Wednesday, January 20, 2021

പ്രതിപക്ഷം ഭരണഘടന വായിക്കണം; സിഎജിയ്ക്ക് മുന്നില്‍ അധികാരം അടിയറവ് വെക്കില്ല: എം സ്വരാജ്

തിരുവനന്തപുരം > ബിജെപിയുമായി കൈകോര്‍ത്ത് കേന്ദ്രഏജന്‍സികളുടെ മുന്നില്‍ ശിരസ്സ് കുനിച്ച് നില്‍ക്കുകയാണ് യുഡിഎഫ് എന്ന് എം സ്വരാജ് എംഎല്‍എ. ഇടതുപക്ഷത്തിനെതിരെ പുകമറ സൃഷ്ടിക്കാനാണ് ഇപ്പോള്‍ സിഎജി റിപ്പോര്‍ട്ടുമായി വന്നിരിക്കുന്നത്. സിഎജി അതിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ചാല്‍ ബഹുമാനിക്കും. അല്ലാതെ കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ ശ്രമിച്ചാല്‍ അതിനെ തുറന്നുകാണിക്കും. കണക്ക് പരിശോധിക്കാന്‍ വരുന്നവര്‍ അത് ചെയ്ത് പോകണം. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെയും കേരള ജനതയെയും അപമാനിക്കാന്‍ ശ്രമിച്ചാല്‍ മുട്ടുമടക്കില്ലെന്നും സ്വരാജ് അടിയന്തരപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.

കേന്ദ്രഏജന്‍സികളെ ദുരുപയോഗിച്ച് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാനാണ് സംഘപരിവാറിന്റെ ശ്രമം. കേന്ദ്രഏജന്‍സികളെക്കുറിച്ച് ന്യായാധിപര്‍ തന്നെ നടത്തിയ വെളിപ്പെടുത്തലുകളുണ്ട്. ജസ്റ്റിസ് ആര്‍ എം ലോധ കൂട്ടിലടച്ച തത്തയെന്ന പരാമര്‍ശം നടത്തിയത് ഇത്തരം ഏജന്‍സികളെക്കുറിച്ചാണ്. ഡല്‍ഹിയിലെ രാഷ്ട്രീയ യജമാനന്‍മാരുടെ താളത്തിനൊത്ത് ചുവടുവെക്കുന്നവരാണ് ഈ ഏജന്‍സികളെന്നാണ് ജസ്റ്റിസ് മധു അഗര്‍വാള്‍ വിശേഷിപ്പിച്ചിച്ചത്.

മുന്‍പ് കോണ്‍ഗ്രസിനൊപ്പമായിരുന്ന ഈ ഏജന്‍സികള്‍ ഇപ്പോള്‍ കോണ്‍ഗ്രസിനെയും വേട്ടയാടാന്‍ തുടങ്ങി. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കോടതിയുടെ വരാന്തയിലാണ്. ചിദംബരവും മകന്‍ കാര്‍ത്തിക് ചിദംബരവും ജയിലിലായി. ദേശവ്യാപകമായി കോണ്‍ഗ്രസ് ഈ ഏജന്‍സികള്‍ക്കെതിരെ സമരം നടത്തി. പക്ഷേ, വാളയാര്‍ ചെക്ക്‌പോസ്റ്റിന് ഇപ്പുറം വന്നാല്‍ കോണ്‍ഗ്രസിന്റെ നിലപാട് മാറി. ഇവിടെ ബിജെപിയുമായി കൈകോര്‍ത്ത് കേന്ദ്രഏജന്‍സികളുടെ മുന്നില്‍ ശിരസ്സ് കുനിച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസ്.

സിഎജി അബദ്ധങ്ങള്‍ എഴുതിവെച്ചാല്‍ അത് എതിര്‍ക്കാനുള്ള അവകാശം നിയമസഭയ്ക്കുണ്ടെന്ന് 2013ലെ വിധിയില്‍ സുപ്രീംകോടതി വ്യക്തമാക്കിയതാണ്. ജനാധിപത്യ അവകാശത്തെ അപമാനിച്ചുകൊണ്ട് നിലപാട് സ്വീകരിക്കുമ്പോള്‍, സിഎജിയുടെ രാഷ്ട്രീയതാല്‍പര്യത്തോടെയുള്ള നടപടിയെ കക്ഷിഭേദ്യമന്യേ എതിര്‍ക്കുകയാണ് വേണ്ടത്. അധികാരാസക്തിയില്‍ സമനില തെറ്റിയ പ്രതിപക്ഷത്തിന് അത് കഴിയുന്നില്ല.

സംഘപരിവാറിന്റെ വിശ്വസ്ത സേവകരായി മാറുകയാണ് യുഡിഎഫ്.  

സഭ പാസാക്കിയ നിയമം ഭരണഘടനാപരമാണോ എന്ന് പരിശോധിക്കാനുള്ള അധികാരം രാജ്യത്തെ കോടതികള്‍ക്കാണ്, സിഎജിയ്ക്കല്ല. അത് ഒരു സിഎജിയ്ക്ക് മുന്നിലും ആ അധികാരം അടിയറവ് വെക്കില്ല. സംഘപരിവാര്‍ ഇരിക്കാന്‍ പറയുമ്പോള്‍ മുട്ടിലിഴയുന്ന കേന്ദ്രഏജന്‍സികളുടെ വാറോലയുമെടുത്ത് വന്നാല്‍ പ്രതിപക്ഷം തോറ്റോടേണ്ടിവരും.

ആര്‍ട്ടിക്കിള്‍ 293ന്റെ ലംഘനമാണെന്നാണ് പ്രതിപക്ഷ ആരോപണം. ഭരണഘടന അറിയില്ലെങ്കില്‍ അത് വായിക്കണം. കിഫ്ബി എന്നത് ഒരു സ്റ്റേറ്റല്ല. നിയമാനുസൃതം മസാല ബോണ്ട് പുറപ്പെടുവിക്കാവുന്ന ബോഡി കോര്‍പറേറ്റാണ് കിഫ്ബി. ഇത് സിഎജിയ്ക്ക് മനസിലായിട്ടില്ലെങ്കില്‍ ഈ നാട് പഠിപ്പിയ്ക്കും.

മസാല ബോണ്ട് നിയമവിരുദ്ധമെന്ന് പറഞ്ഞ് ഹൈക്കോടതിയില്‍ ഹര്‍ജി വന്നു. ഹര്‍ജിക്കാരോട് രണ്ട് തവണ കോടതി ചോദിച്ച ചോദ്യങ്ങള്‍ക്ക് വിശദീകരണം കൊടുക്കാന്‍പോലുമായില്ല. ഇപ്പോള്‍ മൂന്നാമത് ഹര്‍ജി വന്നിരിക്കുകയാണ്. ഹര്‍ജിക്കാരന്‍ ആര്‍എസ്എസ്, വക്കാലത്ത് കോണ്‍ഗ്രസ്.

ഇന്ത്യയില്‍ ആദ്യമായിട്ടല്ല മസാല ബോണ്ട് പുറത്തിറക്കുന്നത്. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ മസാല ബോണ്ട് പുറപ്പെടുവിച്ചപ്പോള്‍ യുഡിഎഫിന് ഹൃദയവേദനയുണ്ടായോ ? കിഫ്ബി മാതൃകയില്‍ 14 സംസ്ഥാനങ്ങള്‍ ബോഡി കോര്‍പറേറ്റ് രൂപീകരിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബിലും ഭരണത്തില്‍ പങ്ക് വഹിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും ഇതുണ്ട്. അപ്പോള്‍ വേദനയില്ലേ-സ്വരാജ് ചോദിച്ചു.

7.7 മുതല്‍ 9 ശതമാനം വരെ പലിശയ്ക്കാണ് ഇപ്പോള്‍ കിഫ്ബി വായ്പ എടുത്തിട്ടുള്ളത്. എന്നാല്‍ 2002ല്‍ യുഡിഎഫ് കിഫ്ബി പ്രകാരം വായ്പ എടുത്തതിന്റെ പലിശ 10.5 ആയിരുന്നു. 2003ല്‍ 509.91കോടി രൂപ വായ്പ എടുത്തതിന്റെ പലിശ 11 ശതമാനമായിരുന്നു. 11നും പത്തര ശതമാനത്തിനും വായ്പ എടുത്തവരാണ് ഇപ്പോള്‍ കൊള്ളപ്പലിശ എന്ന് പറഞ്ഞ് ആക്ഷേപിക്കുന്നത്.

എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഓഡിറ്റിഗ് 14 (1) പ്രകാരമാണ്. 14 (1) പ്രകാരമേ ഓഡിറ്റിംഗിന് സമ്മതിക്കൂ എന്ന് യുഡിഎഫ് ഭരണകാലത്ത് പറഞ്ഞിട്ടുണ്ട്. അതേ നിലപാടാണ് ഈ സര്‍ക്കാരും സ്വീകരിച്ചത്. ഇതെല്ലാം മറച്ചുവെച്ച് പുകമറ സൃഷ്ടിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.

കിഫ്ബി മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമെന്നും ആകാശ കുസുമമെന്നുന്നായിരുന്നു ആദ്യം പ്രതിപക്ഷത്തിന്റെ പരിഹാസം. എന്നാല്‍ ഈ സര്‍ക്കാരിന്റെ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ പ്രതിപക്ഷ അംഗങ്ങളുടെയക്കം മണ്ഡലങ്ങളില്‍ കിഫ്ബി പദ്ധതികള്‍ നിറഞ്ഞ് കിടക്കുകയാണ്. സ്‌കൂളുകളിലും ആശുപത്രികളും കേരളത്തിലാകെയും വന്ന മാറ്റം കാലത്തിന്റെ കൈകള്‍ക്ക് മായ്ച്ച്കളയാനാവില്ല. ഇതൊന്നും സംഘപരിവാറിനും യുഡിഎഫിനും സഹിക്കുന്നില്ല. അധികാരത്തിലെത്താന്‍ കഴിയാത്തതിന്റെ വിഭ്രാന്തിയാണ് പ്രതിപക്ഷത്തിനെന്നും സ്വരാജ് പറഞ്ഞു.

No comments:

Post a Comment