Monday, March 21, 2011

വികസന വിസ്മയമായി മഞ്ചേശ്വരം

അഞ്ചുവര്‍ഷം മുമ്പ് വരെ കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തെ മണ്ഡലമായ മഞ്ചേശ്വരം അവഗണനയിലും അവികസനത്തിലും ഒന്നാമതായിരുന്നു. സപ്ത ഭാഷകളുടെയും വിവിധ സംസ്കാരങ്ങളുടെയും സംഗമഭൂമിയായ മഞ്ചേശ്വരത്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നടന്നത് ജനകീയ വിപ്ളവം. യുഡിഎഫിന്റെയും ബിജെപിയുടെയും വര്‍ഗീയ രാഷ്ട്രീയം തൂത്തെറിഞ്ഞ് തുളുനാട്ടില്‍ എല്‍ഡിഎഫിന്റെ കൊടിക്കൂറ ഉയര്‍ന്നതോടെ മഞ്ചേശ്വരത്തിന്റെ തലവര മാറി. വികസനമുരടിപ്പും ജാതി-മത സംഘര്‍ഷങ്ങളും വഴിമാറിയപ്പോള്‍ സി എച്ച് കുഞ്ഞമ്പു എംഎല്‍എയുടെ നേതൃത്വത്തില്‍ മണ്ഡലം കുതിച്ചത് വികസന വിസ്മയത്തിലേക്ക്.

ജയിച്ച് കഴിഞ്ഞാല്‍ ജനങ്ങളെ മറക്കുന്ന യുഡിഎഫ് പ്രതിനിധികളെ കണ്ട് മടുത്ത മഞ്ചേശ്വരത്തെ ജനങ്ങള്‍ക്ക്എന്നും സമീപ ഹസ്തനായ സി എച്ച് മുഖേന എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയത് മൂന്നൂറു കോടിയിലധികം രൂപയുടെ വികസന പദ്ധതികള്‍. എംഎല്‍എ, എംപി, വിവിധ ഏജന്‍സികള്‍ തുടങ്ങിയ മുഖേനയുള്ള പദ്ധതികളും കൂടിയാകുമ്പോള്‍ ഇത് അഞ്ഞൂറു കോടിയോളം വരും. കേരളത്തില്‍ ഏറ്റവുമധികം വികസനം നടന്ന പത്ത് മണ്ഡലങ്ങളില്‍ ഒന്നായി മഞ്ചേശ്വരത്തെ മാറ്റിയത് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ പ്രത്യേക പരിഗണനയാണ്. വിദ്യാഭ്യാസ, സാംസ്കാരിക, വ്യാവസായിക, റോഡ് ഗതാഗതം, വൈദ്യുതി, കുടിവെള്ള വിതരണം, പൊതുജനാരോഗ്യം തുടങ്ങി വിവിധ മേഖലകളില്‍ അഭൂതപൂര്‍വമായ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും കക്ഷി രാഷ്ട്രീയത്തിനതീതമായി സന്തുലിതമായ വികസന പദ്ധതികളാണ് നടപ്പാക്കിയത്.

കേരള തുളു അക്കാദമി, കുമ്പളയിലെ പാര്‍ഥിസുബ്ബ യക്ഷഗാന കലാക്ഷേത്രം, മൊഗ്രാല്‍ മാപ്പിളപ്പാട്ട് കലാ കേന്ദ്രം, മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരക കേന്ദ്രത്തിന്റെ വികസനം തുടങ്ങിയവ കലാ- സാംസ്കാരിക മേഖലകളിലും ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങളിലും പുത്തനുണര്‍വുണ്ടാക്കി. മഞ്ചേശ്വരം ഗവ. കോളേജില്‍ ആരംഭിക്കുന്ന കണ്ണൂര്‍ സര്‍വകലാശാല ക്യാമ്പസും മഞ്ചേശ്വരത്തെ മാരിടൈം കോളേജും കുമ്പളയിലെ ഐഎച്ച്ആര്‍ഡി കോളേജ്, സീതാംഗോളിയില്‍ അനുവദിച്ച ഐടിഐ തുടങ്ങിയവ വിദ്യാഭ്യാസ രംഗത്ത് ഏറെ പിന്നോക്കം നിന്നിരുന്ന മണ്ഡലത്തിന് പുതിയ അനുഭവമാണ്. പ്രതിരോധ വകുപ്പിന്റെ കീഴില്‍ എച്ച്എഎല്ലിന്റെ സ്ട്രാറ്റജിക് ഇലക്ട്രോണിക്സ് ഫാക്ടറി മണ്ഡലത്തിലെ സീതാംഗോളിയിലാണ് സ്ഥാപിച്ചത്.

ജില്ലയിലെ ആദ്യത്തെ സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലമാണ് മഞ്ചേശ്വരം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പദ്ധതിയില്‍ നിന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതലായി 60 ലക്ഷത്തിലേറെ രൂപയും പട്ടികവര്‍ഗ വകുപ്പില്‍ നിന്ന് എട്ട് ലക്ഷം രൂപയും പാവങ്ങളുടെ ചികിത്സയ്ക്കായി അനുവദിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നം നിയമസഭയില്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് രോഗം മൂലം മരിച്ച 178 പേരുടെ കുടുംബംഗങ്ങള്‍ക്ക് ആദ്യമായി അര ലക്ഷം രൂപ വീതം സഹായധനമായി സര്‍ക്കാര്‍ നല്‍കി. ഭൂരഹിതരായ 2000 കുടുംബങ്ങള്‍ക്ക് ഭൂമിയും പട്ടയവും നല്‍കി.

തീരദേശ മേഖലയില്‍ 11 കോടിയുടെ പദ്ധതികളാണ് നടപ്പാക്കിയത്. മഞ്ചേശ്വരം- മംഗല്‍പാടി പഞ്ചായത്തുകള്‍ക്കായി ഫിഷറീസ് മന്ത്രിയുടെ പ്രത്യേക താല്‍പര്യ പ്രകാരം നടപ്പാക്കുന്ന ഒരു കോടിയുടെ കോസ്റ്റല്‍പുര പദ്ധതി സംസ്ഥാനത്ത് തന്നെ വേറിട്ട അനുഭവമാണ്. കുടിവെള്ള ക്ഷാമം രൂക്ഷമായ മണ്ഡലത്തില്‍ വിവിധ പദ്ധതികള്‍ക്കായി 25 കോടി ചെലവിട്ടു. അടിസ്ഥാന സൌകര്യങ്ങളുടെ കാര്യത്തില്‍ ഏറെ പിന്നോക്കമായിരുന്ന മണ്ഡലത്തില്‍ റോഡുകള്‍ക്കും മറ്റുമായി മലബാര്‍ പാക്കേജില്‍ 34 കോടി രൂപയുടെ പദ്ധതികളാണ് അനുവദിച്ചത്. വിലയിടിവും രോഗങ്ങളും മൂലം ദുരിതത്തിലായ അടക്ക കര്‍ഷകര്‍ക്ക് സമാശ്വാസം നല്‍കുന്നതായിരുന്നു ഇവര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 കോടിയുടെ പ്രത്യേക പാക്കേജ്. എംഎല്‍എ ഫണ്ടില്‍ നിന്ന് നാലു കോടി രൂപ ചെലവില്‍ നൂറുകണക്കിന് വികസന പ്രവൃത്തികളാണ് നടപ്പാക്കിയത്. ഉപ്പളയിലെ അഗ്നിശമന സേന കേന്ദ്രം യാഥാര്‍ഥ്യമായത് കാലങ്ങളായുള്ള മുറവിളിക്ക് പരിഹാരമായി.
(മുഹമ്മദ് ഹാഷിം)

അടിസ്ഥാന സൌകര്യങ്ങളൊരുക്കിയ 5 വര്‍ഷം

ഗതാഗത സൌകര്യമില്ലാതെ വീര്‍പ്പുമുട്ടിയ മണ്ഡലത്തെ മാറ്റിമറിച്ച അഞ്ചുവര്‍ഷമാണ് കടന്നുപോയത്. ഗതാഗതമെന്നത് പൊതുമരാമത്ത് റോഡുകളില്‍ മാത്രം ഒതുങ്ങി കഴിഞ്ഞിരുന്ന മണ്ഡലത്തിന്റെ ഗ്രാമീണമേഖലകളിലും വികസനത്തിന്റെ പൊന്‍വെളിച്ചമാണ് വീശിയത്. ടാര്‍ചെയ്യാതെ ദുസ്സഹമായിക്കിടന്ന ഗ്രാമീണറോഡുകളെല്ലാം ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കിയും പുഴകള്‍ക്ക് കുറുകെ പാലങ്ങള്‍ നിര്‍മിച്ചും ജനങ്ങളുടെ യാത്രാസൌകര്യം വര്‍ധിപ്പിച്ചു.

ഹൊസബെട്ടു- കണ്വതീര്‍ഥ, മുട്ട- ബേരിക്ക, മാടിയാര്‍- കരിംവളപ്പ്്, പെരിങ്ങടി- ഇസ്ളാംപുരം, മുസോടി- കണ്ണംകുളം, പാണ്ട്യാല ഹൊസബെട്ടു, എന്‍ എച്ച് - കണ്വതീര്‍ഥ, സുധീര്‍ ആശുപത്രി- കണ്വതീര്‍ഥ, മഞ്ചേശ്വരം അഞ്ചരക്കടപ്പുറം, ഹൊസബെട്ടു- ജാറം, ഉപ്പള- റെയില്‍വേസ്റ്റേഷന്‍, ഷിറിയ- ഒളയം ജുമാ മസ്ജിദ്, കോയിപ്പാടി- പെര്‍വാഡ്-കൊപ്പളം തുടങ്ങി റോഡുകള്‍ ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കുന്നതിന് 3.25 കോടി രൂപ അനുവദിച്ചു. എംഎല്‍എ എന്ന നിലയില്‍ മഞ്ചേശ്വരം- ഉക്കട അന്തര്‍ സംസ്ഥാന റോഡ് വികസനത്തിന് കേന്ദ്ര റോഡ് ഫണ്ടില്‍ നിന്ന് അഞ്ച് കോടി രൂപ വാങ്ങിയെടുക്കാനും കഴിഞ്ഞു. മണ്ഡലത്തിലാകെ 126 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 18 ഗ്രാമീണ റോഡുകളാണ് പൊതുമരാമത്തിന് കൈമാറിയത്. മഞ്ചേശ്വരം ചെക്ക്പോസ്റ്റ് പരിസരത്തെ റോഡ് ടാറിങ്ങിന് 89 ലക്ഷം രൂപയും അനുവദിച്ചു. ഒരു കോടി രൂപ ചെലവില്‍ പെര്‍മുദെ- മുന്നൂര്‍ റോഡ് വികസിപ്പിച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍പെടുത്തി 1.5 കോടി രൂപ ചെലവില്‍ 45 റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തി. വിദ്യാനഗര്‍- മുടിപ്പ് റോഡിലെ മിയാപ്പദവ് മുതല്‍ നന്താരപ്പദവ് വരെ ടാറിങ്ങിന് 75 ലക്ഷം രൂപ അനുവദിച്ചു.

മലബാര്‍ പാക്കേജിലുള്‍പ്പെടുത്തി ബേക്കറി ജങ്ഷന്‍- കാവി സുബ്രഹ്മണ്യ ക്ഷേത്രം കെദുംപാടി (3.50 കോടി), കളായി- കൊമ്മംകളം-കുരുടപ്പദവ് (2 കോടി), ഉമ്പത്തോട്- ചെപ്പിനടുക്ക- ഇച്ചിലംപാടി- നായിക്കാപ്പ് (4 കോടി), കുമ്പള ടൌ വികസനം (3 കോടി), അടുക്കസ്ഥലം- പനാജെ (1.82 കോടി), ഏല്‍ക്കാന- പള്ളം- മുണ്ട്യത്തടുക്ക പുത്തിഗെ (2.50 കോടി), മുഗു- പട്ളടുക്ക (1.5 കോടി), പള്ളം- മലങ്കര-ഓണിബാഗിലു (4.5 കോടി) എന്നീ ഗ്രാമീണ റോഡുകള്‍ ഗതാഗതയോഗ്യമാക്കി. തകര്‍ന്നുകിടന്ന ദേശീയപാതയില്‍ തലപ്പാടി മുതല്‍ ഉപ്പള വരെ 5.5 കോടി രൂപ ചെലവില്‍ മെക്കാഡം ടാറിങ് നടത്തി. എന്‍മകജെ പഞ്ചായത്തിലെ മലങ്കര (12 കോടി), കുമ്പള പഞ്ചായത്തിലെ ഇച്ചിലമ്പാടി (1.5 കോടി), പൈവളിഗെ പഞ്ചായത്തിലെ കളായി (ഒരുകോടി),കാവി സുബ്രഹ്മണ്യ ക്ഷേത്രം- വോര്‍ക്കാടി (50 ലക്ഷം) എന്നിങ്ങനെ നാല് പാലങ്ങളുടെ നിര്‍മാണ പ്രവൃത്തി അവസാനഘട്ടത്തിലാണ്.
(കെ സി ലൈജുമോന്‍)

വിദ്യാഭ്യാസ മേഖലയില്‍ മികവിന്റെ പത്തരമാറ്റ്

ഗുണമേന്മ വര്‍ധിപ്പിച്ചും സാമൂഹികനീതി ഉറപ്പാക്കിയും മഞ്ചേശ്വരത്ത് വിദ്യാഭ്യാസ രംഗത്ത് വന്‍ മുന്നേറ്റമാണുണ്ടായത്. പാവപ്പെട്ടവന്റെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് തണലാകാന്‍ വിദ്യാഭ്യാസ രംഗത്ത് അഭൂതപൂര്‍വമായ നേട്ടത്തിനാണ് മഞ്ചേശ്വരം സാക്ഷിയായത്. കുമ്പളയില്‍ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ അപ്ളൈഡ് സയന്‍സ് കോളേജ് ആരംഭിച്ചു. ഇതിനായി കുണ്ടങ്കാറടുക്കയില്‍ 5.6 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ അനുവദിച്ചു. കെട്ടിടനിര്‍മാണത്തിന് പി കരുണാകരന്‍ എംപിയുടെ ഫണ്ടില്‍നിന്നും 25 ലക്ഷവും എംഎല്‍എ ഫണ്ടില്‍നിന്ന് 25 ലക്ഷവും അനുവദിച്ചു. മാരിടൈം എന്‍ജിനിയറിങ് കോളേജ് മീഞ്ചയില്‍ ആരംഭിച്ചു. മഞ്ചേശ്വരം ഗോവിന്ദപൈ ഗവ. കോളേജിന് ഒന്നരക്കോടി ചെലവില്‍ സുവര്‍ണ ജൂബിലി സ്മാരക മന്ദിരം നിര്‍മിച്ചു. മന്ദിരത്തിലെ ഓഡിറ്റോറിയത്തിന് മുന്‍ മന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ ഡോ. എ സുബ്ബറാവുവിന്റെ പേര് നാമകരണം ചെയ്തു.

മഞ്ചേശ്വരത്ത് കണ്ണൂര്‍ സര്‍വകലാശാല കേന്ദ്രം സ്ഥാപിക്കുന്നതിന് 10 ഏക്കര്‍ സ്ഥലം അനുവദിച്ചു. സീതാംഗോളിയില്‍ ഗവ. ഐടിഐ അനുവദിച്ചു. പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് വാണിനഗറില്‍ സ്പെഷല്‍ സ്കൂള്‍ അനുവദിച്ചു. ഗവ. ഹൈസ്കൂളുകള്‍ ഹയര്‍സെക്കന്‍ഡറിയായി അപ്ഗ്രേഡ് ചെയ്തു. ഹേരൂര്‍ ഗവ. ഹൈസ്കൂള്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. കടമ്പാര്‍, ഉദ്യവാര്‍, മൂടംബൈല്‍, കൊടിയമ്മ എന്നീ ഗവ. യു പി സ്കൂളുകള്‍ ഹൈസ്കൂളായി ഉയര്‍ത്തി. എല്ലാ ഹൈസ്കൂളുകളും ഹയര്‍ സെക്കന്‍ഡറിയാക്കി ഉയര്‍ത്തി. കുമ്പള ജിഎച്ച്എസ്എസില്‍ 70 ലക്ഷം രൂപയുടെ കെട്ടിടം, സയന്‍സ് ലാബ് എന്നിവ അനുവദിച്ചു. കുമ്പള ജിഎച്ച്എസ്എസില്‍ സി വി രാമന്‍ വാന നിരീക്ഷണ കേന്ദ്രം അനുവദിച്ചു.

പ്ളസ്ടു കന്നഡ മീഡിയം വിദ്യാര്‍ഥികള്‍ക്ക് കന്നഡ ‘ഭാഷയില്‍ പരീക്ഷ എഴുതാന്‍ അനുമതി നല്‍കി. മഞ്ചേശ്വരം ഗവ. കോളേജില്‍ 24.5 ലക്ഷം രൂപ ചെലവില്‍ മഴവെള്ളം സംഭരിക്കാന്‍ ആര്‍ടിഫിഷ്യല്‍ റീചാര്‍ജിങ് സിസ്റ്റം നിര്‍മിച്ചു. കന്നട മീഡിയം സ്കൂളുകളില്‍ അധ്യാപക നിയമനം ത്വരിതപ്പെടുത്തി. 75 സ്കൂളുകളില്‍ നാല് ലക്ഷം രൂപ ചെലവഴിച്ച് കംപ്യൂട്ടറുകളും ഐഎച്ച്ആര്‍ഡി കോളേജിന് രണ്ട് ലക്ഷം രൂപയുടെ ലൈബ്രറിയും അനുവദിച്ചു. മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരക ഗവ. കോളേജില്‍ രണ്ട് ലക്ഷം രൂപ കംപ്യൂട്ടര്‍ ലാബിന് അനുവദിച്ചു.

പ്രകാശം പരത്തി സമ്പൂര്‍ണ വൈദ്യുതീകരണം

വികസന മുരടിപ്പില്‍ ഇരുട്ടിലായിരുന്ന മണ്ഡലത്തില്‍ ഇന്ന് എല്ലാ വീടുകളിലും വൈദ്യുതിയുടെ പൊന്‍പ്രഭ. ജില്ലയില്‍ ആദ്യമായി സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കിയ മണ്ഡലമാണ് മഞ്ചേശ്വരം. 67.37 ലക്ഷം ചെലവിലാണ് പദ്ധതി നടപ്പിലാക്കിയത്. പി കരുണാകരന്‍ എംപിയുടെയും എംഎല്‍എയുടെയും പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 16.86 ലക്ഷം വീതവും വിനിയോഗിച്ചു. വൈദ്യുതി ബോര്‍ഡിന്റെ ഫണ്ടില്‍ നിന്ന് 33.69 ലക്ഷം രൂപയാണ് ചെലവഴിച്ചത്.

മണ്ഡലത്തിലെ എന്‍മകജെ, മംഗല്‍പാടി, കുമ്പള, മഞ്ചേശ്വരം, മീഞ്ച, പൈവളിഗെ, പുത്തിഗെ, വോര്‍ക്കാടി പഞ്ചായത്തുകളിലുള്ള മുഴുവന്‍ കുടുംബങ്ങള്‍ക്കും വൈദ്യുതി എത്തിക്കുന്നതിനാണ് പദ്ധതി ആവിഷ്കരിച്ചത്. 30.374 കിലോമീറ്റര്‍ എല്‍ ടി ലൈന്‍ വലിച്ച് 568 ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കണക്ഷന്‍ നല്‍കി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഏറെയുള്ള എന്‍മകജെ പഞ്ചായത്തിലാണ് കൂടുതല്‍ കണക്ഷന്‍ നല്‍കിയത്. ഇതിനായി വൈദ്യുതി വകുപ്പ് യുദ്ധകാലാടിസ്ഥാനത്തിലാണ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മണ്ഡലത്തില്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് 66.35 ലക്ഷം രൂപ ചെലവില്‍ 64 പ്രവൃത്തികളും എംപി ഫണ്ട് ഉപയോഗിച്ച് 54.68 ലക്ഷം ചെലവില്‍ 38 പ്രവൃത്തികളും നടത്തി. വൈദ്യുതി ബോര്‍ഡിന്റെ തനത് ഫണ്ടില്‍ 521.8 ലക്ഷം ചെലവിട്ട് 482 പ്രവൃത്തികളും നടപ്പാക്കി. ഇതിന്റെ ഭാഗമായി 45.243 കിലോമീറ്റര്‍ 11 കെ വി ലൈനും 60.45 കിലോമീറ്റര്‍ എല്‍ ടി ലൈനും 105 ട്രാന്‍സ്ഫോമറുകളും സ്ഥാപിച്ചു. കൂടാതെ 15,134 വൈദ്യുതി കണക്ഷനുകളും നല്‍കിയിട്ടുണ്ട്.

ദേശാഭിമാനി 210311

1 comment:

  1. അഞ്ചുവര്‍ഷം മുമ്പ് വരെ കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തെ മണ്ഡലമായ മഞ്ചേശ്വരം അവഗണനയിലും അവികസനത്തിലും ഒന്നാമതായിരുന്നു. സപ്ത ഭാഷകളുടെയും വിവിധ സംസ്കാരങ്ങളുടെയും സംഗമഭൂമിയായ മഞ്ചേശ്വരത്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നടന്നത് ജനകീയ വിപ്ളവം. യുഡിഎഫിന്റെയും ബിജെപിയുടെയും വര്‍ഗീയ രാഷ്ട്രീയം തൂത്തെറിഞ്ഞ് തുളുനാട്ടില്‍ എല്‍ഡിഎഫിന്റെ കൊടിക്കൂറ ഉയര്‍ന്നതോടെ മഞ്ചേശ്വരത്തിന്റെ തലവര മാറി. വികസനമുരടിപ്പും ജാതി-മത സംഘര്‍ഷങ്ങളും വഴിമാറിയപ്പോള്‍ സി എച്ച് കുഞ്ഞമ്പു എംഎല്‍എയുടെ നേതൃത്വത്തില്‍ മണ്ഡലം കുതിച്ചത് വികസന വിസ്മയത്തിലേക്ക്.

    ReplyDelete