Sunday, January 17, 2021

സംസ്‌ഥാനത്തിന്‌ ആവശ്യത്തിനനുസരിച്ചു കുപ്പിവെള്ള ഉത്പാദനം വർധിപ്പിക്കും: മുഖ്യമന്ത്രി

സർക്കാർ പ്ലാന്റിൽനിന്നുള്ള ഗുണമേന്മയുള്ള കുപ്പിവെള്ളത്തിന് ആവശ്യക്കാർ കൂടുന്നതിനനുസരിച്ച് ഉത്പാദനവും വിതരണവും വർധിപ്പിക്കാൻ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതുജനങ്ങൾക്കു മിതമായ നിരക്കിൽ കുടിവെള്ളം ലഭ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അരുവിക്കരയിൽ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കിഡ്ക്) സ്ഥാപിച്ച 'ഹില്ലി അക്വാ' കുപ്പിവെള്ള പ്ലാന്റിന്റെ ഉദ്ഘാടനം വിഡിയോ കോൺഫറൻസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കുടിവെള്ളത്തിന്റെ കാര്യത്തിൽ വലിയ ജാഗ്രതയോടെയാണു സർക്കാർ നീങ്ങുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വീടുകളിലും പൈപ്പ് ലൈനിലൂടെ കുടിവെള്ളം എത്തിക്കാൻ ജലജീവൻ മിഷൻ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഒരു ലിറ്റർ കുപ്പിവെള്ളത്തിനു വിപണിയിൽ 20 രൂപയുണ്ടായിരുന്നപ്പോൾ സർക്കാരിന്റെ 'ഹില്ലി അക്വ' കുപ്പിവെള്ളം 13 രൂപയ്ക്കു ലഭ്യമാക്കാനായി. ഇതു വ്യാപകമായി സ്വീകരിക്കപ്പെട്ടു. സ്വകാര്യ കമ്പനികൾക്കും ഇതു പിന്തുടരേണ്ടി വന്നു. തൊടുപുഴയിലെ പ്ലാന്റിൽനിന്നാണു ഹില്ലി അക്വാ ആദ്യം വിപണിയിലെത്തിയത്. ജനങ്ങളോടുള്ള കരുതലിന്റെ ഭാഗമായി ഹില്ലി അക്വായുടെ അരുവിക്കരയിലെ പ്ലാന്റും വേഗത്തിൽ പൂർത്തിയാക്കാനായി.

മൂന്ന് ഉത്പാദന ലൈനുകളാണ് അരുവിക്കര പ്ലാന്റിലുള്ളത്. ഒന്നിൽ 20 ലിറ്ററിന്റേയും മറ്റു രണ്ടെണ്ണത്തിൽ ഒന്ന്, രണ്ട്, അര ലിറ്റർ വീതവുമുള്ള കുപ്പിവെള്ളം നിർമിക്കാൻ കഴിയും. 20 ലിറ്ററിന്റെ 2,720 കുപ്പികൾ പ്രതിദിനം നിറയ്ക്കാനാകുന്ന അത്യാധുനിക പ്ലാന്റാണു സ്ഥാപിച്ചിരിക്കുന്നത്. മറ്റു രണ്ട് ലൈനുകളിൽ മണിക്കൂറിൽ 3,600 ലിറ്റർ വീതം കുപ്പിവെള്ളം നിർമിക്കാൻ കഴിയും. ഒന്നാം ഘട്ടത്തിൽ 20 ലിറ്ററിന്റെ കുപ്പിവെള്ളം 60 രൂപയ്ക്ക് വിതരണം ചെയ്യും. ആവശ്യമുള്ള കുപ്പികൾ പ്ലാന്റിൽത്തന്നെ നിർമിക്കും. വിതരണത്തിനും വിപണനത്തിനുമായി കുടുംബശ്രീ തിരുവനന്തപുരം യൂണിറ്റിനു കീഴിൽ 'സാന്ത്വനം' എന്ന പേരിൽ ആറുപേരടങ്ങുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധിക്കിടയിലും പ്ലാന്റ് പ്രവർത്തനസജ്ജമാക്കിയ കിഡ്കിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

20 ലിറ്ററിന്റെ കുപ്പിവെള്ളം ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന വിലയായ 60 രൂപയേക്കാൾ കുറഞ്ഞ നിരക്കിൽ നൽകുന്നതിന്റെ സാധ്യത പരിശോധിക്കണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി കിഡ്കിനോടു നിർദേശിച്ചു. ഉത്പാദന ചെലവുമായി ബന്ധപ്പെട്ടു വില നിശ്ചയിക്കണം. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് 11.5 ലക്ഷം കുടിവെള്ള കണക്ഷനുകൾ നൽകി. മാർച്ചിനുള്ളിൽ 15 ലക്ഷം കണക്ഷനുകൾകൂടി നൽകാനുള്ള ശ്രമം ജല അതോറിറ്റി നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

അരിവിക്കരയിലെ ഹില്ലി അക്വാ പ്ലാന്റ് വളപ്പിൽ നടന്ന ചടങ്ങിൽ കെ.എസ്. ശബരിനാഥൻ എം.എൽ.എ. ആദ്യ വിൽപ്പന നടത്തി. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ. ഷൈജു ഏറ്റുവാങ്ങി. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി, അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു, ജില്ലാ പഞ്ചായത്ത് മെമ്പർ വെള്ളനാട് ശശി, അരുവിക്കര പഞ്ചായത്ത് മെമ്പർ ഗീതാ ഹരികുമാർ, കെ.ഐ.ഐ.ഡി.സി മാനേജിങ് ഡയറക്ടർ എൻ. പ്രശാന്ത്, ചീഫ് എൻജിനീയർ ടെറൻസ് ആന്റണി, ഫിനാൻസ് മാനേജർ സോമശേഖരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

റീബിൽഡ് കേരള; സംസ്ഥാനത്തിന്റെ ഡിജിറ്റൽ ഭൂപടം റെഡിയാകുന്നു

തിരുവനന്തപുരം > റീബിൽഡ് കേരളയുടെ ഭാഗമായി സംസ്ഥാനത്തിന്റെ  സമഗ്രവിവരങ്ങൾ ഉൾക്കൊള്ളുന്ന ഡിജിറ്റൽ ഭൂപട നിർമാണം–- മാപ്പത്തോൺ പുരോഗമിക്കുന്നു. ഇതുവരെ 3,08,600 കെട്ടിടവും 28,600 കിലോമീറ്ററിലധികം ജലാശയങ്ങളും 56,714 കിലോമീറ്ററിലധികം റോഡ് ശൃംഖലയും രേഖപ്പെടുത്തി.

പ്രകൃതി ദുരന്തങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ, ഓരോ പ്രദേശത്തെയും റോഡും കെട്ടിടങ്ങളും ജലാശയങ്ങളും രേഖപ്പെടുത്തണമെന്ന തീരുമാനമാണ്‌ മാപ്പത്തോൺ പദ്ധതിക്ക് തുടക്കമിട്ടത്. ഐടി മിഷനു കീഴിലുള്ള സ്റ്റേറ്റ് സ്പേഷ്യൽ ഡാറ്റാ ഇൻഫ്രാസ്ട്രക്ച്ചറിന്റെ സഹായത്തോടെ ഹരിതകേരളം മിഷനാണ്‌ ഭൂപടം രേഖപ്പെടുത്തുന്നത്‌. സന്നദ്ധ സംഘടനകളുടെയും മറ്റും സഹായത്തോടെയാണ് വിവരശേഖരണം.

No comments:

Post a Comment