Sunday, August 9, 2020

അവൾ മരിച്ചില്ല; കൊല്ലരുതേ..!; മനോരമ തിരുത്താൻ തയ്യാറായില്ലെന്ന്‌ ബന്ധുക്കൾ

 തിരുവനന്തപുരം > കരിപ്പൂർ വിമാനാപകടവും കാലവർഷക്കെടുതിയും ചാനലുകൾക്ക്‌ പതിവുപോലെ എരിവും പുളിയും ചേർത്തുള്ള വിഭവംമാത്രം. സത്യം പറയണമെന്നതല്ല, ആരാദ്യം ഞെട്ടിക്കുന്ന കള്ളം പങ്കിടും എന്ന വാശി മാത്രമാണ്‌ ചാനലുകൾക്കുള്ളത്‌. കരിപ്പൂർ വിമാനാപകടത്തിൽ നിസാര പരിക്കോടെ ആശുപത്രിയിൽ കഴിയുന്ന കുഞ്ഞ് മരിച്ചു എന്ന രീതിയിൽ  പേരുവിവരം സഹിതം മനോരമ ചാനൽ വാർത്തയാക്കിയത്‌ ഏറെ പ്രതിഷേധത്തിന്‌ ഇടയാക്കി. നാലുവയസ്സുകാരി അയന രവിശങ്കർ ‘മരിച്ചു’ എന്നാണ്‌ മനോരമ ഫ്‌ളാഷ്‌ ചെയ്‌തത്‌.

സ്‌ക്രീനിൽ എഴുതി കാണിക്കുകയും ചെയ്‌തു. മരണത്തിന്റെ വിവരങ്ങളെല്ലാം കലക്ടർ ഔദ്യോഗികമായി പുറത്തുവിട്ടശേഷമാണ്‌ ചാനൽ ഇങ്ങനെ വാർത്ത കൊടുത്തത്‌.വിമാനത്തിൽ വന്ന 40 യാത്രക്കാർക്ക്‌ കോവിഡ്‌ എന്നാണ്‌ മാതൃഭൂമി നൽകിയ  ‘ഞെട്ടിക്കുന്ന’ വാർത്ത.  എന്നാൽ, മരിച്ചവരിൽ ഒരാൾക്ക്‌ മാത്രമേ കോവിഡുള്ളൂ. ദുബായിൽനിന്ന്‌ വന്ന വിമാനമായതിനാൽ രോഗികൾ കുറെയുണ്ടാകുമെന്ന ഊഹം വച്ചാണ്‌, 40 രോഗികൾ എന്ന്‌ വച്ചുകാച്ചിയത്‌. ഈ വാർത്ത രക്ഷാപ്രവർത്തകർക്കടക്കം ഉണ്ടാക്കിയ മാനസിക വിഷമം, ചാനലിന്‌ വിഷയമായതേയില്ല.

അപകടം നടന്ന വെള്ളിയാഴ്‌ച രാത്രിക്കുശേഷം വിവരങ്ങൾ എത്തിക്കാൻ ചാനലുകൾ പൊരിഞ്ഞ മത്സരമായിരുന്നു. ഇതിനിടയ്ക്ക്‌ മീഡിയ വൺ ചാനൽ, മന്ത്രി കെ കെ ശെലജയെ വിളിച്ച്‌ ഇന്റർവ്യൂവും നടത്തി.  രക്ഷാപ്രവർത്തനം തുടരുന്നതിനിടയിൽ, ചാനൽ അവതാരകൻ മന്ത്രിയോട്‌ ചോദിച്ചതിങ്ങനെ: "വിമാനത്തിലുണ്ടായിരുന്ന കുടുംബങ്ങൾ പല ആശുപത്രികളിലായി ചിതറിപ്പോയിരിക്കുന്നു. ഒരേ കുടുംബത്തിൽ ഉള്ളവരെ ഒരുമിച്ച് ഒരിടത്താക്കാൻ കഴിയാത്തതിൽ സർക്കാരിന്‌ അനാസ്ഥയുണ്ടായോ?’ പെട്ടെന്നുള്ള രക്ഷാപ്രവർത്തനത്തിനിടയിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെപ്പറ്റി ചെറിയ ധാരണപോലുമില്ലാതെ കുത്തിത്തിരിപ്പുണ്ടാക്കിയ ചാനൽ നടപടിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ കടുത്ത വിമർശനമാണ്‌ ഉയർന്നത്‌. കാലവർഷക്കെടുതിയുടെ വാർത്ത അവതരിപ്പിക്കുമ്പോഴും മനോരമ ചാനൽ ആവേശം കാട്ടി നുണ പ്രചരിപ്പിച്ചു. സംസ്ഥാനത്തെ ‘അഞ്ചു ഡാമുകൾ പൊട്ടി’ എന്നാണ്‌ അവതാരക നിഷ പുരുഷോത്തമൻ പറഞ്ഞത്‌.

തെറ്റാണെന്ന്‌ പറഞ്ഞിട്ടും തിരുത്തിയില്ല

പട്ടാമ്പി > വിമാനാപകടത്തിൽ മുതുതല സ്വദേശി രവി ശങ്കറിന്റെ നാലു വയസ്സുകാരി മകൾ അയന മരിച്ചെന്ന വ്യാജവാർത്ത തെറ്റാണെന്ന്‌ പറഞ്ഞിട്ടും തിരുത്താതെ മനോരമ, ഏഷ്യാനെറ്റ്‌ ചാനലുകൾ. കുട്ടി മരിച്ചതായി ചാനലിലൂടെ കണ്ട ബന്ധുക്കളും നാട്ടുകാരും ഞെട്ടലിൽ നിന്ന്‌ മാറിയില്ല. അച്ഛനും അമ്മയും പെരിന്തൽമണ്ണയിലെ ആശുപത്രിയിലും അയന കോഴിക്കോട്‌ ബേബി മെമ്മോറിയൽ ആശുപത്രിയിലുമായിരുന്നു. ചാനലിൽ വാർത്ത വരുന്നതിന്‌ മുമ്പ്,‌ സുരക്ഷിതരാണ് എന്ന സന്ദേശമാണ്‌ വിട്ടുകാർക്ക് ലഭിച്ചത്. കുട്ടി സുരക്ഷിതയാണെന്ന് ബന്ധുക്കൾ കോഴിക്കോട് ചാനൽ ഓഫീസിൽ വിളിച്ച്‌ അറിയിച്ചെങ്കിലും ശനിയാഴ്ച പുറത്തിറങ്ങിയ മലയാള മനോരമയുടെ പാലക്കാട് ഒഴിച്ചുള്ള എഡിഷനുകളിൽ കുട്ടിയുടെ മരണവാർത്തയുണ്ട്‌.

ശനിയാഴ്‌ച രാവിലെ ആറിന്‌  ചാനൽ ഓഫീസിൽ വിളിച്ചെങ്കിലും വാർത്ത തിരുത്താൻ തയ്യാറല്ല എന്ന മറുപടിയാണ്‌ ലഭിച്ചതെന്ന്‌ ബന്ധുക്കൾ പറഞ്ഞു. വാർത്ത എഡിറ്റ്‌ ചെയ്‌ത്‌ കൊടുത്തയാൾ ജോലി  കഴിഞ്ഞ്‌ പോയി എന്നും വന്നശേഷമാണ്‌ തിരുത്താൻ കഴിയുക എന്നും അറിയിച്ചു. കുട്ടി മരിച്ചിട്ടില്ല എന്ന്‌ പട്ടാമ്പി പൊലീസും ചാനൽ ഓഫീസിൽ വിളിച്ച്‌ അറിയിച്ചിട്ടും ഇതുവരെ തിരുത്താൻ തയ്യാറായിട്ടില്ലെന്നും ബന്ധുക്കൾ പറഞ്ഞു.

മുതുതല അഴകത്ത് മനയിൽ രവിശങ്കർ, ഭാര്യ താര, മകൾ അയന എന്നിവർക്കൊപ്പം സഹോദരൻ പരമേശ്വരനും വിമാനത്തിലുണ്ടായിരുന്നു. സെപ്തംബർ 10ന് പരമേശ്വരന്റെ വിവാഹം തീരുമാനിച്ചതുമായി ബന്ധപ്പെട്ടാണ് നാലുപേരും നാട്ടിലേക്ക് തിരിച്ചത്. ഇവരെല്ലാം സുരക്ഷിതരാണ്. അയനയുടെ തുടയെല്ലിനാണ് പരിക്ക്.

No comments:

Post a Comment