Monday, August 17, 2020

"ചാനൽ മേധാവികളേ, അൽപ്പം ഗൃഹപാഠം വേണ്ടതല്ലേ"

 "ചാനൽ മേധാവികളേ, അൽപ്പം ഗൃഹപാഠം വേണ്ടതല്ലേ'; പിഎസ്‌സിയുടെ പേരിലുള്ള വ്യാജപ്രചരണങ്ങൾക്ക് തോമസ് ഐസകിന്റെ മറുപടി

സെക്രട്ടറിയറ്റിലെ കന്യൂട്ടർ സെല്ലിൽ നടന്ന താൽകാലിക നിയമനവുമായി ബന്ധപ്പെട്ട മാതൃഭൂമി ന്യൂസിന്റെ വ്യാജവാർത്തയ്‌ക്ക് മന്ത്രി ടി എം തോമസ് ഐസകിന്റെ മറുപടി. പിഎസ്‌സിക്കെതിരായ പ്രചരണങ്ങളുടെ വസ്‌തുത വെളിപ്പെടുത്തുന്ന ഫെയ്‌‌സ്‌ബുക്ക് കുറിപ്പിലാണ് മന്ത്രിയുടെ വിശദീകരണം.

തോമസ് ഐസകിന്റെ ഫെയ്‌‌സ്‌ബുക്ക് പോസ്റ്റ് - പൂർണരൂപം

പിഎസ്‌സി നിയമന വിവാദം - 4

സെക്രട്ടേറിയറ്റിലെ കമ്പ്യൂട്ടർ സെല്ലിൽ നടന്ന ഒരു താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട് ഇന്നലെ ഒരു ചാനൽ സംഘടിപ്പിച്ച ചർച്ച കാണാനിടയായി. വ്യക്തിപരമായ നിരീക്ഷണങ്ങളിലേയ്‌ക്കൊന്നും ഞാൻ കടക്കുന്നില്ല. പക്ഷേ, ഇത്തരമൊരു വിഷയം ചർച്ചയ്‌ക്കെടുക്കുമ്പോൾ, അതിനാധാരമായ സ്വന്തം ചാനലിന്റെ വാർത്തയെങ്കിലും മനസിലാക്കിയിട്ടാണ് അവതാരകർ ഫ്‌ലോറിലിറങ്ങുന്നത് എന്ന് ഉറപ്പുവരുത്തുന്നതു നന്നായിരിക്കും.

പി.എസ്.സി വഴി നിയമനം നടക്കേണ്ട ക്ലർക്ക് തസ്തികയിലും ശിവശങ്കർ സ്ഥാനമൊഴിഞ്ഞതിന് തൊട്ടു മുമ്പ് അനധികൃതമായി നിയമനം നടത്തിയതിന്റെ രേഖകൾ ഇന്ന് പുറത്തുവന്നിട്ടുണ്ട് എന്നാണ് അവതാരകയുടെ ആദ്യവാചകം.

ഒന്നാമത്തെ ചോദ്യം ഇത് പി.എസ്.സി വഴി നടക്കേണ്ട നിയമനമാണോ എന്നതാണ്. സെക്രട്ടേറിയറ്റിൽ എൽഡി ക്ലർക്ക് എന്ന പേരിൽ തസ്തിക ഇല്ല എന്നുപോലും അവതാരകയ്ക്ക് അറിയില്ല. അതവിടെ നിൽക്കട്ടെ. പി.എസ്.സി വഴി നിയമനം നടക്കേണ്ട തസ്തികയാണ് എന്നതിന് എന്താണ് തെളിവ്? വാർത്ത റിപ്പോർട്ട് ചെയ്ത റിപ്പോർട്ടർക്കുപോലും അങ്ങനെയൊരു നിലപാടില്ല. അക്കാര്യം ചർച്ചയിൽ പങ്കെടുത്ത ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി റഹീമും ചൂണ്ടിക്കാട്ടി. റഹീമിനെ തിരുത്താൻ റിപ്പോർട്ടറെ തൽസമയം ലൈവിലെത്തിച്ചെങ്കിലും ഉദ്ദേശിച്ച ഫലമല്ല കിട്ടിയത്. ലൈവായി തുറന്നുകാട്ടപ്പെട്ടത് അവതാരകയുടെ അസംബന്ധമാണ്.

ഇനി ആ വാർത്തയിലേയ്ക്കു പോകാം. ശിവശങ്കറിന്റെ പേരു പരമാർശിക്കുന്നതുകൊണ്ടാണല്ലോ വാർത്തയ്ക്കു പ്രസക്തി വരുന്നത്? യഥാർത്ഥത്തിൽ ഒരു ക്രോസ് ചെക്കും ചെയ്യാതെ വാർത്തയെന്ന പേരിൽ എന്തും അവതരിപ്പിക്കാമെന്നത് നമ്മുടെ വാർത്താ ചാനലുകളുടെ ദുര്യോഗമാണ്. വാർത്തയിൽ കാണിക്കുന്ന സർക്കുലറിൽ 2011 വർഷത്തെ രണ്ട് ഉത്തരവുകൾ സൂചിപ്പിച്ചിട്ടുണ്ട്. അതെന്താണ് എന്നെങ്കിലും അന്വേഷിച്ചിരുന്നെങ്കിൽ ഈ അബദ്ധം വരുമായിരുന്നില്ല.

മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടർ സെല്ലിൽ ആറ് എൽഡി ക്ലർക്കുമാരുടെയും 3 ഓഫീസ് അറ്റൻഡന്റുമാരുടെയും തസ്തിക കോൺട്രാക്ട് അടിസ്ഥാനത്തിൽ സൃഷ്ടിച്ചത് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. കൃത്യമായി പറഞ്ഞാൽ 25-6-2011ലെ ആർടി 4972/2011 നമ്പർ പൊതുഭരണ വകുപ്പ് ഉത്തരവ്. ഇതു തന്നെയാണ് വാർത്തയിൽ കാണിക്കുന്ന ഉത്തരവിലെ സൂചന നമ്പർ ഒന്നിൽ പരമാർശിച്ചിരിക്കുന്നത്. ഇനിയെങ്കിലും സർക്കാർ ഉത്തരവുകൾ കൈയിൽ കിട്ടുമ്പോൾ, അതിലെ സൂചന നൽകിയിരിക്കുന്ന ഉത്തരവുകളുടെ പകർപ്പു കൂടി ബന്ധപ്പെട്ട വാർത്താ ഉറവിടത്തിൽ നിന്ന് സംഘടിപ്പിച്ച് വായിച്ചു മനസിലാക്കുന്നത് നന്നായിരിക്കും.

തുടർന്ന് കോൺട്രാക്ട് അടിസ്ഥാനത്തിൽത്തന്നെ രണ്ടു എൽഡി ക്ലർക്കുമാരുടെയും ഒരു പ്യൂണിന്റെയും തസ്തിക കൂടി അതേ സർക്കാർ 6477/2011 നമ്പർ ഉത്തരവു പ്രകാരം സൃഷ്ടിച്ചു. ഇപ്രകാരം യുഡിഎഫ് സർക്കാർ സൃഷ്ടിച്ച എൽഡി ക്ലർക്കുമാരുടെ 8 വേക്കൻസിയിൽ 2 പേരെ മാത്രമാണ് ഈ സർക്കാർ നിയമിച്ചത്. നാല് ഓഫീസ് അറ്റൻഡന്റുമാരിൽ മൂന്നു പേരെയും. മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടർ സെല്ലിലെ ജോലിത്തിരക്ക് ഈ നിയമനങ്ങളെ സാധൂകരിക്കുന്നുണ്ട്.

ഇവരെ നിയമിക്കുന്നത് പൊതുഭരണ വകുപ്പാണ്. 2011ലെ ഉത്തരവുകളും പൊതുഭരണ വകുപ്പ് തന്നെയാണ് പുറപ്പെടുവിച്ചത്. അതായത്, ഈ നിയമനത്തിലോ തസ്തിക സൃഷ്ടിക്കുന്നതിലോ ഐടി സെക്രട്ടറിയ്ക്ക് ഒരു പങ്കുമില്ലെന്ന് വ്യക്തം.

എന്നിട്ടും ഒരു ചാനലിൽ തീർത്തും വസ്തുതാവിരുദ്ധമായ ഒരു അസംബന്ധ ചർച്ച ഇതേക്കുറിച്ചു നടന്നു. തികഞ്ഞ മനസാന്നിധ്യത്തോടെ അവതാരകയുടെ വിവരക്കേടുകളെ സൗമ്യമായി കൈകാര്യം ചെയ്ത റഹീം തീർച്ചയായും അഭിനന്ദനവും അർഹിക്കുന്നുണ്ട്.

എനിക്ക് ചാനൽ മേധാവികളോട് ഒരഭ്യർത്ഥനയേ ഉള്ളൂ. നിങ്ങൾ സർക്കാർ വിരുദ്ധ പ്രചാരണത്തിലാണ് എന്നത് മനസ്സിലാക്കാൻ പ്രയാസമില്ല. പക്ഷേ, സർക്കാർ വിരുദ്ധ പ്രചരണം നടത്താനാണെങ്കിൽപ്പോലും അതിനൊരു ഗൃഹപാഠം വേണ്ടതല്ലേ?

പ്രിയപ്പെട്ട ഉദ്യോഗാർത്ഥികളോട്, കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന നിയമനങ്ങൾ സംബന്ധിച്ച പ്രചാരണത്തിന്റെ ഒരു സാമ്പിളാണ് ഇത്. ലിസ്റ്റിലുള്ള മുഴുവൻ പേർക്കും ഒരുകാലത്തും നിയമനം ലഭിക്കില്ല. ഒഴിവുകൾക്കനുസരിച്ചേ നിയമനം ഉണ്ടാകൂ. ഒഴിവുകൾക്കുവേണ്ടി പുതിയ തസ്തികകൾ സൃഷ്ടിക്കുന്ന കാര്യത്തിലാണെങ്കിൽ കഴിഞ്ഞ സർക്കാരിനെ അപേക്ഷിച്ച് ഏതാണ്ട് ഇരട്ടിയിലധികം തസ്തികകൾ ഓരോ മേഖലയിലും സൃഷ്ടിച്ചിട്ടുണ്ട്. ഇനിയുള്ള എന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റുകളിൽ നിന്നും ഇതു വ്യക്തമാകും.

No comments:

Post a Comment