Wednesday, January 20, 2021

കെഎസ്‌ആർടിസിക്ക് എൽഡിഎഫ്‌ സർക്കാർ നൽകിയത്‌ 5000 കോടി; യുഡിഎഫ് കാലത്ത് 1483 കോടി മാത്രം

തിരുവനന്തപുരം > കടക്കെണിയിലും പ്രതിസന്ധികളിലും അകപ്പെട്ട്‌‌  ഓട്ടം നിലയ്‌ക്കുമായിരുന്ന കെഎസ്‌ആർടിസിക്ക്‌ കുതിപ്പേകിയത്‌ എൽഡിഎഫ്‌ സർക്കാർ. 2016 മുതൽ 2020 ഡിസംബർ വരെ 5000 കോടി രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ സർക്കാർ നൽകിയത്‌. ഇതിന്‌ പുറമെയാണ്‌‌ ഇത്തവണത്തെ ബജറ്റിൽ 1800 കോടി രൂപ അനുവദിച്ചത്‌‌.  2019 മുതൽ ജീവനക്കാർക്ക്‌ ശമ്പളം നൽകുന്നതും സർക്കാർ. കോവിഡ്‌ കാലത്ത്‌ യാത്രക്കാർ കുറഞ്ഞതോടെ പൂർണമായും സർക്കാർ സഹായത്തോടെയാണ്‌ കെഎസ്‌ആർടിസിയുടെ പ്രവർത്തനം.

2011 മുതൽ 2016 വരെ യുഡിഎഫ്‌ സർക്കാർ‌ നൽകിയത്‌ 1483.85 കോടി രൂപ മാത്രം. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ പെൻഷൻ കൃത്യമായി നൽകാത്തതിനാൽ ഇരുപതിലധികം പെൻഷൻകാരാണ്‌ ആത്മഹത്യ ചെയ്‌തത്‌. എൽഡിഎഫ്‌ സർക്കാർ അധികാരമേൽക്കുമ്പോൾ എട്ട്‌ മാസത്തെ പെൻഷൻ തുക കുടിശ്ശികയായിരുന്നു. പെൻഷൻ വിതരണം സഹകരണ കൺസോർഷ്യം വഴിയാക്കിയതോടെ തടസ്സം നീങ്ങി. 1500 രൂപ വീതം ഇടക്കാലാശ്വാസവും നൽകി.    സർവീസ്‌ ഓപ്പറേഷൻ കാര്യക്ഷമമാക്കിയും ഡീസലിൽനിന്ന്‌ പ്രകൃതിസൗഹൃദ ഇന്ധനത്തിലേക്ക്‌ മാറിയും ടിക്കറ്റിതര വരുമാനം കൂട്ടിയും നഷ്‌ടം കുറച്ച്‌ പിടിച്ചുനിൽക്കാനുള്ള ശ്രമമാണ്‌ ഇപ്പോൾ നടത്തുന്നത്‌. കിഫ്‌ബി ധനസഹായത്തോടെ വാങ്ങുന്ന ബസുകളും  ദീർഘദൂര ബസുകളും കെഎസ്‌ആർടിസി–-സ്വിഫ്‌ട്‌ എന്ന കമ്പനിയുടെ കീഴിലാക്കാനാണ്‌ ശ്രമം. ജീവനക്കാരുടെ അനുപാതം പുനഃക്രമീകരിച്ചും ജോലി കംപ്യൂട്ടർവൽക്കരിച്ചും പുതിയ വരുമാന മാർഗം കണ്ടെത്തിയും മുന്നേറാനുള്ള ശ്രമത്തിലാണ്‌.

3000 ബസുകൾ  സിഎൻജി / എൽഎൻജി എൻജിനുകളിലേക്ക്‌ മാറ്റും. പ്രതിമാസം 25 കോടി രൂപ ഇന്ധനച്ചെലവ് ലാഭിക്കാനാകും.  ഗാരേജുകളും വർക്‌ഷോപ്പുകളും നവീകരിക്കുന്നതിന് 30 കോടി രൂപയും ഇ -ഗവേണൻസിന് 19 കോടി രൂപയും അനുവദിച്ചിട്ടുണ്ട്‌. ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവും സർക്കാരിന്റെ പരിഗണനയിലുണ്ട്‌.  യുഡിഎഫ്‌ ഭരണകാലത്ത്‌ കെഎസ്‌ആർടിസി ബോർഡിലിരുന്ന്‌  സ്ഥാപനത്തിനായി ഒന്നും ചെയ്യാത്ത ഐഎൻടിയുസി നേതാക്കളും പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുമ്പോൾ പ്രതികരിക്കാത്ത ബിഎംഎസുമാണ്‌ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്‌‌‌.

കെഎസ്‌ആർടിസിയിൽ പരാതി പരിഹാര സെൽ

കെഎസ്ആർടിസിയിൽ പരാതി പരിഹാര സെൽ രൂപീകരിക്കും. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ്‌ സെൽ രൂപീകരിക്കുന്നതെന്ന്‌ സിഎംഡി ബിജുപ്രഭാകർ അറിയിച്ചു. സെല്ലിൽ മാനേജ്മെന്റ്, തൊഴിലാളി പ്രാതിനിധ്യം  തുല്യമായിരിക്കും. കമ്മിറ്റിയുടെ ചെയർപേഴ്സനായി ഓരോ വർഷവും മാനേജ്മെന്റ്  തലത്തിൽനിന്നും തൊഴിലാളി തലത്തിൽനിന്നുമുള്ളവർ മാറി വരും.  അഞ്ച്‌ അം​ഗമാണ് കമ്മിറ്റിയിൽ ഉണ്ടാകുക.

രണ്ട് വനിതാ അം​ഗവും ഒരാൾ മറ്റ് ഭരണ കേന്ദ്രത്തിൽനിന്നുമായിരിക്കും.  രേഖാമൂലം ലഭിക്കുന്ന പരാതിയിൽ സെൽ ഒരുമാസത്തിനകം തീരുമാനമെടുക്കും.

സുമേഷ്‌ കെ ബാലൻ

No comments:

Post a Comment