Saturday, August 22, 2020

ബിപിസിഎൽ..., എച്എംടി..; അന്ത്യനിമിഷമെണ്ണി 5 മഹാസ്ഥാപനങ്ങൾ

 കൊച്ചി> ബിപിസിഎലിനെപ്പോലെ കേന്ദ്രസർക്കാരിന്റെ കൊലക്കത്തിയിൽനിന്നു രക്ഷപ്പെടാൻ പൊരുതുകയാണ് മറ്റു കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളും. ഓഹരി വിറ്റഴിച്ചും ബാധ്യത അടിച്ചേൽപ്പിച്ചും നിലനിൽപ്പ്‌ ഭീഷണിയിലാക്കുന്നതോടൊപ്പം സ്വകാര്യ മേഖലയ്‌ക്ക്‌ വിപണി തുറന്നും വായ്‌പകൾക്ക്‌ കഴുത്തറപ്പൻ പലിശ ഈടാക്കിയും ഈ മഹാസ്ഥാപനങ്ങളെ ശ്വാസംമുട്ടിക്കുകയാണ്‌ കേന്ദ്രം.

വികസന മുരടിപ്പിൽ എച്ച്എംടി

കടുത്ത പ്രതിസന്ധികൾക്കിടയിലും എച്ച്എംടി കളമശേരി യൂണിറ്റ്‌ 2019–-20ൽ 2.13 കോടി രൂപ ലാഭമുണ്ടാക്കി.  പ്രതിരോധവകുപ്പ്, റെയിൽവേ, വിവിധ സംസ്ഥാന സർക്കാരുകൾ എന്നിവിടങ്ങളിൽനിന്ന്‌ 110 കോടി രൂപയുടെ ഓർഡറുകൾ ഇപ്പോഴുണ്ട്‌. 

3500 ജീവനക്കാർ പണിയെടുത്തിരുന്ന എച്ച്‌എംടിയിൽ ഇപ്പോൾ 135 സ്ഥിരം ജീവനക്കാർമാത്രം. ശമ്പളം പരിഷ്‌കരിച്ചിട്ട്‌ 24 വർഷമായി. എ കെ ആന്റണിയും മുല്ലപ്പള്ളി രാമചന്ദ്രനും കേന്ദ്ര മന്ത്രിമാരായിരുന്ന കാലത്താണ്‌ എച്ച്എംടി വിൽക്കാൻ തീരുമാനിച്ചത്‌. പിന്നീട്‌  ആസ്‌തി എച്ച്എംടി ഹോൾഡിങ് കമ്പനി കൈയടക്കി. ബാധ്യത അടിച്ചേൽപ്പിച്ചു. ഇതോടെ കളമശേരി യൂണിറ്റ് പ്രതിസന്ധിയിലായി. ആദ്യം 95.25 കോടി രൂപയ്ക്ക് 73 ഏക്കർ ഭൂമി വിറ്റിട്ട്‌  ഒരുരൂപപോലും യൂണിറ്റിന് നൽകിയില്ല. 

ശ്വാസംമുട്ടി എച്ച്ഒസി

അമ്പലമുകളിലെ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് (എച്ച്ഒസി) യൂണിറ്റ്‌ മഹാരാഷ്‌ട്രയിലെ രാസായനി യൂണിറ്റിനൊപ്പം പൂട്ടാൻ തീരുമാനിച്ചതാണ്‌. സംസ്ഥാന സർക്കാരിന്റെ ഇടപെടൽ രക്ഷിച്ചു. എന്നാൽ പ്രധാന ഉൽപ്പന്നങ്ങളായ ഫിനോളും അസറ്റോണും ഇറക്കുമതി ചെയ്‌തത്‌ തിരിച്ചടിയായി. 482 കോടി രൂപ വായ്‌പയ്‌ക്ക്‌ പ്രതിമാസം അഞ്ച് കോടി രൂപ പലിശയായി കേന്ദ്രം പിഴിഞ്ഞത്‌ തകർച്ചയ്‌ക്ക്‌ ആക്കംകൂട്ടി.

രാസായനി യൂണിറ്റ് അടച്ചപ്പോൾ അതിന്റെ ബാധ്യതകളും കൊച്ചി യൂണിറ്റിലാക്കി. രാസായനിയുടെ ഭൂമി വിറ്റാൽ കടബാധ്യത തീർക്കാനാകും. കൊച്ചി യൂണിറ്റ്‌ വാങ്ങാൻ ബിപിസിഎൽ തയ്യാറായെങ്കിലും ബിപിസിഎൽ വിൽക്കാൻ വച്ചതോടെ അതും മുടങ്ങി. 

അവ​ഗണനയിൽ കപ്പൽശാല

കൊച്ചി കപ്പൽശാലയുടെ 25 ശതമാനം ഓഹരി വിറ്റഴിച്ചു. സർക്കാരിന്റെ ഓർഡറുകൾപോലും കപ്പൽശാലയ്‌ക്ക്‌ നൽകാതായി. പ്രതിരോധരംഗത്തെ തന്ത്രപ്രധാന പ്രവൃത്തികൾ ഉൾപ്പെടെ സ്വകാര്യമേഖലയ്‌ക്ക്‌ നൽകി. എന്നിട്ടും കഴിഞ്ഞ സാമ്പത്തിക വർഷം 632 കോടി രൂപയാണ്‌ കപ്പൽശാലയുടെ ലാഭം. 

കൊള്ളപ്പലിശയിൽ കുടുങ്ങി ഫാക്‌ട്‌

1000 കോടി രൂപ വായ്‌പക്ക്‌ കേന്ദ്രം 13.5 ശതമാനം പലിശ ഈടാക്കിയത്‌ ഫാക്‌ടിന്‌ കുരുക്കായി. എന്നിട്ടും 240 കോടി രൂപ തിരിച്ചടച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 2770 കോടി രൂപയുടെ വിറ്റുവരവും 976 കോടി രൂപ ലാഭവും നേടി. ഫാക്‌ടംഫോസിന്റെ ഉൽപ്പാദനം 8.45 ലക്ഷം ടണ്ണായി ഉയർന്നു. അമോണിയം സൾഫേറ്റിന്റെ ഉൽപ്പാദനം 2.21 ലക്ഷം ടണ്ണായി. ജൈവവളത്തിന്റെ വിൽപ്പന ആദ്യമായി 13,103  ടണ്ണായി ഉയർന്നു. പ്രതിസന്ധികളോട്‌ പൊരുതി കാപ്രോലാക്‌ടം ഉൽപ്പാദനം പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫാക്‌ട്‌.

വിധി കാത്ത് എച്ച്ഐഎൽ

സംസ്ഥാനത്തെ ആദ്യ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിൽ (ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്സ് ലിമിറ്റഡ്‌)  ഏലൂർ ഉദ്യോഗമണ്ഡൽ യൂണിറ്റ്‌ അടച്ചുപൂട്ടലിന്റെ വക്കിലാണ്‌. മലേറിയ പടർന്നുപിടിച്ചപ്പോൾ ഡിഡിടി നിർമിക്കാൻ സ്ഥാപിച്ചതാണ്‌ എച്ച്ഐഎൽ. പിന്നീട് എൻഡോസൾഫാനും ബെൻസീൻ ഹെക്സോ ക്ലോറൈഡും ഉൽപ്പാദിപ്പിക്കാൻ തുടങ്ങി. 2011ൽ എൻഡോ സൾഫാന്റെയും 2017ൽ ഡിഡിടിയുടെയും ഉൽപ്പാദനം അവസാനിപ്പിച്ചു. പിന്നീട് ജൈവ ഉൽപ്പന്നങ്ങളിലേക്ക് കടന്നെങ്കിലും വിജയകരമായി മുന്നോട്ടുപോകാനായില്ല.

No comments:

Post a Comment