Sunday, October 11, 2020

വീണ്ടും കേരളം: ആദ്യ സമ്പൂർണ ഡിജിറ്റൽ പൊതുവിദ്യാഭ്യാസ സംസ്ഥാനം; പ്രഖ്യാപനം നാളെ

 ലോക പൊതുവിദ്യാഭ്യാസ ചരിത്രത്തിൽ ഇടംനേടി കേരളം വീണ്ടും ഒന്നാമത്‌. ഒന്നുമുതൽ 12 വരെ ക്ലാസുള്ള മുഴുവൻ സ്‌കൂളും ഡിജിറ്റലൈസ്‌ ചെയ്‌തതിലൂടെ രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ പൊതുവിദ്യാഭ്യാസ സംസ്ഥാനമായി കേരളം. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായ ഹൈടെക്‌ ക്ലാസ്‌ മുറി പദ്ധതി, പ്രൈമറി സ്‌കൂളുകളിൽ നടപ്പാക്കിയ ഹൈടെക്‌ ലാബ്‌ പദ്ധതി എന്നിവയുടെ പൂർത്തീകരണ പ്രഖ്യാപനം തിങ്കളാഴ്‌ച പകൽ 11ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇതോടെ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ പൂർണമായും ഡിജിറ്റലായി മാറുമെന്ന്‌ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഹൈടെക്‌ ക്ലാസ്‌ മുറി പദ്ധതിയിൽ 4752 സർക്കാർ–- എയ്‌ഡഡ്‌ സ്‌കൂളിൽ എട്ടുമുതൽ 12 വരെയുള്ള 45,000 ക്ലാസ്‌ മുറി ഹൈടെക്‌ ആക്കി. ഇതിനായി പ്രൊജക്ടറുകൾ, ലാപ്‌ടോപ്‌, സ്‌പീക്കർ, മൗണ്ടിങ്‌ കിറ്റുകൾ, ടെലിവിഷൻ, ഡിഎസ്‌എൽആർ ക്യാമറ, ഫുൾ എച്ച്ഡി വെബ് ക്യാം എന്നിവ കൂടാതെ മുഴുവൻ സ്‌കൂളിലും അതിവേഗ ബ്രോഡ‌്ബാൻഡും ലഭ്യമാക്കി. കരിക്കുലം അധിഷ്ഠിത ഡിജിറ്റൽ വിഭവങ്ങളുമായി ‘സമഗ്ര’ വിഭവ പോർട്ടൽ പൊതുവിദ്യാഭ്യാസവകുപ്പ്‌ തയ്യാറാക്കി. 1,83,440 അധ്യാപകർക്കാണ്  ഐസിടി ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ വിദഗ്ധപരിശീലനം നൽകിയത്. 

പ്രൈമറി വിദ്യാലയങ്ങൾ (എൽപി, യുപി) ഡിജിറ്റലാക്കുന്നതിന്‌ സ്‌കൂൾതലത്തിൽ മുഴുവൻ സൗകര്യങ്ങളുമുള്ള ഹൈടെക്‌ ലാബുകൾ‌ സ്ഥാപിച്ചു‌. ഒന്നുമുതൽ ഏഴുവരെ ക്ലാസുള്ള 11,275 സ്‌കൂളിലും പദ്ധതി നടപ്പാക്കി. രണ്ട്‌ ലക്ഷം കംപ്യൂട്ടറിൽ സ്വതന്ത്ര സോഫ്‍റ്റ്‍‌വയർ വിന്യസിച്ചു. പൊതുവിദ്യാഭ്യാസ മേഖലയിലെ 41.01 ലക്ഷം കുട്ടികൾക്ക്‌ ഡിജിറ്റൽ പഠന സൗകര്യങ്ങൾ ഉറപ്പാക്കാൻ  3,74,274 ഉപകരണം വിന്യസിച്ചു. 12,678 സ്കൂളിന്‌ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തി. കൈറ്റിന്റെ സാങ്കേതിക സഹായത്തോടെയാണ്‌ പൊതുവിദ്യാഭ്യാസവകുപ്പ്‌ പദ്ധതി യാഥാർഥ്യമാക്കിയത്‌. പദ്ധതിക്ക്‌ അടിസ്ഥാന സൗകര്യമൊരുക്കാൻമാത്രം 730 കോടി രൂപയും ചെലവിട്ടു. ഇതിൽ 595 കോടി രൂപയും കിഫ്ബി മുഖേനയായിരുന്നു.

No comments:

Post a Comment