ആലപ്പുഴ > ഫാർമസ്യൂട്ടിക്കൽ വ്യവസായമാണ് കേരളം ഊന്നേണ്ടുന്ന ഒരു മേഖല. ഇന്ത്യയിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെല്ലാം വിറ്റുതുലച്ചുകൊണ്ടിരിക്കുമ്പോൾ കെഎസ്‌ഡിപി കേരളത്തിന്റെ ബദലായി ഉയരുന്നതിൽ നമുക്ക് അഭിമാനിക്കാം– മന്ത്രി ടി എം തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗത്തിൽ കേരളത്തിന്റെ സ്വന്തം മരുന്ന് കമ്പനിയെ പരാമർശിച്ചത് ഇങ്ങനെ.
കെഎസ്‌ഡിപിയുടെ ഉൽപ്പാദനം 2015–-16ൽ 20 കോടി രൂപയായിരുന്നു. അത് 2020–-21ൽ 150 കോടിയായി ഉയരും. നോൺ ബീറ്റാ ലാക്‌ടം ഇഞ്ചക്‌ടബിൾ യൂണിറ്റ് ഈ വർഷം ഉദ്ഘാടനംചെയ്യുന്നതോടെ ഉൽപ്പാദനശേഷി 250 കോടിയായി ഉയരും. നിലവിലുള്ള പദ്ധതി പൂർത്തീകരിക്കുന്നതിന് 15 കോടി രൂപ അനുവദിച്ചു. കിഫ്ബിയിൽനിന്ന് 150 കോടി രൂപയുടെ ധനസഹായത്തോടെ കെഎസ്ഡിപിയുടെ മാനേജ്മെന്റിൽ ക്യാൻസർ മരുന്നുകൾക്കുള്ള ഓങ്കോളജി പാർക്ക് 2021–-22ൽ യാഥാർഥ്യമാകും.
കയറ്റുമതി ഉടൻ
അവയവമാറ്റ ശസ്‌ത്രക്രിയ രോഗികൾക്ക് അനിവാര്യമായതും 250 രൂപ കമ്പോളവിലയുള്ളതുമായ ആറിനം മരുന്നുകൾ ഫെബ്രുവരിയിൽ 40 രൂപയ്‌ക്ക് വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കും. 15 ഫോർമുല മരുന്നുകൾ പുതിയതായി 2021–-22ൽ കമ്പോളത്തിൽ ഇറക്കും.ഡബ്ല്യുഎച്ച്ഒ സർട്ടിഫിക്കേഷനോടെ ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റുമതി ആരംഭിക്കും.
No comments:
Post a Comment