Monday, March 21, 2011

'സാധാരണക്കാരന്റെ എംഎല്‍എയ്ക്ക് ഒരു വോട്ട് ' ദേവ് പറയുന്നു

അരൂര്‍: ആത്മഹത്യതന്നെ പ്രതിവിധിയെന്ന് ഒടുവില്‍ ആര്‍ വി ദേവ് ഉറപ്പിച്ചു. ഇത്രയും വലിയ തുക കണ്ടെത്താനാവില്ല. അപ്പോഴാണ് ഒരു ഉള്‍വിളി. എംഎല്‍എയെ ചെന്നുകണ്ടാലോ. എപ്പോഴോ തോന്നിയ ആ ചിന്തയാണ് ആര്‍ വി ദേവിന്റെ ജീവിതത്തിന് വെളിച്ചമായത്. എ എം ആരിഫ് എഎല്‍എയെ കണ്ടതോടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുകയായിരുന്നുവെന്ന് സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ ആര്‍ വി ദേവ് എന്ന വാസുദേവന്‍നായര്‍ പറഞ്ഞു.

നഷ്ടപരിഹാരംതേടി കോടതികള്‍ കയറിയിറങ്ങിയാണ് ആര്‍ വി ദേവ് എന്ന വാസുദേവന്‍നായര്‍ക്ക് വലിയൊരു തുക ബാധ്യതവന്നത്. തുക കെട്ടിവച്ചില്ലെങ്കില്‍ ജപ്തിനടപടി. കേസിന്റെ ദയനീയാവസ്ഥകേട്ട എ എം ആരിഫ് എംഎല്‍എ നിയമസഭയില്‍ സബ്മിഷനായി ഉന്നയിക്കുകയും തുടര്‍ന്നുണ്ടായ നടപടികളില്‍ കടബാധ്യത എഴുതിത്തള്ളുകയുമായിരുന്നു.

വര്‍ഷങ്ങള്‍ക്കുമുമ്പാണ് ആര്‍ വി ദേവിനെ ആത്മഹത്യവരെ എത്തിച്ച സംഭവങ്ങളുടെ തുടക്കം. 1977 ഡിസംബറില്‍ ഒരുവഴക്കുകേസിന്റെ സാക്ഷിപറയാന്‍ ആലപ്പുഴ കോടതിയിലെത്തിയ ആര്‍ വി ദേവിനുനേരെ അക്രമികള്‍ ആസിഡുബള്‍ബെറിഞ്ഞു. മുഖമാകെ വികൃതമായി. ഒരുകണ്ണിന്റെ കാഴ്ച പൂര്‍ണമായും മറ്റേതിന്റെ കാഴ്ച ഭാഗികമായും നഷ്ടപ്പെട്ടു. മതിയായ തെളിവുകളുടെ അഭാവംമൂലം കേസിലെ പ്രതികള്‍ രക്ഷപ്പെട്ടു. കോടതിയില്‍ സാക്ഷിപറയാന്‍ എത്തുന്നവര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കുന്നതിനുള്ള വീഴ്ചകള്‍മൂലം തനിക്ക് ഏല്‍ക്കേണ്ടിവന്ന ക്രൂരതകള്‍ക്ക് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ആര്‍ വി ദേവ് കേസ് ഫയല്‍ചെയ്തു. എന്നാല്‍ സംഭവം നടന്ന് നിശ്ചിതകാലപരിധിക്കുള്ളില്‍ സമര്‍പ്പിക്കേണ്ടിയിരുന്ന നഷ്ടപരിഹാര ഹര്‍ജി നല്‍കാന്‍ വൈകിയെന്ന കാരണത്താല്‍ കോടതി ഹര്‍ജി തള്ളി. സുപ്രീംകോടതിവരെ ദേവ് പോയെങ്കിലും ഹര്‍ജി സ്വീകരിച്ചില്ല. നഷ്ടപരിഹാര ഹര്‍ജിയില്‍ ആവശ്യപ്പെടുന്ന തുകയ്ക്ക് ആനുപാതിക സംഖ്യ കോടതിയില്‍ കെട്ടിവച്ചുവേണം കേസ് ഫയല്‍ ചെയ്യണമെന്നാണ് നിയമം. ഇതിന് നിര്‍വാഹമില്ലാത്തവര്‍ക്ക് അനുകൂലവിധിവരുമ്പോള്‍ ഈതുകകഴിച്ച് ബാക്കി തുക നല്‍കിയാല്‍ മതിയെന്ന വ്യവസ്ഥയിന്മേലാണ് ആര്‍ വി ദേവ് ഹര്‍ജി നല്‍കിയിരുന്നത്. ഹര്‍ജി തള്ളിയതുമൂലം ഹര്‍ജി ഫയല്‍ചെയ്ത സമയത്ത് കെട്ടിവെക്കേണ്ട തുക ഉടന്‍ കെട്ടിവയ്ക്കാന്‍ ഉത്തരവായി. ആകെയുണ്ടായിരുന്ന സ്ഥലം ജപ്തിചെയ്ത് 1,73,230 രൂപ അടയ്ക്കാന്‍ റവന്യു അധികൃതര്‍ ഉത്തരവായി.

നഷ്ടപരിഹാരംകിട്ടിയില്ലെങ്കിലും ജപ്തിനടപടികളില്‍നിന്നും ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് നിരവധി വാതിലുകളില്‍ മുട്ടിയെങ്കിലും ഒരുഫലവും ഉണ്ടായില്ല. തുടര്‍ന്നാണ് ആരിഫ് എംഎല്‍എയെ കണ്ടത്. ആത്മഹത്യയില്‍നിന്ന് തന്നെയും കുടുംബത്തെയും രക്ഷിച്ച് ജീവിതത്തിന് പുതിയ വെളിച്ചമേകിയ എ എം ആരിഫിന് വോട്ടുതേടി ഇത്തവണ ആര്‍ വി ദേവുമുണ്ടാകും. 'സാധാരണക്കാര്‍ക്കായി പ്രവര്‍ത്തിച്ച ആരിഫിനൊരു വോട്ട്' ഇതാണ് ആര്‍ വി ദേവ് എന്ന വാസുദേവന്‍നായരുടെ അഭ്യര്‍ഥന. തന്നെയും കുടുംബത്തിനെയും രക്ഷിച്ചതിനല്ല, സാധാരണക്കാര്‍ക്കുവേണ്ടിയുള്ള എംഎല്‍എ എന്ന നിലയിലാണ് ആരിഫിനെ വിജയിപ്പിക്കാന്‍ രംഗത്തിറങ്ങിയതെന്നും ആര്‍ വി ദേവ് പറഞ്ഞു. സ്വന്തമായി തയ്യാറാക്കിയ പ്രസ്താവനയുമായാണ് ദേവിന്റെ പ്രചാരണം.

ദേശാഭിമാനി 210311

2 comments:

  1. ആത്മഹത്യതന്നെ പ്രതിവിധിയെന്ന് ഒടുവില്‍ ആര്‍ വി ദേവ് ഉറപ്പിച്ചു. ഇത്രയും വലിയ തുക കണ്ടെത്താനാവില്ല. അപ്പോഴാണ് ഒരു ഉള്‍വിളി. എംഎല്‍എയെ ചെന്നുകണ്ടാലോ. എപ്പോഴോ തോന്നിയ ആ ചിന്തയാണ് ആര്‍ വി ദേവിന്റെ ജീവിതത്തിന് വെളിച്ചമായത്. എ എം ആരിഫ് എഎല്‍എയെ കണ്ടതോടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുകയായിരുന്നുവെന്ന് സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ ആര്‍ വി ദേവ് എന്ന വാസുദേവന്‍നായര്‍ പറഞ്ഞു.

    ReplyDelete