Saturday, December 18, 2010

ഹിന്ദുത്വഭീകരത: രാഹുല്‍ പ്രസ്താവന തിരുത്തി

ഹിന്ദുത്വഭീകരതയാണ് ഇന്ത്യക്ക് ഏറ്റവും ഭീഷണിയെന്ന രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം വിക്കിലീക്സ് വെളിപ്പെടുത്തിയതോടെ കോണ്‍ഗ്രസ് നേതൃത്വം പ്രതിസന്ധിയിലായി. എക്കാലത്തും മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുകയും അതിനായി പലപ്പോഴും മുതിര്‍ന്ന നേതാക്കളെയടക്കം തള്ളിപ്പറയുകയും ചെയ്ത കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ എങ്ങനെ ന്യായീകരിക്കുമെന്നറിയാതെ കുഴങ്ങുകയാണ്. വിക്കിലീക്സ് വെളിപ്പെടുത്തല്‍ ഹിന്ദുവോട്ടു ബാങ്കില്‍ ചോര്‍ച്ചയുണ്ടാക്കുമെന്നു ഭയന്ന് തന്റെ അഭിപ്രായപ്രകടനത്തില്‍ വെള്ളംചേര്‍ത്ത് രാഹുല്‍ ഗാന്ധി തന്നെ പ്രസ്താവനയിറക്കി.

ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി തിമോത്തി റോമറുമായുള്ള ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശങ്ങളാണ് രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും വെട്ടിലാക്കിയത്. ലഷ്കര്‍ ഇ തോയ്ബ അടക്കമുള്ള സംഘടനകളേക്കാള്‍ ഭീഷണി ഹിന്ദുവര്‍ഗീയവാദ സംഘടനകളാണെന്നാണ് രാഹുല്‍ പറഞ്ഞത്. വിക്കിലീക്സിന്റെ വെളിപ്പെടുത്തലിനു പിന്നാലെ സംഘപരിവാര്‍ സംഘടനകള്‍ ശക്തമായ വിമര്‍ശവുമായി രംഗത്തിറങ്ങിയപ്പോഴാണ് രാഹുല്‍ഗാന്ധി തന്റെ നിലപാട് എഐസിസി ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി വഴി പുറത്തിറക്കിയ പ്രസ്താവനയിലൂടെ തിരുത്തിയത്. എല്ലാ തരത്തിലുമുള്ള തീവ്രവാദവും വര്‍ഗീയതയും ഇന്ത്യക്ക് ഭീഷണിയാണെന്ന നിലപാടാണ് രാഹുല്‍ ഗാന്ധിക്കുള്ളതെന്ന് ഈ പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷം ജൂലൈയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ വസതിയില്‍ നടന്ന ഉച്ചവിരുന്നിനിടെയാണ് ലഷ്കറിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് രാഹുല്‍ ഗാന്ധിയോട് അമേരിക്കന്‍ സ്ഥാനപതി ആരാഞ്ഞത്. ലഷ്കറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുസ്ളിംസമുദായത്തില്‍നിന്ന് സഹായം കിട്ടുന്നുണ്ടെന്നും എന്നാല്‍, ഹിന്ദുത്വ ഭീകരതയുടെ വളര്‍ച്ചയാണ് ഇതിനേക്കാള്‍ ഭീഷണി ഉയര്‍ത്തുന്നതെന്നുമാണ് രാഹുല്‍ ഗാന്ധി മറുപടി നല്‍കിയത്. മുസ്ളിം സമൂഹവുമായി മതപരവും രാഷ്ട്രീയവുമായ സംഘര്‍ഷങ്ങളുണ്ടാക്കാന്‍ ഹിന്ദുത്വഭീകരര്‍ പദ്ധതിയിടുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു.

വിക്കിലീക്സ് ചോര്‍ത്തിയ ഡല്‍ഹിയില്‍ നിന്നയച്ച നാലായിരത്തോളം നയതന്ത്ര രേഖയിലൊന്നാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശമുള്ളത്. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം നിരുത്തരവാദപരമാണെന്നും തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ പേരാട്ടത്തെ ദുര്‍ബലപ്പെടുത്തുമെന്നും ബിജെപി പ്രതികരിച്ചു. ഹൈന്ദവ ഭീകരതയെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍ അത് പാര്‍ലമെന്റിലാണ് പറയേണ്ടിയിരുന്നതെന്നും രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെക്കുറിച്ചുള്ള അജ്ഞതയാണ് ഈ സംഭവം വെളിവാക്കുന്നതെന്നും ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
(വിജേഷ് ചൂടല്‍)

ദേശാഭിമാനി 181210

1 comment:

  1. ഹിന്ദുത്വഭീകരതയാണ് ഇന്ത്യക്ക് ഏറ്റവും ഭീഷണിയെന്ന രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം വിക്കിലീക്സ് വെളിപ്പെടുത്തിയതോടെ കോണ്‍ഗ്രസ് നേതൃത്വം പ്രതിസന്ധിയിലായി. എക്കാലത്തും മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുകയും അതിനായി പലപ്പോഴും മുതിര്‍ന്ന നേതാക്കളെയടക്കം തള്ളിപ്പറയുകയും ചെയ്ത കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ എങ്ങനെ ന്യായീകരിക്കുമെന്നറിയാതെ കുഴങ്ങുകയാണ്. വിക്കിലീക്സ് വെളിപ്പെടുത്തല്‍ ഹിന്ദുവോട്ടു ബാങ്കില്‍ ചോര്‍ച്ചയുണ്ടാക്കുമെന്നു ഭയന്ന് തന്റെ അഭിപ്രായപ്രകടനത്തില്‍ വെള്ളംചേര്‍ത്ത് രാഹുല്‍ ഗാന്ധി തന്നെ പ്രസ്താവനയിറക്കി.

    ReplyDelete