Sunday, October 11, 2020

ആദിവാസികൾക്കായി നിലകൊണ്ടു; ‘രാജ്യദ്രോഹി’യായി

 ജാർഖണ്ഡില്‍ ഫാ. സ്റ്റാൻ സ്വാമി തടവിലാക്കപ്പെട്ടത് ആദിവാസികളെ ചൂഷണം ചെയ്യുന്നതിനെതിരെ ശബ്ദമുയര്‍ത്തി പോരാടിയതിന്റെ പേരില്‍. ഭൂവുടമകളും ഖനിമാഫിയയും ആദിവാസികളെ ക്രൂരമായി ചൂഷണം ചെയ്യുന്നതും ചോദ്യം ചെയ്യുന്നവരെ മാവോയിസ്റ്റായി ചിത്രീകരിച്ച്‌ കേസിൽ കുടുക്കുന്നതും ജാർഖണ്ഡിൽ പതിവ്.

തമിഴ്‌നാട്‌ സ്വദേശിയായ ജസ്യൂട്ട്‌ വൈദികൻ പതിറ്റാണ്ടുകളായി ആദിവാസിമേഖലയിലുണ്ട്. ആദിവാസികള്‍ നേരിടുന്ന മനുഷ്യാവകാശപ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം ​ഗവേഷണം നടത്തി വസ്തുത പുറത്തുകൊണ്ടുവന്നു. മാവോയിസ്റ്റുകളുടെ സഹായികളെന്ന്‌ ആരോപിച്ച്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത 102 പേരിൽ 96 ശതമാനം പേരും നിരപരാധികളാണെന്ന്‌ അദ്ദേഹം സ്ഥാപിച്ചു.

ഇത്തരം കേസുകളിൽ ബഹുഭൂരിപക്ഷം പ്രതികളെയും കോടതി വിട്ടയച്ചു. ആദിവാസിഭൂമി തട്ടിയെടുക്കാൻ സർക്കാർ പിന്തുണയോടെ ഖനിമാഫിയ നടത്തുന്ന ശ്രമങ്ങളും പുറത്തുകൊണ്ടുവന്നു. ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തി അദ്ദേഹം സമൂഹമാധ്യമത്തിൽ നടത്തിയ പ്രതികരണത്തിന്റെ പേരിൽ അന്നത്തെ ബിജെപി സർക്കാർ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. ഗോരക്ഷാ സംഘങ്ങൾ നടത്തുന്ന ആക്രമണങ്ങളുടെ വിഷയത്തിലും അദ്ദേഹം ഇരകൾക്കുവേണ്ടി നിലകൊണ്ടു.

ജീവിതം ആദിവാസികൾക്കുവേണ്ടി ഉഴിഞ്ഞുവച്ച എൺപത്തിമൂന്നുകാരനെ ഈ രീതിയിൽ വേട്ടയാടിയാൽ രാജ്യത്ത്‌ ആദിവാസികൾക്കായി ആര്‌ പ്രവർത്തിക്കുമെന്ന്‌ മുതിർന്ന അഭിഭാഷൻ പ്രശാന്ത്‌ ഭൂഷൺ ചോദിച്ചു. ഫാ. സ്റ്റാനിന്റെ അറസ്റ്റ്‌ മനുഷ്യത്വവിരുദ്ധവും അവിവേകവുമാണെന്ന്‌ പീപ്പിൾസ്‌ യൂണിയൻ ഓഫ്‌ സിവിൽ ലിബർട്ടീസ്‌ പ്രതികരിച്ചു.

ദുരൂഹം; ജയിലറയിൽ ധൈഷണികർ,മനുഷ്യാവകാശ പ്രവർത്തകർ, മാധ്യമപ്രവർത്തകർ

പുണെയിലെ ഭീമ കൊറേഗാവിൽ 2018 ജനുവരി ഒന്നിനു പുലർച്ചെ  ഉണ്ടായ സംഘർഷത്തിന്റെ പേരിൽ‌ എടുത്ത കേസിൽ എൻഐഎ നടത്തിവരുന്ന അറസ്റ്റ്‌ പരമ്പരയിൽ ഒടുവിലത്തേതാണ്‌ മലയാളി  വൈദികൻ സ്റ്റാൻ സ്വാമിയുടേത്‌‌. ധൈഷണികർ, മനുഷ്യാവകാശ പ്രവർത്തകർ, അഭിഭാഷകർ, മാധ്യമപ്രവർത്തകർ, വിദ്യാഭ്യാസ വിദഗ്‌ധർ എന്നിവരടക്കം 16 പേരെയാണ് അറസ്റ്റ്‌ ചെയ്‌തത്‌. 

ഭീമ കൊറേഗാവ്‌ കേസ്‌ മഹാരാഷ്ട്ര പൊലീസാണ്‌ അന്വേഷിച്ചിരുന്നത്‌. ബിജെപി സർക്കാരിന്റെ കാലത്ത്‌ മഹാരാഷ്ട്ര പൊലീസ്‌ രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നായി 10 പേരെ അറസ്റ്റ്‌ ചെയ്‌തു. ഭരണമാറ്റം ഉണ്ടായതോടെ കേന്ദ്രസർക്കാർ ഇടപെട്ട്‌ അന്വേഷണം എൻഐഎ ഏറ്റെടുത്തു. തുടർന്ന്‌ ആറുപേരെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

മേൽജാതിക്കാർക്കെതിരെ ദളിതർ നേടിയ യുദ്ധവിജയത്തിന്റെ ഇരുനൂറാം വാർഷികം ആഘോഷിക്കുന്നതിനിടെയാണ്‌ ഭീമ കൊറേഗാവിൽ സംഘർഷമുണ്ടായത്‌. സമൂഹത്തിൽ സ്‌പർധ സൃഷ്ടിക്കുന്ന വിധത്തിൽ പരിപാടിയിൽ പ്രസംഗിച്ചതിന്റെ പേരിലാണ്‌ ആദ്യം കേസ്‌ രജിസ്റ്റർ ചെയ്‌തത്‌. ‌യുദ്ധവിജയത്തിന്റെ വാർഷികാചരണം സംഘടിപ്പിച്ച എൽഗാർ പരിഷത്തിന്‌ മാവോയിസ്റ്റ്‌ ബന്ധമുണ്ടെന്ന്‌ പിന്നീട്‌ പൊലീസ്‌ ആരോപിച്ചു.

പ്രമുഖ കവി വരവര റാവു, മനുഷ്യാവകാശ പ്രവർത്തകരും ദളിത്‌ ചിന്തകരുമായ ഡോ. ആനന്ദ്‌ തെൽതുംബ്‌ഡെ, സുധീർ ധാവ്‌ളെ, സാമൂഹ്യ പ്രവർത്തകരായ മഹേഷ്‌ റാവത്ത്‌, ഗൗതം നവ്‌ലഖ, വെർണൻ ഗൊൺസാലസ്‌, റോണ വിൽസൺ, അഭിഭാഷകരായ സുരേന്ദ്ര ഗാഡ്‌ലിങ്‌, അരുൺ ഫെരേര, സുധ ഭരദ്വാജ്‌, പ്രൊഫ. ഹനി ബാബു, പ്രൊഫ. ഷോമ സെൻ, കലാകാരന്മാരായ സാഗർ ഗോർഖെ, ജ്യോതി ജഗ്‌തപ്, രമേശ്‌ ഗെയ്‌ചൂർ എന്നിവരാണ്‌ അറസ്റ്റിലായ മറ്റുള്ളവർ.

No comments:

Post a Comment