Tuesday, March 22, 2011

യുഡിഎഫ് മണ്ണിടാന്‍ ശ്രമിച്ചത് കഞ്ഞിയില്‍

രണ്ടുരൂപ അരിവിതരണം തുടരാം

സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും രണ്ടുരൂപയ്ക്ക് അരി നല്‍കാനുള്ള പദ്ധതി നടപ്പാക്കുന്നതു തടഞ്ഞ തെരഞ്ഞെടുപ്പ് കമീഷന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനുമുമ്പ് സര്‍ക്കാരെടുത്ത നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള പദ്ധതി നടപ്പാക്കാന്‍ തെരഞ്ഞെടുപ്പുസമയത്തും നടപടി തുടരാമെന്ന് ചീഫ് ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. തെരഞ്ഞെടുപ്പുമായി ബന്ധമില്ലാത്ത കാര്യത്തിലാണ് തെരഞ്ഞെടുപ്പ് കമീഷന്‍ ഇടപെട്ടതെന്നും സര്‍ക്കാരിന്റെ അടിസ്ഥാനസൌകര്യങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതുമാത്രമാണ് പെരുമാറ്റച്ചട്ടലംഘനമെന്നും കോടതി വിലയിരുത്തി. രണ്ടു രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതി വ്യക്തിപരമായ നേട്ടത്തിനുവേണ്ടിയാണെന്ന ആരോപണം ഉയര്‍ന്നിട്ടില്ലെന്നും കോടതി പറഞ്ഞു. സര്‍ക്കാരിന്റെ നയപരമായ പദ്ധതിയില്‍ ഇടപെടാന്‍ തെരഞ്ഞെടുപ്പ് കമീഷന് അധികാരമില്ലെന്ന് സുപ്രീംകോടതി വിധികള്‍ ഉദ്ധരിച്ച് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ എല്ലാ രാഷ്ട്രീയപാര്‍ടികള്‍ക്കും തുല്യഅവസരം ഉറപ്പുവരുത്തുന്നതിനും ഭരണകക്ഷിക്ക് പ്രത്യേക നേട്ടം ഉണ്ടാകുന്നത് ഒഴിവാക്കാനുമാണ് രണ്ടുരൂപയ്ക്ക് അരി നടപ്പാക്കുന്നത് തെരഞ്ഞെടുപ്പ് കഴിയുംവരെ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചതെന്ന കമീഷന്റെ വാദം കോടതി അംഗീകരിച്ചില്ല. രണ്ടു രൂപ അരി ഏതെങ്കിലും പുതിയ പദ്ധതിയുടെ പ്രഖ്യാപനമായി കണക്കാക്കാനാകില്ലെന്നും നിലവിലുള്ള പദ്ധതിയുടെ ആനുകൂല്യം കൂടുതല്‍ ഗുണഭോക്താക്കളിലേക്ക് വ്യാപിക്കുന്നതുമാത്രമാണെന്നും കോടതി പറഞ്ഞു. ഫെബ്രുവരി 10ന് ധനമന്ത്രി നടത്തിയ ബജറ്റ് പ്രസംഗത്തില്‍ പദ്ധതി പരാമര്‍ശിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, കെ സുധാകരന്‍ എംപി, എ പി അബ്ദുള്ളക്കുട്ടി എംഎല്‍എ തുടങ്ങിയവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ടുരൂപയ്ക്ക് അരി പദ്ധതി നടപ്പാക്കുന്നത് തടഞ്ഞതെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. തെരഞ്ഞെടുപ്പിന്റെ പവിത്രത ഉറപ്പുവരുത്താനും മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കാനുമാണ് നടപടിയെടുത്തത്. എന്നാല്‍, ഭരണകക്ഷിക്ക് രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ പദ്ധതി അവസരമൊരുക്കുമെന്ന കമീഷന്‍വാദം കോടതി നിരസിച്ചു. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പു പ്രചാരണത്തിന് സ്ഥാനാര്‍ഥികള്‍ ഫ്ളക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നത് തടഞ്ഞുള്ള കമീഷന്‍ ഉത്തരവ് റദ്ദാക്കിയ കോടതിവിധിയും ഡിവിഷന്‍ ബെഞ്ച് പരാമര്‍ശിച്ചു.

പദ്ധതി നടപ്പാക്കുന്നതില്‍ രാഷ്ട്രീയലക്ഷ്യമില്ലെന്നും സര്‍ക്കാര്‍നയമാണ് നടപ്പാക്കുന്നതെന്നും കോടതി വിലയിരുത്തി. പൊതുവിപണിയില്‍ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടി തുടരാന്‍ അനുവദിക്കണമെന്നും കമീഷന്‍ നടപടി നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി ഒല്ലൂര്‍ എംഎല്‍എ രാജാജി മാത്യുതോമസ് സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. കമീഷന്റെ നടപടിക്ക് നീതീകരണമില്ലെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ രഞ്ജിത് തമ്പാന്‍ വിശദീകരിച്ചു. ഹര്‍ജിക്കാരനുവേണ്ടി അഡ്വ. പി ദീപക് ഹാജരായി.
(പി പി താജുദ്ദീന്‍)

യുഡിഎഫ് മണ്ണിടാന്‍ ശ്രമിച്ചത് കഞ്ഞിയില്‍

എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും രണ്ടു രൂപയ്ക്ക് അരിയെന്ന സ്വപ്നപദ്ധതി നടപ്പിലായാല്‍ തങ്ങളുടെ ചീട്ടുകീറുമെന്ന യുഡിഎഫ് പേടിയാണ് പദ്ധതി കോടതി കയറാന്‍ ഇടയാക്കിയത്. രണ്ടുരൂപ അരിയിലൂടെ 70 ലക്ഷം കുടുംബങ്ങള്‍ക്ക് ആശ്വാസം ലഭിക്കുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് യുഡിഎഫ് നേതാക്കള്‍ പദ്ധതിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷനില്‍ പരാതിപ്പെട്ടത്. ഫെബ്രുവരി 23ന്റെ മന്ത്രിസഭായോഗമാണ് എല്ലാ കാര്‍ഡുടമകള്‍ക്കും രണ്ടുരൂപ നിരക്കില്‍ അരി നല്‍കാന്‍ തീരുമാനിച്ചത്. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതാകട്ടെ ഏഴ് ദിവസം കഴിഞ്ഞ് മാര്‍ച്ച് ഒന്നിനും. അപേക്ഷാഫോറം സ്വീകരിക്കുന്നതുള്‍പ്പെടെ അരിവിതരണത്തിനുള്ള നടപടി പെരുമാറ്റച്ചട്ടം വരുന്നതിനുമുമ്പേ ആരംഭിച്ചതാണ്.

ഇതിനിടയിലാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പദ്ധതിക്കെതിരെ രംഗത്തുവന്നത്. കോണ്‍ഗ്രസുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്ലം കലക്ടറാണ് അരിവിതരണത്തിനുള്ള അപേക്ഷ വിതരണം ആദ്യം തടഞ്ഞത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി. കമീഷന്‍ ഇത് ഫയലില്‍ സ്വീകരിച്ചു. എന്നാല്‍, അരിവിതരണം തടഞ്ഞതായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ മാര്‍ച്ച് ഏഴിന് രാത്രി പത്രക്കുറിപ്പ് ഇറക്കി. സര്‍ക്കാരിന് മറുപടിപോലും നല്‍കാതെയായിരുന്നു ഇത്. മാസം 10 കിലോ അരിയും രണ്ടു കിലോ ഗോതമ്പുമാണ് രണ്ടു രൂപ നിരക്കില്‍ വിതരണംചെയ്യുന്നത്. ആദ്യം മുഴുവന്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് മാത്രമായിരുന്നു ഈ ആനുകൂല്യം. പിന്നീട്, സാമൂഹ്യമായ പിന്നോക്കാവസ്ഥ അനുവദിക്കുന്ന വിവിധ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി 40 ലക്ഷം കുടുംബത്തിലേക്ക് പദ്ധതി വ്യാപിപ്പിച്ചു. കേരളത്തില്‍ പട്ടിണികിടക്കുന്ന ഒരു കുടുംബവുമില്ലെന്ന് ഉറപ്പാക്കുന്നതിനാണ് എല്ലാ റേഷന്‍കാര്‍ഡുടമകള്‍ക്കും രണ്ട് രൂപയ്ക്ക് അരി നല്‍കാന്‍ തീരുമാനിച്ചത്.

യുഡിഎഫിന്റെ തനിനിറം വ്യക്തമായി: വൈക്കം വിശ്വന്‍

പാലാ: ഹൈക്കോടി വിധി പാവങ്ങളുടെ കഞ്ഞിയിയില്‍ മണ്ണു വാരിയിട്ട യുഡിഎഫിനുള്ള തിരിച്ചടിയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനപക്ഷനിലപാടിനുള്ള അംഗീകാരമാണ് വിധി. പാലാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിലക്കയറ്റം നേരിടാന്‍ ബിപിഎല്‍ വിഭാഗത്തിന് മാത്രം നല്‍കിയ രണ്ടു രൂപ നിരക്കിലുള്ള അരി റേഷന്‍കാര്‍ഡുള്ള മുഴുവന്‍ കുടുംബങ്ങള്‍ക്കും നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. പദ്ധതി നടപ്പാക്കാന്‍ അപേക്ഷ സ്വീകരിച്ചപ്പോഴാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

ട്രഷറി അടച്ചിടല്‍ പതിവാക്കിയ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ഖജനാവ് കാലിയാക്കിയാണ് പുറത്ത് പോയത്. 5000 കോടി രൂപ ഖജനാവില്‍ മിച്ച നിക്ഷേപം ഉണ്ടാക്കിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് നേരിടുന്നത്. ഇക്കാര്യം മറച്ചുവച്ചാണ് അരി വിതരണത്തിന് പണം നീക്കിവച്ചിട്ടില്ലെന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് കമീഷനെ തെറ്റിദ്ധരിപ്പിച്ചത്. ഇതോടെ യുഡിഎഫിന്റെ തനിനിറം വ്യക്തമായിരിക്കുകയാണ്. കേരളത്തിലെ ജനങ്ങള്‍ വീണ്ടും എല്‍ഡിഎഫിന് പിന്നില്‍ അണിചേരാനുള്ള സാഹചര്യം ശക്തമായി. പാലാ ഉള്‍പ്പെടെയുള്ള യുഡിഎഫിന്റെ അവശേഷിച്ച കോട്ടകള്‍കൂടി തകര്‍ന്നടിയുന്നതാകും തെരഞ്ഞെടുപ്പ് ഫലമെന്നും വിശ്വന്‍ പറഞ്ഞു.

ദേശാഭിമാനി 220311

1 comment:

  1. സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും രണ്ടുരൂപയ്ക്ക് അരി നല്‍കാനുള്ള പദ്ധതി നടപ്പാക്കുന്നതു തടഞ്ഞ തെരഞ്ഞെടുപ്പ് കമീഷന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനുമുമ്പ് സര്‍ക്കാരെടുത്ത നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള പദ്ധതി നടപ്പാക്കാന്‍ തെരഞ്ഞെടുപ്പുസമയത്തും നടപടി തുടരാമെന്ന് ചീഫ് ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. തെരഞ്ഞെടുപ്പുമായി ബന്ധമില്ലാത്ത കാര്യത്തിലാണ് തെരഞ്ഞെടുപ്പ് കമീഷന്‍ ഇടപെട്ടതെന്നും സര്‍ക്കാരിന്റെ അടിസ്ഥാനസൌകര്യങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതുമാത്രമാണ് പെരുമാറ്റച്ചട്ടലംഘനമെന്നും കോടതി വിലയിരുത്തി. രണ്ടു രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതി വ്യക്തിപരമായ നേട്ടത്തിനുവേണ്ടിയാണെന്ന ആരോപണം ഉയര്‍ന്നിട്ടില്ലെന്നും കോടതി പറഞ്ഞു. സര്‍ക്കാരിന്റെ നയപരമായ പദ്ധതിയില്‍ ഇടപെടാന്‍ തെരഞ്ഞെടുപ്പ് കമീഷന് അധികാരമില്ലെന്ന് സുപ്രീംകോടതി വിധികള്‍ ഉദ്ധരിച്ച് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

    ReplyDelete