2ജി സ്പെക്ട്രം ഇടപാടില്‍ കേന്ദ്ര ഖജനാവിന് ഒരു രൂപപോലും നഷ്ടം വന്നിട്ടില്ലെന്ന കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി കപില്‍ സിബലിന്റെ വെളിപ്പെടുത്തല്‍ രാഷ്ട്രീയകേന്ദ്രങ്ങളില്‍ അത്ഭുതം സൃഷ്ടിച്ചിരിക്കുന്നു. ഇത് കേന്ദ്രമന്ത്രിയുടെ അഭിപ്രായം മാത്രമല്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ കൂട്ടായ തീരുമാനമാണെന്നും സിബല്‍ പറഞ്ഞിരിക്കുന്നു. എല്ലാ കീഴ്വഴക്കങ്ങള്‍ക്കും എതിരാണ് സിബലിന്റെ വിചിത്രമെന്നു വിശേഷിപ്പിക്കാവുന്ന പ്രസ്താവന. ഇതൊരു മലക്കംമറിച്ചിലാണ്. എന്നാല്‍, അതോടൊപ്പം 2 ജി സ്പെക്ട്രം ഇടപാടില്‍ കേന്ദ്രസര്‍ക്കാരിന് 1.76 ലക്ഷം കോടിരൂപ നഷ്ടം വന്നു എന്ന റിപ്പോര്‍ട്ടില്‍ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായ് ഉറച്ചുനില്‍ക്കുകയുമാണ്. ഇത് കേന്ദ്രസര്‍ക്കാരിനെ അക്ഷരാര്‍ഥത്തില്‍ വെട്ടിലാക്കിയിരിക്കുന്നു. സിഎജിയുടെ കണക്കുകൂട്ടല്‍ തെറ്റാണെന്ന് സിബല്‍ വാദിക്കുന്നു. എന്നാല്‍, നൂറു ശതമാനം ശരിയാണെന്ന് സിഎജി ഉറപ്പിച്ചും തറപ്പിച്ചും പറയുന്നു. ഇതോടെ കപില്‍ സിബല്‍ പരിഹാസ്യനായി മാറിയിരിക്കുകയാണ്.
സിഎജി എന്ന സ്ഥാപനം ഇന്ത്യയുടെ ഭരണഘടനയുടെ ഭാഗമാണ്. സിഎജിയെ നിയമിക്കുന്നത് രാഷ്ട്രപതിയാണല്ലോ. അത്തരമൊരു സ്ഥാപനത്തെ കേന്ദ്രമന്ത്രിതന്നെ ഒരു അടിസ്ഥാനവുമില്ലാതെ തള്ളിപ്പറയുന്ന നിലയുണ്ടായാല്‍ പാര്‍ലിമെന്ററി ജനാധിപത്യവ്യവസ്ഥയ്ക്കുതന്നെ ഭീഷണിയാണ്. സിഎജിയുടെ റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ ഇരുസഭയിലും സമര്‍പ്പിച്ചുകഴിഞ്ഞു. അതോടെയാണ് 1.75 ലക്ഷം കോടിയില്‍പ്പരം രൂപ ഖജനാവിനു നഷ്ടം വരുത്തിയ കേസിലെ കുറ്റവാളികളെ കണ്ടെത്താന്‍ സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കാന്‍ ഇടയായത്. ഈ അഴിമതിയില്‍ പ്രധാനമന്ത്രിക്കും പങ്കുണ്ടെന്ന വസ്തുതയും മറനീക്കി പുറത്തുവന്നുകഴിഞ്ഞു.
കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, ആദര്‍ശ് ഫ്ളാറ്റ് സൊസൈറ്റി അഴിമതി തുടങ്ങി ചീഞ്ഞുനാറുന്ന അഴിമതി വാര്‍ത്തകള്‍ ഒന്നൊന്നായി പുറത്തുവന്നതോടെ കോണ്‍ഗ്രസ് നേതൃത്വം എന്തെന്നില്ലാത്ത പരിഭ്രാന്തിയില്‍ അകപ്പെട്ടിരിക്കുന്നു. ഇതില്‍നിന്നു തലയൂരാന്‍ കഴിയാതെ പറഞ്ഞതെല്ലാം മാറ്റിപ്പറയാന്‍ നിര്‍ബന്ധിതരാകുന്ന പതര്‍ച്ചയിലാണ് കോണ്‍ഗ്രസ്. ഒരു ഘട്ടത്തില്‍ പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റി മുമ്പാകെ നേരിട്ട് ഹാജരാകാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി മന്മോഹന് സിങ് പരസ്യമായി പ്രഖ്യാപിച്ചു. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ പ്രധാനമന്ത്രിയെ തിരുത്താന്‍ ഒരു സൂപ്പര്‍ പ്രധാനമന്ത്രി രംഗത്തു വന്നു. പ്രധാനമന്ത്രി പിഎസിക്കു മുമ്പാക ഹാജരാകേണ്ടെന്ന് കേന്ദ്രമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി പരസ്യമായി പ്രഖ്യാപിച്ചുകളഞ്ഞു.
പിഎസിയുടെ ചെയര്മാന് ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷിയാണ്. സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അധ്യക്ഷന്‍ ഭരണകക്ഷിയുടെ നേതാക്കളില്‍ ഒരാളായിരിക്കും. എന്നിട്ടും സംയുക്ത പാര്‍ലമെന്ററി സമിതി വേണ്ടെന്നു വാദിക്കുന്നതിന്റെ പൊരുള്‍ വ്യക്തമാകുന്നില്ല. കേന്ദ്ര ഖജനാവിന് ഒരു നഷ്ടവും വന്നിട്ടില്ലെന്ന നിലപാടിലാണ് കേന്ദ്രം ഉറച്ചുനില്ക്കുന്നതെങ്കില് ജെപിസിയെ ഭയപ്പെടുന്നതെന്തിന് എന്ന് വ്യക്തമാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ബാധ്യതയുണ്ട്. പിഎസിയുടെ മുമ്പില്‍ ഹാജരാകാന്‍ തയ്യാറാണെന്ന പ്രധാനമന്ത്രിയുടെ നിലപാടില്‍ തിരുത്തല്‍ വരുത്താന്‍ കാരണമെന്തെന്നും അവര്‍ വ്യക്തമാക്കണം.
പ്രധാനമന്ത്രി കൈകെട്ടിനിന്ന് ഉത്തരംപറയേണ്ടതായ ചില ചോദ്യങ്ങള്‍ ജനമനസ്സില്‍ ഉയര്‍ന്നുവരുന്നുണ്ട്. 2007 നവംബര്‍ രണ്ടിന് പ്രധാനമന്ത്രി മന്മോഹന് സിങ് തന്റെ മന്ത്രിസഭയിലെ അംഗമായ എ രാജയ്ക്ക് ഒരു കത്തയച്ചിരുന്നു. 2 ജി സ്പെക്ട്രം ഇടപാട് സുതാര്യമായിരിക്കണം എന്നായിരുന്നു കത്തിലെ നിര്‍ദേശം. ഈ കത്ത് എ രാജ അവജ്ഞയോടെ തള്ളിക്കളഞ്ഞു. പ്രധാനമന്ത്രിക്ക് രാജ അയച്ച മറുപടി ധിക്കാരപരമായിരുന്നെന്നും വിനയത്തിന്റെയോ ബഹുമാനത്തിന്റെയോ കണികപോലും അതില്‍ ഇല്ലായിരുന്നെന്നും സുപ്രീംകോടതിതന്നെ നിരീക്ഷിച്ചിരിക്കുന്നു. ഒരു സഹമന്ത്രി ധിക്കാരം കാണിക്കുകയോ പ്രധാനമന്ത്രിയുടെ നിര്‍ദേശം നടപ്പാക്കാതിരിക്കുകയോ ചെയ്താല്‍ ആ മന്ത്രിയെ ഉടന്‍തന്നെ മന്ത്രിസഭയില്‍നിന്ന് നീക്കംചെയ്യാനുള്ള അധികാരം പ്രധാനമന്ത്രിയില്‍ നിക്ഷിപ്തമായിരിക്കെ അഴിമതിയുടെ മുമ്പില്‍ കണ്ണുചിമ്മാന്‍ ഇടയായതെന്തുകൊണ്ടെന്ന് പ്രധാനമന്ത്രി വെളിപ്പെടുത്തണം.
2009ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം പുതിയ മന്ത്രിസഭ രൂപീകരിക്കുന്ന ഘട്ടത്തിലെങ്കിലും രാജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ പ്രധാനമന്ത്രിക്ക് കഴിയുമായിരുന്നു. സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിച്ചതിനുശേഷവും രാജയെ പുറത്താക്കാനോ രാജിവയ്ക്കണമെന്ന് നിര്‍ദേശിക്കാനോ പ്രധാനമന്ത്രി തയ്യാറായില്ല. പ്രതിപക്ഷം പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം തുടര്‍ച്ചയായി സ്തംഭിപ്പിച്ചതിനുശേഷം മാത്രമല്ലേ എ രാജ രാജിവച്ചു പുറത്തുപോകാന്‍ നിര്‍ബന്ധിതനായത്. ഇത്തരം നിരവധി ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി ഉത്തരംപറയേണ്ടിവരും.
2 ജി സ്പെക്ട്രം അഴിമതിയില്‍ ഒരുരൂപപോലും ഖജനാവിന് നഷ്ടംവന്നിട്ടില്ലെന്ന സിബലിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനും 11 സ്ഥാപനത്തിനും നോട്ടീസയക്കാന്‍ തീരുമാനിച്ചത്. 2008ല്‍ നല്കിയ 2 ജി സ്പെക്ട്രം ലൈസന്‍സ് റദ്ദാക്കാന്‍ നടപടി സ്വീകരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ അറച്ചുനില്‍ക്കാന്‍ കാരണമെന്തെന്ന് സുപ്രീംകോടതി ചോദിക്കുന്നു. സെന്റര്‍ ഫോര്‍ പബ്ളിക് ഇന്ററസ്റ് ലിറ്റിഗേഷന്‍ എന്ന സംഘടന നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഇതുപറഞ്ഞത്. മുന്‍ തെരഞ്ഞെടുപ്പു കമീഷണര്‍ ജെ എം ലിങ്ദോ, ടി എസ് കൃഷ്ണമൂര്‍ത്തി, എന്‍ ഗോപാലസ്വാമി, മുന്‍ കേന്ദ്ര വിജിലന്‍സ് കമീഷണര്‍ പി ശങ്കര്‍ എന്നീ പ്രമുഖ വ്യക്തികളാണ് ഹര്‍ജിക്കാര്‍.
കേന്ദ്ര ഖജനാവിന് ഒരു നഷ്ടവും സംഭവിച്ചിട്ടില്ലെന്ന കബില്‍ സിബലിന്റെ പ്രസ്താവനയും വിവാദമായിരിക്കുകയാണ്. സര്‍ക്കാരിനുണ്ടായ നഷ്ടം കണക്കാക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, മഹാരാഷ്ട്രയിലെ ആദര്‍ശ് ഫ്ളാറ്റ് അഴിമതി തുടങ്ങി തുടര്‍ച്ചയായി പുറത്തുവന്ന അഴിമതിക്കേസുകള്‍ യുപിഎ സര്‍ക്കാരിനെ വേട്ടയാടാന്‍ തുടങ്ങിയിരിക്കുന്നു. ബൊഫോഴ്സ് ഇടപാടിനെപ്പറ്റിയുള്ള പുതിയ തെളിവുകളും കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുകയാണ്. തോക്കിടപാടിലെ മുഖ്യപ്രതിയായ ഒക്ടോവിയോ ക്വട്ട്റോച്ചിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും തമ്മിലുള്ള ബന്ധം മറച്ചുവയ്ക്കാന്‍ കഴിയാത്ത രീതിയില്‍ തെളിവുസഹിതം പുറത്തുവന്നിരിക്കെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഇതൊന്നും കണ്ടില്ലെന്നു നടിച്ച് യാചന യാത്ര നടത്തുകയാണ്. കേന്ദ്രസര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടിയും മറുപടി പറയേണ്ടിവരും.
ദേശാഭിമാനി മുഖപ്രസംഗം 120111
പ്രധാനമന്ത്രി കൈകെട്ടിനിന്ന് ഉത്തരംപറയേണ്ടതായ ചില ചോദ്യങ്ങള്‍ ജനമനസ്സില്‍ ഉയര്‍ന്നുവരുന്നുണ്ട്. 2007 നവംബര്‍ രണ്ടിന് പ്രധാനമന്ത്രി മന്മോഹന് സിങ് തന്റെ മന്ത്രിസഭയിലെ അംഗമായ എ രാജയ്ക്ക് ഒരു കത്തയച്ചിരുന്നു. 2 ജി സ്പെക്ട്രം ഇടപാട് സുതാര്യമായിരിക്കണം എന്നായിരുന്നു കത്തിലെ നിര്‍ദേശം. ഈ കത്ത് എ രാജ അവജ്ഞയോടെ തള്ളിക്കളഞ്ഞു. പ്രധാനമന്ത്രിക്ക് രാജ അയച്ച മറുപടി ധിക്കാരപരമായിരുന്നെന്നും വിനയത്തിന്റെയോ ബഹുമാനത്തിന്റെയോ കണികപോലും അതില്‍ ഇല്ലായിരുന്നെന്നും സുപ്രീംകോടതിതന്നെ നിരീക്ഷിച്ചിരിക്കുന്നു. ഒരു സഹമന്ത്രി ധിക്കാരം കാണിക്കുകയോ പ്രധാനമന്ത്രിയുടെ നിര്‍ദേശം നടപ്പാക്കാതിരിക്കുകയോ ചെയ്താല്‍ ആ മന്ത്രിയെ ഉടന്‍തന്നെ മന്ത്രിസഭയില്‍നിന്ന് നീക്കംചെയ്യാനുള്ള അധികാരം പ്രധാനമന്ത്രിയില്‍ നിക്ഷിപ്തമായിരിക്കെ അഴിമതിയുടെ മുമ്പില്‍ കണ്ണുചിമ്മാന്‍ ഇടയായതെന്തുകൊണ്ടെന്ന് പ്രധാനമന്ത്രി വെളിപ്പെടുത്തണം.
ReplyDelete