Saturday, August 22, 2020

ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി ചെലവിട്ടത്‌‌ 1,264 കോടി; ബാക്കി 3,562 കോടി

 ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി ചെലവിട്ടത്‌‌ 1,264 കോടി; ബാക്കി 3,562 കോടി ; കൂടുതൽ പണം വിനിയോഗിച്ചത് ഗുജറാത്തിൽ

ന്യൂഡൽഹി: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ബിജെപി ചെലവിട്ടത്‌ 1,264  കോടി  രൂപയെന്ന്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ രേഖ. തെരഞ്ഞെടുപ്പിനുശേഷം ബാങ്കുകളിൽ 3,515 കോടിയും കൈവശം 46 കോടിയുമടക്കം 3,562 കോടി രൂപയാണ്‌ ബാക്കിയായതായും കണക്കുകൾ പറയുന്നു.

ചെലവിട്ടതിൽ 1,078 കോടി രൂപ  പൊതുപ്രചാരണത്തിനാണ്‌. സ്ഥാനാർഥികൾക്ക്‌ നൽകിയത്‌ 186 കോടി രൂപ.  പൊതുപ്രചാരണ ചെലവിൽ സംസ്ഥാനഘടകങ്ങൾക്ക്‌ നൽകിയ 657 കോടി രൂപയും ഉൾപ്പെടും. തെരഞ്ഞെടുപ്പ്‌ നിരീക്ഷണം, സർവേ, കോൾ സെന്ററുകൾ എന്നീ ഇനങ്ങളിൽ 212 കോടി രൂപ ചെലവിട്ടു.

ഗുജറാത്തിലാണ്‌ കേന്ദ്രഘടകം ഏറ്റവും കൂടുതൽ പണം വിനിയോഗിച്ചത്‌; 100.33 കോടി രൂപ. 42 സീറ്റുള്ള പശ്ചിമ ബംഗാളിൽ 65 കോടി നൽകി. 80 സീറ്റുള്ള ഉത്തർപ്രദേശിന്‌ നൽകിയത്‌ 35.5 കോടിയും. കേരളഘടകത്തിന്‌ 24.53 കോടി നൽകി. ആന്ധ്രപ്രദേശിൽ 53.8 കോടിയും  രാജസ്ഥാനിൽ 24.5 കോടിയും ചെലവിട്ടു. ബിഹാറിൽ 12.25 കോടിയും ഉത്തരാഖണ്ഡിൽ 17 കോടിയും വിതരണം ചെയ്‌തു. ബിജെപി ഭരണമില്ലാത്ത സംസ്ഥാനങ്ങളിലാണ്‌ താരതമ്യേനെ കൂടുതൽ തുക  വിതരണം ചെയ്‌തത്‌.

മാധ്യമങ്ങൾവഴി പരസ്യവും പ്രചാരണവും നടത്താൻ 325 കോടി രൂപ വിനിയോഗിച്ചതായി തെരഞ്ഞെടുപ്പ്‌ കമീഷന്‌ ബിജെപി കേന്ദ്രആസ്ഥാനം നൽകിയ സത്യവാങ്‌മൂലത്തിൽ പറഞ്ഞു. താരപ്രചാരകരുടെ പ്രത്യേക വിമാന, ഹെലികോപ്‌ടർ യാത്രകൾക്ക്‌  175 കോടിയും ചെലവിട്ടു. രാജ്യവ്യാപകമായി കൊടിതോരണങ്ങൾ, തൊപ്പി, ബാഡ്‌ജ്, ലഘുലേഖകൾ ‌ എന്നിവ തയ്യാറാക്കാൻ 25 കോടിയും പൊതുയോഗങ്ങൾക്ക്‌ 15 കോടിയും വിനിയോഗിച്ചു.

ഫെയ്‌സ്ബുക്ക്‌‌ പ്രതിനിധികൾ ഹാജരാകണം

ബിജെപിയുടെ വിദ്വേഷ പ്രചാരണം‌ തടഞ്ഞില്ലെന്ന വെളിപ്പെടുത്തലിനെത്തുടർന്ന്‌ ഫെയ്‌സ്ബുക്ക്‌‌ പ്രതിനിധികളോട്‌ സെപ്‌തംബർ രണ്ടിന്‌ നേരിട്ട്‌ ഹാജരാകാൻ‌ പാർലമെന്ററി സ്‌റ്റാൻഡിങ്‌ കമ്മിറ്റി ആവശ്യപ്പെട്ടു. വിവരസാങ്കേതിക മന്ത്രാലയം ഉദ്യോഗസ്ഥരും എത്തണമെന്ന്‌ ശശി തരൂർ അധ്യക്ഷനായ വിവരസാങ്കേതിക കാര്യങ്ങൾക്കുള്ള കമ്മിറ്റി നിർദേശിച്ചു. 

വിദ്വേഷപ്രചാരണം നടത്തുന്ന ബിജെപി നേതാക്കൾക്കെതിരെ നടപടി എടുക്കുന്നത് ഫെയ്‌സ്ബുക്ക്‌‌ ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥ അൻഖി ദാസ്‌ തടഞ്ഞെന്ന്‌ വാൾസ്‌ട്രീറ്റ്‌ ജേർണൽ വെളിപ്പെടുത്തിയിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ ഹാജരാകാൻ‌ ആവശ്യപ്പെട്ടത്‌.

അതേസമയം, വിഷയം ചർച്ച ചെയ്യുന്ന പാനൽ അധ്യക്ഷസ്ഥാനത്തുനിന്ന് ശശി തരൂർ എംപിയെ നീക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ബിജെപി നേതാവ്‌ നിഷികാന്ത് ദുബെ അവകാശലംഘന നോട്ടീസ്‌ നൽകി. അംഗങ്ങളുമായി കൂടിയാലോചിക്കാതെ ഫെയ്‌സ്ബുക്ക്‌ പ്രതിനിധികൾ ഹാജരാകണമെന്ന നിലപാട്‌ പരസ്യപ്പെടുത്തിയ ശശി തരൂർ നിയമങ്ങൾ ലംഘിച്ചെന്നാണ്‌ പരാതി.  കമ്മിറ്റിയുടെ ചട്ടങ്ങൾ ലംഘിച്ച് പ്രസ്താവന നടത്തിയ ദുബെയ്‌ക്കെതിരെ തരൂരും അവകാശലംഘന നോട്ടീസ് നൽകി.

No comments:

Post a Comment