Sunday, March 20, 2011

രണ്ടു രൂപയുടെ അരിയും തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിഷേധ നിലപാടും

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ തിരുവനന്തപുരത്ത്‌വെച്ച് ഫെബ്രുവരി 17 ന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. സി പി ഐ യെ പ്രതിനിധീകരിച്ച് എന്നോടൊപ്പം സെക്രട്ടേറിയറ്റ് അംഗം കെ ആര്‍ ചന്ദ്രമോഹനനും ഉണ്ടായിരുന്നു. കേരളത്തില്‍ രണ്ട് രൂപയുടെ അരി 70 ലക്ഷം  കുടുംബങ്ങള്‍ക്കും നല്‍കുന്നത് പെരുമാറ്റചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷന്‍ തടഞ്ഞിരുന്നു. ഈ തീരുമാനം പുനപ്പരിശോധിക്കണമെന്ന് പാര്‍ട്ടിക്കു വേണ്ടി നിവേദനത്തിലൂടെ ഞങ്ങള്‍ ആവശ്യപ്പെട്ടു. ഇതിന് മുമ്പ് ചേര്‍ന്ന യോഗത്തിലും ഇതേ ആവശ്യം ഞങ്ങള്‍ ഉന്നയിച്ചിരുന്നു.

2011 ഫെബ്രുവരി നാലിന് നിയമസഭയിലും 10ന് ബജറ്റ് അവതരണത്തിലും ഊന്നിപ്പറഞ്ഞ പദ്ധതിയാണിത്. നേരത്തെ നല്‍കിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളുടെ വിപുലീകരണം മാത്രമാണിത്. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വരുന്നതിന് എത്രയോ മുമ്പ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഈ പദ്ധതി യു ഡി എഫ് നേതാക്കളുടെ പരാതിയെത്തുടര്‍ന്നാണ് കമ്മിഷന്‍ നിര്‍ത്തിവെച്ചത്. സര്‍ക്കാരിന്റെ വിശദീകരണം കേള്‍ക്കാതെ സാമൂഹ്യ പ്രതിബദ്ധത മറന്ന് എടുത്ത ഈ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം കേരളത്തില്‍ ഉയര്‍ന്നുവരികയുണ്ടായി. ഒല്ലൂര്‍ എം എല്‍ എയും സി പി ഐ നേതാവുമായ  രാജാജി മാത്യു തോമസ് ഇക്കാര്യത്തില്‍ ഹൈക്കോടതിയെ സമീപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് സംശയകരമാണ് എന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ നിഗമനം. ഇത്തരം ഉത്തരവ് പുറപ്പെടുവിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ടെന്ന് കരുതുന്നില്ലെന്നും കോടതി പ്രസ്താവിച്ചു. സര്‍ക്കാരിന്റെ നടപടി തിരഞ്ഞെടുപ്പ് പവിത്രതയെ ബാധിക്കില്ല. ജനങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യം തടയുന്നതെന്തിനെന്നും കോടതി ചോദിച്ചു.

എ പി എല്‍-ബി പി എല്‍ വ്യത്യാസമില്ലാതെ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും അരി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചതിനു കുറേ കഴിഞ്ഞാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം. കേരളത്തില്‍ പട്ടിണികിടക്കുന്ന ഒരു കുടുംബവുമില്ലെന്ന് ഉറപ്പുവരുത്തുന്ന പദ്ധതിയാണിത്. പ്രതിമാസം 27 കോടി രൂപയുടെ അധിക ബാധ്യതയാണ് ഇതിലൂടെ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ 6.20 രൂപയ്ക്കും 8.50 നും നല്‍കുന്ന അരി രണ്ട് രൂപയ്ക്ക് നല്‍കുമ്പോള്‍ ബാക്കി വരുന്ന സംഖ്യ സര്‍ക്കാര്‍ സബ്‌സിഡി നല്‍കുകയാണ്. പട്ടിണിക്കാരെ സംരക്ഷിക്കുന്നതിനും വിലക്കയറ്റം തടയുന്നതിനും ഈ നടപടി നിര്‍ണായക പങ്ക് വഹിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. പാവപ്പെട്ടവന്റെ കഞ്ഞിയില്‍ മണ്ണ് വാരിയിടുകയാണ് യു ഡി എഫുകാര്‍ ചെയ്യുന്നത്. വിലക്കയറ്റം തടയുന്നതിന് മുന്‍സര്‍ക്കാര്‍ എടുത്ത നടപടികളെ തുരങ്കം വെച്ചവരാണ് അവര്‍. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും ഭക്ഷ്യ മന്ത്രിയുമായിരുന്ന ഇ ചന്ദ്രശേഖരന്‍ നായര്‍ പൊതുവിതരണം ശക്തിപ്പെടുത്തുന്നതിനും വിലക്കയറ്റം തടയുന്നതിനും ഒട്ടേറെ നടപടി സ്വീകരിക്കുകയുണ്ടായി. വ്യാപകമായി മാവേലി സ്റ്റോറുകള്‍ ആരംഭിച്ച് കമ്പോളത്തില്‍ ഇടപെട്ടും ഫലപ്രദമായ പദ്ധതികള്‍ അക്കാലത്തുണ്ടായി. വാമനസ്റ്റോര്‍ ആരംഭിച്ചുകൊണ്ടാണ് യു ഡി എഫ് ഇതിനെ തകര്‍ക്കാന്‍ ശ്രമിച്ചത്. കേരളത്തിലെ 3.25 കോടി ജനങ്ങളില്‍ 1.25 കോടിയും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനെ ആശ്രയിക്കുന്നു.

പതിമൂന്നിനം സാധനങ്ങള്‍ക്ക് കഴിഞ്ഞ അഞ്ച് വര്‍ഷമായി വിലവര്‍ധനയില്ല. പൊതു കമ്പോളത്തേക്കാള്‍ 20 മുതല്‍ 80 ശതമാനം വരെ വിലക്കുറവ് മാവേലി സ്റ്റോറുകളിലുണ്ട്. അതുകൊണ്ടുതന്നെ കൂടുതല്‍ ആളുകള്‍ സപ്ലൈകോയെ ആശ്രയിക്കുന്ന സ്ഥിതിയുണ്ടായി. എല്‍ ഡി എഫ് അധികാരത്തില്‍ വരുമ്പോള്‍ സപ്ലൈകോയുടെ വിറ്റുവരവ് 700 കോടി രൂപയായിരുന്നു. 2011 ല്‍ അത് 2840 കോടി രൂപയായി. അതായത് നാലിരട്ടി കണ്ട് വര്‍ധിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ ഭക്ഷ്യനയം മൂലം നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി  കൂടി. എന്നാല്‍ കേരളത്തില്‍ ശക്തമായ നടപടികളോടെ വിലനിലവാരം പിടിച്ചുനിര്‍ത്തി. കമ്പോളത്തില്‍ ഇടപെടുന്നതിനും വിലനിയന്ത്രിക്കുന്നതിനും എല്‍ ഡി എഫ് സര്‍ക്കാരിന് കഴിഞ്ഞു. വിലക്കയറ്റത്തിന്റെ കാര്യത്തില്‍ രാജ്യത്ത് 17-ാം സ്ഥാനത്ത് കേരളമെത്തിയത് അങ്ങനെയാണ്. പ്രതിവര്‍ഷം 100 കോടി രൂപ പൊതുകമ്പോളത്തില്‍ ഇടപെടുന്നതിനായി കേരളം ചെലവഴിക്കുന്നു. പൊതുവിതരണ ശൃംഖല ശക്തിപ്പെടുത്തുന്നു. 14,400 റേഷന്‍ കടകളും 3000 മാവേലി സ്റ്റോറുകളുമുണ്ടിവിടെ. ഇതിന് പുറമെയാണ് കണ്‍സ്യൂമര്‍ ഫെഡറേഷന്റെയും സഹകരണ സംഘങ്ങളുടെയും ഇടപെടല്‍. കേരളത്തില്‍ വിലക്കയറ്റം തടയാനുള്ള സ്ഥിരസംവിധാനം ഉണ്ടാക്കുന്നതിനുവേണ്ടി ബജറ്റില്‍ പ്ലാന്‍ ഫണ്ടായി 80 കോടി രൂപ നീക്കിവെച്ചു എന്നത് പുതിയ കാര്യമാണ്.

കേന്ദ്ര ബജറ്റില്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞത് ശ്രദ്ധേയമാണ്. സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി അനര്‍ഹര്‍ തട്ടിയെടുക്കുന്നതിനാല്‍ ബി പി എല്‍ ലിസ്റ്റിലുള്ളവര്‍ക്ക് ഇനി അത് പണമായി നല്‍കുമെന്നാണ് അദ്ദേഹം പറഞ്ഞത്.  നീണ്ടുനിന്ന അവകാശ പോരാട്ടങ്ങളിലൂടെ നാം നേടിയെടുത്തതാണ് പൊതുവിതരണ സംവിധാനം. ഇതിനെ തകര്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. ഭക്ഷ്യ സുരക്ഷയെ കുറിച്ച് വാചകകസര്‍ത്തല്ലാതെ ആത്മാര്‍ഥതയുള്ള ഒരു നടപടിയും ഇവര്‍ സ്വീകരിക്കുന്നില്ല.

വിലകൂടിയ സാധനങ്ങള്‍ക്ക് പകരം വിലകുറഞ്ഞത് വാങ്ങി കഴിച്ചാല്‍ മതിയെന്നാണ് പ്രധാനമന്ത്രിയുടെ ഉപദേശം. പെട്രോള്‍ വില ഇടയ്ക്കിടെ വര്‍ധിച്ചത് സാധാരണക്കാരെ പട്ടിണിക്കിടുന്നു. വിലക്കയറ്റത്തിനുള്ള പ്രധാനകാരണം പെട്രോള്‍ വില വര്‍ധനവാണ്. പൊതു വിതരണത്തെക്കുറിച്ച് ഒരു പരാമര്‍ശവും കേന്ദ്ര ബജറ്റിലില്ല. ഭക്ഷ്യവിതരണത്തിന് വകയിരുത്തിയത് 6415 കോടി രൂപ. കഴിഞ്ഞ തവണത്തേതിലും കുറവാണിത്. വളത്തിനും ഭക്ഷ്യസാധനങ്ങള്‍ക്കും പെട്രോളിനും സബ്‌സിഡിയില്ല. ഇതിനൊന്നും പണമില്ല എന്നാണവരുടെ നിലപാട്. ധനകമ്മി പരിഹരിക്കാന്‍ 40,000 കോടി രൂപയുടെ പൊതുമേഖലാ ഓഹരികള്‍ ചുളുവിലാണ് കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുന്നത്.

മൂന്നുരൂപയ്ക്ക് എല്ലാവര്‍ക്കും 25 കിലോ അരിയും രണ്ടുരൂപയ്ക്ക് ഗോതമ്പും നല്‍കുമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ അതിനുള്ള ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഭക്ഷ്യ സബ്‌സിഡി ഇല്ലാതാക്കാന്‍ ശ്രമിക്കുകയും കുത്തക ഭീമന്മാര്‍ക്ക് ഉദാരമായ സഹായം നല്‍കുകയും ചെയ്യുന്നു. ഓരോ ദിവസവും 240 കോടിരൂപ കോര്‍പ്പറേറ്റുകളുടെ ഇന്‍കം ടാക്‌സ് എഴുതിതള്ളുന്നു.

2005-06ല്‍ 3,74,937 കോടിരൂപയുടെ ഇളവുകള്‍ ബജറ്റിലൂടെ കേന്ദ്രസര്‍ക്കാര്‍ വന്‍ മുതലാളിമാര്‍ക്ക് നല്‍കി. ഇപ്പോഴത്തെ ബജറ്റില്‍ 88263 കോടി. കസ്റ്റംസ് ഡ്യൂട്ടി ഇനത്തില്‍ 2010-11ല്‍ 1,74,418 കോടി കേന്ദ്രബജറ്റില്‍ തന്നെ ഇളവ് നല്‍കി. ഇത് പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്താന്‍ ഉപയോഗിച്ചിരുന്നെങ്കില്‍ നാടിന്റെ പട്ടിണിമാറ്റാന്‍ കഴിയുമായിരുന്നു. ഇന്‍കംടാക്‌സ്, എക്‌സൈസ് ഡ്യൂട്ടി, കസ്റ്റംസ് ഡ്യൂട്ടി ഇനങ്ങളില്‍ 2005-06ല്‍ 2,29,108 കോടി രൂപയാണ് ഇളവ് നല്‍കിയത്. 2010-11 ആയപ്പോള്‍ 4,60,972 കോടി രൂപ എഴുതി തള്ളി. 2005 മുതല്‍ 2011 വരെ ആകെ 21,25,023 കോടി രൂപ എഴുതി തള്ളിയെന്ന് സ്റ്റേറ്റ്‌മെന്റ് ഓഫ് റവന്യൂവില്‍ പറയുന്നു. ഈ കണക്ക് ഔദ്യോഗികമാണ്.

കോടീശ്വരന്മാര്‍ക്ക് എല്ലാ സഹായവും ചെയ്യുന്നതാണ് കേന്ദ്രഭരണം.

അതിന് ഒരുപാട് ഉദാഹരണങ്ങളുടെ ആവശ്യമില്ല. ഇതിന് ബദലായി ജനപക്ഷനിലപാട് സ്വീകരിച്ചുകൊണ്ടാണ് കേരളത്തില്‍ എല്‍ ഡി എഫ് മുന്നോട്ടു പോകുന്നത്. കേന്ദ്രം പ്രഖ്യാപിച്ച ഭക്ഷ്യസുരക്ഷാപദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതും കേരളത്തിലാണ്. ജനങ്ങള്‍ക്ക് മുഴുവന്‍ രണ്ട് രൂപയ്ക്ക് അരി നല്‍കുന്ന നടപടി രാജ്യത്തിന് മാതൃകയാണ്. മറ്റു പലതിലെന്നത് പോലെ കേരളം ഇക്കാര്യത്തിലും ഇന്ത്യയ്ക്ക് മാതൃകയാവുന്നു.

കര്‍ഷകരുടെ ദയനീയാവസ്ഥയ്ക്ക് പരിഹാരമുണ്ടായി. ഭക്ഷ്യ സുരക്ഷ ആഗ്രഹിക്കുന്ന എല്ലാവരിലും ആശ്വാസം പകരുന്ന ദീര്‍ഘവീക്ഷണമുള്ള പദ്ധതി നടപ്പാക്കുന്നതിലൂടെ പ്രതിബദ്ധതയോടെ ജനതാല്‍പര്യം സംരക്ഷിക്കുകയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ചെയ്യുന്നത്.

കേരളത്തിലെ പാവപ്പെട്ടവരോടുള്ള പ്രതിബദ്ധത തെളിയിക്കുന്ന ചരിത്രത്തിന്റെ ഏടുകളില്‍ എന്നും രേഖപ്പെടുത്തുന്ന ഒരു തീരുമാനമായിരിക്കും എല്ലാവര്‍ക്കും രണ്ടു രൂപയ്ക്ക് അരി എന്നത്. ജനനം മുതല്‍ മരണം വരെ സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടിയും എല്‍ ഡി എഫ് സര്‍ക്കാര്‍ കൈക്കൊണ്ടു. അത്തരമൊരു ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ സാമൂഹ്യപ്രതിബദ്ധതയില്ലാത്ത നടപടികള്‍ക്കെതിരെ ജനകീയ രോഷം ഉയരുകതന്നെ ചെയ്യും.
(സി എന്‍ ചന്ദ്രന്‍)

ജനയുഗം 200311

1 comment:

  1. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ തിരുവനന്തപുരത്ത്‌വെച്ച് ഫെബ്രുവരി 17 ന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. സി പി ഐ യെ പ്രതിനിധീകരിച്ച് എന്നോടൊപ്പം സെക്രട്ടേറിയറ്റ് അംഗം കെ ആര്‍ ചന്ദ്രമോഹനനും ഉണ്ടായിരുന്നു. കേരളത്തില്‍ രണ്ട് രൂപയുടെ അരി 70 ലക്ഷം കുടുംബങ്ങള്‍ക്കും നല്‍കുന്നത് പെരുമാറ്റചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷന്‍ തടഞ്ഞിരുന്നു. ഈ തീരുമാനം പുനപ്പരിശോധിക്കണമെന്ന് പാര്‍ട്ടിക്കു വേണ്ടി നിവേദനത്തിലൂടെ ഞങ്ങള്‍ ആവശ്യപ്പെട്ടു. ഇതിന് മുമ്പ് ചേര്‍ന്ന യോഗത്തിലും ഇതേ ആവശ്യം ഞങ്ങള്‍ ഉന്നയിച്ചിരുന്നു.

    ReplyDelete