Monday, August 10, 2020

"മാധ്യമങ്ങളോടുള്ള കോൺഗ്രസിൻ്റെ ജനാധിപത്യ സമീപനത്തെക്കുറിച്ച്‌ പറയുമ്പോൾ ചരിത്രം നിങ്ങളെ പരിഹസിയ്ക്കുകയാണ്‌': എം സ്വരാജ്‌

 'ഏകാധിപത്യം' പോലെയുള്ള വലിയ വാക്കുകൾ എടുത്തുപയോഗിയ്ക്കുകയും മാധ്യമങ്ങളോടുള്ള കോൺഗ്രസിൻ്റെ ജനാധിപത്യ സമീപനത്തെക്കുറിച്ച് ഉദ്ഘോഷിയ്ക്കുകയും നെഹ്രുവിൻ്റെയും ഇന്ദിരയുടെയും ഉദാരത വാഴ്ത്തുകയും ചെയ്യുമ്പോൾ ചരിത്രമതിനെയൊക്കെ കരുണയില്ലാതെ പരിഹസിയ്ക്കുമെന്ന് മറക്കരുത്. എം സ്വരാജ്‌ എംഎൽഎയുടെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌:

മാധ്യമങ്ങളോടുള്ള ജനാധിപത്യ സമീപനത്തെക്കുറിച്ച്..

ബഹുമാന്യനായ തൃക്കാക്കരയിലെ നിയമസഭാംഗം ശ്രീ . പി.ടി തോമസിൻ്റെ ഒരു കുറിപ്പു കണ്ടു. വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരോട് കഴിഞ്ഞ രണ്ടു ദിവസം മുഖ്യമന്ത്രി സംസാരിച്ചത് ഏകാധിപതിയെ പോലെയാണെന്നാണ് അദ്ദേഹത്തിൻ്റെ വിമർശനം . മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലെ പ്രതികരണങ്ങളെക്കുറിച്ച് ബഹു .എം എൽ എ യ്ക്ക് വിയോജിപ്പും വിമർശനവും ഉണ്ടാവാം . അത് പ്രകടിപ്പിയ്ക്കാൻ എല്ലാ സ്വാതന്ത്ര്യവും അദ്ദേഹത്തിനുണ്ട്.

പക്ഷേ ആ കുറിപ്പിൽ മാധ്യമങ്ങളോടുള്ള മഹനീയ നിലപാടിൻ്റെ മാതൃകകളായി അവതരിപ്പിയ്ക്കുന്നത് ബഹു.പ്രധാനമന്ത്രിമാരായിരുന്ന പണ്ഡിറ്റ് നെഹ്രുവിനെയും , ശ്രീമതി ഇന്ദിരാഗാന്ധിയെയുമാണ്. ഒപ്പം കോൺഗ്രസിൻ്റെ മാധ്യമങ്ങളോടുള്ള ഉദാരസമീപനത്തെക്കുറിച്ചും . അതിത്തിരി കടന്ന സാഹസമായിപ്പോയെന്ന് പറയാതിരിയ്ക്കാനാവില്ല .

'ഏകാധിപത്യം' പോലെയുള്ള വലിയ വാക്കുകൾ എടുത്തുപയോഗിയ്ക്കുകയും മാധ്യമങ്ങളോടുള്ള കോൺഗ്രസിൻ്റെ ജനാധിപത്യ സമീപനത്തെക്കുറിച്ച് ഉദ്ഘോഷിയ്ക്കുകയും നെഹ്രുവിൻ്റെയും ഇന്ദിരയുടെയും ഉദാരത വാഴ്ത്തുകയും ചെയ്യുമ്പോൾ ചരിത്രമതിനെയൊക്കെ കരുണയില്ലാതെ പരിഹസിയ്ക്കുമെന്ന് മറക്കരുത്.

കാർട്ടൂണിസ്റ്റ് ശങ്കറിനോട് തന്നെ ഒഴിവാക്കരുതെന്ന് പറഞ്ഞ പ്രഥമ പ്രധാനമന്ത്രിയുടെ ഹൃദയ വിശാലതയെ ആവോളം പുകഴ്ത്തിയ ശേഷമെങ്കിലും രമേഷ് ഥാപറിൻ്റെ 'ക്രോസ് റോഡി' നെന്താണു സംഭവിച്ചതെന്ന് ഓർക്കണം .

ആ കേസിലെ കോടതി വിധിയും പരിശോധിയ്ക്കണം. ഇന്ത്യൻ ഭരണഘടനയുടെ ആദ്യ ഭേദഗതി വന്നത് ഈ വളഞ്ഞ വഴിയിലൂടെയായിരുന്നുവെന്നും മറക്കരുത്. വാചക പ്രയോഗങ്ങളിലെ ഉദാരതയ്ക്കപ്പുറം നേരിട്ടുയരുന്ന വിമർശനങ്ങളുടെ മുന്നിൽ ജനാധിപത്യത്തിൻ്റെ പുറംപൂച്ചു തകർന്നു വീണ നൂറുനൂറ് ചരിത്രാനുഭവങ്ങൾ നമുക്ക് മുന്നിലുണ്ട്.

മാധ്യമ സ്വാതന്ത്ര്യത്തെയും ജനാധിപത്യാവകാശങ്ങളെയും കുറിച്ചുള്ള കുറിപ്പിൽ ശ്രീമതി ഇന്ദിരാഗാന്ധിയെക്കുറിച്ചും അപദാനങ്ങൾ പറയാൻ ബഹു.എംഎൽഎ മടിയ്ക്കുന്നില്ല !. മാധ്യമ സ്വാതന്ത്ര്യത്തിൻ്റെ വേരറുത്തു കൊണ്ട് പ്രസ് കൗൺസിൽ ആക്ടും , പാർലമെണ്ടറി നടപടിക്രമ (പ്രസിദ്ധീകരണം ) നിയമവും അസാധുവാക്കിയത് ആരായിരുന്നുവെന്നും എന്തിനായിരുന്നുവെന്നും ഇത്രവേഗം മറക്കാമോ ?

അനിഷ്ടം തോന്നിയ 258 മാധ്യമ പ്രവർത്തകരെ ജയിലിലടച്ചും 43 റിപ്പോർട്ടർമാരുടേയും 6 പത്ര ഫോട്ടോഗ്രാഫർമാരുടേയും അക്രഡിറ്റേഷൻ റദ്ദാക്കിയും പത്രങ്ങൾക്ക് ശവക്കുഴി തീർത്ത ആ കാലത്തെ ഇന്ത്യയ്ക്കു മറക്കാനാവുമോ ?

രണ്ടു കാർട്ടൂണിസ്റ്റുകളുടെ അക്രഡിറ്റേഷനും അക്കാലത്ത് റദ്ദാക്കപ്പെട്ടത് കാർട്ടൂണുകൾ ആസ്വദിച്ചതിൻ്റെ ആഹ്ലാദം കൊണ്ടാവുമോ ?.

7 വിദേശ പത്രപ്രതിനിധികളെ ഇന്ത്യയിൽ നിന്ന് പുറത്താക്കിയതും മുപ്പതോളം പത്രങ്ങളെ നിരോധിത ലിസ്റ്റിൽപെടുത്തി വേട്ടയാടിയതും മാധ്യമങ്ങളോടുള്ള ഉദാരസമീപനത്തിൻ്റെ ജനാധിപത്യ പ്രതികരണമായിരുന്നുവോ?

ഇന്ത്യ കണ്ട എക്കാലത്തെയും വലിയ ഈ മാധ്യമവേട്ടയ്ക്ക് നേതൃത്വം കൊടുത്തത് പിണറായി അല്ലെന്നും അന്നദ്ദേഹവും ജയിലഴികൾക്കകത്തായിരുന്നെന്നും കോൺഗ്രസിൻ്റെ ജനാധിപത്യ വിശാലതയെക്കുറിച്ച് അഭിമാനിയ്ക്കുമ്പോൾ മറന്നു പോവരുത് .

അഹിതമായ വാർത്തകൾക്കു മുന്നിൽ , അനിഷ്ടം തോന്നിയ സന്ദർഭങ്ങളിൽ അധികാരമുപയോഗിച്ച് മാധ്യമങ്ങളെയും മാധ്യമ പ്രവർത്തകരെയും വേട്ടയാടിയ കോൺഗ്രസ്, കള്ളക്കേസും തടവറയും ഭീഷണിയുമായി മാധ്യമങ്ങളെ മെരുക്കിയെടുത്ത കാലത്തിൻ്റെ നടുക്കുന്ന ഓർമകൾ അത്ര വേഗം മാഞ്ഞു പോവുമോ ?.

ഇപ്പോഴും കേരളത്തിലും തങ്ങൾക്ക് അഹിതമായ വാർത്തകളുടെയും ചോദ്യങ്ങളുടെയും മുന്നിൽ കോൺഗ്രസ് നേതാക്കൻമാരുടെ പ്രതികരണങ്ങൾ എങ്ങിനെയൊക്കെയായിരുന്നുവെന്ന് സമീപകാല ഉദാഹരണങ്ങളുണ്ട്.

മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് പരാമർശിയ്ക്കവെ ഉത്തര കൊറിയ ഏറ്റവും പുറകിലാണെന്ന് ചൂണ്ടിക്കാണിയ്ക്കുന്നുണ്ട്. പക്ഷേ ആ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനമെവിടെയാണെന്ന് അദ്ദേഹത്തിന് പ്രശ്നമല്ല.

2020ലെ വേൾഡ് പ്രസ് ഫ്രീഡം റാങ്കിങ്ങിൽ 180 രാജ്യങ്ങളുടെ പട്ടികയിൽ 142 ആം സ്ഥാനത്താണ് ഇന്ത്യ. ഓരോ വർഷവും ഏറ്റവും കൂടുതൽ മാധ്യമ പ്രവർത്തകർ കൊല്ലപ്പെടുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. അതിനെക്കുറിച്ചൊന്നും നാളിതുവരെ കോൺഗ്രസ് ഉൽക്കണ്ഠപ്പെട്ടതായി കേട്ടിട്ടില്ല.

മാധ്യമങ്ങളെ അഭിമുഖീകരിയ്ക്കാത്ത പ്രധാനമന്ത്രിയുടെ സമീപനത്തെയും വിമർശിച്ചു കാണുന്നില്ല. വർത്തമാനകാല ഇന്ത്യൻ മാധ്യമപ്രവർത്തനം അഭിമുഖീകരിയ്ക്കുന്ന സങ്കീർണാവസ്ഥയെക്കുറിച്ച് യാതൊരു വിധ ആകുലതയും കോൺഗ്രസിൽ കണ്ടിട്ടില്ല

എല്ലാ ദിവസവും മാധ്യമ പ്രവർത്തകരെ അഭിമുഖീകരിയ്ക്കുന്ന മുഖ്യമന്ത്രി വിവിധോദ്ദേശ ചോദ്യങ്ങൾക്ക് ഇത്തിരി ശക്തമായൊരു മറുപടി പറയുമ്പോഴേയ്ക്ക് ഇന്ത്യൻ മാധ്യമ സ്വാതന്ത്ര്യത്തെ തകർത്തു കളയുന്ന 'കമ്യൂണിസ്റ്റ് ഭീകരതയായി ' കണ്ട് വിമർശിയ്ക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും അംഗീകരിയ്ക്കുന്നു. വിശകലനങ്ങളും ചർച്ചകളും വിമർശനങ്ങളുമൊക്കെ ഉയർന്നു വരട്ടെ, സ്വാഗതം.

പക്ഷേ ഇതിനിടയിൽ ചരിത്ര വസ്തുതകളെ കുഴി വെട്ടി മൂടരുത്. കണ്മുന്നിലുള്ള യഥാർത്ഥ ഭീഷണികൾക്കുനേരെ കണ്ണടയ്ക്കുകയുമരുത്.

എം. സ്വരാജ്

No comments:

Post a Comment