Monday, January 18, 2021

വൈറസ്‌ വകഭേദം കണ്ടെത്താൻ വിപുല പദ്ധതി ; ബ്രിട്ടനും ഓസ്‌ട്രേലിയക്കും പിന്നാലെ പദ്ധതി നടപ്പാക്കി കേരളം

കോവിഡ്‌ വൈറസ് സാമ്പിളുകളുടെ വകഭേദം കണ്ടെത്താനുള്ള ജനിതക തരംതിരിക്കലിന്‌ പദ്ധതി. സിഎസ്‌ഐആറിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ജിനോമികസ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയുമായി (ഐജിഐബി) ചേർന്നാണ്‌ ആരോഗ്യ വകുപ്പ്‌ ജനിതക ശ്രേണീകരണം  നടപ്പക്കുന്നത്‌.

ബ്രിട്ടനും ഓസ്‌ട്രേലിയക്കും പിന്നാലയാണ്‌ കേരളം കോവിഡ്‌ വൈറസുകളുടെ വകഭേദം കണ്ടെത്താനുള്ള പദ്ധതി ആവിഷ്‌കരിച്ചത്‌. സാമ്പിളിന്റെ എണ്ണത്തിൽ‌ ലോകത്തിലെ തന്നെ വലിയ പദ്ധതിയിലൊന്നാണ് സംസ്ഥാന സർക്കാരിനുവേണ്ടി ഐജിഐബി ചെയ്യുന്നത്. വൈറസ് വന്ന വഴി,  വന്ന ജനിതക മാറ്റങ്ങൾ, ഏതെങ്കിലും പ്രദേശത്ത് വലിയ തോതിൽ രോഗവ്യാപനമുണ്ടായോ തുടങ്ങിയവ ഇതിലൂടെ മനസ്സിലാക്കാം. അതനുസരിച്ച് പ്രതിരോധ നടപടികളിൽ അതത്‌ സമയം ആവശ്യമായ മാറ്റംവരുത്താം. കേരളത്തിലെ കോവിഡ്‌ വൈറസിന്റെ ജനിതക മാറ്റം അപ്പപ്പോൾ കണ്ടെത്താനാകും.

ആദ്യഘട്ടത്തിൽ സംസ്ഥാന സർക്കാർ 68 ലക്ഷം രൂപ അനുവദിച്ചു. മൂന്നു മാസംകൊണ്ട് 4200 വൈറസ് സാമ്പിളാണ് ശ്രേണീകരിക്കുക. ഓരോ ജില്ലയിലും ആഴ്ചയിൽ 25 സാമ്പിൾ ശേഖരിക്കും, മാസത്തിൽ 100 സാമ്പിൾ. പ്രതിമാസം സംസ്ഥാനത്തുനിന്ന് മൊത്തം 1400 സാമ്പിൾ. മൂന്നു മാസത്തിനുശേഷവും വൈറസ് വ്യാപനം തുടർന്നാൽ ഇത്‌ തുടരാം.

കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽനിന്ന്‌ ശേഖരിച്ച 700 സാമ്പിളിന്റെ തരംതിരിക്കലാണ് ഇപ്പോൾ നടക്കുന്നത്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, ആലപ്പുഴ, കൊല്ലം ജില്ലകളിൽനിന്നായി ശേഖരിച്ച 700 സാമ്പിൾ അടുത്തയാഴ്ച  നടത്തും. 15 ദിവസത്തിലൊരിക്കൽ റിപ്പോർട്ട് സംസ്ഥാന സർക്കാരിനു നൽകും. ഐജിഐബിയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റും കോഴിക്കോട് സ്വദേശിയുമായ ഡോ. വിനോദ് സ്കറിയയാണ് പഠനത്തിനു നേതൃത്വം നൽകുന്നത്.

കേരളത്തിൽ ഒരിക്കൽപ്പോലും ആശുപത്രി നിറഞ്ഞില്ല; പ്രതിരോധത്തിന്‌ സ്വീകരിച്ചത് ശാസ്ത്രീയമായ മാർഗം: കെ കെ ശൈലജ

കോവിഡ് മഹാമാരിയുടെ ഏറ്റവും ഉയർന്ന അവസ്ഥ ഇല്ലാതാക്കാൻ  കഴിഞ്ഞതാണ്‌ കേരളത്തിലെ വിജയമെന്ന്‌ മന്ത്രി കെ കെ ശൈലജ.  പ്രതിരോധത്തിന്‌ ശാസ്ത്രീയമായ മാർഗമാണ് സ്വീകരിച്ചത്. എല്ലാവർക്കും കോവിഡ് വന്നുപോകട്ടെയെന്ന് കരുതിയില്ല. മറ്റാളുകളിലേക്ക് പകരാതിരിക്കാനാണ് ശ്രദ്ധിച്ചത്. അതുകൊണ്ട്‌ മരണനിരക്ക് വളരെയധികം കുറയ്ക്കാനായി. ദിവസം 20,000 രോഗികളുണ്ടാകുമെന്നായിരുന്നു വിലയിരുത്തിയത്. ആ ഘട്ടങ്ങളിലെല്ലാം രോഗികളുടെ എണ്ണം പതിനായിരത്തിനകമാക്കി  പിടിച്ചു നിർത്തി.  ഒരിക്കൽപോലും ആശുപത്രി നിറഞ്ഞ് കവിയുന്ന അവസ്ഥയുണ്ടായില്ല.

ഐസിയുകളിൽ 50 ശതമാനവും വെന്റിലേറ്ററുകളിൽ 15 ശതമാനവും മാത്രമാണ് രോഗികളുള്ളത്. ബ്രേക്ക് ദ ചെയിനും റിവേഴ്‌സ് ക്വാറന്റൈനും ഫലപ്രദമായി നടപ്പിലാക്കി. ഈ മഹാമാരി സമയത്ത് ഏറ്റവുമധികം ജീവൻ രക്ഷിച്ച സംസ്ഥാനമായും കേരളം മാറി. 

വാക്‌സിന്റെ ലഭ്യതയെപ്പറ്റിയും കേന്ദ്ര സംഘവുമായി ചർച്ച നടത്തിയെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ  പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ  ഖോബ്രഗഡെ, എൻച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ എന്നിവരും  കേന്ദ്രസംഘവുമായുള്ള ചർച്ചയിൽ പങ്കെടുത്തു.

സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ 4 ദിവസങ്ങളില്‍; ആരോഗ്യപ്രവർത്തകർക്ക്‌ ശേഷം വിവിധ സേനാംഗങ്ങള്‍ക്ക്‌

തിരുവനന്തപുരം > സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ്-19 വാക്‌സിനേഷന് വേണ്ടിയുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ആദ്യദിനം 8062 ആരോഗ്യ പ്രവര്‍ത്തകരാണ് കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചത്. അവര്‍ക്കാര്‍ക്കും വാക്‌സിന്‍ കൊണ്ടുള്ള പാര്‍ശ്വഫലങ്ങളൊന്നും തന്നെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വാക്‌സിനെ സംബന്ധിച്ചുള്ള ആശങ്കകള്‍ മാറ്റാനായി ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍, ഹൃദയ ശസ്ത്രക്രിയ വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്‍ എടുത്തിരുന്നു. ആദ്യ ദിനത്തിലെ വിജയത്തെ തുടര്‍ന്ന് അതേ രീതിയില്‍ വാക്‌സിനേഷന്‍ തുടരാന്‍ സംസ്ഥാനം തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി എന്നീ 4 ദിവസങ്ങളിലാണ് കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് എടുക്കുന്നത്. ബുധനാഴ്ച കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് ദിവസമായതിനാല്‍ അതിന് തടസം ഉണ്ടാകാതിരിക്കാനാണ് ആ ദിവസം ഒഴിവാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

വരും ദിവസങ്ങളിലും 100 പേരെ വച്ച് 133 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ചില ചെറിയ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയായതിനാല്‍ ജില്ലകളുടെ മേല്‍നോട്ടത്തില്‍ പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതാണ്. തിങ്കളാഴ്ച മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ചൊവ്വാഴ്ച മുതല്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതാണ്. പുല്ലുവിള പ്രാഥമികാരോഗ്യ കേന്ദ്രത്തിലും അഞ്ചുതെങ്ങ് സാമൂഹികാരോഗ്യ കേന്ദ്രത്തിലും ഉടന്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളാരംഭിക്കുന്നതാണ്. തിരുവനന്തപുരം ജില്ലയില്‍ പൂഴനാട്, മണമ്പൂര്‍, വര്‍ക്കല എന്നിവിടങ്ങളിലെ ആശുപത്രികളില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയായിട്ടുണ്ട്.

എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളിലും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങളില്‍ വീതവും ബാക്കി ജില്ലകളില്‍ 9 കേന്ദ്രങ്ങളില്‍ വീതമാണ് വാക്‌സിനേഷന്‍ നടക്കുന്നത്. ചില കേന്ദ്രങ്ങളില്‍ വാക്‌സിന്‍ നല്‍കുന്നവരുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചിലുണ്ടാകാം. മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വരും ദിവസങ്ങളില്‍ എണ്ണം കൂട്ടാനും ഉദ്ദേശിക്കുന്നുണ്ട്.

ഓരോ കേന്ദ്രത്തിലും രാവിലെ 9 മണി മുതല്‍ 5 മണിവരെയാണ് വാക്‌സിന്‍ നല്‍കുക. രജിസ്റ്റര്‍ ചെയ്ത ആളിന് എവിടെയാണ് വാക്‌സിന്‍ എടുക്കാന്‍ പോകേണ്ടതെന്ന എസ്.എം.എസ്. ലഭിക്കും. അതനുസരിച്ചാണ് സമയം നിശ്ചയിച്ച് അവര്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തേണ്ടത്. വാക്‌സിന്‍ എടുത്തു കഴിഞ്ഞാല്‍ 30 മിനിറ്റ് നിര്‍ബന്ധമായും ഒബ്‌സര്‍വേഷനിലിരിക്കണം. അടിയന്തര ചികിത്സയ്ക്കായി എല്ലാ കേന്ദ്രങ്ങളിലും എ.ഇ.എഫ്.ഐ. (Adverse Events Following Immunization) കിറ്റ് ഉണ്ടാകും. ആംബുലന്‍സ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

ഇപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. അവര്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ കോവിഡ് മുന്നണി പോരാളികളായ വിവിധ സേനാംഗങ്ങള്‍, പോലീസുകാര്‍, കോവിഡുമായി സഹകരിച്ച റവന്യൂ വകുപ്പ് ജീവനക്കാര്‍, മുന്‍സിപ്പല്‍ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കുന്നത്. 

No comments:

Post a Comment