ലോട്ടറി മാഫിയയും കേന്ദ്രമന്ത്രി ചിദംബരവും തമ്മിലുളള ബന്ധത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് വിശദീകരിച്ചേ തീരൂ. തനിക്കറിയില്ല എന്ന ന്യായം ചെലവാകില്ല. അറിയുന്നത് പറയാന്‍ അദ്ദേഹം മടിക്കുകയാണ്. പ്രഗത്ഭ വക്കീലെന്ന് എന്ന് ഉമ്മന്‍ചാണ്ടി വിശേഷിപ്പിക്കുന്ന ചിദംബരം ലോട്ടറി മാഫിയയ്ക്കു വേണ്ടി വക്കാലത്തെടുത്തത് അദ്ദേഹം എങ്ങനെ മറന്നുപോയി? യുഡിഎഫ് സര്‍ക്കാര്‍ പാസാക്കിയ ലോട്ടറി ചട്ടങ്ങള്‍ക്കെതിരെ ഉന്നതനായ കോണ്‍ഗ്രസ് നേതാവ് കേരള ഹൈക്കോടതിയില്‍ വാദിക്കാനെത്തിയ കാര്യം ഉമ്മന്‍ചാണ്ടിയെപ്പോലൊരാള്‍ അറിഞ്ഞില്ലെന്ന് വാദിക്കുന്നത് എത്ര പരിഹാസ്യമാണ്! ഓണ്‍ലൈന്‍ ലോട്ടറിക്കെതിരെ ചട്ടത്തില്‍ വരുത്തിയ ഭേദഗതി അതിരുകവിഞ്ഞതാണ് എന്നു പറഞ്ഞ് ലോട്ടറി മാഫിയ നല്‍കിയ കേസില്‍ വാദിക്കാനാണ് അദ്ദേഹം അന്നെത്തിയത്. കേരള ഹൈക്കോടതിയില്‍ തോറ്റ വാദമാണ്, കേന്ദ്ര ആഭ്യന്തര മന്ത്രിയായപ്പോള്‍ പുതിയ ലോട്ടറി ചട്ടമായി പ്രഖ്യാപിച്ചിരിക്കുന്നത്.
ചിദംബരം മാത്രമല്ല, അദ്ദേഹത്തിന്റെ ഭാര്യ നളിനി ചിദംബരവും ലോട്ടറി മാഫിയയ്ക്കു വേണ്ടി ഒട്ടേറെ തവണ ഹൈക്കോടതിയിലും സുപ്രിം കോടതിയിലും ഹാജരായിട്ടുണ്ട്. ഒരു തവണ മാത്രമേ അവര്‍ ഹാജരായിട്ടുളളൂവെന്നാണ് ഉമ്മന്‍ചാണ്ടി നിയമസഭയില്‍ വാദിച്ചത്. നളിനി ചിദംബരം ലോട്ടറി മാഫിയയ്ക്കു വേണ്ടി നാലുതവണ ഹാജരായത് വെളിപ്പെടുത്തുന്ന വിധിപ്പകര്‍പ്പുകള്‍ എന്റെ കൈവശമുണ്ടായിരുന്നു. ഞാനത് സഭയില്‍ പ്രസ്താവിക്കുകയും ചെയ്തു. ഈ സത്യം അംഗീകരിക്കാന്‍ ഉമ്മന്‍ചാണ്ടിയ്ക്കുളള ജാള്യം ഞങ്ങള്‍ക്ക് മനസിലാകും.
പുതിയ ചട്ടം നമ്മുടെ നിയമത്തെ ത്രിശങ്കുവിലാക്കിയിരിക്കുന്നു. നമ്മുടെ നിയമപ്രകാരം ഓണ്‍ലൈന്‍ ലോട്ടറിയും പേപ്പര്‍ ലോട്ടറിയും രണ്ടാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ഓണ്‍ലൈന്‍ ലോട്ടറി നിരോധിച്ച് പേപ്പര്‍ ലോട്ടറി നിലനിര്‍ത്താന്‍ നമുക്കായത്. പുതിയ ചട്ടം നമ്മുടെ നിലപാടിന്റെ ആണിക്കല്ലിളക്കിയിരിക്കുകയാണ്.
കേരളനിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ ലോട്ടറി സംസ്ഥാനത്ത് നിരോധിച്ചിരിക്കുകയാണ്. ഇതിനെതിരെ ലോട്ടറി മാഫിയ നല്‍കിയ കേസ് ചീഫ് ജസ്റിസ് വി കെ ബാലിയുടെ ബഞ്ച് തളളി. എന്തുകൊണ്ട് ലോട്ടറി നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഓണ്‍ലൈന്‍ ലോട്ടറി ലോട്ടറിയായി കണക്കാക്കാനാവില്ല എന്ന് വിധിന്യായത്തില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.
deshabhimani 01082010
No comments:
Post a Comment