Monday, March 21, 2011

നിലവിളിയുടെ ഓര്‍മയില്‍ കിള്ളി

കിള്ളിയുടെ ഓര്‍മയില്‍നിന്ന് ആ ഞായറാഴ്ചയുടെ ഭീകരത ഇന്നും മാഞ്ഞിട്ടില്ല. ഗാഢനിദ്രയിലായിരുന്നവര്‍ ഒരിക്കലും മറക്കാത്ത പൊലീസ് ഭീകരതയിലേക്കാണ് അന്ന് ഞെട്ടിഉണര്‍ന്നത്. ഇരുനൂറോളം പൊലീസുകാര്‍ ഒരേസമയം പത്തോളം വീടുകളിലേക്ക് ഇരച്ചെത്തുകയായിരുന്നു. വാതിലുകള്‍ ചവിട്ട്പ്പൊളിച്ച്, കരഞ്ഞ് കാലുപിടിച്ച് തടയാന്‍ ശ്രമിച്ച സ്ത്രീകളെയും പിഞ്ചുകുഞ്ഞുങ്ങളെയും നിര്‍ദയം ചവിട്ടിമെത്തിച്ച്, ശത്രുരാജ്യത്തിനുനേരെയെന്നപോലെ പൊലീസ് ഈ വീടുകളില്‍ താണ്ഡവമാടി. 2003 ഒക്ടോബര്‍ അഞ്ചിന് അര്‍ധരാത്രിക്കുശേഷം അരങ്ങേറിയ പൊലീസ് ഭീകരതയില്‍ കാട്ടാക്കട കിള്ളിപ്രദേശം വിറങ്ങലിച്ചു.

ഹെല്‍മറ്റ്വേട്ടക്കിടെ അജീറെന്ന ചെറുപ്പക്കാരനെ പൊലീസ് ലാത്തികൊണ്ട് തലക്കടിച്ച് വീഴ്ത്തിയതിനെത്തുടര്‍ന്നുണ്ടായ നിസ്സാര പ്രശ്നങ്ങളുടെ പേരിലാണ് അടിയന്തരാവസ്ഥയെപ്പോലും നാണിപ്പിച്ച ഭീകരത പൊലീസ് അഴിച്ചുവിട്ടത്. സെപ്തംബര്‍ 28നാണ് സംഭവങ്ങളുടെ തുടക്കം. കിള്ളി ജങ്ഷനുസമീപം ഹെല്‍മെറ്റ് വേട്ടക്കിറങ്ങിയ പൊലീസ് സ്കൂട്ടറില്‍ പോകുകയായിരുന്ന അജീറിനെ ലാത്തികൊണ്ട് തലക്കടിച്ച് വീഴ്ത്തി. തലയ്ക്ക് ഗുരുതരമായി ക്ഷതമേറ്റ ആശുപത്രിയിലായ അജീര്‍ മരിച്ചുവെന്ന് വാര്‍ത്ത പരന്നതോടെ രോഷാകുലരായ ജനങ്ങള്‍ റോഡു ഉപരോധിക്കുകയും പൊലീസ് ജീപ്പ് തടയുകയും ചെയ്തു. എന്നാല്‍, സിപിഐ എം നേതാക്കളും സംഘടനകളും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഇടപെട്ട് പ്രശ്നം രമ്യതയിലെത്തിച്ചിരുന്നു. അനാവശ്യമായി വീടുകളില്‍ കയറി റെയ്ഡ് നടത്തില്ലെന്ന് പൊലീസ് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍, ഇത് വകവയ്ക്കാതെയാണ് കിള്ളിയില്‍ പൊലീസ് നടപടിയുണ്ടായത്. പൊലീസ് ജീപ്പ് തടഞ്ഞവരെ തേടിയാണ് പൊലീസ് സംഘം ഒരു പ്രദേശമാകെ ചവിട്ടിമെത്തിച്ചത്. കേട്ടലറക്കുന്ന തെറിവിളിച്ചുകൊണ്ട് ഇവര്‍ സ്ത്രീകളുടെ നിശാവസ്ത്രങ്ങള്‍ വലിച്ചുകീറി. പിഞ്ചുകുഞ്ഞുങ്ങളെ ബുട്ടിട്ട് ചവിട്ടി. സ്ത്രീകളുടെ ഒക്കത്തിരുന്ന കുട്ടികളെ തൂക്കിയെടുത്ത് ചുവരിലേക്ക് എറിഞ്ഞു. ടിവിയും മിക്സിയുമടക്കം കണ്ണില്‍കണ്ടതെല്ലാം തല്ലിപൊളിച്ചു. മേശയും അലമാരയുമെല്ലാം കുത്തിപ്പൊളിച്ച് പണവും ആഭരണവുംവരെ കൈക്കലാക്കി. ചില സ്ത്രീകളുടെ കഴുത്തില്‍നിന്നുപോലും സ്വര്‍ണമാല പിടിച്ചുപറിച്ചു. ഗുണ്ടാസംഘങ്ങള്‍പോലും ചെയ്യാനറയ്ക്കുന്നതാണ് കാക്കിയണിഞ്ഞ സംഘം കാട്ടിക്കൂട്ടിയത്. പൊലീസ് കസ്റഡിയിലെടുത്ത ഒമ്പതുപേരെ ആറുമണിക്കൂറോളം മലയിന്‍കീഴ് സ്റേഷനില്‍ പൂര്‍ണ നഗ്നരാക്കി മര്‍ദിച്ചു. ഇതിന് ഉത്തരവാദിയായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണി ഉറപ്പുനല്‍കിയെങ്കിലും കുറ്റക്കാരെ രക്ഷിക്കാനുള്ള ഒത്തുകളിയാണ് പിന്നീടുണ്ടായത്.

ദേശാഭിമാനി

1 comment:

  1. കിള്ളിയുടെ ഓര്‍മയില്‍നിന്ന് ആ ഞായറാഴ്ചയുടെ ഭീകരത ഇന്നും മാഞ്ഞിട്ടില്ല. ഗാഢനിദ്രയിലായിരുന്നവര്‍ ഒരിക്കലും മറക്കാത്ത പൊലീസ് ഭീകരതയിലേക്കാണ് അന്ന് ഞെട്ടിഉണര്‍ന്നത്. ഇരുനൂറോളം പൊലീസുകാര്‍ ഒരേസമയം പത്തോളം വീടുകളിലേക്ക് ഇരച്ചെത്തുകയായിരുന്നു. വാതിലുകള്‍ ചവിട്ട്പ്പൊളിച്ച്, കരഞ്ഞ് കാലുപിടിച്ച് തടയാന്‍ ശ്രമിച്ച സ്ത്രീകളെയും പിഞ്ചുകുഞ്ഞുങ്ങളെയും നിര്‍ദയം ചവിട്ടിമെത്തിച്ച്, ശത്രുരാജ്യത്തിനുനേരെയെന്നപോലെ പൊലീസ് ഈ വീടുകളില്‍ താണ്ഡവമാടി. 2003 ഒക്ടോബര്‍ അഞ്ചിന് അര്‍ധരാത്രിക്കുശേഷം അരങ്ങേറിയ പൊലീസ് ഭീകരതയില്‍ കാട്ടാക്കട കിള്ളിപ്രദേശം വിറങ്ങലിച്ചു.

    ReplyDelete