Wednesday, August 19, 2020

ഒരുവർഷം മുൻപേ മുഖ്യമന്ത്രി പറഞ്ഞത് ഞെട്ടിക്കുന്ന കണ്ടെത്തലാക്കി മനോരമ; പുതിയ നുണവാർത്തയും പൊളിയുന്നു

 കൊച്ചി >  യുഎഇ റെഡ്ക്രസന്റ് അതോറിറ്റിയുമായി ചേർന്നുള്ള ഭവനപദ്ധതിയുടെ പേരിൽ സംസ്ഥാന സർക്കാരിനെതിരെ പുതിയ വ്യാജവാർത്തയുമായി മലയാള മനോരമ. റെഡ്‌ക്രസന്റുമായി കരാർ ഉണ്ടാക്കിയതിൽ സർക്കാരിന് പങ്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തിനെതിരെ പദ്ധതിയുടെ ധാരണാപത്രം-എന്നാണ് മനോരമ ഒന്നാം പേജിൽ പ്രധാന വാർത്തയായി നൽകിയത്. എന്നാൽ റെഡ്ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടതായി മുഖ്യമന്ത്രി തന്നെ നേരത്തേ വെളിപ്പെടുത്തിയിട്ടുണ്ടെന്നതാണ് വാസ്‌തവം. നേരത്തേ പുറത്തുവന്ന ധാരണാപത്രമാണ് മനോരമ എക്‌‌‌സ്‌‌‌‌ക്ലൂസീവ് വാർത്തയാക്കി നൽകിയത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ 2019 ജൂലൈ 11ന് ഈ ധാരണാപത്രത്തെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്.

2020 ആഗസ്‌ത് 10ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലും ഇത് സംബന്ധിച്ച ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയിരുന്നു.

'ഭവനരഹിതർക്ക് വീട് നിർമിച്ച് നൽകുന്നതിന് 7ദശലക്ഷം യുഎഇ ദിർഹവും ഹെൽത്ത് സെന്ററിനായി 3ദശലക്ഷം യുഎഇ ദിർഹവും സഹായമായി നൽകുന്നതിനുള്ള ഫ്രെയിംവർക്കാണ് എംഒയുവിൽ പ്രതിപാദിച്ചിട്ടുള്ളത്. ഓരോ പദ്ധതിയും എങ്ങനെ നടപ്പാക്കണം എന്നത് സംബന്ധിച്ച് പ്രത്യേക കരാറുകൾ വെക്കണമെന്നും എംഒയുവിൽ ഉൾപ്പെടുന്നുണ്ട്. റെഡ്ക്രസന്റ് പണമായി സംസ്ഥാന സർക്കാരിന് സഹായം നൽകുന്നില്ലെന്നും അവർ നിർമിക്കാനുദ്ദേശിക്കുന്ന കെട്ടിടം സർക്കാരിന് കൈമാറുകയാണ് ചെയ്യുന്നതെന്നും റെഡ്ക്രസന്റ് ജനറൽ സെക്രട്ടറിയും അറിയിച്ചതാണ്. ഏജൻസിയെ കണ്ടുപിടിച്ചതും കരാർ നൽകിയതും അവരുമായി പണമിടപാട് നടത്തിയതുമെല്ലാം റെഡ്ക്രസന്റ് നേരിട്ടാണ്. 500 ചതുരശ്ര അടി വിസ്‌തീർണമുള്ള 140 വീടുകളാണ് വടക്കാഞ്ചേരിയിലെ ഈ സമുച്ചയത്തിൽ നിർമിക്കപ്പെടുന്നത്. ഈ വർഷം ഡിസംബർ മാസത്തോടെ സമുച്ചയും പൂർത്തിയാക്കും.

-ഇതാണ് മുഖ്യമന്ത്രി നൽകിയ മറുപടി. മനോരമ വാർത്തയുടെ ഒന്നാമത്തെ വരി തന്നെ തനിവ്യാജമാണെന്ന് തെളിയിക്കുന്നതാണ് ഈ വാർത്താസമ്മേളനം.

കൂടാതെ ഒരാഴ്‌ച്ച മുൻപ് നടന്ന കൈരളി ന്യൂസിന്റെ ചർച്ചയിലും ഒന്നര മണിക്കൂറോളം ഈ ധാരണാപത്രത്തെക്കുറിച്ചാണ് സംവാദം നടന്നത്. എന്നിട്ടും മുഖ്യമന്ത്രി പറയാത്ത കാര്യം പ്രധാനവാർത്തയാക്കുകയും പൊതുമധ്യത്തിൽ എത്തിയ ധാരണാപത്രം ഞെട്ടിക്കുന്ന കണ്ടെത്തലാക്കുകയുമാണ് മനോരമ ചെയ്‌തത്. ഭവനരഹിതരായ അനേകം മനുഷ്യർക്ക് അഭയമായ ലൈഫ് പദ്ധതിയെ തകർക്കുംവിധമാണ് വസ്‌തുതകളെ വളച്ചൊടിച്ചുള്ള മനോരമ വാർത്ത.

No comments:

Post a Comment