Tuesday, January 26, 2021

സോളാർ പീഡന കേസ് : പകപോക്കല്‍ ശൈലി ഉമ്മന്‍ചാണ്ടിയുടേത്: എ വിജയരാഘവൻ

 സോളാർ വിഷയത്തിൽ പിണറായി സർക്കാർ ഒരിക്കലും രാഷ്ട്രീയമുതലെടുപ്പ് നടത്തിയിട്ടില്ലെന്നും കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയ പകപോക്കലല്ലെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ പറഞ്ഞു.

പരാതിക്കാരിയുടെ അഭിപ്രായം മാനിച്ചാണ്‌ കേസ് സിബിഐക്ക് വിട്ടത്. ഒറ്റപ്പാലത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌  മറുപടി പറയുകയായിരുന്നു  അദ്ദേഹം.

രാഷ്ടീയ പകപോക്കല്‍ ഉമ്മൻചാണ്ടിയുടെ ശൈലിയാണ്. അതിന്‍റെ ഭാ​ഗമായാണ് ലാവ് ലിന്‍ കേസ്  സിബിഐക്ക് വിട്ടത്.  ലാവ്‌ലിൻ കേസിൽ ഗൂഢാലോചന നടത്തിയതും ഉമ്മൻ ചാണ്ടിയാണ്‌–-എ വിജയരാഘവൻ പറഞ്ഞു.

സോളാര്‍ കേസ്‌ സിബിഐക്ക്‌ വിട്ടതിൽ യുഡിഎഫ് നേതൃത്വം വലിയ പരിഭ്രാന്തിയിലാണ്. പ്രത്യേകിച്ച് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക്.  രജിസ്റ്റർ ചെയ്ത കേസുകളാണ്‌ സിബിഐക്ക്‌ വിട്ടത്‌. കേസിൽ ക്രൈംനമ്പർ വ്യക്തമാക്കിയിട്ടുണ്ട്.  പരാതിക്കാരി സിബിഐ അന്വേഷണം വേണമെന്ന്‌ ആവശ്യപ്പെട്ടപ്പോൾ എൽഡിഎഫ് സർക്കാർ അത് അംഗീകരിച്ചു. ഈ കേസില്‍ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നായിരുന്നു നേരത്തേ ഉമ്മൻ ചാണ്ടി ഉൾപ്പടെയുള്ള നേതാക്കൾ പറഞ്ഞത്‌.

സോളാർ കേസ് സിബിഐക്ക് വിട്ടത് സ്വാഭാവിക നടപടി : കാനം രാജേന്ദ്രൻ

സോളാർ പീഡനകേസ് സിബിഐക്ക് വിട്ടത് സർക്കാരിന്റെ സ്വാഭാവിക നടപടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തെരഞ്ഞെടുപ്പിന് ഇനിയും ദിവസങ്ങളുണ്ട്. അതിനിടയിലുള്ള സർക്കാരിന്റെ സ്വാഭാവിക നടപടിയായി ഇതിനെ കണ്ടാൽ മതി. ഇത് വരെ സ്വീകരിച്ച നടപടി പോരാ എന്ന് പരാതിക്കാരി പറഞ്ഞതിനാലാണ്‌ കേസ് സിബിഐയ്ക്ക് വിട്ടതെന്നും കാനം പറഞ്ഞു.

ഉമ്മൻചാണ്ടിയാണ് യുഡിഎഫിനെ തെരഞ്ഞെടുപ്പിൽ നയിക്കുന്നത് എന്ന് കരുതി എൽഡിഎഫ്  എന്തിനാണ് ഭയപ്പെടുന്നതെന്നും കാനം ചോദിച്ചു. 2006ലും 2016ലും ഉമ്മൻചാണ്ടിയെയാണ് തോൽപ്പിച്ചത്. തെരഞ്ഞെടുപ്പ് സീറ്റ് ചർച്ച എൽഡിഎഫ് ആരംഭിച്ചിട്ടില്ലെന്നും പാർട്ടി സ്ഥാനാർഥികളെക്കുറിച്ചും ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.  സിപിഐക്ക് സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിന് ചില നടപടി ക്രമങ്ങളുണ്ട്. പാർട്ടി സ്ഥാനാർഥികളെക്കുറിച്ച്  സംസ്ഥാന കൗൺസിൽ ചർച്ച ചെയ്ത് മാനദണ്ഡം തീരുമാനിക്കും. അതിന്റെ അടിസ്ഥാനത്തിൽ ജില്ലാകൗൺസിലുകൾ  പേര് നിർദേശിക്കും. എന്നിട്ടാകും സ്ഥാനാർഥികളെ നിശ്ചയിക്കുക. ബുധനാഴ്ച എൽഡിഎഫ് യോഗം ചേരും . ഇവിടെ ചർച്ചകൾക്കു ശേഷം ഉഭയ കക്ഷി ചർച്ചകളിലൂടെയാണ് സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കുക.

തെരഞ്ഞെടുപ്പിൽ സർക്കാരിന്റെ വികസന ജനക്ഷേമ പദ്ധതികളാണ്  സ്വാഭാവികമായി ചർച്ചയാവുക. ഇടതുപക്ഷജനാധിപത്യമുന്നണിയുടെ പ്രകടന പത്രികയെക്കുറിച്ച് ചർച്ച ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment