Tuesday, March 22, 2011

പൂട്ടിയ ട്രഷറിയും പട്ടിണിയിലായ ജനവും

പെന്‍ഷന്‍ കുടിശ്ശിക ലഭിക്കാന്‍ ദിവസങ്ങളോളം വില്ലേജ് ഓഫീസിനു മുന്നിലും താലൂക്ക് ഓഫീസുകള്‍ക്കുമുന്നിലും കണ്ണീരോടെ സമരം നടത്തിയ അമ്മമാരുടെ മുഖം കേരളത്തിനു അത്ര പെട്ടെന്ന് മറക്കാനാകില്ല. പെന്‍ഷന്‍ മാസങ്ങള്‍ കുടിശ്ശികയായപ്പോഴാണ് അവര്‍ സമരപാതയിലേക്കിറങ്ങിയത്. എന്നാല്‍, ഇതൊന്നും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കാന്‍ ഉപകരിച്ചില്ല. ക്ഷേമപെന്‍ഷനുകള്‍ അനാവശ്യമാണെന്ന ആഗോളവല്‍ക്കരണ നയത്തിന്റെ വക്താക്കള്‍ക്ക് ഇതുകാണാന്‍ കണ്ണുണ്ടായിരുന്നില്ല. കുടിശ്ശികയായ ക്ഷേമപെന്‍ഷനുകള്‍, ധനകമ്മിയും റവന്യൂകമ്മിയും കുത്തനെ കൂടി സംസ്ഥാനത്തിന് കേന്ദ്രം വായ്പപോലും നിഷേധിക്കുന്ന അവസ്ഥ. യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് കേരളത്തിന്റെ സാമ്പത്തികസ്ഥിതി ഇതായിരുന്നു.

കരാറുകാര്‍ക്ക് 1300 കോടിയിലേറെ കുടിശ്ശികയാക്കിയാണ് യുഡിഎഫ് അധികാരമൊഴിഞ്ഞത്. കര്‍ഷകത്തൊഴിലാളി പെന്‍ഷനില്‍ 188 കോടിയും (27 മാസം), കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങളില്‍ 78 കോടിയും തൊഴില്‍രഹിതവേതനത്തില്‍ 148 കോടി രൂപയുമായിരുന്നു കുടിശ്ശിക. ഹഡ്കോ, എല്‍ഐസി, എന്‍സിഡിസി എന്നിവയ്ക്കും 1000 കോടിയിലേറെ രൂപയും തിരിച്ചടയ്ക്കാന്‍ ബാക്കിവച്ചു. റിസര്‍വ് ബാങ്കില്‍നിന്ന് ഓവര്‍ഡ്രാഫ്റ്റ് വായ്പ തരപ്പെടുത്തിയാണ് ദിവസങ്ങള്‍ തള്ളിനീക്കിയത്.

യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യവര്‍ഷം 222 ദിവസവും രണ്ടാംവര്‍ഷം 196 ദിവസവും മൂന്നാംവര്‍ഷം 178 ദിവസവും നാലാംവര്‍ഷം 161 ദിവസവും അഞ്ചാംവര്‍ഷം മെയ് ഒന്‍പതുവരെ 80 ദിവസവും സംസ്ഥാനം ഓവര്‍ഡ്രാഫ്റ്റിലായിരുന്നു. 

ഉയര്‍ന്നതോതിലുള്ള റവന്യൂകമ്മിയും (സംസ്ഥാനവരുമാനത്തിന്റെ 2.29 ശതമാനം) ധനകമ്മിയും (3.06 ശതമാനം) അവശേഷിപ്പിച്ചാണ് യുഡിഎഫ് അവസാനബജറ്റ് വര്‍ഷം പൂര്‍ത്തിയാക്കുന്നത്. മാസം 500 കോടി രൂപയിലേറെ കടമെടുത്തും കേന്ദ്രസഹായം മുന്‍കൂറായി വാങ്ങിയുമാണ് പലപ്പോഴും ട്രഷറികള്‍ തുറന്നുപ്രവര്‍ത്തിച്ചത്. പദ്ധതിയിതര ചെലവുകള്‍ നിയന്ത്രിച്ചും റവന്യൂ വരുമാനം മെച്ചപ്പെടുത്തിയും സംസ്ഥാനത്തിന്റെ ധനസ്ഥിതി ശരിയായ വഴിയില്‍ കൊണ്ടുവരുമെന്ന വാഗ്ദാനവും ജലരേഖയായി.

പൊതുകടം ഭയാനകമാംവിധം വര്‍ധിച്ചതായി 2004ലെ സാമ്പത്തികാവലോകനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനത്തെ പൊതുമേഖലയുടെ നഷ്ടം നൂറ് കോടിയിലധികമായിരുന്നു. സാമൂഹ്യസുരക്ഷാച്ചെലവും വികസനച്ചെലവും വെട്ടിച്ചുരുക്കിയും നിയമനനിരോധനമേര്‍പ്പെടുത്തിയും ആരോഗ്യ-വിദ്യാഭ്യാസമേഖലകള്‍ക്ക് പണം നല്‍കാതെയും പൊതുമേഖലാസ്ഥാപനങ്ങള്‍ വിറ്റും പ്രതിസന്ധി തരണംചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പട്ടിണിയിലായത് കേരളത്തിലെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരായിരുന്നു. സര്‍ക്കാരിന്റെ ധനസ്ഥിതിയില്‍ സുസ്ഥിരത കൈവരിച്ചതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ നേട്ടങ്ങളില്‍ പ്രധാനം. ഈ സര്‍ക്കാരിന്റെ കാലയളവില്‍ ഒറ്റ ദിവസംപോലും ട്രഷറി അടയ്ക്കേണ്ടി വന്നില്ല. ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന വളര്‍ച്ച നിരക്കാണ് കേരളം കൈവരിച്ചത്. അഞ്ചുവര്‍ഷംകൊണ്ട് ഒമ്പതു ശതമാനം സാമ്പത്തികവളര്‍ച്ച സംസ്ഥാനം കൈവരിച്ചു.

ദേശാഭിമാനി 220311

5 comments:

  1. പെന്‍ഷന്‍ കുടിശ്ശിക ലഭിക്കാന്‍ ദിവസങ്ങളോളം വില്ലേജ് ഓഫീസിനു മുന്നിലും താലൂക്ക് ഓഫീസുകള്‍ക്കുമുന്നിലും കണ്ണീരോടെ സമരം നടത്തിയ അമ്മമാരുടെ മുഖം കേരളത്തിനു അത്ര പെട്ടെന്ന് മറക്കാനാകില്ല. പെന്‍ഷന്‍ മാസങ്ങള്‍ കുടിശ്ശികയായപ്പോഴാണ് അവര്‍ സമരപാതയിലേക്കിറങ്ങിയത്. എന്നാല്‍, ഇതൊന്നും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കാന്‍ ഉപകരിച്ചില്ല. ക്ഷേമപെന്‍ഷനുകള്‍ അനാവശ്യമാണെന്ന ആഗോളവല്‍ക്കരണ നയത്തിന്റെ വക്താക്കള്‍ക്ക് ഇതുകാണാന്‍ കണ്ണുണ്ടായിരുന്നില്ല. കുടിശ്ശികയായ ക്ഷേമപെന്‍ഷനുകള്‍, ധനകമ്മിയും റവന്യൂകമ്മിയും കുത്തനെ കൂടി സംസ്ഥാനത്തിന് കേന്ദ്രം വായ്പപോലും നിഷേധിക്കുന്ന അവസ്ഥ. യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് കേരളത്തിന്റെ സാമ്പത്തികസ്ഥിതി ഇതായിരുന്നു.

    ReplyDelete
  2. അതിനു മുൻപു ഭരിച്ചു ഖജനാവു കാലിയാക്കി ഇറങ്ങിപ്പോയതു ആരാണെന്നു കൂടി പറഞ്ഞാലേ ചിത്രം പൂർണ്ണമാവൂ.

    A month after it assumed office, the Antony government had issued with fanfare a White Paper on the State's finances. It said that the State was facing an acute financial crisis.

    എല്ലാരും എല്ലാം മറന്നൊന്നും കരുതരുത്. വിഡ്ഢികൾ ആവാൻ തയ്യാറെടുത്തവരെ മാത്രം വിഡ്ഢികളാക്കുക

    ReplyDelete
  3. എന്നിട്ട് ആന്റണി എന്ത് ചെയ്തു? ഉമ്മഞ്ചാണ്ടി? ജോജു പറഞ്ഞത് കൂടുതല്‍ ബാധമാകുന്നത് ജോജുവിനു തന്നെ. ഈ സര്‍ക്കാര്‍ എന്തായാലും കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കോട്ടങ്ങള്‍ നികത്താന്‍ ആത്മാര്‍ഥമായി ശ്രമിച്ചിട്ടുണ്ട്. വിജയിക്കാവുന്നിടത്തോളം വിജയിച്ചിട്ടുമുണ്ട്.

    ReplyDelete
  4. 2006ൽ എൽ.ഡി.എഫ് അധികാരത്തിൽ വരുമ്പോഴുണ്ടായിരുന്ന ധനകാര്യ സ്ഥിതി 2001ൽ യു.ഡി.എഫ് അധികാരത്തിൽ വരുമ്പോഴുണ്ടായിരുന്നതിനേക്കാൽ വളരെ മെച്ചപ്പെട്ടാതായിരുന്നു. അല്ലെങ്കിൽ ധവളപത്രമിറക്കാൻ ഉമ്മൻ ചാണ്ടി തോമസ് ഐസക്കിനെ വെല്ലുവിളിക്കുകയും ചെയ്തു എന്നതാണു ചരിത്രം.

    അതുവരെ എ.ഡി.ബിക്ക് എതിരായിരുന്ന കമ്യൂണിസ്റ്റു പാർട്ടി അധികാരത്തിൽ വന്നപ്പോഴേക്കും അതിനനുകൂലമാവുകയുമ് ചെയ്തു.
    സമയമില്ലാത്തതുകൊണ്ട് ഇത്രമാത്രം. ബാക്കിയുള്ള മറുപടി സമയം കിട്ടിയാൽ പോസ്റ്റാക്കം.

    ReplyDelete
  5. 2006ലെ ബജറ്റ് പ്രസംഗത്തില്‍ തോമസ് ഐസക്ക് വിശദമായി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അതിനും കൂടി ചേര്‍ത്ത് മറുപടി പോസ്റ്റാക്കിക്കോളൂ. സമയമുണ്ടെങ്കില്‍ മതി. ബജറ്റ് പ്രസംഗത്തിലെ ഒരു വാചകം The white paper released by the UDF was only a
    smoke screen to accept the conditionality of the ADB agreement
    and clauses in the Fiscal Responsibility Bill. എ.ഡി.ബി ലോണിനെപ്പറ്റി ഒറ്റവരി ഡൈലോഗൊക്കെ അവിടെ ഇരിക്കട്ടെ ജോജു. വിശദമായി എഴുതൂ. ലോണ്‍ വിഷയമൊക്കെ ധാരാളമായി വിശദീകരിക്കപ്പെട്ടിട്ടുള്ളതുമാണ്.

    ReplyDelete