Sunday, January 16, 2011

അധികാരത്തിലിരുന്നപ്പോള്‍ വിഴുപ്പലക്കല്‍ ദുരന്തഭൂമിയില്‍ രാഷ്ട്രീയനാടകം

അധികാരത്തിലിരിക്കുമ്പോള്‍ നിയമനത്തിന്റെയും പദ്ധതിനടത്തിപ്പിന്റെയും മറവിലുള്ള വീതംവയ്പിനെച്ചൊല്ലി വിഴുപ്പലക്കിയ യുഡിഎഫ് നേതാക്കള്‍ രാജ്യത്തെ നടുക്കിയ ദുരന്തഭൂമിയില്‍ രാഷ്ട്രീയനാടകമാടി. യുഡിഎഫ് ഭരണത്തിലാണ് ദേവസ്വംബോര്‍ഡും സര്‍ക്കാരും വികസനപദ്ധതികളുടെയും നിയമനങ്ങളുടെയും പേരില്‍ ഏറ്റുമുട്ടിയത്. കോണ്‍ഗ്രസുകാരായ ദേവസ്വംമന്ത്രിയും ദേവസ്വംബോര്‍ഡ് പ്രസിഡന്റും അന്യോന്യം ആരോപണങ്ങളുമായി തമ്മിലടിക്കുന്നതിനിടയില്‍ തിരുപ്പതി കഴിഞ്ഞാല്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീര്‍ഥാടനകേന്ദ്രമായ ശബരിമലയുടെ വികസനം അട്ടിമറിക്കപ്പെട്ടു.

ദുരന്തഭൂമിയിലെത്തിയ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും സംഭവം എല്‍ഡിഎഫ് സര്‍ക്കാരിന്റെ വീഴ്ചയാണെന്നു വരുത്താന്‍ പാടുപെട്ടു. ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമാണ് ശബരിമലയിലെ വികസനപദ്ധതികള്‍ നീണ്ടുപോയതിലെ മുഖ്യ കുറ്റവാളികള്‍. ശബരിമല ദേശീയ തീര്‍ഥാടനകേന്ദ്രമാക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ബിജെപി നേതാവ് ഒ രാജഗോപാല്‍ കേന്ദ്രമന്ത്രിയായിരിക്കെ ശബരിമല ദേശീയതീര്‍ഥാടനകേന്ദ്രമാക്കിയെന്ന് പ്രഖ്യാപിച്ചിരുന്നു. അന്ന് ലോക്സഭാംഗമായിരുന്ന ചെന്നിത്തലയുടെ വകയുമുണ്ടായി വാഗ്ദാനങ്ങള്‍. ദേശീയതീര്‍ഥാടനകേന്ദ്രമാക്കിയതിനാല്‍ വര്‍ഷംതോറും വലിയ തോതില്‍ കേന്ദ്രസഹായവും കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തില്‍നിന്ന് വര്‍ഷം ഒരു കോടി രൂപ വീതവും കിട്ടുമെന്നായിരുന്നു അതിലൊന്ന്. എന്നാല്‍, ഇക്കാര്യത്തില്‍ ഒരു തുടര്‍നടപടിയുമുണ്ടായില്ല. പറഞ്ഞത് പതിവുപോലെ ചെന്നിത്തല മറന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ ആവശ്യം പലവട്ടം ഉന്നയിച്ചു. സംസ്ഥാനത്തുനിന്ന് കേന്ദ്രമന്ത്രിമാര്‍ പലരുണ്ടായിട്ടും ചെറുവിരലനക്കിയില്ല.

പമ്പാ ആക്ഷന്‍ പ്ളാനിനും യുഡിഎഫ് ഭരണത്തില്‍ ദുര്‍ഗതിയായിരുന്നു. പദ്ധതിപ്രകാരം 18 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ ആദ്യം അനുവദിച്ചിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് ആ പണം നഷ്ടമാക്കിയത്. 50 വര്‍ഷത്തെ വികസനം ലക്ഷ്യമാക്കി മാസ്റര്‍പ്ളാന്‍ തയ്യാറാക്കാന്‍ എക്കോസ്മാര്‍ട്ടിനെ ചുമതലപ്പെടുത്തിയെങ്കിലു വൈകാതെ ദേവസ്വംമന്ത്രിയായിരുന്ന കെ സി വേണുഗോപാലും ദേവസ്വംബോര്‍ഡ് പ്രസിഡന്റ് രാമന്‍നായരും ഏറ്റുമുട്ടി. ഡല്‍ഹിയിലെ ഒരു കമ്പനിക്ക് ബിഒടി വ്യവസ്ഥയില്‍ ശബരിമല വികസനത്തിന് 1000 കോടിയുടെ കരാര്‍ നല്‍കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രമിച്ചതും ദേവസ്വംബോര്‍ഡ് ഇതിനെതിരെ രംഗത്തുവന്നതും കേരളം മറന്നെന്ന മട്ടിലാണ് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ശനിയാഴ്ച ആക്ഷേപമുന്നയിച്ചത്. പ്രോജക്ട് റിപ്പോര്‍ട്ടുണ്ടാക്കാന്‍ ഈ കമ്പനിക്ക് 60 ലക്ഷം നല്‍കാനുള്ള സര്‍ക്കാരിന്റെ ആവശ്യം ദേവസ്വം ബോര്‍ഡ് തള്ളിയതും സംസ്ഥാന ബജറ്റില്‍ ഈ പണം വകയിരുത്തിയതും അന്ന് വലിയ ചര്‍ച്ചയായിരുന്നു. തര്‍ക്കം നീണ്ടതോടെ ശബരിമലവികസനം അട്ടിമറിക്കപ്പെട്ടു. അടിസ്ഥാനസൌകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍പോലും യുഡിഎഫ് സര്‍ക്കാരിനു കഴിഞ്ഞില്ല.

വികസനപദ്ധതിയുടെ ഭാഗമായി നിലയ്ക്കലില്‍ വനഭൂമി വിട്ടുകിട്ടുന്നതിനുപകരം നല്‍കാന്‍ ദേവസ്വംബോര്‍ഡിനെക്കൊണ്ട് ഭൂമി വിലയ്ക്കെടുപ്പിക്കാനുള്ള നീക്കവും യുഡിഎഫ് ഭരണത്തിലാണ് അരങ്ങേറിയത്. വിവിധ കേന്ദ്രങ്ങളില്‍നിന്നുണ്ടായ എതിര്‍പ്പുമൂലം ഇത് നടന്നില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷമാണ് ഇതുസംബന്ധിച്ച നടപടി പൂര്‍ത്തീകരിക്കുന്നത്. ദേവസ്വംബോര്‍ഡിനെക്കൊണ്ട് ഭൂമി വാങ്ങിക്കുന്നതിനു പകരം കമ്പക്കലില്‍ സര്‍ക്കാര്‍ഭൂമി വിട്ടുകൊടുത്തു. ദേവസ്വംമന്ത്രിയായിരുന്ന ജി സുധാകരന്റെ ശക്തമായ ഇടപെടലിന്റെകൂടി ഫലമായിരുന്നു ഇത്. ബോര്‍ഡിലെ നിയമനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതും ബോര്‍ഡ് അത് തള്ളിയതും ഒക്കെയായിരുന്നു യുഡിഎഫ് കാലത്തെ വിശേഷങ്ങള്‍. ഇതൊക്കെ മറന്നാണ് യുഡിഎഫ് നേതാക്കളുടെ മുതലക്കണ്ണീര്‍.

ശബരിമല മാസ്റര്‍ പ്ളാന്‍ : പദ്ധതി വൈകിപ്പിച്ചത് യുഡിഎഫ്

തീര്‍ഥാടകരുടെ സുരക്ഷ പൂര്‍ണമായും ഉറപ്പുവരുത്തുന്ന ശബരിമല മാസ്റര്‍ പ്ളാന്‍ സമയബന്ധിതമായി നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരും അന്ന് നിയമിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയും. പദ്ധതി സമയബന്ധിതമായി ഏറ്റെടുക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതില്‍ കേന്ദ്ര സര്‍ക്കാരും പരാജയപ്പെട്ടു. 500 കോടി രൂപയുടെ സമഗ്രപദ്ധതിക്ക് ഒരുവിധ ധനസഹായവും കേന്ദ്രം അനുവദിച്ചില്ല. മാസ്റര്‍ പ്ളാന്‍ നടപ്പാക്കുന്ന വനഭൂമിക്ക് പകരം ഭൂമി വനവല്‍ക്കരണത്തിന് ലഭ്യമാക്കണമെന്ന് പദ്ധതി അംഗീകരിക്കുമ്പോള്‍ കേന്ദ്രം വ്യവസ്ഥവച്ചു. ഇത് പാലിക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാരും അന്നത്തെ ദേവസ്വം ബോര്‍ഡും കാട്ടിയ അനാസ്ഥ പദ്ധതി അട്ടിമറിക്കപ്പെടുമെന്ന ആശങ്കയുയര്‍ത്തി. എല്‍ഡിഎഫ് സര്‍ക്കാര്‍ ചുമതലയേറ്റശേഷം പദ്ധതി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയപ്പോള്‍ യുഡിഎഫ് ഭരണത്തില്‍ നിയമിച്ച ദേവസ്വം ബോര്‍ഡ് ഭരണസമിതി നടത്തിയ അട്ടിമറിശ്രമങ്ങള്‍ ഹൈക്കോടതി ഇടപെടലില്‍വരെയെത്തി.

2004ല്‍ വി കെ മല്‍ഹോത്ര ചെയര്‍മാനായ പാര്‍ലമെന്റിന്റെ പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റിയാണ് ശബരിമല മാസ്റര്‍ പ്ളാന്‍ തയ്യാറാക്കാന്‍ ശുപാര്‍ശ ചെയ്യുന്നത്. അതേവര്‍ഷം ജൂലൈ 26ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ സെക്രട്ടറി പമ്പയിലെത്തി മാസ്റര്‍ പ്ളാന്‍ തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടും ദേവസ്വം ബോര്‍ഡിനോടും നിര്‍ദേശിച്ചു. ചീഫ് സെക്രട്ടറി ചെയര്‍മാനായി സമിതിയെ ഇതിനായി നിയോഗിച്ചു. ഡല്‍ഹിയിലെ ഐഎല്‍ ആന്‍ഡ് എഫ്എസ് എക്കോ സ്മാര്‍ട്ട് കമ്പനി പ്ളാന്‍ തയ്യാറാക്കി. നിലയ്ക്കലില്‍ 110ഉം സന്നിധാനത്ത് 12.65 ഹെക്ടര്‍ഭൂമി പദ്ധതിക്ക് വേണം. പകരം 315 ഏക്കര്‍ ഭൂമി വനവല്‍ക്കരണത്തിന് ലഭ്യമാക്കണമെന്ന വ്യവസ്ഥയോടെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പദ്ധതി അംഗീകരിച്ചു. സംസ്ഥാന സര്‍ക്കാര്‍ പകരം ഭൂമി നല്‍കാന്‍ നടപടി സ്വീകരിച്ചില്ല. പദ്ധതിക്കായി പണവുംനീക്കിവച്ചില്ല.

ഇതിനിടെ ദേവസ്വം ബോര്‍ഡ് വനം വകുപ്പുമായും എക്കോ സ്മാര്‍ട്ട് കമ്പനിയുമായും തര്‍ക്കത്തിലായി. ഇതോടെ പദ്ധതി അനിശ്ചിതത്വത്തിലായി. തുടര്‍ന്ന് അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതിയുമായി അതിവേഗം മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. എക്കോ സ്മാര്‍ട്ട് കമ്പനിയുമായി അന്നത്തെ ദേവസ്വംമന്ത്രി ജി സുധാകരന്‍ നേരിട്ട് ചര്‍ച്ച നടത്തി. അനാവശ്യ തര്‍ക്കം ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടു. വനംവകുപ്പും പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ രംഗത്തെത്തി. 2006 സെപ്തംബര്‍ 11ന് 122.67 ഹെക്ടര്‍ വനഭൂമി ദേവസ്വം ബോര്‍ഡിന് കൈമാറി. പകരം ഇടുക്കി കമ്പക്കല്ലില്‍ 305 ഏക്കര്‍ ഭൂമി വനംവകുപ്പിന് അനുവദിച്ചു. 2007 മെയ് മൂന്നിന് മന്ത്രിസഭ പദ്ധതി നടത്തിപ്പിന് അംഗീകാരം നല്‍കി. ജി രാമന്‍നായര്‍ ചെയര്‍മാനായ ദേവസ്വം ബോര്‍ഡ് സര്‍ക്കാര്‍ നടപടികളെ അട്ടിമറിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഹൈക്കോടതി പ്രശ്നത്തില്‍ ഇടപെട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായി ഉന്നതാധികാരസമിതിയെ നിര്‍വഹണ ചുമതലയേല്‍പ്പിച്ചു. ധനസമാഹരണത്തിന് ശബരിമല മാസ്റര്‍ പ്ളാന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് ട്രസ്റും പ്രവര്‍ത്തനം തുടങ്ങി. പദ്ധതിയിലെ ഹ്രസ്വകാലപ്രവര്‍ത്തനങ്ങളെല്ലാം ദ്രുതഗതിയില്‍ ആരംഭിച്ചു.

കേരളത്തിന്റെ ആവശ്യത്തോട് കേന്ദ്രം മുഖംതിരിച്ചു

ശബരിമലയെ അന്താരാഷ്ട്ര തീര്‍ഥാടന പഠനകേന്ദ്രമായി അംഗീകരിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത് പുല്ലുവില. എല്‍ഡിഎഫ് സര്‍ക്കാര്‍ ചുമതലയേറ്റശേഷം ആവശ്യം ഉന്നയിച്ച് അഞ്ചുതവണ കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. മതേതര കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുന്ന ഈ തീര്‍ഥാടനകേന്ദ്രത്തിലേക്ക് അന്യസംസ്ഥാനങ്ങളില്‍നിന്നും രാജ്യത്തിനുപുറത്തുനിന്നും ഓരോവര്‍ഷവും ലക്ഷക്കണക്കിന് ഭക്തരാണ് എത്തുന്നത്. ഇവരുടെയെല്ലാം സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ സൌകര്യങ്ങള്‍ ഒരുക്കുന്നതിനും കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടവും സഹായവും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനം ആവശ്യം ഉന്നയിച്ചത്. പ്രഖ്യാപനം വന്നുകഴിഞ്ഞാല്‍ ശബരിമലയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൌകര്യങ്ങളില്‍ കേന്ദ്രസഹായവും ലഭ്യമാകും. കേന്ദ്ര ഏജന്‍സികളുടെ പങ്കാളിത്തം ഉറപ്പാകും. ശബരിമല മാസ്റര്‍ പ്ളാന്‍ അടക്കമുള്ള പദ്ധതികള്‍ക്ക് കേന്ദ്ര ബജറ്റില്‍ സ്വാഭാവിക വകയിരുത്തല്‍ ഉണ്ടാകും. സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കുന്നതിന് കേന്ദ്രസേനകളുടെ പരിപൂര്‍ണസഹായം ലഭ്യമാകും. കാടിനുള്ളില്‍വരെ സുരക്ഷാ സേനയുടെ വിന്യാസം ഉറപ്പാകും.

പിഎസി നിര്‍ദേശം കേന്ദ്രം അവഗണിച്ചു

ന്യൂഡല്‍ഹി: ശബരിമലയെ ദേശീയ തീര്‍ഥാടനകേന്ദ്രമാക്കണമെന്ന പാര്‍ലമെന്റിന്റെ പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റിയുടെ നിര്‍ദേശം യുപിഎ സര്‍ക്കാര്‍ അവഗണിച്ചു. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് കോടിക്കണക്കിന് തീര്‍ഥാടകര്‍ എത്തുന്ന ശബരിമലയെ ദേശീയ തീര്‍ഥാടനകേന്ദ്രമായി പ്രഖ്യാപിക്കണം എന്നതടക്കമുള്ള പിഎസി മുന്നോട്ടുവച്ച നിര്‍ദേശങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളഞ്ഞത്. സന്നിധാനം ഉള്‍പ്പെടുന്ന 500 ഏക്കര്‍ പ്രദേശം പെരിയാര്‍ വന്യജീവി സംരക്ഷണകേന്ദ്രത്തില്‍നിന്ന് മാറ്റുക, ശബരിമലയുടെ വികസനത്തിന് പ്രധാനമന്ത്രി മുന്‍കൈയെടുത്ത് ദേശീയതലത്തില്‍ സമിതി രൂപീകരിക്കുക, വൈഷ്ണോദേവി-തിരുപ്പതി മാതൃകയില്‍ ശബരിമലയെ വികസിപ്പിക്കുന്നതിന് കേന്ദ്രം മുന്‍കൈയെടുക്കുക എന്നീ നിര്‍ദേശങ്ങളാണ് ആറുവര്‍ഷംമുമ്പ് പിഎസി പ്രധാനമായും മുന്നോട്ടുവച്ചത്.

എല്ലാ പ്രധാന രാഷ്ട്രീയപാര്‍ടിയുടെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റി 2005 നവംബറിലാണ് ശബരിമലവികസനത്തിന് വിവിധ നിര്‍ദേശമടങ്ങുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ശബരിമല മാസ്റര്‍പ്ളാന്‍ നടപ്പാക്കുന്നതിന് കേന്ദ്രസഹായം ഉറപ്പുവരുത്തുക, ശബരിമലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യത്തിന് വനഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറാവുക തുടങ്ങിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതില്‍ ഒന്നുപോലും കേന്ദ്രം നടപ്പാക്കിയില്ല. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം മാസ്റര്‍പ്ളാന്‍ നടപ്പാക്കുന്നതിന് തടസ്സംനില്‍ക്കുകയായിരുന്നു.

വി കെ മല്‍ഹോത്ര അധ്യക്ഷനായ സമിതി 2004 ജനുവരി 13ന് ശബരിമല സന്ദര്‍ശിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ശബരിമല പെരിയാര്‍ കടുവാസങ്കേതത്തില്‍ വരുന്നതിനാല്‍ കര്‍ക്കശമായ വനനിയമങ്ങള്‍ വികസനത്തിന് തടസ്സമാവുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചുരുങ്ങിയ സമയത്ത് ഇത്രയധികം തീര്‍ഥാടകര്‍ ഒത്തുചേരുന്ന കേന്ദ്രം ശബരിമലയല്ലാതെ മറ്റൊന്ന് ഉണ്ടാകില്ല. തിരക്ക് കുറയ്ക്കുന്നതിന് മാര്‍ഗങ്ങള്‍ അടിയന്തരമായി ആരായണം. അതല്ലെങ്കില്‍ വലിയ ദുരന്തങ്ങള്‍ക്ക് സാധ്യതയുണ്ട്. ഭാവിയില്‍ ഭക്തജനങ്ങളുടെ എണ്ണത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നതടക്കമുള്ള മാര്‍ഗങ്ങള്‍ ആരായണം. മകരജ്യോതിദിനത്തില്‍ വലിയ തിരക്ക് ഒഴിവാക്കുന്നതിന് സന്നിധാനത്തിനുപുറമെ ജ്യോതിദര്‍ശനത്തിന് മറ്റ് കേന്ദ്രങ്ങള്‍കൂടി വികസിപ്പിക്കുന്നതിനുള്ള സാധ്യത ആരായണം. ഹ്രസ്വ- ദീര്‍ഘകാല വികസനം ലക്ഷ്യമിട്ടുള്ള മാസ്റര്‍പ്ളാനിന് കേന്ദ്രസഹായം ഉറപ്പുവരുത്തണം. ദേശീയ തീര്‍ഥാടനകേന്ദ്രമായി ശബരിമലയെയും പ്രഖ്യാപിക്കണം. പെരിയാര്‍ വന്യജീവി കേന്ദ്രത്തില്‍നിന്ന് ശബരിമലയെ അടര്‍ത്തിമാറ്റണം. കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ദേശീയതലത്തില്‍ സമിതി വരണം. ഈ സമിതിയില്‍ സംസ്ഥാനസര്‍ക്കാരിനെയും ദേവസ്വംബോര്‍ഡിനെയുമൊക്കെ ഉള്‍പ്പെടുത്തണം. നേരത്തെ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച പ്രാഥമികറിപ്പോര്‍ട്ടില്‍ ഈ നിര്‍ദേശങ്ങള്‍ വച്ചെങ്കിലും കേന്ദ്രം വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. ഇത് അങ്ങേയറ്റം അപലപനീയമാണെന്നും പിഎസി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
(എം പ്രശാന്ത്)

പുല്ലുമേട് ദുരന്തം: കേരളത്തിലെയും കര്‍ണാടകയിലെയും നേതാക്കള്‍ക്ക് ഒരേസ്വരം

കുമളി: പുല്ലുമേട് ദുരന്തത്തില്‍ അനുശോചനം അറിയിച്ചെത്തിയ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും കര്‍ണാടകയിലെ ബിജെപി മന്ത്രിമാര്‍ക്കും ഒരേസ്വരം. ആകസ്മികമായുണ്ടായ അപകടത്തില്‍ സര്‍വസന്നാഹങ്ങളുമുപയോഗിച്ച് രക്ഷാപ്രവര്‍ത്തനവും ഇതരനടപടികളും പൂര്‍ത്തിയാക്കി മൃതദേഹം ഉറ്റവര്‍ക്ക് കൈമാറിയ എല്‍ഡിഎഫ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് ഇരുകൂട്ടരും ശ്രമിച്ചത്. ദുരന്തത്തിനിരയായവര്‍ക്ക് നഷ്ടപരിഹാരം കുറഞ്ഞെന്നും കെപിസിസി പ്രസിഡന്റ് രമേശ്ചെന്നിത്തലയും പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും കുറ്റപ്പെടുത്തിയപ്പോള്‍ അപകടത്തിന് കാരണം കേരളത്തിന്റെ ജാഗ്രതകുറവാണെന്നായിരുന്നു കര്‍ണാടക മന്ത്രിമാരുടെ പ്രതികരണം. ദുരന്തവാര്‍ത്തയറിഞ്ഞ് കുമളിയിലെത്തിയ ഊര്‍ജമന്ത്രി ശോഭകരന്തലരു, കൃഷിമന്ത്രി ഉമേഷ്കട്ടി എന്നിവരാണ് സര്‍ക്കാരിനെ വിമര്‍ശിച്ചത്. രാജ്യം മുഴുവന്‍ സഹതപിച്ച ദുരന്തത്തില്‍ രാഷ്ട്രീയലാഭം നോക്കുന്ന നേതാക്കളുടെ പ്രവര്‍ത്തി കളെ നാട്ടുകാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

ദേശാഭിമാനി 160111

1 comment:

  1. അധികാരത്തിലിരിക്കുമ്പോള്‍ നിയമനത്തിന്റെയും പദ്ധതിനടത്തിപ്പിന്റെയും മറവിലുള്ള വീതംവയ്പിനെച്ചൊല്ലി വിഴുപ്പലക്കിയ യുഡിഎഫ് നേതാക്കള്‍ രാജ്യത്തെ നടുക്കിയ ദുരന്തഭൂമിയില്‍ രാഷ്ട്രീയനാടകമാടി. യുഡിഎഫ് ഭരണത്തിലാണ് ദേവസ്വംബോര്‍ഡും സര്‍ക്കാരും വികസനപദ്ധതികളുടെയും നിയമനങ്ങളുടെയും പേരില്‍ ഏറ്റുമുട്ടിയത്. കോണ്‍ഗ്രസുകാരായ ദേവസ്വംമന്ത്രിയും ദേവസ്വംബോര്‍ഡ് പ്രസിഡന്റും അന്യോന്യം ആരോപണങ്ങളുമായി തമ്മിലടിക്കുന്നതിനിടയില്‍ തിരുപ്പതി കഴിഞ്ഞാല്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീര്‍ഥാടനകേന്ദ്രമായ ശബരിമലയുടെ വികസനം അട്ടിമറിക്കപ്പെട്ടു.

    ReplyDelete