Saturday, January 16, 2021

ബജറ്റ് 2021 - കണ്ണൂർ ജില്ല

വ്യവസായ നഗരമാകാൻ മട്ടന്നൂർ

ബജറ്റിൽ വൻവികസന പ്രതീക്ഷയുമായി മട്ടന്നൂർ. കോടികളുടെ വികസന പദ്ധതികളാണ‌്  സംസ്ഥാന ബജറ്റിലുള്ളത‌്. ജില്ലയിലെ വ്യവസായ കേന്ദ്രമായി മട്ടന്നൂർ മാറുമെന്നതിന‌് ഉറപ്പായി. മട്ടന്നൂരിലും പരിസരത്തും അയ്യായിരം ഏക്കറാണ‌് വ്യവസായസംരംഭങ്ങൾക്കായി ഏറ്റെടുക്കാൻ തീരുമാനിച്ചത‌്.  കൊച്ചി‐ മംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായാണ‌്  വ്യവസായസംരംഭങ്ങൾ തുടങ്ങാൻ 5000 ഏക്കർഏറ്റെടുക്കുന്നത‌്. 12000 കോടി രൂപയാണ‌് ഇതിന‌് മാറ്റിവച്ചത‌്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള പരിസരത്താണ‌് ഈ അയ്യായിരം ഏക്കർ ഏറ്റെടുക്കുക. ജില്ലയിലെ മറ്റൊരു അഭിമാന പദ്ധതിയാണ‌്  പടിയൂർ പഞ്ചായത്തിലെ കല്യാട‌് ആരംഭിക്കുന്ന ആയുർവേദ ഗവേഷണ കേന്ദ്രം. ഇതിന‌് 69 കോടിയാണ‌് അനുവദിച്ചത‌്.  വിമാനത്താവള പ്രദേശ നഗരമായ ചാലോട‌് ടൗണിന്റെ നവീകരണത്തിന‌് ഒമ്പത‌് കോടിയാണ‌് ബജറ്റിൽ വകയിരിത്തിയിട്ടുുള്ളത‌്. പഴശ്ശി ജലസേചന പദ്ധതിയുടെ കനാൽ നവീകരണത്തിന‌് നാലുകോടിയും അനുവദിച്ചിട്ടുണ്ട‌്. വിവിധ റോഡുകളുടെ നവീകരണത്തിനും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട‌്.

മലബാർ ക്യാൻസർ സെന്റർ വികസനം തുടരും

മലബാർ ക്യാൻസർ സെന്റർ വികസനത്തിന്‌ പണം തടസ്സമാകില്ലെന്ന്‌ പ്രഖ്യാപിച്ചത്‌ മുഖ്യമന്ത്രി പിണറായി വിജയനാണ്‌. ഈ ബജറ്റിലും അതിന്‌ മാറ്റമില്ല. എംസിസിക്ക്‌ ഇത്തവണയും കൈനിറയെ നൽകി. പദ്ധതി–-പദ്ധതിയേതര ഇനങ്ങളിലായി 36.39 കോടി രൂപയാണ്‌  ബജറ്റിൽ അനുവദിച്ചത്‌. ഇതിൽ 25 കോടി രൂപ വിവിധ വികസന പദ്ധതികൾക്കാണ്‌. 11,39,79,000 രൂപ പദ്ധതിയേതര ഇനത്തിലും. 

എംസിസിയുടെ വികസനവും അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണവും വേഗത്തിലാക്കുന്നതാകും ബജറ്റ്‌ നിർദേശം.

മൂന്ന്‌ ടെസ്‌ല എംആർഐ സ്‌കാനർ, അനുബന്ധ സാമഗ്രികൾ, ഡെസ്‌ക സ്‌കാൻ, പുതിയ ഒപി ബ്ലോക്കിന്റെ അടിസ്ഥാന സൗകര്യ വികസനം, മെഡിക്കൽ ലൈബ്രറി വിപുലീകരണം, റേഡിയേഷൻ ഓങ്കോളജി വിപുലീകരണം, സർജിക്കൽ ഓങ്കോളജി വിഭാഗം വികസനം എന്നീ പദ്ധതികൾക്കാകും മുൻഗണന.

   26 വികസനപദ്ധതികൾക്കായി 54.75 കോടി രൂപയുടെ നിർദേശമാണ്‌ എംസിസി സമർപ്പിച്ചത്‌. കഴിഞ്ഞ ബജറ്റിലും 39.65 കോടിരൂപ അനുവദിച്ചിരുന്നു. കിഫ്‌ബി ഫണ്ടിൽനിന്നുള്ള 81.69 കോടി രൂപ വിനിയോഗിച്ചുള്ള വികസനപ്രവൃത്തി എംസിസിയിൽ പുരോഗമിക്കുകയാണ്‌. രണ്ടാംഘട്ട വികസനത്തിന്‌ 562.24 കോടി രൂപയുടെ പദ്ധതിയും കിഫ്‌ബി പരിഗണനയിലുണ്ട്‌. 32 കോടി രൂപ വിനിയോഗിച്ചുള്ള സ്‌റ്റുഡന്റ്‌സ്‌ ഹോസ്‌റ്റൽ നിർമാണത്തിനും തുടക്കമായി. 50 കോടി രൂപ ചെലവഴിച്ച്‌ പൂർത്തിയാക്കിയ പദ്ധതികളുടെ ഉദ്‌ഘാടനവും 114 കോടി രൂപയുടെ വികസനപദ്ധതികളുടെ ശിലാസ്ഥാപനവും സെപ്‌തംബർ 14ന്‌ മുഖ്യമന്ത്രിയാണ്‌ നിർവഹിച്ചത്‌. പി ജി ഇൻസ്‌റ്റിറ്റ്യൂട്ട്‌ എന്ന ലക്ഷ്യത്തിലേക്കാണ്‌ എംസിസി നീങ്ങുന്നത്‌.

വികസനക്കുതിപ്പേകാൻ മലബാർ അന്താരാഷ്‌ട്ര തുറമുഖം

അന്താരാഷ്‌ട്ര വിമാനത്താവളത്തിനൊപ്പം കണ്ണൂരിന്റെ വികസനത്തിന്‌ പുതിയ കുതിപ്പു നൽകുന്ന ബൃഹത്‌ പദ്ധതിയാണ്‌ അഴീക്കൽ തുറമുഖം. വൻകിട തുറമുഖത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക്‌ 2021–-22ൽ തുടക്കം കുറിക്കുമെന്ന്‌ ബജറ്റ്‌ പ്രസംഗത്തിൽ ധനമന്ത്രി വ്യക്തമാക്കി. 

അഴീക്കൽ നദീമുഖത്തിനു പുറത്ത്‌ 3698 കോടി രൂപ ചെലവിലാണ്‌ തുറമുഖ നിർമാണം. ഇതിനായി മലബാർ ഇന്റർനാഷണൽ തുറമുഖം എന്ന പേരിൽ കമ്പനി രജിസ്‌റ്റർ ചെയ്‌തു കഴിഞ്ഞു. മൂന്നുഘട്ടമായായിരിക്കും വികസന പദ്ധതി. വിശദ രൂപരേഖയും ധനസമാഹരണവും പ്ലാനും പുതിയ കമ്പനി തയ്യാറാക്കും. 

പ്രകൃതിദത്തമായ അഴീക്കൽ തുറമുഖം ആധുനികരീതിയിലുള്ള വൻകിട തുറമുഖമായി വികസിപ്പക്കണമെന്ന ആവശ്യത്തിന്‌ പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ആദ്യ ബജറ്റിൽ  വികസന പദ്ധതി പ്രഖ്യാപിക്കുകയും കിഫ്‌ബിയിൽനിന്ന്‌ 500 കോടി രൂപ വകയിരുത്തുകയും ചെയ്‌തു. പ്രത്യേകോദ്ദേശ്യ കമ്പനി (എസ്‌പിവി)ക്കു രൂപം നൽകി വിശദ പ്രോജക്ട്‌ റിപ്പോർട്ട്‌ തയ്യാറാക്കുന്നതിന്‌ കൺസൾട്ടൻസിയെയും നിയോഗിച്ചിരുന്നു. കോവിഡ്‌ വ്യാപനമടക്കമുള്ള സാങ്കേതികതടസ്സങ്ങൾ കാരണം പ്രതീക്ഷിച്ച വേഗതയിൽ  മുന്നോട്ടുപോയില്ല. അടുത്ത വർഷം നിർമാണപ്രവർത്തനം ആരംഭിക്കുമെന്നു പ്രഖ്യാപിച്ചതോടെ ഇനി സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയുമെന്നുറപ്പ്‌.

ഉണർവേകും കൈത്തറിയ്‌ക്കും

കൈത്തറി മേഖലക്ക്‌ ഉണർവേകി ബജറ്റ്‌ പ്രഖ്യാപനം. 157 കോടി രൂപയാണ്‌ കൈത്തറി മേഖലക്ക്‌  പ്രഖ്യാപിച്ചത്‌. യൂണിഫോം പദ്ധതിക്ക്‌ 105 കോടിയും കൈത്തറി മേഖലയ്‌ക്ക്‌ 52 കോടിയുമാണ്‌ അനുവദിച്ചത്‌. ഹാൻവീവിനും ഹാൻടെക്‌സിനും പുനരുദ്ധാരണ പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്‌. 

ഊർധശ്വാസം വലിച്ചിരുന്ന കൈത്തറി മേഖലയിൽ സ്‌കൂൾ യൂണിഫോം പദ്ധതിയാണ്‌ ഉണർവ്‌ സമ്മാനിച്ചത്‌. എൽഡിഎഫ്‌ സർക്കാർ വന്നശേഷമാണ്‌ സ്‌കൂളുകളിൽ കൈത്തറി യൂണിഫോം നടപ്പാക്കിയത്‌. പ്രാഥമിക കൈത്തറി സംഘങ്ങളിൽ‌ ഇതോടെ ഉൽപാദനം വർധിച്ചു. തൊഴിൽ ദിനങ്ങൾ കൂടിയതോടെ തൊഴിലാളികൾക്കും മെച്ചപ്പെട്ട വേതനം ലഭ്യമായിത്തുടങ്ങി. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരാണ്‌ കൈത്തറി മേഖലയിലെ തൊഴിലാളികൾക്ക്‌ പ്രൊഡക്ഷൻ ഇൻസെന്റീവ്‌ അനുവദിച്ചത്‌. പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നശേഷം സ്‌കൂൾ യൂണിഫോം പദ്ധതിയും തുടങ്ങി. ഇതു രണ്ടും ചേർന്നതോടെ കൈത്തറി തൊഴിലാളികളുടെ വേതനലഭ്യതയിൽ കാര്യമായ മാറ്റമാണുണ്ടായത്‌. നേരത്തെ ഉത്സവ സീസണുകളിലെ വിൽപനയാണ്‌ കൈത്തറി സംഘങ്ങൾക്ക്‌ ലഭിച്ചിരുന്നതെങ്കിൽ യൂണിഫോം ഉൽപാദനമെന്നത്‌ ഏറെക്കുറെ മുഴുവൻ സമയവും തൊഴിൽ എന്ന നിലയിലേക്ക്‌ എത്തിച്ചു. 

ഹാൻവീവിനും ഹാൻടെക്‌സിനും പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജും പ്രതീക്ഷ നൽകുന്നതാണ്‌. സാമ്പത്തിക പ്രതിസന്ധിയിലായ ഹാൻവീവിനെ കൈപിടിച്ചുയർത്താൻ പാക്കേജ്‌ വഴി സാധ്യമാകും. പുനരുദ്ധാരണ പാക്കേജിനെ സ്വാഗതം ചെയ്യുന്നതായി ഹാൻവീവ്‌ ചെയർമാൻ കെ പി സഹദേവൻ പറഞ്ഞു. കൈത്തറി മിത്ര പദ്ധതിയും ഈ മേഖലയുടെ വളർച്ചയ്‌ക്ക്‌ ആക്കം കൂട്ടും. പതിനായിരം പേർക്ക്‌ തൊഴിൽ ലഭ്യമാക്കുന്നതിനാണ്‌ ഇതുവഴി ലക്ഷ്യമിടുന്നത്‌. ഖാദി മേഖലയ്‌ക്കും ബജറ്റിൽ 16 കോടി വകയിരുത്തിയിട്ടുണ്ട്‌.  ഖാദി ഗ്രാമോദയ ക്ലസ്‌റ്ററുകൾ രൂപീകരിക്കുമെന്നും ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇത്‌ ഖാദി മേഖലയിലും ഉണർവ്‌ സൃഷ്‌ടിക്കും.

റിബേറ്റ് കുടിശ്ശിക ലഭിക്കും

കൈത്തറി പരമ്പരാഗത വ്യവസായ മേഖലകൾക്ക് കൂടുതൽ തൊഴിൽ നൽകാൻ  സർക്കാർ നടത്തുന്ന പ്രവർത്തനം സ്വാഗതാർഹമാണ്.  സ്‌കൂൾ യൂണിഫോം പദ്ധതി നടപ്പാക്കിയതും പുതിയ ബജറ്റിൽ അത്  നിലനിർത്തിയതും കൈത്തറി മേഖലയെ സംരക്ഷിക്കും.  പ്രൊഡക്‌ഷൻ ഇൻസെന്റീവ് ഇനത്തിൽ തൊഴിലാളികൾക്ക് കിട്ടാനുള്ളതും റിബേറ്റ് കുടിശ്ശികയും ബജറ്റിൽ അനുവദിച്ച തുകയിൽനിന്ന്‌ ലഭിക്കുമെന്നാണ്‌ പ്രതീക്ഷ. 

ബജറ്റിലെ താരങ്ങളായി ഇവർ

ബജറ്റിലൂടെ കേരളചരിത്രത്തിൽ ഇടംപിടിച്ച്‌ കുഞ്ഞുപ്രതിഭകൾ. സാധാരണ വികസന പദ്ധതികൾക്കുമാത്രം സ്ഥാനമുണ്ടായിരുന്ന ബജറ്റിലാണ്‌ ഇക്കുറി കുട്ടികളുടെ കവിതാശകലങ്ങളും സ്ഥാനം പിടിച്ചത്‌. ജില്ലയിലെ നാലു കുഞ്ഞുകവികളാണ്‌  ബജറ്റിൽ ഇടം നേടിയത്‌.‌ തോട്ടട ഗവ. ടെക്‌നിക്കൽ സ്കൂളിലെ പത്താം ക്ലാസുകാരൻ നവാലു റഹ്മാൻ, മൊകേരി രാജീവ്‌ ഗാന്ധി മെമ്മോറിയൽ എച്ച്‌എസ്‌എസിലെ പ്ലസ്‌ വൺ വിദ്യാർഥി അരുന്ധതി ജയകുമാർ, പാച്ചേനി ഗവ. ഹൈസ്‌കൂളിലെ എട്ടാം ക്ലാസുകാരി ഇനാര അലി, കണ്ണാടിപ്പറമ്പ്‌ ജിഎച്ച്‌‌എസ്‌എസിലെ ഒമ്പതാം ക്ലാസുകാരൻ ഷിനാസ്‌ അഷ്‌റഫ്‌ എന്നിവരുടെ കവിതകളാണ്‌  ബജറ്റിലുണ്ടായത്.‌

ഇനാര അലി, ഷിനാസ്‌ അഷ്‌റഫ്‌, അരുന്ധതി ജയകുമാർ, നവാലു റഹ്മാൻ

ലോക്ഡൗൺ കാലത്ത് വീടുകളിൽ ഒതുങ്ങിപ്പോയ കുട്ടികൾക്കായി ‘അക്ഷരവൃക്ഷം’ എന്ന പേരിൽ  വിദ്യാഭ്യാസ വകുപ്പ് പരിപാടി സംഘടിപ്പിച്ചിരുന്നു. വലിയ പങ്കാളിത്തമാണ് അതിലുണ്ടായത്. കഥയും കവിതയും ലേഖനങ്ങളും ചിത്രങ്ങളുമൊക്കെയായി അരലക്ഷത്തിലേറെ സൃഷ്ടികളാണ്‌ ഒഴുകിയെത്തിയത്‌.  സൃഷ്‌ടികൾ‌ സ്‌കൂൾ വിക്കിയിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽനിന്നാണ് ബജറ്റിലേക്ക്‌ ചിത്രങ്ങളും കവിതകളും തെരഞ്ഞെടുത്തത്. 

കോവിഡ്‌ കാലത്തെ സാമ്പത്തിക പ്രതിസന്ധി വിശദീകരിക്കുന്നിടത്താണ്‌ നവാലു

റഹ്മാന്റെ ‘കച്ചവടമില്ലാ കാലം, വേലയും കൂലിയുമില്ലാതെ മനുഷ്യൻ വീട്ടിലിരിപ്പൂ’ എന്ന കവിതാഭാഗം ധനമന്ത്രി ഡോ. തോമസ്‌ ഐസക്‌ ചേർത്തത്‌. തലശേരി സ്വദേശി അബ്ദുൾ നാസറിന്റെയും സാജിദയുടെയും മകനായ നവാലു റഹ്‌മാൻ ആദ്യമായാണ്‌ കവിതയെഴുതുന്നത്‌. എന്തുകാര്യത്തെക്കുറിച്ചും ചോദിച്ചറിയാൻ മടികാണിക്കാത്ത നവാലു മികച്ച വായനക്കാരനാണ്‌. 

വീട്ടമ്മമാരുടെ ജീവിതത്തെക്കുറിച്ചായിരുന്നു അരുന്ധതി ജയകുമാറിന്റെ കവിത. ‘എത്ര അലക്കിയാലും വെളുക്കാത്ത പഴംതുണിപോലെ, നിറം വരാത്ത ക്ലാവുപിടിച്ച പഴയ ഓട്ടുപാത്രംപോലെ അവളുടെ ജീവിതം’ എന്ന കവിതയിലൂടെ വീട്ടമ്മമാരുടെ ദുരിതങ്ങൾ മന്ത്രി അവതരിപ്പിച്ചു. സ്വന്തമായി തൊഴിലും വരുമാനവും ഉറപ്പുവരുത്തിയാലേ ഈ നിരാശയ്‌ക്ക്‌ അറുതിയാകൂവെന്ന്‌ ഈ കവിതയിലൂടെ അദ്ദേഹം പറഞ്ഞുവച്ചു. പെരിങ്ങോം ഗവ. കോളേജ്‌ പ്രിൻസിപ്പൽ പി പി ജയകുമാറിന്റെയും ഇരിട്ടി എം ജി കോളേജ്‌ അധ്യാപിക ഷീജയുടെയും മകളാണ്‌ അരുന്ധതി. 

‘ഇരുട്ടാണു ചുറ്റിലും മാഹാമാരി തീർത്തൊരു കൂരിരുട്ട് കൊളുത്തണം നമുക്ക് കരുതലിന്റെ ഒരു തിരിവെട്ടം’ എന്നായിരുന്നു ഇനാര അലിയുടെ ആഹ്വാനം.

സർക്കാർ ഒരുക്കിയ കരുതലിന്റെ തിരിവെട്ടത്തിൽ മഹാമാരിയെ അതിജീവിക്കുന്നതിനുകൂടിയുള്ള ആഹ്വാനമാവുകയായിരുന്നു ഈ കവിത. കോവിഡ്‌ തീർത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പദ്ധതികൾ വിശദീകരിക്കുന്നിടത്തായിരുന്നു ഇനാരയുടെ കവിത. തോട്ടിക്കലെ അലിയാറിന്റെയും സുഹറയുടെയും മകളാണ്‌. 

 “സമ്പൂർണ സാക്ഷരതതൻ കൊമ്പത്തിരിക്കിലും, തെല്ലും അറപ്പില്ലാതെറിയുന്നു

മാലിന്യമെമ്പാടും രാവിൻ മറവിൽ” എന്ന് രോഷത്തോടെ പറഞ്ഞ ഷിനാസ് അഷ്റഫിന്റെ കവിതയാണ്‌ മാലിന്യസംസ്‌കരണത്തിന്റെ അനിവാര്യത ഉറപ്പിക്കാൻ ധനമന്ത്രി ഉദ്ധരിച്ചത്‌. കണ്ണാടിപ്പറമ്പിലെ അഷ്‌റഫിന്റെയും ജുമൈറയുടെയും മകനാണ്‌ ഷിനാസ്‌.

No comments:

Post a Comment