Saturday, January 30, 2021

ഗാന്ധിജി: രക്തസാക്ഷിത്വത്തിന്റെ അര്‍ഥം - സുനിൽ പി ഇളയിടം എഴുതുന്നു

1948 ജനുവരി 30ന് വൈകിട്ട്‌ അഞ്ചിനുള്ള പ്രാർഥനായോഗത്തിലേക്ക് ഗാന്ധിജി കുറച്ചു വൈകിയാണ് പുറപ്പെട്ടത്. പട്ടേലുമായുള്ള അദ്ദേഹത്തിന്റെ സംഭാഷണം അഞ്ചു കഴിഞ്ഞ് പത്തുമിനിറ്റോളം നീണ്ടു. തിടുക്കപ്പെട്ട് പുറത്തേക്കിറങ്ങിയപ്പോൾ കത്തിയവാറിൽ നിന്നുള്ള രണ്ട് തൊഴിലാളികൾ ഗാന്ധിജിയെ കാണാൻ സമയം ചോദിച്ച് നിൽക്കുന്നുണ്ടെന്ന് സഹായികളിലൊരാൾ പറഞ്ഞു. അവരോട് പ്രാർഥനയ്ക്കുശേഷം വരാൻ പറയാൻ ഗാന്ധിജി നിർദേശിച്ചു. ""ജീവിച്ചിരിക്കുന്നുവെങ്കിൽ ഞാനവരെ അപ്പോൾ കാണാം''. പ്രാർഥനായോഗത്തിലേക്ക് നടന്നുതുടങ്ങുംമുമ്പ് ഗാന്ധിജി പറഞ്ഞു.

പ്രാർഥനാവേദിയിലേക്കുള്ള വഴിയിൽ ഗാന്ധി മിക്കവാറും നിശ്ശബ്ദനായിരുന്നു. അദ്ദേഹം ""വൈകുന്നത് ഞാൻ വെറുക്കുന്നു'' എന്നു മനുവിനോടും ആഭയോടുംപറഞ്ഞ് അദ്ദേഹം മൗനത്തിലാഴ്ന്നു. അൽപ്പം ചുവടുകൾക്കപ്പുറം ഗോഡ്സെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. മനുവിനെ തള്ളിമാറ്റി അയാൾ ഗാന്ധിജിയെ വണങ്ങാൻ എന്ന വ്യാജേന കുനിഞ്ഞുനിവർന്നു. ഹൈന്ദവ വർഗീയതയുടെ കൈത്തോക്കിൽനിന്ന് പുറപ്പെട്ട മൂന്ന് വെടിയുണ്ട ഗാന്ധിജിയുടെ മാറുപിളർന്നു. മതരാഷ്ട്രവാദത്തിനെതിരായ എക്കാലത്തെയും വലുതും മഹനീയവുമായ ആ സമരമുഖം നിശ്ചലമായി.

1947 ഫെബ്രുവരി 21ന് ചേർന്ന പ്രാർഥനായോഗത്തിലാണ് മതവും രാഷ്ട്രവും തമ്മിലുള്ള ബന്ധം എന്തായിരിക്കണം എന്നതിനെക്കുറിച്ചുള്ള തന്റെ ഖണ്ഡിതമായ വീക്ഷണം ഗാന്ധിജി അവതരിപ്പിച്ചത്. "ഒരു രാജ്യത്തിലെ മുഴുവൻ ആളുകളും ഒരു മതത്തിൽ വിശ്വസിക്കുന്നവരായാൽപോലും രാഷ്ട്രമതം (സ്‌റ്റേറ്റ്‌ റിലിജ്യൻ) ആവശ്യമില്ലെ'ന്ന് അദ്ദേഹമന്ന് പറഞ്ഞു. സ്വതന്ത്ര ഇന്ത്യ ഒരു ഹിന്ദുരാജ്യമായിരിക്കില്ല. ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ ഭൂരിപക്ഷത്തെ അടിസ്ഥാനമായി സ്വീകരിക്കാത്ത ഇന്ത്യൻരാജ് ആയിരിക്കും അതെന്നും ഗാന്ധിജി അതിനുമേറെ മുമ്പേ (09.08.1942) പ്രസ്താവിച്ചിരുന്നു. മതം തീർത്തും വ്യക്തിപരമായ കാര്യമാണ്.

മതത്തെ വ്യക്തിപരമായ തലത്തിൽ ഒതുക്കിനിർത്താൻ കഴിഞ്ഞാൽ നമ്മുടെ രാഷ്ട്രജീവിതത്തിൽ എല്ലാം ഭദ്രമായിരിക്കുമെന്ന് ഒന്നാം സ്വാതന്ത്ര്യദിനത്തിന് ഒരാഴ്ച കഴിഞ്ഞ് (1947 ആഗസ്ത്‌ 22) കൽക്കത്തയിലെ ദേശബന്ധു പാർക്കിൽ ചേർന്ന പ്രാർഥനായോഗത്തിൽ ഗാന്ധിജി പ്രസ്താവിക്കുന്നുണ്ട്. രാഷ്ട്രജീവിതത്തിൽ മതത്തിന് ഒരു ഇടവുമില്ലാത്ത ഒരു മതനിരപേക്ഷ ഭരണകൂടം സൃഷ്ടിക്കുന്ന ഉത്തരവാദിത്തം ഭരണാധികാരികൾ ഏറ്റെടുത്താൽ ലോകത്തിനുതന്നെ ശോഭയായിത്തീരുന്ന ഒരു പുതിയ ഇന്ത്യ സൃഷ്ടിക്കാൻ കഴിയുമെന്നും അദ്ദേഹം തുടർന്നുപറഞ്ഞു.

സ്വാതന്ത്ര്യപ്രാപ്തിയും വിഭജനവും ആസന്നമായതോടെ രാഷ്ട്ര ജീവിതത്തിൽ മതത്തിന് നിർവഹിക്കാനുണ്ടെന്ന് കരുതിയ തന്റെ ആദർശാത്മക ബോധ്യങ്ങളെ ഗാന്ധിജി  കൈയൊഴിയുന്നത് കാണാം. മതം തീർത്തും വ്യക്തിപരമായ കാര്യമാണെന്നും അതിന് രാഷ്ട്രജീവിതത്തിലോ ഭരണനിർവഹണത്തിലോ ഒരു പങ്കും ഉണ്ടാകരുതെന്നും ഇക്കാലത്ത് ഗാന്ധിജി നിരന്തരം പറഞ്ഞു. മൂന്ന് പതിറ്റാണ്ട് മുമ്പ്‌ ഗാന്ധിജി കൈക്കൊണ്ട നിലപാടിന് വിപരീതമായ ഒന്നാണിത്. മതം രാഷ്ട്രീയത്തിൽനിന്ന് വേർപിരിയരുത് എന്നായിരുന്നു 1910–-30 കാലയളവിൽ ഗാന്ധിജി ആവർത്തിച്ചുകൊണ്ടിരുന്നത്. മതത്തിൽനിന്ന് വേർപിരിഞ്ഞ രാഷ്ട്രീയം തരംതാണതായിരിക്കും എന്നദ്ദേഹം അക്കാലത്ത് ഉറച്ച് വിശ്വസിച്ചിരുന്നു. ആധുനിക നാഗരികതയും സംസ്കാരവും അത്തരം തരംതാണ രാഷ്ട്രീയമാണ്. അത് സംസ്കരിക്കാൻമാത്രം യോഗ്യമായ മൃതദേഹത്തെപ്പോലെയാണെന്നുവരെ ഗാന്ധിജി എഴുതിയിട്ടുണ്ട് (21.06.1919). താൻ മതത്തെ രാഷ്ട്രീയത്തിലേക്ക് ആനയിക്കുകതന്നെ ചെയ്യുമെന്നായിരുന്നു ഗാന്ധിയുടെ അപ്പോഴത്തെ നിലപാട്. മനുഷ്യജീവിതത്തിലെ ഏതെങ്കിലും ഒരു ഘടകം മതമുക്തമായിരിക്കരുതെന്ന് അദ്ദേഹം വാദിക്കുന്നുണ്ട്. ഇവിടെനിന്ന് വർഗീയവാദികൾക്കും മതരാഷ്ട്രവാദികൾക്കും പ്രിയങ്കരമാകാവുന്ന വിധത്തിൽ, ഒരാളുടെ യഥാർഥ രാജ്യതാൽപ്പര്യവും അവരുടെ മതതാൽപ്പര്യവും തമ്മിൽ ഒരു വൈരുധ്യവുമില്ലെന്നുവരെ ഇക്കാലത്ത് ഗാന്ധിജി അഭിപ്രായപ്പെടുന്നത് കാണാം (09.01.1930).

രണ്ടു പതിറ്റാണ്ടുകാലത്തെ സജീവ രാഷ്ട്രീയജീവിതം ഗാന്ധിജിയുടെ ആദ്യകാല ബോധ്യങ്ങളെ പുതുക്കിപ്പണിതു. ഇവിടെ ഗാന്ധിജി മതമായി പരിഗണിക്കുന്നത് സ്ഥാപനപരവും ആചാരബദ്ധവുമായ പാരമ്പര്യ മതത്തെയല്ല എന്ന കാര്യം നാം ശ്രദ്ധിക്കണം. അദ്ദേഹത്തിന് മതം ഒരു ധാർമിക പ്രേരണയായിരുന്നു. സഹിഷ്ണുതയുടെയും സാഹോദര്യഭാവനയുടെയും അടിത്തറയായ നൈതികശക്തിയായാണ് മതത്തെ കണ്ടത്. 1940 ഫെബ്രുവരി 10ന് ഹരിജനിൽ എഴുതിയ ലേഖനത്തിൽ മതബോധം എന്നത് പ്രപഞ്ചത്തിന്റെ ക്രമീകൃതമായ ധാർമികഭരണത്തിലുള്ള വിശ്വാസമാണെന്ന് അദ്ദേഹം വിശദീകരിച്ചു. അത് ഹിന്ദുമതം, ഇസ്ലാംമതം, സിഖ്മതം, ക്രിസ്തുമതം തുടങ്ങിയ വിഭജനങ്ങളെയെല്ലാം അതിവർത്തിക്കുമെന്നും ഗാന്ധിജി എഴുതുന്നുണ്ട്. മതം ഇവയെയെല്ലാം ലയാത്മകമായി സംയോജിപ്പിച്ച് അതിന് യാഥാർഥ്യം നൽകുന്ന ഒന്നാണെന്നായിരുന്നു ഗാന്ധിജിയുടെ ബോധ്യം. തന്റെ രാഷ്ട്രീയം താൻ നിർധാരണം ചെയ്യുന്നത് മതത്തിൽനിന്നും നൈതികതയിൽനിന്നുമാണെന്ന് പറയുന്നത് മതത്തെക്കുറിച്ചുള്ള ഇത്തരമൊരു വിപുലവീക്ഷണത്തെ മുൻനിർത്തിയാണ്.

ഇന്ത്യ മതപരമായി വിഭജിതമാകുന്നതിന്റെ വിത്തുകൾ ഇന്ത്യയുടെ ചരിത്രത്തിലല്ലെന്ന് അദ്ദേഹം വിശദീകരിച്ചു. ഇന്ത്യക്കുമേൽ വന്നുവീണ വിദേശാധിപത്യംമൂലമാണ് മതപരമായി വിഭജിതമാകുക എന്ന അസ്വാഭാവികസ്ഥിതി ഇവിടെ സംജാതമായതെന്ന് അദ്ദേഹം എഴുതി. 1944 സെപ്തംബർ 15ന് ജിന്നയ്ക്ക് എഴുതിയ കത്തിൽ നമ്മുടെ രാഷ്ട്രസ്വത്വത്തിന്റെ യഥാർഥ പരിശോധന നമ്മുടെ പൊതുവായ രാഷ്ട്രീയാടിമത്തത്തിലും അതിനെതിരായ സമരത്തിലും നിന്നാണ് ഉരുത്തിരിയുന്നതെന്ന് ഗാന്ധിജി വ്യക്തമാക്കുന്നുണ്ട്. മതം ദേശീയതയുടെയോ ദേശസ്വത്വത്തിന്റെയോ അടിസ്ഥാനമല്ലെന്ന തന്റെ ഖണ്ഡിതമായ ബോധ്യമാണ് ഗാന്ധിജി ഇവിടെ പങ്കുവയ്ക്കുന്നത്. മതം തീർത്തും വ്യക്തിപരമായ കാര്യമായിരിക്കണമെന്ന തത്വം ഇന്ത്യക്കെന്നപോലെ പാകിസ്ഥാനും ബാധകമാണെന്നും  അദ്ദേഹം അക്കാലത്ത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മതത്തെ ഇന്ത്യൻ ദേശീയതയുടെ അടിസ്ഥാനമായി പരിഗണിക്കാനുള്ള ശ്രമങ്ങളോട് ഗാന്ധിജി ഇക്കാലത്ത് പ്രത്യക്ഷമായി വിയോജിക്കുന്നുണ്ട്. മധ്യകാല ഇന്ത്യാചരിത്രത്തെ മതാടിസ്ഥാനത്തിൽ വിഭജിതമായ നിലയിൽ അവതരിപ്പിക്കുന്നതിനെ അദ്ദേഹം എതിർത്തു. തീർത്തും ചരിത്രവിരുദ്ധമായ നിലപാടായാണ് അദ്ദേഹം അതിനെ കണ്ടത്. മുസ്ലിം ഭരണകൂടങ്ങൾ മതാടിസ്ഥാനത്തിൽ ഇന്ത്യയെ വിഭജിച്ചിട്ടില്ലെന്ന് 1939 നവംബർ 11ന് ഹരിജനിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം തുറന്നുപറയുന്നുണ്ട്.  അക്ബർ മുതലുള്ള പല ഭരണാധികാരികളും മതപരമായ സംയോജനത്തിനാണ് ശ്രമിച്ചതെന്ന കാര്യവും അവിടെ എടുത്തുപറഞ്ഞു. ഹൈന്ദവ വർഗീയവാദം ഇന്ത്യാചരിത്രത്തിനുമേൽ കെട്ടിപ്പൊക്കിയ ഏറ്റവും വലിയ വ്യാജങ്ങളിലൊന്നിനെയാണ് ഗാന്ധിജി ഇവിടെ സമ്പൂർണമായി തിരസ്കരിക്കുന്നത്.

വിഭജനവാദവും ഹൈന്ദവവർഗീയതയുടെ അക്രമണോത്സുകമായ പടയോട്ടവും ശക്തിപ്പെട്ടതോടെ മതത്തെ രാഷ്ട്രജീവിതത്തിൽനിന്ന്‌ പൂർണമായി ഒഴിച്ചുനിർത്തുക എന്ന നിലപാട് ഗാന്ധിജിക്ക് പരമപ്രധാനമായിത്തീർന്നു. 1940കളിൽ മറ്റു പല വിഷയങ്ങളിലും അദ്ദേഹം കൈക്കൊണ്ട, അത്യന്തം വിപ്ലവകരമായ സമീപനങ്ങൾക്ക് സമാനമായ കാഴ്ചപ്പാട് ഇക്കാര്യത്തിലും ഗാന്ധിജി സ്വീകരിക്കുന്നത് കാണാം. 1946 സെപ്തംബർ 16ന് ഒരു ക്രൈസ്തവ മിഷനറിയുമായി നടത്തിയ സംഭാഷണത്തിൽ അദ്ദേഹം നടത്തിയ അഭിപ്രായപ്രകടനങ്ങൾ ഈ പ്രകരണത്തിൽ ഏറെ ശ്രദ്ധേയമാണ്. താനൊരു ഏകാധിപതിയാണെങ്കിൽ, മതവും ഭരണകൂടവും പരിപൂർണമായി വേർപെട്ടിരിക്കും എന്നദ്ദേഹം പറഞ്ഞു. "ഞാൻ എന്റെ മതത്തോട് പ്രതിജ്ഞാബദ്ധനാണ്. ഞാനതിനുവേണ്ടി മരിക്കും. പക്ഷേ, അതെന്റെ വ്യക്തിപരമായ കാര്യമാണ്. ഭരണകൂടത്തിന് അതിൽ ഒരു പങ്കുമില്ല.' ഗാന്ധിജി ആ സംഭാഷണത്തിൽ വ്യക്തമാക്കി. മതത്തെ വിഭാഗീയവും അക്രമണോത്സുകവുമായ രാഷ്ട്രീയ യുക്തിയായി ഉപയോഗിക്കുന്നതിനെതിരായ ഗാന്ധിജിയുടെ ഏറ്റവും പ്രകടമായ പ്രഖ്യാപനമായിരുന്നു അത്.

ഗാന്ധിജിയുടെ മതവിചാരങ്ങളിലെ ഈ പരിവർത്തനങ്ങളെയാകെ മറച്ചുപിടിച്ചുകൊണ്ട് തങ്ങളുടെ മതരാഷ്ട്രവാദത്തിന്റെ സാധൂകരണമായി അദ്ദേഹത്തെ ഉപയോഗപ്പെടുത്താനാണ് ഇന്ത്യയിലെ വർഗീയ ഫാസിസ്റ്റുകൾ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഗാന്ധിജിയുടെ സ്വപ്നങ്ങളെ സാക്ഷാൽക്കരിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന വ്യാജം അവർ നിരന്തരം പ്രചരിപ്പിച്ചുപോരുന്നു. (ഗാന്ധിജി മതവർഗീയവാദിയാണെന്നും പ്രചരിപ്പിക്കുന്ന ചില താർക്കികപണ്ഡിതർ അവർക്ക് തുണയായി നിലകൊള്ളുന്നുമുണ്ട്.) ഇതിൽ രണ്ടു വലിയ തട്ടിപ്പുണ്ട്. ഒന്നാമതായി, ഗാന്ധിജിയുടെ മതം ഇവർ പറഞ്ഞ മതമല്ല എന്ന കാര്യം. ഹൈന്ദവ വർഗീയവാദികളുടെ രക്താഭിഷിക്തവും വിദ്വേഷനിർഭരവുമായ മതസങ്കൽപ്പവുമായി ഗാന്ധിജിയുടെ മതസങ്കൽപ്പത്തിന് ഒരു ബന്ധവുമില്ല. അദ്ദേഹത്തിന് അതൊരു ധാർമികാദർശമായിരുന്നു. മതവും രാഷ്ട്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള തന്റെ നിലപാടുകൾ ഗാന്ധിജി വലിയതോതിലുള്ള പുനഃപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു എന്നതാണ് രണ്ടാമത്തെ കാര്യം. മതം തീർത്തും വ്യക്തിപരമായ കാര്യമാണെന്നും അതിന് രാഷ്ട്രജീവിതത്തിൽ ഒരു പങ്കും ഉണ്ടാകരുത് എന്നുമുള്ള നിലപാടിലേക്ക് ഗാന്ധിജി എത്തിയിരുന്നു. ഈ ഇരുനിലപാടിനെയും മറച്ചുപിടിച്ചുകൊണ്ടാണ് ഹിന്ദുത്വഫാസിസ്റ്റുകൾ ഗാന്ധിജിയുടെ പാരമ്പര്യത്തെ സ്വാംശീകരിച്ചവരായി തങ്ങളെ അവതരിപ്പിക്കുന്നത്. അസത്യത്തിലും അപവാദപ്രചാരണത്തിലും ഹിംസയിലും വേരാഴ്ത്തിനിൽക്കുന്ന വർഗീയഫാസിസത്തിന്റെ അത്തരം പ്രചാരണങ്ങളിൽ വാസ്തവത്തിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല. ഫാസിസത്തിന്റെ ജനിതകംതന്നെ അത്തരം വഞ്ചനകളാൽ പണിതെടുത്തതാണ്.

ആധുനിക നാഗരികത എന്ന് ഔപചാരികമായി വിവരിക്കപ്പെട്ടുപോരുന്ന മുതലാളിത്ത ആധുനികതയോടും അതിന്റെ വ്യക്തി ഭരണകൂട സങ്കൽപ്പത്തോടുമുള്ള ഗാഢമായ വിയോജിപ്പിൽനിന്നാണ് ഗാന്ധിജിയുടെ വീക്ഷണങ്ങൾ പലതും ഉയർന്നുവന്നത്. പാശ്ചാത്യ നാഗരികത സ്വാർഥത്തിലും ഹിംസയിലും അധിഷ്ഠിതമായ ഒന്നാണെന്ന വിമർശമാണ് ഗാന്ധിജിക്ക് ഉണ്ടായിരുന്നത്. മതത്തിന്റെ നൈതികാടിസ്ഥാനംകൊണ്ട് അതിനെ മറികടക്കാനാകുമെന്നും അദ്ദേഹം പ്രതീക്ഷിച്ചു. ഔപചാരികമായ മതാതിർത്തികളെ മറികടക്കുന്ന, മതനിരപേക്ഷവും ധാർമികവുമായ മൂല്യക്രമമായാണ് ഗാന്ധിജി മതത്തെ കണ്ടത്. സഹിഷ്ണുതയും സാഹോദര്യവുമായിരുന്നു അതിന്റെ അടിപ്പടവ്. നിശ്ചയമായും അദ്ദേഹത്തിന്റെ ഈ നിലപാടിനോട് നമുക്ക് വിയോജിക്കാം. പക്ഷേ, തന്റെ അത്തരം ആലോചനകൾ ഗാന്ധിജിയെ ഏതെങ്കിലും നിലയിൽ മതരാഷ്ട്ര സങ്കൽപ്പത്തിലേക്ക് കൊണ്ടുപോയില്ല എന്ന കാര്യം ഒരുനിമിഷംപോലും നാം വിസ്മരിച്ചുകൂടാ. ഹൈന്ദവ ഫാസിസ്റ്റുകൾ അദ്ദേഹത്തെ വെടിവച്ചുവീഴ്ത്തിയതും അതുകൊണ്ടാണ്. മതരാഷ്ട്രവാദത്തിനും വർഗീയരാഷ്ട്രീയത്തിനും എതിരായ ഇന്ത്യയിലെ ഏറ്റവും വലിയ ഊർജസ്രോതസ്സായിരുന്നു ഗാന്ധിജി. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്റെ പരമമായ അർഥവും അതുതന്നെയാണ്.

സുനിൽ പി ഇളയിടം 

No comments:

Post a Comment