Tuesday, March 22, 2011

പാലായിലെ തോട്ടത്തില്‍ പട്ടമരപ്പ്

റബര്‍മരങ്ങളുടെ പാല്‍ചുരത്തല്‍ നിലയ്ക്കുന്ന പട്ടമരപ്പ് രോഗം ബാധിച്ചിരിക്കുകയാണ് മാണികോണ്‍ഗ്രസിന്. സ്ഥാനാര്‍ഥിനിര്‍ണയത്തോടെ കേരള കോണ്‍ഗ്രസിലെ കാര്യങ്ങള്‍ കെ എം മാണിയുടെ പ്രഖ്യാപിതനയത്തിന് അനുസൃതമായി മുന്നേറുന്നു. വളരുംതോറും പിളരുകയും പിളരുംതോറും വളരുകയുംചെയ്യുന്ന പാര്‍ടിയെന്ന സിദ്ധാന്തം ഇത്തവണയും മുറുകെപ്പിടിച്ചു. കടുത്തുരുത്തിയില്‍ സ്റീഫന്‍ ജോര്‍ജും അനുയായികളുമാണ് മാണിയുടെ സിദ്ധാന്തം അക്ഷരംപ്രതി ഏറ്റെടുത്തത്. സ്ഥാനാര്‍ഥിപ്രഖ്യാപനം വന്നതോടെ കൊട്ടാരവിപ്ളവങ്ങള്‍ക്ക് അണിയറ ഒരുങ്ങുന്നതായും സൂചനയുണ്ട്.

നിയമസഭയില്‍ പാര്‍ടിയുടെ തീപ്പൊരിതാരം ജോസഫ് എം പുതുശേരിയെ തഴഞ്ഞ് വിക്ടര്‍ ടി തോമസിന് തിരുവല്ല സീറ്റ് നല്‍കിയതാണ് പ്രതിഷേധമുണ്ടാക്കിയിട്ടുള്ളത്. ചങ്ങനാശേരി സീറ്റിനായി അവസാന നിമിഷംവരെയും ഇടിച്ച യൂത്ത്ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോബ് മൈക്കിളിനെ എല്‍ഡിഎഫ് കോട്ടയായ തളിപ്പറമ്പിലേക്ക് നാടുകടത്തി. ചങ്ങനാശേരിയില്‍ സഭയുടെ പിന്തുണയുണ്ടായിട്ടും ജോബിനെ തളിപ്പറമ്പില്‍ കെ എം മാണി ബലികൊടുത്തെന്നാണ് ഒരു മുതിര്‍ന്ന നേതാവ് 'ദേശാഭിമാനി'യോട് പറഞ്ഞത്. ഈ തീരുമാനത്തിന്റെ പ്രതിഫലനം മണ്ഡലത്തിലുണ്ടാകുമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവല്ല ഉറപ്പിച്ച പുതുശേരിയാകട്ടെ സീറ്റ് നിഷേധിച്ചത് അനീതിയാണെന്ന് പരസ്യമായി പറയുകയുംചെയ്തു.

പി ജെ ജോസഫിനെ ഒപ്പംകൂട്ടി തൊടുപുഴയില്‍നിന്ന് ആരംഭിച്ച വളര്‍ച്ചയാണ് പാര്‍ടിയില്‍ പ്രതിസന്ധിയുണ്ടാക്കിയത്. യുഡിഎഫിലെ പിടിവലികള്‍ക്കൊടുവില്‍ കിട്ടിയ 15 സീറ്റില്‍ നാലെണ്ണം ജോസഫും അനുയായികളും കൊണ്ടുപോയി. പാര്‍ടിക്ക് അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാന്‍ പറ്റുന്ന സീറ്റുകളാണ് ഇവര്‍ കരസ്ഥമാക്കിയത്. ഇതോടെ മാണിക്കൊപ്പം വര്‍ഷങ്ങളായി വിയര്‍പ്പൊഴുക്കിയ പലരും അസംതൃപ്തരായി. കഴിഞ്ഞതവണ എല്‍ഡിഎഫില്‍ ആറുസീറ്റില്‍ മത്സരിച്ച ജോസഫ് ഗ്രൂപ്പുകാര്‍ മാണി കനിഞ്ഞുനല്‍കിയ നാലുകൊണ്ട് തൃപ്തരായി. കേരള കോണ്‍ഗ്രസ് സ്ഥാപകന്‍ കെ എം ജോര്‍ജിന്റെ മകന്‍ ഫ്രാന്‍സിസ് ജോര്‍ജ് അടക്കമുള്ള മുന്‍ ജോസഫുകാരും നിരാശയിലാണ്. ഇത്തരം അസംതൃപ്തികളാണ് കടുത്തുരുത്തിയിലെ പിളര്‍പ്പോടെ തുടങ്ങിയിരിക്കുന്നത്. ചെറിയ പാര്‍ടി വലിയ പാര്‍ടിയെ വിഴുങ്ങിയിരിക്കുകയാണെന്ന സ്റീഫന്‍ ജോര്‍ജിന്റെ വിലയിരുത്തല്‍ ശരിയാണെന്നും അസംതൃപ്തനായ ഒരു മുതിര്‍ന്ന നേതാവ് വ്യക്തമാക്കി. പുറമെനിന്ന് വന്നവര്‍ക്ക് സീറ്റ് ഉറപ്പാക്കിയപ്പോള്‍ മറ്റുള്ളവരെ മാണി ഓര്‍ത്തില്ലെന്നും നേതാവ് പറഞ്ഞു.

കേരള കോണ്‍ഗ്രസില്‍മാത്രം കേട്ടുകേഴ്വിയുള്ള ഹിതപരിശോധനയടക്കം നടത്തിയാണ് തിരുവല്ലയില്‍ ജോസഫ് എം പുതുശേരിയെ മാണി തഴഞ്ഞത്. ഇതിന്റെ ഫലം തിരുവല്ലയില്‍ അനുഭവിക്കുമെന്ന് പുതുശേരിയെ അനുകൂലിക്കുന്നവര്‍ പറഞ്ഞു. പുതിയ ആളുകളെ കാണുമ്പോള്‍ ഒപ്പം നിന്നവരെ മാണി മറക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി സി തോമസ് പ്രതികരിച്ചു. മാണിയുടെ പാര്‍ടിയില്‍ അസംതൃപ്തരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുകയാണ്. ലയനത്തിലൂടെ പാര്‍ടിയിലെത്തിയവര്‍ക്ക് വ്യാജസ്ഥാനങ്ങള്‍ നല്‍കി പറ്റിച്ചിരിക്കുകയാണ്. 78 പേരെ ജനറല്‍ സെക്രട്ടറിമാരായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ പട്ടികയില്‍ നാലു പേരുടെ പേരു മാത്രമാണുള്ളത്. കെ എം മാണിയുടെ ഒരു തന്ത്രമാണിതെന്നും പി സി തോമസ് പറഞ്ഞു. മാണിയുടെ സിദ്ധാന്തമനുസരിച്ച് പാര്‍ടി വളര്‍ന്നുകഴിഞ്ഞു. ഇനി പിളരുകയേ വഴിയുള്ളു. അതാണിപ്പോള്‍ കാണുന്നത്-തോമസ് പറഞ്ഞു.
(പി എസ് തോമസ്)

ദേശാഭിമാനി 220311

1 comment:

  1. റബര്‍മരങ്ങളുടെ പാല്‍ചുരത്തല്‍ നിലയ്ക്കുന്ന പട്ടമരപ്പ് രോഗം ബാധിച്ചിരിക്കുകയാണ് മാണികോണ്‍ഗ്രസിന്. സ്ഥാനാര്‍ഥിനിര്‍ണയത്തോടെ കേരള കോണ്‍ഗ്രസിലെ കാര്യങ്ങള്‍ കെ എം മാണിയുടെ പ്രഖ്യാപിതനയത്തിന് അനുസൃതമായി മുന്നേറുന്നു. വളരുംതോറും പിളരുകയും പിളരുംതോറും വളരുകയുംചെയ്യുന്ന പാര്‍ടിയെന്ന സിദ്ധാന്തം ഇത്തവണയും മുറുകെപ്പിടിച്ചു. കടുത്തുരുത്തിയില്‍ സ്റീഫന്‍ ജോര്‍ജും അനുയായികളുമാണ് മാണിയുടെ സിദ്ധാന്തം അക്ഷരംപ്രതി ഏറ്റെടുത്തത്. സ്ഥാനാര്‍ഥിപ്രഖ്യാപനം വന്നതോടെ കൊട്ടാരവിപ്ളവങ്ങള്‍ക്ക് അണിയറ ഒരുങ്ങുന്നതായും സൂചനയുണ്ട്.

    ReplyDelete