേറ്റിയ സർക്കാർ

പ്രയാസകരമായ ഈ സാഹചര്യങ്ങളെ നേരിട്ടുകൊണ്ടായിരുന്നു സർക്കാർ തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കാൻ ശ്രമിച്ചത്‌. തെരഞ്ഞെടുപ്പ്‌ മാനിഫെസ്‌റ്റോ ഇപ്രകാരമായിരുന്നു. ‘‘വേണം നമുക്കൊരു പുതു കേരളം. അഭ്യസ്‌തവിദ്യരായ യുവതലമുറയുടെ പ്രതീക്ഷകൾക്ക്‌ അനുസരിച്ചുള്ള തൊഴിലവസരങ്ങൾ ഉറപ്പുനൽകുന്ന സംസ്ഥാനമാകണം കേരളം. അതിനായി പുതിയ വ്യവസായങ്ങളും ആധുനിക കൃഷിയും അതിവേഗത്തിൽ വളരണം. പക്ഷേ, അതോടൊപ്പം ഇന്ന്‌ നമ്മുടെ പരമ്പരാഗതമേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക്‌ സമ്പൂർണ സാമൂഹ്യ സുരക്ഷിതത്വം ഉറപ്പുവരുത്തണം. കേരളത്തിലെ മതനിരപേക്ഷ ജനാധിപത്യ പൗരബോധത്തിന്റെ അടിത്തറയായ പൊതു വിദ്യാഭ്യാസാദി പൊതുസംവിധാനങ്ങൾ സംരക്ഷിക്കുകയും ഗുണനിലവാരം ഉയർത്തുകയും വേണം. അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാകണം. മതനിരപേക്ഷ കേരളം, അഴിമതിരഹിത കേരളം, വികസിത കേരളം ഇവയാണ്‌ നമ്മുടെ മുദ്രാവാക്യങ്ങൾ.’’ വാഗ്‌ദാനങ്ങൾ പാലിക്കുന്നതിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു. സാമൂഹ്യമേഖലകളിൽ കഴിഞ്ഞകാലത്ത്‌ നേടിയ നേട്ടങ്ങളെ ശക്തിപ്പെടുത്തിയും കാർഷിക വ്യാവസായിക ഉൽപ്പാദനമേഖലകളെ വികസിപ്പിക്കാനുമാണ്‌ സർക്കാർ ശ്രമിച്ചത്‌. ഇന്ന്‌ കേരളത്തിന്റെ സാമ്പത്തികവളർച്ച 7.2 ശതമാനമാണ്‌. കഴിഞ്ഞ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ 4.9 ശതമാനം മാത്രമായിരുന്നു.

ശാസ്‌ത്രീയകൃഷി പ്രോത്സാഹിപ്പിച്ചുകൊണ്ട്‌ കാർഷികമേഖലയെ ആധുനികവൽക്കരിക്കാനാണ്‌ ശ്രമിക്കുന്നത്‌. നെൽക്കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്‌തൃതി 1.7 ലക്ഷം ഹെക്ടറിൽനിന്ന്‌ 2.02 ലക്ഷം ഹെക്ടറായി വർധിച്ചു. ആറ്‌ ലക്ഷത്തിലധികം മെട്രിക് ടൺ അരി ഉൽപ്പാദിപ്പിക്കാൻ കഴിഞ്ഞു. കോവിഡ്‌–-19 ഏൽപ്പിച്ച ആഘാതങ്ങളിൽനിന്ന്‌ കർഷകരെ സംരക്ഷിക്കാൻ 3860 കോടി രൂപയുടെ സുഭിക്ഷകേരളം പദ്ധതി ആരംഭിച്ചിരിക്കുന്നു. കൃഷി, ക്ഷീരോൽപ്പാദനം, മൃഗസംരക്ഷണം, മത്സ്യം എന്നീ മേഖലകളുടെ വികസനമാണ്‌ പദ്ധതിയുടെ ലക്ഷ്യം.

വ്യവസായ വികസനത്തിന്‌ ഉപകരിക്കുന്ന പുതിയ സമീപനങ്ങൾ സ്വീകരിച്ചുവരുന്നു. വ്യവസായ വികസനത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനോടൊപ്പം സ്വകാര്യനിക്ഷേപം ആകർഷിക്കാനുള്ള നടപടികളും സ്വീകരിച്ചു. നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങൾക്ക്‌ പിന്തുണ നൽകി വളർച്ചയുടെ പാതയിലെത്തിച്ചു. 2015–-16ൽ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം 131.60 കോടി രൂപയായിരുന്നു. എൽഡിഎഫ്‌ അധികാരത്തിൽവന്ന ആദ്യവർഷമായ 2016–-17ൽ നഷ്ടം 80.67 കോടിയായി കുറഞ്ഞു. 2017–-18ൽ പൊതുമേഖല 5.11 കോടിയുടെ ലാഭവും 2018–-19ൽ 8.26 കോടിയുടെ ലാഭവും ഉണ്ടാക്കി. പ്രളയക്കെടുതിയെ അതിജീവിച്ചാണ്‌ ഈ പുരോഗതി‌.

വിദ്യാഭ്യാസരംഗത്തും എൽഡിഎഫ്‌ സർക്കാർ വലിയ പുരോഗതി കൈവരിച്ചു. സർക്കാർ വിദ്യാലയങ്ങളിൽ അഞ്ചുലക്ഷം വിദ്യാർഥികൾ വർധിച്ചു. പതിനാലായിരത്തോളം സ്‌കൂളിൽ ബ്രോഡ്‌ ബാൻഡ്‌ ഇന്റർനെറ്റ്‌ സൗകര്യങ്ങൾ ഒരുക്കി. 45,000 ക്ലാസ്‌മുറി ഹൈടെക്‌ സൗകര്യങ്ങളുള്ള ക്ലാസ്‌മുറികളായി. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്‌ 141 സ്‌കൂളിന്‌ അഞ്ചുകോടി രൂപവീതവും 395 സ്‌കൂളിന്‌ മൂന്നുകോടി വീതവും 444 സ്‌കൂളിന്‌ ഒരുകോടി വീതവും അനുവദിച്ചു.

ആരോഗ്യമേഖലയിൽ ആർദ്രം പദ്ധതിവഴി ഘട്ടംഘട്ടമായി എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളും കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയർത്താനുള്ള പദ്ധതി പുരോഗമിക്കുന്നു. മെഡിക്കൽ കോളേജുകൾ, മലബാർ ക്യാൻസർ സെന്റർ, കൊച്ചി ക്യാൻസർ റിസർച്ച്‌ സെന്റർ, വിവിധ ജില്ലാ ജനറൽ–-താലൂക്ക്‌ ആശുപത്രികൾ എന്നിവയുടെ സമഗ്രവികസനത്തിനായി കിഫ്‌ബിയിലൂടെ ധനസഹായത്തിനുള്ള മേജർ പ്ലാനുകൾ തയ്യാറാക്കി. 7000 കോടി രൂപയിലധികം തുകയ്‌ക്കുള്ള പദ്ധതികൾക്ക്‌ ഭരണാനുമതി നൽകി. കോവിഡ്‌–-19നെ നേരിടാൻ ‌ എടുത്ത നടപടികൾ ലോകത്തിന്റെ പ്രശംസ നേടി. ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങൾക്കുള്ള സാമൂഹ്യക്ഷേമ പെൻഷൻ ഇക്കൊല്ലം ഏപ്രിൽമുതൽ 1300 രൂപയാക്കി ഉയർത്തി. 58.5 ലക്ഷം പേർക്ക്‌ ക്ഷേമപെൻഷൻ ലഭിക്കുന്നു. രണ്ടര ലക്ഷത്തോളം കുടുംബത്തിന്‌ വീടുകൾ നൽകാൻ കഴിഞ്ഞു.

പൊതുമേഖലയെ സംരക്ഷിക്കുന്നതോടൊപ്പം സ്വകാര്യ മൂലധനം ആകർഷിക്കാൻ കഴിയത്തക്കവിധം പശ്ചാത്തല വികസനത്തിനും വലിയ പ്രാധാന്യം നൽകി. 50,000 കോടി രൂപയുടെ കിഫ്‌ബി പദ്ധതി ഇതിന്റെ ഭാഗമാണ്‌. 54,391 കോടി രൂപയുടെ പദ്ധതികൾക്ക്‌ അനുമതി നൽകിക്കഴിഞ്ഞു. 40,402.84 കോടിയുടെ 676 പദ്ധതിയിൽ നിർമാണം പുരോഗമിക്കുകയാണ്‌. വികസനരംഗത്ത്‌ ഒരു വലിയ കുതിച്ചുചാട്ടത്തിന്‌ കേരളം തയ്യാറായിക്കൊണ്ടിരിക്കുകയാണ്‌. സമഗ്രമായ വികസനത്തിന്‌ അന്തർദേശീയ നിലവാരമുള്ള സാങ്കേതികവിദ്യയും പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന സംരംഭങ്ങളും ആവശ്യമാണ്‌. പരമ്പരാഗതരീതിയിലൂടെ ഇവ നിർവഹിക്കാനാകില്ല. അത്തരം മേഖലകളിൽ വിദഗ്‌ധ ഉപദേശം നൽകാൻ കഴിയുന്ന കൺസൾട്ടൻസികളിലൂടെ സേവനങ്ങൾ ആവശ്യമായി വരും. സുതാര്യമായ നടപടിക്രമങ്ങളിലൂടെയാണ്‌ കൺസൾട്ടൻസികളെ നിശ്ചയിക്കുന്നത്‌. അവർ നൽകുന്ന ഉപദേശങ്ങൾ രാജ്യത്തിന്റെ താൽപ്പര്യത്തിന്‌ ഉപയുക്തമാണോയെന്ന്‌ വിലയിരുത്തി തീരുമാനമെടുക്കുന്ന രീതിയാണ്‌ സർക്കാരിനുള്ളത്‌. ലോകത്തൊട്ടാകെയും ഇന്ത്യയിലെ മറ്റ്‌ സംസ്ഥാനങ്ങളിലും നടക്കുന്ന സാധാരണ നടപടിക്രമമാണ്‌ ഇത്‌. കൺസൾട്ടൻസികൾക്കെതിരായി ബിജെപിയും കോൺഗ്രസും നടത്തുന്ന ആക്ഷേപങ്ങൾ വികസനശ്രമങ്ങളെ തകർക്കാൻ ലക്ഷ്യംവച്ചുകൊണ്ടുള്ളതാണ്‌.

അസത്യങ്ങളുടെ പുകമറ

സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും ജനക്ഷേമ പ്രവർത്തനങ്ങളും ചർച്ചചെയ്യപ്പെടാൻ ഇടവരരുതെന്ന്‌ വലതുപക്ഷശക്തികളായ യുഡിഎഫും ബിജെപിയും ഒരുവിഭാഗം മാധ്യമങ്ങളും ആഗ്രഹിക്കുന്നു. അതുകൊണ്ടാണ്‌ അപ്രസക്തമായ വിഷയങ്ങളും അസത്യങ്ങളും ഉയർത്തിപ്പിടിച്ച്‌ അവർ പ്രചാരവേലകൾ സംഘടിപ്പിക്കുന്നത്‌. ഇത്തരം കള്ളക്കഥകൾ പ്രചരിപ്പിച്ച്‌  സർക്കാരിന്റെ യശസ്സിന്‌ മങ്ങലേൽപ്പിക്കുകയാണ്‌ വലതുപക്ഷത്തിന്റെ ലക്ഷ്യം. സ്വർണക്കടത്തിന്‌ സർക്കാരുമായി ബന്ധമുണ്ടെന്ന പുകമറ സൃഷ്ടിക്കാനാണ്‌ വലതുപക്ഷം ശ്രമിക്കുന്നത്‌. തരംതാണതും അടിസ്ഥാനരഹിതവുമായ എന്ത്‌ അപവാദം പ്രചരിപ്പിക്കാനും അവർക്ക്‌ മടിയില്ല. സ്വർണക്കടത്ത്‌ കേന്ദ്ര സർക്കാരിന്റെ അധികാരപരിധിയിൽ വരുന്ന വിഷയമാണ്‌. അതുകൊണ്ടാണ്‌ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക്‌ കത്തെഴുതിയത്‌. സംസ്ഥാന സർക്കാരിന്‌ മറച്ചുവയ്‌ക്കാൻ ഒന്നുമില്ലെന്നതിന്റെ തെളിവാണ്‌ ഈ കത്ത്‌. കേന്ദ്ര സർക്കാർ നിയോഗിച്ചതനുസരിച്ച്‌ എൻഐഎ അന്വേഷണം നടത്തിവരികയാണ്‌. കസ്റ്റംസും അവരുമായി ബന്ധപ്പെട്ട വിഷയങ്ങൾ അന്വേഷിക്കുന്നുണ്ട്‌. സംസ്ഥാന സർക്കാരിന്റെ അധികാരപരിധിയിൽ വരുന്ന വിഷയങ്ങൾ സംസ്ഥാന സർക്കാരും അന്വേഷിക്കുന്നു.

എൽഡിഎഫുമായി ബന്ധമുള്ള ആർക്കും കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന്‌ ഒരു തെളിവും ഉണ്ടായിട്ടില്ല. ഐടിവകുപ്പിന്റെ കീഴിലുള്ള ഒരു പദ്ധതിയിൽ പ്രവർത്തിച്ചിരുന്ന ഒരു കരാർ ജീവനക്കാരിക്ക്‌ കള്ളക്കടത്തുമായി ബന്ധമുണ്ടെന്നും അവർ വിദ്യാഭ്യാസയോഗ്യത തെളിയിക്കാൻ വ്യാജസർട്ടിഫിക്കറ്റുകൾ ഹാജരാക്കിയതായും വെളിപ്പെട്ടതോടെ പിരിച്ചുവിടുകയും പൊലീസ്‌ കേസെടുക്കുകയും ചെയ്‌തു. ഈ വനിതയെ നിയമിച്ച സ്ഥാപനത്തിന്റെ മേൽനോട്ടക്കാരനായ ഐഎഎസ്‌ ഉദ്യോഗസ്ഥനെതിരായി ആക്ഷേപം ഉയർന്നുവന്ന ആദ്യസന്ദർഭത്തിൽത്തന്നെ അദ്ദേഹത്തെ ചുമതലകളിൽനിന്ന്‌ മാറ്റിനിർത്തി. പിന്നീട്‌ ആ ഉദ്യോഗസ്ഥനെ അന്വേഷണവിധേയമായി സസ്‌പെൻഡ്‌ ചെയ്‌തു. കള്ളക്കടത്തിലുൾപ്പെട്ട ഒരു കുറ്റവാളിയെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. യഥാർഥ വസ്‌തുതകൾ ഇതായിരിക്കെ അതിനെ മറച്ചുപിടിച്ച്‌ കള്ളപ്രചാരവേലകൾ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്‌ വലതുപക്ഷ ശക്തികളായ ബിജെപിയും യുഡിഎഫും ഒരുവിഭാഗം മാധ്യമങ്ങളും ശ്രമിക്കുന്നത്‌. സർക്കാരിനെ അസ്ഥിരപ്പെടുത്താൻ വലതുപക്ഷശക്തികൾ നടത്തുന്ന ശ്രമങ്ങളെ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ എതിർത്ത്‌ പരാജയപ്പെടുത്തും.

*

എസ്‌ രാമചന്ദ്രൻപിള്ള 

No comments:

Post a Comment