Sunday, August 1, 2010

മലബാര്‍ ക്യാന്‍സര്‍ സെന്റര്‍: വീഴ്ച വരുത്തിയത് യുഡിഎഫ് സര്‍ക്കാരെന്ന് മൊഴി

മലബാര്‍ ക്യാന്‍സര്‍ സെന്ററിനുവേണ്ടിയുള്ള ധാരണാപത്രം ആറുമാസത്തിനുശേഷം പുതുക്കാമെന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ധാരണയുണ്ടായിരുന്നെങ്കിലും പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ പുതുക്കിയില്ലെന്ന് എസ്എന്‍സി ലാവ്ലിന്‍ കമ്പനിയുടെ ഡയറക്ടറായിരുന്ന ദിലീപ് രാഹുലന്‍ സിബിഐയുടെ ചോദ്യത്തിനുള്ള മറുപടിയില്‍ വെളിപ്പെടുത്തി. പണം എങ്ങനെ ലഭ്യമാക്കണമെന്നതിനെക്കുറിച്ചും എങ്ങനെ സമാഹരിക്കണമെന്നുമുള്ള വ്യവസ്ഥകള്‍ ആദ്യത്തെ ധാരണപത്രത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. പൂര്‍ണമായ ധാരണപത്രം തയ്യാറാക്കാന്‍ കഴിയാത്തതിനാലാണ് കാലാവധി ആറുമാസമാക്കി ചുരുക്കിയത്.

എസ്എന്‍സി ലാവ്ലിന്‍ കമ്പനിയുടെ ഡയറക്ടറായിരുന്ന ദിലീപ് രാഹുലനെ ചോദ്യംചെയ്തതിന്റെ വിശദാംശങ്ങള്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു. ദുബായിലായിരുന്ന ദിലീപ്രാഹുലനെ ദുബായ് പൊലീസ് സിഐഡി വിഭാഗം മുഖേനയാണ് ചോദ്യംചെയ്തത്.

ദുബായിലെ സ്ഥിരതാമസക്കാരനായ ഇയാള്‍ ഓസ്ട്രേലിയന്‍ പൌരത്വമുള്ളയാളാണെന്നും 10 ചോദ്യങ്ങളടങ്ങുന്ന ചോദ്യാവലി നല്‍കിയാണ് തെളിവെടുത്തതെന്നും സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ലാവ്ലിന്‍ കമ്പനിയുടെ അഭ്യര്‍ഥനപ്രകാരം മലബാര്‍ ക്യാന്‍സര്‍ സെന്ററിന് രണ്ടുദശലക്ഷം കനേഡിയന്‍ ഡോളര്‍ നല്‍കാമെന്ന് സമ്മതിച്ചിരുന്നതായും ദിലീപ് രാഹുലന്‍ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് നവംബര്‍ 10ലേക്കു മാറ്റി.

ക്യാന്‍സര്‍ ആശുപത്രിക്ക് സാമ്പത്തികസഹായം അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ലാവ്ലിന്‍ കമ്പനി തത്വത്തില്‍ അംഗീകരിക്കുകയായിരുന്നുവെന്നും എന്നാല്‍ ധാരണപത്രം പൂര്‍ണമായും തയ്യാറാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും മൊഴിയില്‍ പറയുന്നു. ആശുപത്രിയുടെ വലിപ്പം, ഘടന, സാമ്പത്തികസഹായം സംബന്ധിച്ച വ്യവസ്ഥകള്‍ തുടങ്ങിയ കാര്യങ്ങള്‍ മാത്രമാണ് ധാരണപത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. ആശുപത്രിനിര്‍മാണത്തിന് വേണ്ടിവരുന്ന തുക, കനഡയില്‍നിന്ന് ഏതു തരത്തില്‍ പണം സമാഹരിക്കാമെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ അക്കാലത്ത് ലഭ്യമായിരുന്നില്ല. അതിനാലാണ് സാമ്പത്തികസഹായം സംബന്ധിച്ച വ്യക്തമായ വ്യവസ്ഥകള്‍ ധാരണപത്രത്തില്‍ ഉള്‍ക്കൊള്ളിക്കാതിരുന്നതെന്നും ദിലീപ് രാഹുലന്‍ സിബിഐയ്ക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു. ഇക്കാരണത്താലാണ് ധാരണപത്രത്തിന്റെ കാലാവധി ആറുമാസമായി പരിമിതപ്പെടുത്തിയത്. സര്‍ക്കാരും ലാവ്ലിന്‍ കമ്പനിയുമായി പല കാര്യങ്ങളിലും ധാരണയില്‍ എത്താതിരുന്നതുമൂലം ധാരണപത്രം സമയാസമയം പുതുക്കുകയായിരുന്നു രീതി. തെരഞ്ഞെടുപ്പിനുശേഷം പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ധാരണപത്രം പുതുക്കിയില്ല.

ലാവ്ലിന്‍ കമ്പനിയുടെ ഏഷ്യ, മിഡില്‍ഈസ്റ്റ്, ഇന്ത്യ എന്നീ മേഖലകളുടെ ചുമതലയുള്ള ഡയറക്ടറായിരുന്നു താന്‍. 1995 ആഗസ്ത് 10നും 1998 ഏപ്രില്‍ 28നും ലാവ്ലിന്‍ കമ്പനി സര്‍ക്കാരുമായി ധാരണപത്രം ഒപ്പിട്ടപ്പോള്‍ കമ്പനിയുടെ നിര്‍ദേശപ്രകാരം പ്രസിഡന്റിനെ അനുഗമിക്കുകയും ധാരണപത്രത്തില്‍ സാക്ഷിയായി ഒപ്പുവയ്ക്കുകയും ചെയ്തു. കനേഡിയന്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് ഏജന്‍സിയാണ് മലബാര്‍ ക്യാന്‍സര്‍ സെന്ററിന് സാമ്പത്തികസഹായം വാഗ്ദാനംചെയ്തിരുന്നതെന്നാണ് താന്‍ മനസ്സിലാക്കുന്നത്.

മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ നിര്‍മിക്കുന്നതിനുള്ള കസല്‍ട്ടന്‍സിയായി ടെക്നിക്കാലിയ പ്രൈവറ്റ് ലിമിറ്റഡിനെ നിയോഗിക്കാന്‍ തീരുമാനമെടുത്തത് താനല്ലെന്നും ഇന്ത്യയില്‍ പതിനഞ്ചിലധികം ആശുപത്രിപദ്ധതികള്‍ വിജയകരമായി നടപ്പാക്കിയതു കണക്കിലെടുത്ത് ഊര്‍ജവകുപ്പ് സെക്രട്ടറിയും ലാവ്ലിന്‍ കമ്പനിയുടെ പ്രസിഡന്റും അടങ്ങുന്ന സമിതിയാണ് തീരുമാനമെടുത്തതെന്നും ദിലീപ് രാഹുലന്‍ സിബിഐയ്ക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു. മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ രൂപകല്‍പ്പനയുടെയും നിര്‍മാണത്തിന്റെയും ചുമതല ഇങ്ങനെയാണ് ടെക്നിക്കാലിയ കമ്പനിക്ക് നല്‍കിയത്.

മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ പദ്ധതിക്കായി രണ്ടുദശലക്ഷം കനേഡിയന്‍ ഡോളര്‍ സാമ്പത്തികസഹായം നല്‍കാന്‍ കനേഡിയന്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് ഏജന്‍സി തീരുമാനമെടുത്തത് എസ്എന്‍സി ലാവ്ലിന്‍ കമ്പനിയുടെ ആവശ്യപ്രകാരമാണ്. ഏഷ്യന്‍ രാജ്യങ്ങളുടെ ചുമതലവഹിച്ചിരുന്നതിനാലാണ് താന്‍ ദുബായില്‍ പ്രവര്‍ത്തിച്ചിരുന്നത്. ലാവ്ലിന്‍ കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ ആശയവിനിമയങ്ങളുടെയും രേഖകള്‍ തുടര്‍നടപടികള്‍ക്കായി കമ്പനിക്ക് കൈമാറിയിരുന്നു.

ലാവ്ലിന്‍ കേസില്‍ രണ്ടാം പ്രതിയായ കെ ജി രാജശേഖരന്‍ നായര്‍ക്ക് സോളാര്‍ എന്‍ജിനിയറിങ് കമ്പനിയില്‍ നിയമനം നല്‍കിയിരുന്നു. കേരളത്തില്‍നിന്ന് നിരവധിയാളുകള്‍ക്ക് കമ്പനി തൊഴില്‍ നല്‍കിയിട്ടുണ്ട്. ധനകാര്യവിദഗ്ധന്‍ എന്ന നിലയിലാണ് രാജശേഖരന്‍ നായര്‍ക്ക് നിയമനം നല്‍കിയത്. അക്കൌണ്ടന്റായി നിയമിച്ച് പ്രത്യേക പദ്ധതികളുടെ ചുമതലയാണ് നല്‍കിയിരുന്നത്.പിന്നീട് സൂരജ് നായര്‍ക്കും ദുബായില്‍ പബ്ളിക് കട്രോള്‍ ആന്‍ഡ് ഡോക്കുമെന്റേഷന്‍ വിഭാഗത്തില്‍ ക്ളര്‍ക്കായി നിയമനം നല്‍കി. ലാവ്ലിന്‍ കമ്പനിയിലെ തന്റെ ഉദ്യോഗം 2001ല്‍ അവസാനിച്ചതിനാല്‍ എസ്എന്‍സി ലാവ്ലിന്‍ കരാറുമായി ബന്ധപ്പെട്ട ഫയലുകളൊന്നും തന്റെ പക്കല്‍ ഇല്ലെന്നും മൊഴിയില്‍ പറയുന്നു.

ദേശാഭിമാനി 01082010

1 comment:

  1. മലബാര്‍ ക്യാന്‍സര്‍ സെന്ററിനുവേണ്ടിയുള്ള ധാരണാപത്രം ആറുമാസത്തിനുശേഷം പുതുക്കാമെന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ധാരണയുണ്ടായിരുന്നെങ്കിലും പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ പുതുക്കിയില്ലെന്ന് എസ്എന്‍സി ലാവ്ലിന്‍ കമ്പനിയുടെ ഡയറക്ടറായിരുന്ന ദിലീപ് രാഹുലന്‍ സിബിഐയുടെ ചോദ്യത്തിനുള്ള മറുപടിയില്‍ വെളിപ്പെടുത്തി. പണം എങ്ങനെ ലഭ്യമാക്കണമെന്നതിനെക്കുറിച്ചും എങ്ങനെ സമാഹരിക്കണമെന്നുമുള്ള വ്യവസ്ഥകള്‍ ആദ്യത്തെ ധാരണപത്രത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. പൂര്‍ണമായ ധാരണപത്രം തയ്യാറാക്കാന്‍ കഴിയാത്തതിനാലാണ് കാലാവധി ആറുമാസമാക്കി ചുരുക്കിയത്.

    ReplyDelete