Sunday, March 20, 2011

കയര്‍ പെന്‍ഷന്‍ വിതരണം കോണ്‍. എംഎല്‍എയുടെ പരാതിയെ തുടര്‍ന്ന് തടഞ്ഞു

കയര്‍ത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പെന്‍ഷന്‍ വിതരണം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ പെന്‍ഷന്‍ വിതരണം ചെയ്തില്ല. ഇതുമൂലം പ്രായമായ തൊഴിലാളികള്‍ ക്ഷേമനിധി ബോര്‍ഡ് ഓഫീസിലെത്തി പെന്‍ഷന്‍ ലഭിക്കാതെ മടങ്ങി. സംസ്ഥാനത്തെ വിവിധ ക്ഷേമനിധി ബോര്‍ഡ് ഓഫീസുകളില്‍ ശനിയാഴ്ച നടക്കേണ്ട പെന്‍ഷന്‍ വിതരണമാണ് മുടങ്ങിയത്. ശനിയാഴ്ചമുതല്‍ ഈ മാസം 28വരെയാണ് പെന്‍ഷന്‍ വിതരണം ചെയ്യുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍, കയര്‍ത്തൊഴിലാളി പെന്‍ഷന്‍ വിതരണം ചെയ്യുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ എംഎല്‍എ എ എ ഷുക്കൂര്‍ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ പെന്‍ഷന്‍ നല്‍കാന്‍ കഴിയില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. ചിറയിന്‍കീഴ്, കൊല്ലം, ആലപ്പുഴ, ചേര്‍ത്തല, കൊല്ലം എന്നിവിടങ്ങളില്‍ പെന്‍ഷന്‍ വാങ്ങാന്‍ എത്തിയ തൊഴിലാളികളെ ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചു.

പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതും നടപ്പാക്കുന്നതുമാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനത്തിന്റെ പരിധിയില്‍ വരുന്നതെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ വ്യക്തമാക്കിയിട്ടും അത് ഉള്‍ക്കൊള്ളാതെയാണ് ചില ഉദ്യോഗസ്ഥര്‍ പെന്‍ഷന്‍ തടയുന്നത്. ആനുകൂല്യം നിഷേധിക്കാന്‍ പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരാതി അയക്കുന്നതും അതിന് ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നതും രാഷ്ട്രീയ പ്രേരിതമാണെന്ന് കേരള കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ ജനറല്‍ സെക്രട്ടറി ആനത്തലവട്ടം ആനന്ദന്‍ എംഎല്‍എ പറഞ്ഞു. കയര്‍ത്തൊഴിലാളി പെന്‍ഷന്‍ നിലവില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന സംവിധാനമായതിനാല്‍ അതു ചട്ടലംഘനത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്ന് സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നളിനി നെറ്റോ വ്യക്തമാക്കി.

പെന്‍ഷന്‍ വിതരണം തടഞ്ഞ ഉത്തരവ് പിന്‍വലിച്ചു

കോഴിക്കോട്: എല്ലാ സാമൂഹ്യ സുരക്ഷിതത്വ പെന്‍ഷനുകളും തൊഴിലില്ലായ്മാ വേതനവും വിതരണംചെയ്യുന്നത് തടഞ്ഞ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നളിനി നെറ്റോ ഇറക്കിയ ഉത്തരവ് മൂന്ന് ദിവസത്തിനകം പിന്‍വലിച്ചു. നിലവില്‍ കിട്ടിക്കൊണ്ടിരിക്കുന്നവര്‍ക്കും നേരത്തെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുമെല്ലാം പെന്‍ഷനും തൊഴിലില്ലായ്മാ വേതനവും നല്‍കാമെന്നാണ് പുതുക്കിയ ഉത്തരവ്. തെരഞ്ഞെടുപ്പുകാലത്ത് പെന്‍ഷനുകള്‍ വിതരണംചെയ്യുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണോ എന്ന് ചോദിച്ച് ചടയമംഗലം റിട്ടേണിങ് ഓഫീസറായ കൊല്ലം പഞ്ചായത്ത് ഡപ്യൂട്ടി ഡയരക്ടര്‍ ഇലക്ഷന്‍ കമീഷണര്‍ക്ക് എഴുതിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് എല്ലാ ക്ഷേമ പെന്‍ഷനുകളും തൊഴിലില്ലായ്മാ വേതനവും നിര്‍ത്തിവെക്കാന്‍ നളിനി നെറ്റോ ഉത്തരവിട്ടത്. ഇതിന്റെ കോപ്പി എല്ലാ ജില്ലാ കലക്ടര്‍മാര്‍ക്ക് നല്‍കാനും മാര്‍ച്ച് 15ന് ഇറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നു. പെന്‍ഷനുകളെ ആശ്രയിച്ച് ജീവിക്കുന്നവരെ ബുദ്ധിമുട്ടിക്കുന്നതാണ് ഉത്തരവെന്നും ഇത് പുനഃപരിശോധിക്കണമെന്നും വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു. കര്‍ഷകത്തൊഴിലാളികള്‍, വികലാംഗര്‍, കയര്‍തൊഴിലാളികള്‍, വിധവകള്‍ തുടങ്ങി വര്‍ഷങ്ങളായി പെന്‍ഷന്‍ കിട്ടുന്നവരെല്ലാം ബുദ്ധിമുട്ടുമെന്നും ഉറപ്പായി. ഈ സാഹചര്യത്തിലാണ് പഴയ ഉത്തരവ് തിരുത്തി മാര്‍ച്ച് 18ന് വീണ്ടും ഉത്തരവ് വന്നത്.

ദേശാഭിമാനി 200311

1 comment:

  1. കയര്‍ത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പെന്‍ഷന്‍ വിതരണം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ പെന്‍ഷന്‍ വിതരണം ചെയ്തില്ല. ഇതുമൂലം പ്രായമായ തൊഴിലാളികള്‍ ക്ഷേമനിധി ബോര്‍ഡ് ഓഫീസിലെത്തി പെന്‍ഷന്‍ ലഭിക്കാതെ മടങ്ങി. സംസ്ഥാനത്തെ വിവിധ ക്ഷേമനിധി ബോര്‍ഡ് ഓഫീസുകളില്‍ ശനിയാഴ്ച നടക്കേണ്ട പെന്‍ഷന്‍ വിതരണമാണ് മുടങ്ങിയത്. ശനിയാഴ്ചമുതല്‍ ഈ മാസം 28വരെയാണ് പെന്‍ഷന്‍ വിതരണം ചെയ്യുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍, കയര്‍ത്തൊഴിലാളി പെന്‍ഷന്‍ വിതരണം ചെയ്യുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ എംഎല്‍എ എ എ ഷുക്കൂര്‍ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ പെന്‍ഷന്‍ നല്‍കാന്‍ കഴിയില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. ചിറയിന്‍കീഴ്, കൊല്ലം, ആലപ്പുഴ, ചേര്‍ത്തല, കൊല്ലം എന്നിവിടങ്ങളില്‍ പെന്‍ഷന്‍ വാങ്ങാന്‍ എത്തിയ തൊഴിലാളികളെ ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചു.

    ReplyDelete