Sunday, August 30, 2020

ബിജെപിക്ക് നേരെ ചോദ്യങ്ങള്‍; കസ്റ്റംസിനെ വിലക്കി കേന്ദ്രം

 തിരുവനന്തപുരം> സ്വർണക്കടത്ത്‌ കേസിൽ  ദുബായിലുള്ള യുഎഇ കോൺസുൽ ജനറൽ, അറ്റാഷെ എന്നിവർക്ക്‌ ചോദ്യാവലി അയച്ചുകൊടുത്ത്‌ വിശദീകരണം തേടാനുള്ള കസ്‌റ്റംസിന്റെ ശ്രമം കേന്ദ്രം വിലക്കി. കസ്‌റ്റംസ്‌ തയ്യാറാക്കിയ ചോദ്യാവലി  വിദേശമന്ത്രാലയത്തിന്‌ അയച്ചുകൊടുത്തെങ്കിലും അനുമതി  നിഷേധിച്ചു. ചോദ്യംചെയ്യല്‍  നയതന്ത്രബന്ധങ്ങൾക്ക്‌ വിഘാതമാകുമെന്നാണ് കേന്ദ്ര നിലപാട്. കേന്ദ്രമന്ത്രി വി മുരളീധരൻ അടക്കമുള്ള ഉന്നത ബിജെപി നേതാക്കളിലേക്ക്‌ അന്വേഷണം നീണ്ടതോടെയാണ് വിദേശമന്ത്രാലയത്തിന്റെ ഇടപെടൽ.

പിടിച്ചത്‌‌ നയതന്ത്ര ബാഗേജ്‌ അല്ലെന്ന്‌ കത്ത്‌ നൽകാൻ ജനം ടിവി കോ ഓർഡിനേറ്റിങ്‌ എഡിറ്റർ അനിൽ നമ്പ്യാർ ഉപദേശം നൽകിയോ, ബിജെപിയെ സഹായിക്കണമെന്ന്‌ അനിൽ ആവശ്യപ്പെട്ടോ എന്നതടക്കമുള്ള ചോദ്യങ്ങളാണ്‌ കസ്‌റ്റംസ്‌ തയ്യാറാക്കിയത്‌.  ചോദ്യാവലി അതേപടി അയക്കുകയും കോൺസുൽ ജനറൽ, അറ്റാഷെ എന്നിവർ ഇതിന്‌   മറുപടി നൽകുകയും ചെയ്‌താൽ ബിജെപി പൂർണമായും വെട്ടിലാകും.  സ്വർണമടങ്ങിയ ബാഗേജ്‌ നയതന്ത്ര ബാഗേജല്ലെന്ന്‌ ആവർത്തിച്ച്‌ കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്തെത്തിയതോടെയാണ് സ്വർണക്കടത്തില്‍ ബിജെപി നേതാക്കളിലേക്ക് സംശയം നീണ്ടത്.

അറ്റാഷെയുടെ പേരിൽ വന്ന നയതന്ത്ര ബാഗേജിലാണ്‌ സ്വർണം പിടിച്ചത്‌. ഇദ്ദേഹം നൽകിയ രേഖകൾ ഉപയോഗിച്ച്‌ സരിത്തും സ്വപ്‌നയും ബാഗേജുകൾ പലതവണ ഏറ്റുവാങ്ങി‌. അറ്റാഷെക്ക്‌ കമീഷൻ നൽകിയിരുന്നതായി സ്വപ്‌ന വെളിപ്പെടുത്തി. സരിത്തിനെയും സ്വപ്‌നയെയും കോൺസുലേറ്റിൽനിന്ന്‌ നീക്കിയശേഷം കോൺസുൽ‌ ജനറൽ ബാഗേജ്‌ ഏറ്റുവാങ്ങുന്നതിനടക്കം ഇവരുടെ സേവനം പ്രയോജനപ്പെടുത്തിയെന്നും കസ്‌റ്റംസ്‌ അന്വേഷണത്തിൽ വ്യക്തമായി. സ്വർണക്കടത്ത്‌ കേസ്‌ അന്വേഷണം സമഗ്രമാകാൻ കോൺസുൽ ജനറലിന്റേയും അറ്റാഷെയുടേയും മറുപടി അനിവാര്യമാണ്.  ഇതിനാണ്‌ ആദ്യപടിയായി ചോദ്യാവലിയിലൂടെ  വിവരങ്ങൾ ശേഖരിക്കാൻ കസ്‌റ്റംസ്‌  കേന്ദ്രസർക്കാരിനെ സമീപിച്ചത്‌.

നയതന്ത്രത്തെ ബാധിക്കുമെന്ന്‌ വ്യാഖ്യാനം

നയതന്ത്ര ബന്ധത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ്‌ ചോദ്യാവലി മടക്കിയതിന്‌ കേന്ദ്രത്തിന്റെ ന്യായം. ചില ചോദ്യങ്ങൾ ഒഴിവാക്കിയാൽ അനുമതി നൽകുന്നത്‌ ആലോചിക്കാമെന്നും അറിയിച്ചിട്ടുണ്ട്‌. സ്വർണക്കടത്ത്‌ കേസിൽ ബിജെപി ബന്ധം പുറത്തുവരാൻ സാധ്യതയുള്ള ചോദ്യങ്ങൾ ഒഴിവാക്കാനാണ്‌ നിർദേശം. എന്നാൽ, ഇതൊഴിവാക്കി വിവരങ്ങൾ ശേഖരിക്കുന്നതിൽ  കാര്യമില്ലെന്നാണ്‌ അന്വേഷക സംഘം പറയുന്നത്‌.

ജെയ‌്സൻ ഫ്രാൻസിസ‌്

അനിൽ നമ്പ്യാർ പ്രതിയായാൽ ബിജെപിക്ക്‌ കുരുക്ക്‌ മുറുകും

തിരുവനന്തപുരം> സ്വർണക്കടത്ത്‌ കേസിൽ, ആർഎസ്‌എസ്‌ ചാനൽ തലവൻ അനിൽ നമ്പ്യാർ പ്രതി ചേർക്കപ്പെട്ടാൽ കേന്ദ്ര മന്ത്രി വി മുരളീധരനടക്കമുള്ള ബിജെപി നേതാക്കൾക്ക്‌ കുരുക്ക്‌ മുറുകും. ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട സ്വർണക്കടത്തിനെക്കുറിച്ച്‌ കൃത്യമായ വിവരമുണ്ടായിരുന്നിട്ടും അനിൽ നമ്പ്യാർ മറച്ചുവച്ചത് രാജ്യദ്രോഹ കുറ്റമെന്നാണ്‌ അന്വേഷണ ഏജൻസികൾ പറയുന്നത്‌. കുറ്റവാളികൾക്ക്‌ രക്ഷപ്പെടാനുള്ള ഉപദേശം നൽകിയത്‌ ഇന്ത്യൻ ശിക്ഷാ നിയമം 118 പ്രകാരം കുറ്റകരമാണ്‌.

നയതന്ത്ര ബഗേജ്‌ അല്ല എന്ന്‌ കോൺസുലേറ്റിനെക്കൊണ്ട്‌ പറയിപ്പിക്കാൻ ശ്രമിച്ചത്‌ കുറ്റകൃത്യം മറച്ചുവയ്‌ക്കാൻ കൂട്ടുനിൽക്കലാണ്‌. കുറ്റം മറച്ചുവച്ചതിന്‌ പുറമെ മറ്റൊരു കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്‌തു. 

സ്വർണക്കടത്ത്‌ ഗൂഢാലോചനയിൽ അനിൽ നമ്പ്യാർക്ക്‌ പങ്കുള്ളതായി അന്വേഷണ സംഘത്തിന്‌ വ്യക്തമായ സൂചന കിട്ടിയതായാണ്‌ വിവരം. ഒരു സംസ്ഥാന മന്ത്രിക്കെതിരെ വർഷങ്ങൾക്കുമുമ്പ്‌ വ്യാജ രേഖ ചമച്ച കേസിൽ പ്രതിയായിരുന്ന അനിൽ നമ്പ്യാരുടെ ക്രിമിനൽ പശ്ചാത്തലവും അന്വേഷണ ഏജൻസികൾ അന്വേഷിക്കുന്നു‌.

കസ്‌റ്റംസ്‌, കോൺസുലേറ്റ്‌ എന്നിവയുമായി നേരിട്ട്‌ ഇടപെടാനുള്ള കഴിവ്‌ അനിലിന്‌ ഇല്ലെന്നാണ്‌ എൻഐഎ വിലയിരുത്തൽ. ബിജെപി നേതാക്കളിൽനിന്ന്‌ നിർദേശവും ഉറപ്പും കിട്ടിയിരിക്കാമെന്നും കരുതുന്നു.

നയതന്ത്ര ഭാഷയിൽ കത്തെഴുതാൻ തയ്യാറായതിൽ ദുരൂഹത

നയതന്ത്ര ബാഗേജ്‌ അല്ല വന്നത്‌ എന്ന്‌ വരുത്താൻ കോൺസൽ ജനറലിനു‌വേണ്ടി കത്ത്‌ തയ്യാറാക്കുന്നതിനുള്ള ദൗത്യം ഏറ്റെടുത്തതും ഗൂഢാലോചനയിലെ പങ്കിന്‌ തെളിവാണ്‌.

നയതന്ത്ര പ്രതിനിധികളുടെ ഭാഷയിൽ കത്ത്‌ തയ്യാറാക്കാനുള്ള പ്രാപ്‌തിയില്ലാത്ത ഒരാൾ അത്‌ ഏറ്റെടുത്തതിലാണ്‌ ദുരൂഹത. വിദേശ കാര്യവകുപ്പുമായി ബന്ധമുള്ള ആരെങ്കിലും സംഘത്തിൽ ഉൾപ്പെട്ടിരിക്കാമെന്നതിലേക്കാണ്‌ ഇത്‌ വിരൽ ചൂണ്ടുന്നത്‌. ഇക്കാര്യം ബോധ്യമുള്ളതു‌കൊണ്ടായിരിക്കണം, സ്വപ്‌ന കത്ത്‌ തയ്യാറാക്കാൻ അനിലിനെ ചുമതലപ്പെടുത്തിയത്‌. കത്ത്‌ തയ്യാറാക്കുന്ന കാര്യം അനിലിനെ ഏൽപ്പിക്കാൻ കോൺസുൽ ജനറൽ നിർദേശിച്ചതും ഇത്‌ ബലപ്പെടുത്തുന്നു.

സ്വപ്‌നയെ വിളിച്ചത്‌ നയതന്ത്ര ബാഗേജിനെക്കുറിച്ച്‌ അന്വേഷിക്കാനെന്ന അനിൽ നമ്പ്യാരുടെ വാദം കസ്‌റ്റംസ്‌ തള്ളി.

വിവരം തിരക്കാൻ വിളിച്ച ആൾ എങ്ങനെ കേസിൽനിന്ന്‌ തലയൂരാൻ ഉപദേശം നൽകിയെന്നത്‌ അന്വേഷണസംഘത്തെ ആശ്ചര്യപ്പെടുത്തി. വിദേശ നയതന്ത്ര പ്രതിനിധിയെ സ്വകാര്യ ചടങ്ങിന്‌ ക്ഷണിച്ചതും ഉപഹാരം നൽകിയതും നിയമവിരുദ്ധമാണ്‌. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പിന്തുണ ഉണ്ടെന്ന്‌ അറിയാവുന്നതിനാലാണ്‌ നയതന്ത്ര പ്രതിനിധി ചടങ്ങിൽ പങ്കെടുത്തതെന്നാണ്‌ നിഗമനം.

അന്വേഷണ സംഘത്തെ പൊളിക്കാൻ നീക്കം: കസ്‌റ്റംസിൽ വീണ്ടും സ്ഥലം മാറ്റ ഭീഷണി

തിരുവനന്തപുരം> സ്വർണക്കടത്ത് കേസ്‌ അന്വേഷണം ബിജെപി നേതൃത്വത്തിലേക്ക്‌ എത്തിയതിനു പിന്നാലെ കേസ്‌ അന്വേഷിക്കുന്ന കസ്‌റ്റംസ്‌ സംഘത്തിലെ ചിലരെക്കൂടി സ്ഥലം മാറ്റാൻ നീക്കം. അന്വേഷണത്തിന് നേതൃത്വം നൽകുന്ന പ്രിവന്റീവ് വിഭാഗം കമീഷണർ ഉൾപ്പെടെയുള്ളവർക്കാണ് സ്ഥലംമാറ്റ ഭീഷണി.

ആദ്യഘട്ടത്തിൽ അന്വേഷണത്തിന് നേതൃത്വം നൽകിയ ജോയിന്റ് കമീഷണർ അനീഷ് പി രാജനെ നാഗ്പുരിലേക്ക് മാറ്റി. എട്ടുപേരെയും അതോടൊപ്പം മാറ്റി.

പ്രിവന്റീവ് കമീഷണർ സുമിത് കുമാറിനും സൂപ്രണ്ട് വി വിവേകിനുമാണ്‌ ഇപ്പോൾ സ്ഥലംമാറ്റ ഭീഷണി. തുടക്കംമുതൽ ഇരുവരും ബിജെപി നേതൃത്വത്തിന്റെ നോട്ടപ്പുള്ളികളാണ്. അസാമാന്യ ധൈര്യത്തോടെ സുമിത് കുമാർ കൈക്കൊണ്ട തീരുമാനങ്ങളാണ് നയതന്ത്ര ബാഗേജിലെ സ്വർണക്കടത്ത് കേസിനെ ഇതുവരെ എത്തിച്ചത്.

ആർഎസ്‌എസ്‌ ചാനൽ ജനം ടിവി മേധാവി അനിൽ നമ്പ്യാരെ ചൊദ്യം ചെയ്യുകയും ഒരു പക്ഷേ അറസ്റ്റിലായേക്കുമെന്ന സൂചനയും വന്നതോടെയാണ്‌ ഇപ്പോഴത്തെ സ്ഥലംമാറ്റ നീക്കം.അനീഷ്‌ പി രാജന്‌ പിന്നാലെ പ്രധാന ഉദ്യോഗസ്ഥരും സ്ഥലംമാറ്റ ഭീഷണിയിലായതോടെ അന്വേഷണസംഘം അങ്ങേയറ്റം നിരാശയിലാണെന്ന് ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു. അറസ്റ്റിലായ പ്രതികൾ കസ്റ്റംസ് നിയമത്തിലെ 108–-ാം വകുപ്പുപ്രകാരം നൽകിയ മൊഴിയിൽ പരാമർശിക്കുന്ന എല്ലാവരെയും ചോദ്യം ചെയ്യുകയോ അറസ്റ്റു ചെയ്യുകയോ ചെയ്തിട്ടുണ്ട്.

ഗൂഢാലോചനയിൽ അനിൽ നമ്പ്യാരുടെ പങ്ക് സ്വപ്നയുടെ മൊഴിയിൽ വ്യക്തമായിരുന്നു. എന്നിട്ടും ചൊദ്യം ചെയ്യാൻ വിളിപ്പിക്കാതിരിക്കാൻ കടുത്ത സമ്മർദമുണ്ടായി. എങ്കിലും സുമിത് കുമാർ വഴങ്ങാത്തതിനാലാണ്‌ വൈകിയെങ്കിലും ചോദ്യം ചെയ്‌തത്‌.

സ്വര്‍ണക്കള്ളക്കടത്ത് കേസ്: രാമനിലയത്തിൽ കേന്ദ്രമന്ത്രിയുടെ ദുരൂഹ ചർച്ച

തൃശൂർ> സ്വർണക്കള്ളക്കടത്ത് കേസ്  വഴിത്തിരിവിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രാമനിലയത്തിൽ തങ്ങി ചർച്ച നടത്തിയതായി സൂചന. വ്യാഴാഴ്ച പകൽ 3.30നും  ശനിയാഴ്ച പകൽ രണ്ടിനുമാണ് കേന്ദ്രമന്ത്രി മുരളീധരൻ രാമനിലയത്തിലെത്തി കേന്ദ്ര ഉദ്യോഗസ്ഥരെയടക്കം ചിലരെ വിളിച്ചുവരുത്തി സംസാരിച്ചതായി പറയുന്നത്‌. അടച്ചിട്ട മുറിയിലായിരുന്നു ചർച്ച.തിരുവനന്തപുരത്തുനിന്നുള്ള പാസ്പോർട്ട് വിഭാഗം ഉദ്യോഗസ്ഥർ ഉൾപ്പെടെ ചിലരുമായാണ് സംസാരിച്ചത്‌. തിരുവനന്തപുരവും കൊച്ചിയും ഒഴിവാക്കി  തൃശൂർ രാമനിലയത്തിലേക്ക് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി സംസാരിച്ചതിൽ‌ ദുരൂഹതയുണ്ട്‌.  കഴിഞ്ഞദിവസം ജനം ടിവി കോ–- ഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെ അന്വേഷണം ചില ബിജെപി നേതാക്കളിലേക്കും നീങ്ങുന്നതായാണ് പുറത്തുവരുന്ന വിവരം.

ഇതിനിടെയാണ് മറ്റു പരിപാടികളൊന്നും കാര്യമായി ഇല്ലാതിരിക്കെ കേന്ദ്രമന്ത്രി രണ്ടുദിവസം തൃശൂർ രാമനിലയത്തിൽ എത്തി ചിലരുമായി ചർച്ച നടത്തിയത്. ഗവൺമെന്റ് ഓഫ് ഇന്ത്യ ബോർഡുള്ള  വാഹനങ്ങളിൽ വന്നവരുമായാണ് കേന്ദ്രമന്ത്രി ചർച്ച നടത്തിയത്. ചർച്ചകൾക്കുശേഷം, മന്ത്രിയുൾപ്പെടെയുള്ളവർ വിവിധ വാഹനങ്ങളിൽ കയറി സ്ഥലംവിട്ടു.

courtesy: deshabhimani

No comments:

Post a Comment