Sunday, March 20, 2011

വിക്കിലീക്സ്: സിപിഐ എം നിലപാട് ശരിവയ്ക്കുന്നു

യുപിഎ സര്‍ക്കാരിന്റെ വിദേശ-ആഭ്യന്തര നയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ അമേരിക്കയ്ക്ക് വലിയ പങ്കുണ്ടെന്ന് സിപിഐ എമ്മും ഇടതുപക്ഷവും പറഞ്ഞത് ശരിവയ്ക്കുന്നതാണ് ഹിന്ദു ദിനപത്രം പുറത്തുവിട്ട വിക്കിലീക്സ് രേഖകള്‍. അമേരിക്കന്‍ അംബാസഡര്‍മാരും സമാന തസ്തികയിലുള്ള ഉദ്യോഗസ്ഥരും വാഷിങ്ടണിലേക്ക് അയച്ച രേഖകളുടെ സുക്ഷ്മ പരിശോധന വ്യക്തമാക്കുന്നത് സിവില്‍ ആണവകരാര്‍ അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധം ഊട്ടിയുറപ്പിക്കാനുള്ള പാലമാണെന്നാണ്. സിവില്‍ ആണവകരാറിന്റെ മുന്നോടിയായുള്ള അമേരിക്കന്‍ പ്രസിഡന്റ് ബുഷിന്റെയും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെയും സംയുക്ത പ്രസ്താവന വരുന്നത് 2005 ജൂലൈ 18നാണ്. ഇതിനുശേഷമാണ് ഇറാനെതിരെ ഐഎഇഎയില്‍ വോട്ടുചെയ്യാന്‍ ഇന്ത്യക്കു മേല്‍ സമ്മര്‍ദമുണ്ടാകുന്നത്. പാര്‍ലമെന്റിന്റെ ഇരുസഭയിലും ഇടതുപക്ഷം ഇക്കാര്യമുന്നയിച്ചെങ്കിലും അമേരിക്കന്‍ സമ്മര്‍ദമില്ലെന്ന മറുപടിയാണ് പ്രധാനമന്ത്രി നല്‍കിയത്. ഈ അവകാശവാദം പച്ചക്കള്ളമാണെന്ന് അമേരിക്കന്‍ അംബാസഡര്‍ ഡേവിഡ് മുല്‍ഫോര്‍ഡ് പല ഘട്ടത്തിലായി അയച്ച കേബിളുകള്‍ വ്യക്തമാക്കുന്നു.

ഇറാന്റെ ആണവഭീഷണി ഉയര്‍ത്തിക്കാട്ടി ആ രാജ്യത്തിനെതിരെ വോട്ടുചെയ്യാനാണ് മുല്‍ഫോര്‍ഡ് വിദേശ സെക്രട്ടറി ശ്യാം ശരണുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടതെന്ന് 2005 സെപ്തംബര്‍ രണ്ടിന് അയച്ച സന്ദേശത്തില്‍ മുല്‍ഫോര്‍ഡ് പറയുന്നു. ചേരിചേരാ പ്രസ്ഥാനത്തിന്റെ നേതാവായതുകൊണ്ട് ഇന്ത്യയെടുക്കുന്ന നിലപാട് ഇറാനെതിരെ അഭിപ്രായരൂപീകരണത്തിനു സഹായിക്കുമെന്നും അമേരിക്ക പറയുന്നു. സെപ്തംബര്‍ 13ന് യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ബുഷുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് ഇറാനെതിരെ വോട്ടുചെയ്യാന്‍ മന്‍മോഹന്‍സിങ് ഇന്ത്യന്‍ പ്രതിനിധിക്ക് നിര്‍ദേശം നല്‍കിയത്.

സ്വതന്ത്ര വിദേശനയമാണ് പിന്തുടരുകയെന്ന് യുപിഎ സര്‍ക്കാരിന്റെ പൊതുമിനിമം പരിപാടി പറയുമ്പോഴാണ് അമേരിക്കയുമായി തന്ത്രപ്രധാന ബന്ധം സ്ഥാപിക്കാന്‍ അമേരിക്ക കരുക്കള്‍ നീക്കിയത്. ഇതിന്റെ ഭാഗമാണ് ഇന്ത്യയുടെ ഊര്‍ജസുരക്ഷയ്ക്ക് ഏറെ സഹായകമായ ഇറാന്‍-പാകിസ്ഥാന്‍ വാതകക്കുഴല്‍ പദ്ധതി ഇന്ത്യ ഉപേക്ഷിച്ചത്. ഈ പദ്ധതിക്കൊപ്പം നിന്നതാണ് കേന്ദ്ര പെട്രോളിയം മന്ത്രി മണിശങ്കര അയ്യര്‍ക്ക് 2006ലെ മന്ത്രിസഭാ അഴിച്ചുപണിയില്‍ ആ വകുപ്പ് നഷ്ടമാക്കിയതെന്നും 'വിക്കിലീക്സ്‘ വ്യക്തമാക്കുന്നു. ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള ഏഷ്യന്‍ഗ്രിഡ് എന്ന ആശയം മുന്നോട്ടുവച്ചതും അയ്യര്‍ക്ക് വിനയായെന്ന് ഇടതുപക്ഷം നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. അയ്യര്‍ക്ക് പകരം വന്ന മുരളിദേവ്റയാകട്ടെ 'ശക്തമായ അമേരിക്കന്‍ ആഭിമുഖ്യമുള്ള ആള്‍' എന്നാണ് അമേരിക്കന്‍ അംബാസഡര്‍ വിശേഷിപ്പിക്കുന്നത്. ഇതേ മാനദണ്ഡം വച്ചാണ് കപില്‍ സിബലിനും ആനന്ദ്ശര്‍മയ്ക്കും അശ്വിനികുമാറിനും മറ്റും വകുപ്പുകള്‍ നല്‍കിയതെന്നും വിക്കിലീക്സ് വെളിപ്പെടുത്തുന്നു.

2006 ജനുവരിയിലെ മന്ത്രിസഭാ വികസനമാണ് യുപിഎ സര്‍ക്കാരിന് പിന്തുണ നല്‍കുന്ന ഇടതുപക്ഷത്തെ ഏറെ പ്രകോപിപ്പിച്ചതെന്നു പറയുന്ന അമേരിക്ക ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാത്ത സര്‍ക്കാരിനായി ചരടുവലിയും ആരംഭിച്ചു. അതിന്റെ ഭാഗമായിരുന്നു പണം കൊടുത്ത് എംപിമാരെ വിലയ്ക്കു വാങ്ങി ഒന്നാം യുപിഎ സര്‍ക്കാരിനെ രക്ഷിച്ചത്. അമേരിക്കന്‍ താല്‍പ്പര്യങ്ങളെ സഹായിക്കുന്നവരെ സ്ഥാനാര്‍ഥികളാക്കാന്‍ യുപിഎയില്‍ സ്വാധീനം ചെലുത്തിയതും സര്‍ക്കാര്‍ രൂപീകരിക്കുന്നതിലും അതിന്റെ നയങ്ങള്‍ നിശ്ചയിക്കുന്നതിലും അമേരിക്ക ഇടപെട്ടതും ഇതിന്റെ തുടര്‍ച്ചയാണ്. ഇന്ത്യ അമേരിക്കയുടെ സാമന്തരാഷ്ട്രമായി അധഃപതിക്കുകയാണെന്ന ഇടതുപക്ഷ മുന്നറിയിപ്പ് അക്ഷരാര്‍ഥത്തില്‍ ശരിവയ്ക്കുന്നതാണ് വെളിപ്പെടുത്തലുകള്‍.
(വി ബി പരമേശ്വരന്‍)

ദേശാഭിമാനി 200311

2 comments:

  1. യുപിഎ സര്‍ക്കാരിന്റെ വിദേശ-ആഭ്യന്തര നയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ അമേരിക്കയ്ക്ക് വലിയ പങ്കുണ്ടെന്ന് സിപിഐ എമ്മും ഇടതുപക്ഷവും പറഞ്ഞത് ശരിവയ്ക്കുന്നതാണ് ഹിന്ദു ദിനപത്രം പുറത്തുവിട്ട വിക്കിലീക്സ് രേഖകള്‍. അമേരിക്കന്‍ അംബാസഡര്‍മാരും സമാന തസ്തികയിലുള്ള ഉദ്യോഗസ്ഥരും വാഷിങ്ടണിലേക്ക് അയച്ച രേഖകളുടെ സുക്ഷ്മ പരിശോധന വ്യക്തമാക്കുന്നത് സിവില്‍ ആണവകരാര്‍ അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധം ഊട്ടിയുറപ്പിക്കാനുള്ള പാലമാണെന്നാണ്. സിവില്‍ ആണവകരാറിന്റെ മുന്നോടിയായുള്ള അമേരിക്കന്‍ പ്രസിഡന്റ് ബുഷിന്റെയും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെയും സംയുക്ത പ്രസ്താവന വരുന്നത് 2005 ജൂലൈ 18നാണ്. ഇതിനുശേഷമാണ് ഇറാനെതിരെ ഐഎഇഎയില്‍ വോട്ടുചെയ്യാന്‍ ഇന്ത്യക്കു മേല്‍ സമ്മര്‍ദമുണ്ടാകുന്നത്. പാര്‍ലമെന്റിന്റെ ഇരുസഭയിലും ഇടതുപക്ഷം ഇക്കാര്യമുന്നയിച്ചെങ്കിലും അമേരിക്കന്‍ സമ്മര്‍ദമില്ലെന്ന മറുപടിയാണ് പ്രധാനമന്ത്രി നല്‍കിയത്. ഈ അവകാശവാദം പച്ചക്കള്ളമാണെന്ന് അമേരിക്കന്‍ അംബാസഡര്‍ ഡേവിഡ് മുല്‍ഫോര്‍ഡ് പല ഘട്ടത്തിലായി അയച്ച കേബിളുകള്‍ വ്യക്തമാക്കുന്നു.

    ReplyDelete
  2. വോട്ടുകോഴ: കേസെടുക്കാത്തത് ദുരൂഹം

    ന്യൂഡല്‍ഹി: വോട്ടുകോഴ സംബന്ധിച്ച് വിക്കിലീക്സ് വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാത്തത് ദുരൂഹം. എംപിമാരെ വിലയ്ക്കു വാങ്ങാന്‍ സോണിയ ഗാന്ധിയുടെ വിശ്വസ്തന്‍ സതീഷ് ശര്‍മ നചികേതകപുര്‍ എന്ന ആള്‍ മുഖേന പണം വിതരണം ചെയ്തെന്ന് വിക്കിലീക്സ് വെളിപ്പെടുത്തിയിട്ടും ആര്‍ക്കെതിരെയും കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇന്ത്യന്‍ ക്രിമിനല്‍ ശിക്ഷാനിയമം അനുസരിച്ച് 'ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍' കേസെടുക്കാനും അന്വേഷണം നടത്താനും കഴിയും. ഏതു കോണില്‍ നിന്നുള്ള വിവരമായാലും അത് ഏതു രൂപത്തിലായാലും കേസെടുക്കാന്‍ കഴിയുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അമേരിക്കന്‍ എംബസിയില്‍ നിന്ന് സാധാരണ അയക്കുന്ന വിവരങ്ങള്‍ വിശ്വസനീയമാണെന്ന് മുന്‍ അമേരിക്കന്‍ അംബാസഡര്‍ ഡേവിഡ് മുല്‍ഫോര്‍ഡ് സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നേരത്തേ പാര്‍ലമെന്ററി സമിതി അന്വേഷിച്ചതിനാല്‍ ഇനി കേസെടുക്കുന്നതിലും അന്വേഷിക്കുന്നതിലും കാര്യമില്ലെന്നാണ് കോഗ്രസിന്റെ അഭിപ്രായം. എന്നാല്‍, പ്രസ്തുത സമിതി അന്വേഷണം നടത്തുന്ന വേളയില്‍ വിക്കിലീക്സ് പുറത്തുകൊണ്ടുവന്ന രേഖകള്‍ വെളിച്ചം കണ്ടിരുന്നില്ല.

    ReplyDelete