Tuesday, March 22, 2011

കോണ്‍ഗ്രസ് പട്ടിക: കലാപം പടര്‍ത്തുന്ന അസുരവിത്ത്

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക തോല്‍വിക്കുള്ള മരണവാറന്റെന്ന് പാര്‍ടി നേതാക്കളും പ്രവര്‍ത്തകരും. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്പരം പോരടിച്ച് പങ്കിട്ട് രൂപപ്പെടുത്തുന്ന ലിസ്റ് കൂട്ടത്തോല്‍വി ക്ഷണിച്ചുവരുത്തുന്നതാണെന്ന് ഹൈക്കമാന്‍ഡിന് പരാതിപ്രവാഹം. ലിസ്റിന്റെ ഔദ്യോഗിക പ്രഖ്യാപനം വരുംമുമ്പേതന്നെ പട്ടികയില്‍ ഇടംനേടിയവര്‍ക്കെതിരെ ഫാക്സ്- ഇ മെയില്‍ സന്ദേശങ്ങള്‍മാത്രമല്ല, ഡല്‍ഹിയില്‍ തങ്ങുന്ന പ്രവര്‍ത്തകര്‍ നേതാക്കളെ കണ്ടും പരാതി ഉന്നയിച്ചു. ഇത്ര കടുത്ത പ്രതിഷേധവും പരാതിയും കോണ്‍ഗ്രസ് ലിസ്റിനെച്ചൊല്ലി ഇതിനുമുമ്പ് ഉണ്ടായിട്ടില്ലെന്നാണ് എ കെ ആന്റണി ഉള്‍പ്പെടെയുള്ള നേതാക്കളുടെ വിലയിരുത്തല്‍. കെ കരുണാകരനും ആന്റണിയും രണ്ടുതട്ടിലായി അങ്കംവെട്ടിയ കാലത്ത് ഏതാനും സീറ്റിനെയും ആളുകളെയും കേന്ദ്രമാക്കിയുള്ള തര്‍ക്കമായിരുന്നു. എന്നാല്‍, ഇക്കുറി അടിമുടി കലഹം. ഘടകകക്ഷികള്‍ക്ക് അനുവദിച്ച സീറ്റിനെച്ചൊല്ലിയും തീപടരുന്നു. പ്രതിസന്ധി മൂര്‍ച്ഛിക്കുന്നതില്‍ ആന്റണി തികച്ചും ഖിന്നനാണ്. നാടിന്റെയും പ്രവര്‍ത്തകരുടെയും സ്പന്ദനം മനസ്സിലാക്കാത്ത സ്ഥാനാര്‍ഥിനിര്‍ണയമാണെന്നാണ് ഗ്രൂപ്പ് ഭേദമെന്യേ നേതാക്കളുടെ അഭിപ്രായം.

എണ്ണയിട്ട് വാഴയില്‍ കയറുംപോലുള്ള ഒരു അഭ്യാസമായിരുന്നു കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിലിസ്റ് തയ്യാറാക്കല്‍. അതുകൊണ്ടാണ് പത്തുദിവസമായി തുടര്‍ന്നിട്ടും ഫലം കാണാതിരുന്നത്. അവസാനം ആയാസപ്പെട്ട് പിറക്കാന്‍ പോകുന്ന കോണ്‍ഗ്രസ് ലിസ്റാകട്ടെ, സംസ്ഥാനത്താകെ കലാപം വിതയ്ക്കുന്ന അസുരവിത്തായി.

യുഡിഎഫ് ജയിച്ചാല്‍ മുഖ്യമന്ത്രിയാകുക ഇന്നത്തെ സ്ഥിതിയില്‍ ഉമ്മന്‍ചാണ്ടിയാണ്. എന്നാല്‍, നിയമസഭാകക്ഷിയില്‍ ഭൂരിപക്ഷം നേടിയാല്‍ രമേശ് ചെന്നിത്തലയ്ക്ക് ഒരു കളികളിക്കാം. ഇത് മുന്നില്‍ കണ്ടാണ് മൂന്നുതവണ ജയിച്ചവര്‍ മാറട്ടെയെന്ന മാനദണ്ഡം മുന്നോട്ടുവച്ചത്. ഉമ്മന്‍ചാണ്ടിയും മറ്റും പൊതുമാനദണ്ഡത്തില്‍ വരില്ല. എന്നാല്‍, ആര്യാടന്‍ മുഹമ്മദ് ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കാം. ഇത് മനസ്സിലാക്കി ആ മാനദണ്ഡം പരണത്ത് വയ്പിക്കാനും നിലവിലുള്ള എംഎല്‍എമാരെ മത്സരിപ്പിക്കാനും ധാരണയുണ്ടാക്കിയത് ഉമ്മന്‍ചാണ്ടിയുടെ വിജയമായി. 24 സിറ്റിങ് എംഎല്‍എമാരില്‍ 23 പേര്‍ക്ക് സീറ്റുറച്ചു. ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാട്ടെ എംഎല്‍എ ബാബുപ്രസാദിനുമാത്രം സീറ്റില്ല. നിലവിലുള്ള എംഎല്‍എമാരില്‍ ഭൂരിപക്ഷം ഉമ്മന്‍ചാണ്ടിക്കൊപ്പമാണ്. ഇത് മനസ്സിലാക്കിയാണ് മറ്റ് സ്ഥാനാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ മേല്‍ക്കൈ നേടാന്‍ ബുദ്ധിപൂര്‍വമായ കരുനീക്കം ചെന്നിത്തല നടത്തിയത്. ഇതിന്റെ ഭാഗമായിട്ടാണ് രാഹുല്‍ഗാന്ധി നല്‍കിയ ലിസ്റിലെ യുവതി-യുവാക്കളില്‍ ചെന്നിത്തലപക്ഷക്കാര്‍ കൂടുതലായി കടന്നുകൂടിയത്. പക്ഷേ, രാഹുലിന്റെ ലിസ്റ് അതേപടി അംഗീകരിച്ചാല്‍ മണ്ഡലങ്ങളില്‍ വിമതപ്പടയും പരസ്യകലഹവും പിടിച്ചാല്‍ പിടികിട്ടാത്തവിധം വളരുമെന്ന് കണ്ടാണ് രാഹുല്‍ലിസ്റ് അവസാനവാക്കല്ലെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയത്.

പതിറ്റാണ്ടുകളായി മണ്ഡലങ്ങളില്‍ കുറ്റിയടിച്ച ജരാനരബാധിച്ചവരെ മാറ്റി യുവരക്തത്തിന് സീറ്റ് നല്‍കുക എന്ന ആവശ്യമാണ് യൂത്ത് കോണ്‍ഗ്രസ് മുന്നോട്ടുവച്ചത്. കെഎസ്യു, മഹിളാ കോണ്‍ഗ്രസ് എന്നിവയും ഇതിനെ പിന്തുണച്ചു. പക്ഷേ, യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി സി വിഷ്ണുനാഥ്, എം ലിജു, ഹൈബി ഈഡന്‍, മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണന്‍ എന്നിവര്‍ ഡല്‍ഹിയിലെത്തി ഇതിനായി സമ്മര്‍ദം ചെലുത്തി. സ്വന്തമായി സീറ്റും വാങ്ങി ഉന്നയിച്ച പൊതു ആവശ്യം കക്ഷത്തുവച്ച് മടങ്ങിയെന്ന ആക്ഷേപമാണ് ഇവര്‍ക്കെതിരെ. 'സ്ഥിരം കുറ്റി'കളെക്കൊണ്ട് സമൃദ്ധമായ ലിസ്റ് പുതുതലമുറയെ പരിഹസിക്കുന്നുവെന്നാണ് ആക്ഷേപം. ഉമ്മന്‍ചാണ്ടി- ചെന്നിത്തല അങ്കം മൂക്കുന്നതിനിടെ ചെന്നിത്തലയെ വീഴ്ത്താന്‍ ഹരിപ്പാട്ട് കോണ്‍ഗ്രസ് വിമതനെ മത്സരരംഗത്തിറക്കാനും നീക്കമുണ്ട്. ഇതിന്റെ ഭാഗമായാണ് രമേശിനെതിരെ സ്ഥാനാര്‍ഥിയാകുമെന്ന് ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി എ കെ രാജന്റെ പ്രഖ്യാപനം. ചെന്നിത്തല പക്ഷക്കാരനായ എം എം ഹസ്സനെ ആലുവയില്‍ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ മുന്‍ എംഎല്‍എ മുഹമ്മദലി രംഗത്തുവന്നിട്ടുമുണ്ട്. സ്ഥാനാര്‍ഥിലിസ്റ് കോണ്‍ഗ്രസിന്റെമാത്രമല്ല, യുഡിഎഫിന്റെയും ഉറക്കംകെടുത്തും.
(ആര്‍ എസ് ബാബു)

ദേശാഭിമാനി 220311

1 comment:

  1. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക തോല്‍വിക്കുള്ള മരണവാറന്റെന്ന് പാര്‍ടി നേതാക്കളും പ്രവര്‍ത്തകരും. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്പരം പോരടിച്ച് പങ്കിട്ട് രൂപപ്പെടുത്തുന്ന ലിസ്റ് കൂട്ടത്തോല്‍വി ക്ഷണിച്ചുവരുത്തുന്നതാണെന്ന് ഹൈക്കമാന്‍ഡിന് പരാതിപ്രവാഹം. ലിസ്റിന്റെ ഔദ്യോഗിക പ്രഖ്യാപനം വരുംമുമ്പേതന്നെ പട്ടികയില്‍ ഇടംനേടിയവര്‍ക്കെതിരെ ഫാക്സ്- ഇ മെയില്‍ സന്ദേശങ്ങള്‍മാത്രമല്ല, ഡല്‍ഹിയില്‍ തങ്ങുന്ന പ്രവര്‍ത്തകര്‍ നേതാക്കളെ കണ്ടും പരാതി ഉന്നയിച്ചു. ഇത്ര കടുത്ത പ്രതിഷേധവും പരാതിയും കോണ്‍ഗ്രസ് ലിസ്റിനെച്ചൊല്ലി ഇതിനുമുമ്പ് ഉണ്ടായിട്ടില്ലെന്നാണ് എ കെ ആന്റണി ഉള്‍പ്പെടെയുള്ള നേതാക്കളുടെ വിലയിരുത്തല്‍. കെ കരുണാകരനും ആന്റണിയും രണ്ടുതട്ടിലായി അങ്കംവെട്ടിയ കാലത്ത് ഏതാനും സീറ്റിനെയും ആളുകളെയും കേന്ദ്രമാക്കിയുള്ള തര്‍ക്കമായിരുന്നു. എന്നാല്‍, ഇക്കുറി അടിമുടി കലഹം. ഘടകകക്ഷികള്‍ക്ക് അനുവദിച്ച സീറ്റിനെച്ചൊല്ലിയും തീപടരുന്നു. പ്രതിസന്ധി മൂര്‍ച്ഛിക്കുന്നതില്‍ ആന്റണി തികച്ചും ഖിന്നനാണ്. നാടിന്റെയും പ്രവര്‍ത്തകരുടെയും സ്പന്ദനം മനസ്സിലാക്കാത്ത സ്ഥാനാര്‍ഥിനിര്‍ണയമാണെന്നാണ് ഗ്രൂപ്പ് ഭേദമെന്യേ നേതാക്കളുടെ അഭിപ്രായം.

    എണ്ണയിട്ട് വാഴയില്‍ കയറുംപോലുള്ള ഒരു അഭ്യാസമായിരുന്നു കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിലിസ്റ് തയ്യാറാക്കല്‍. അതുകൊണ്ടാണ് പത്തുദിവസമായി തുടര്‍ന്നിട്ടും ഫലം കാണാതിരുന്നത്. അവസാനം ആയാസപ്പെട്ട് പിറക്കാന്‍ പോകുന്ന കോണ്‍ഗ്രസ് ലിസ്റാകട്ടെ, സംസ്ഥാനത്താകെ കലാപം വിതയ്ക്കുന്ന അസുരവിത്തായി.

    ReplyDelete