Monday, March 21, 2011

പിന്നെയും പിന്നെയും യു.ഡി.എഫില്‍ നടക്കുന്നത്..

വനിതാനേതാവ് പാര്‍ടി വിട്ടു; സ്വതന്ത്രയായി മത്സരിക്കും

കെപിസിസി പ്രസിഡന്റിന്റെ പെട്ടിചുമക്കുന്നവരെ കുത്തിനിറച്ചുള്ളതാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപ്പട്ടികയെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് വനിതാനേതാവ് പാര്‍ടിയില്‍നിന്ന് രാജിവച്ചു. ആറാം വയസ്സു മുതല്‍ കോണ്‍ഗ്രസിനുവേണ്ടി പ്രവര്‍ത്തിച്ചുവന്ന അഡ്വ. എം വി ജയ ഡാളിയാണ് പാര്‍ടിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചത്. കാട്ടാക്കട മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി ജനവിധി തേടുമെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാഹുല്‍ഗാന്ധി നിര്‍ദേശിച്ച ഏഴ് സ്ഥാനാര്‍ഥികളിലൊരാളായ തന്നെ കെപിസിസി പ്രസിഡന്റാണ് വെട്ടിയത്. കോണ്‍ഗ്രസിനു വേണ്ടി ഫണ്ട് സമാഹരിക്കാന്‍ കഴിയാത്ത സ്ഥാനാര്‍ഥിയാണെന്നും വികലാംഗയാണെന്നുമാണ് കാരണം പറയുന്നത്. ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകുന്നതിനായി പാദസേവകരെ മാത്രമാണ് പട്ടികയില്‍ ഉള്‍ക്കൊള്ളിക്കുന്നത്. നിര്‍ധനകുടുംബത്തില്‍ ജനിച്ച് കഷ്ടപ്പാടുകള്‍ക്കിടയിലും ശാരീരികവൈകല്യം അവഗണിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വരെയായി. ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനകമ്മിറ്റി പ്രതിനിധിയാണ്. 'പിന്നോക്ക ന്യൂനപക്ഷവിഭാഗത്തില്‍ ജനിച്ച് ആറാംവയസ്സുമുതല്‍ കോണ്‍ഗ്രസിനുവേണ്ടി പ്രവര്‍ത്തിച്ച എനിക്ക് നീതി കിട്ടിയില്ലെങ്കില്‍ മറ്റാര്‍ക്ക് ഈ പ്രസ്ഥാനത്തില്‍നിന്ന് നീതി കിട്ടും'-പൊട്ടിക്കരഞ്ഞുകൊണ്ട് അവര്‍ ചോദിച്ചു.

'കോണ്‍ഗ്രസില്‍നിന്ന് ആര്‍ക്ക് നീതികിട്ടും'

‘ഫണ്ട് സ്വരൂപിക്കാന്‍ കഴിവില്ലെന്ന കാരണംപറഞ്ഞ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഒഴിവാക്കിയ യൂത്ത് കോണ്‍ഗ്രസ് വനിതാനേതാവ് പാര്‍ടിക്കുവേണ്ടി അനുഭവിച്ച കഷ്ടപ്പാടുകള്‍ വിവരിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞു. 'എന്നെപോലുള്ളവര്‍ക്ക് നീതി കിട്ടിയില്ലെങ്കില്‍ ആര്‍ക്ക് ഈ പാര്‍ടിയില്‍നിന്ന് നീതി ലഭിക്കും'- അവരുടെ വാക്കുകള്‍ പലവട്ടം മുറിഞ്ഞു. ആറു വയസ്സു മുതല്‍ കോണ്‍ഗ്രസിനുവേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ യൂത്ത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കമ്മിറ്റി അംഗമായ അഡ്വ. എം വി ജയാഡാളി വാര്‍ത്താ സമ്മേളനത്തില്‍ വിവരിച്ചു.

1984ല്‍ ഇന്ദിരാഗാന്ധിയുടെ മരണശേഷം നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് എ ചാള്‍സിനുവേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോള്‍ ജയാഡാളിക്ക് ആറ് വയസ്സുമാത്രം. പിന്നീട് പല നിയോജകമണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണം നടത്തി. ഹരിപ്പാട് ഉപതെരഞ്ഞെടുപ്പില്‍ എം മുരളിക്കുവേണ്ടി പ്രചാരണത്തിനെത്തുമ്പോള്‍ 12 വയസ്സ് മാത്രമായിരുന്നു പ്രായം. അന്ന് കാറിന്റെ ബോണറ്റിലിരുന്ന് പ്രചാരണം നടത്തുന്ന ജയാഡാളിയുടെ ചിത്രം പത്രങ്ങളെല്ലാം പ്രസിദ്ധീകരിച്ചു.

എട്ടാംവയസ്സില്‍ എം സി ചെറിയാന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി റാന്നിയിലേക്ക്. അച്ഛനൊപ്പം റാന്നിയില്‍ എത്തിയപ്പോള്‍ നേരം വൈകി. അപരിചിതമായ സ്ഥലം. കിടക്കാന്‍ സ്ഥലമില്ല. ഒരു ലോഡ്ജിന്റെ വരാന്തയില്‍ അച്ഛനൊപ്പം ഇരിക്കുമ്പോള്‍ ലോഡ്ജ് ജീവനക്കാരന്‍ കാര്യം തിരക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയതാണെന്നു പറഞ്ഞു. തെളിവിനായി ഡിസിസി പ്രസിഡന്റ് കാവ്യാട് ദിവാകരപണിക്കരുടെ കത്തും കാണിച്ചു. ദയ തോന്നിയ ലോഡ്ജ് ജീവനക്കാരന്‍ റിസപ്ഷന്റെ മുന്നില്‍ ഇരിക്കാന്‍ അനുവദിച്ചു. അവിടെ പത്രക്കടലാസ് വിരിച്ചു കിടന്നു. 'അക്കാലം മുതല്‍ പാര്‍ടിക്കുവേണ്ടി പ്രവര്‍ത്തിച്ച എനിക്ക് നീതി കിട്ടിയില്ലെങ്കില്‍...'കണ്ണീരിനിടെ വാക്കുകള്‍ മുറിഞ്ഞു. ഏറെനേരം തലകുമ്പിട്ട് ഗദ്ഗദം മറച്ചു. ഒടുവില്‍ വാക്കുകള്‍ എങ്ങനെയോ പൂര്‍ത്തിയാക്കി.

കോണ്‍ഗ്രസിന്റെ ജീര്‍ണതയാണ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ വ്യക്തമാകുന്നതെന്നും ജയാഡാളി പറഞ്ഞു. ജനകീയപ്രശ്നങ്ങള്‍ കണ്ടില്ലെന്നുനടിച്ച് പണത്തിനും പദവിക്കും പിന്നാലെ പായുന്ന ചില മുഖങ്ങള്‍ മാത്രമാണ് പട്ടികയിലുള്ളത്. ആര്‍എസ്എസിന്റെ മുഖമുള്ള ഈ കെപിസിസി പ്രസിഡന്റിന്റെ പാര്‍ടിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ല. സമ്പത്തുള്ളവര്‍ക്കും പാദസേവകര്‍ക്കും മാത്രമാണ് സീറ്റ്. പേമെന്റ് സീറ്റുകളാണ് പലതും. നിയമസഭാതെരഞ്ഞെടുപ്പിലും ലോക്സഭാതെരഞ്ഞെടുപ്പിലുംഎന്റെ പേര് പരിഗണിച്ചു. അവസാനം പുറന്തള്ളി. ജില്ലാ പഞ്ചായത്തില്‍ 50 ശതമാനം സ്ത്രീസംവരണമുണ്ടായിട്ടും എന്റെ പേരുപരിഗണിച്ചില്ല. നിയമസഭാതെരഞ്ഞെടുപ്പില്‍ സീറ്റ് തരാമെന്നാണ് അന്ന് പറഞ്ഞത്. ഇത്തവണ എല്ലാ മുതിര്‍ന്ന നേതാക്കള്‍ക്കും ബയോഡാറ്റ നല്‍കിയിരുന്നു. എന്നാല്‍, ഫണ്ട് സമാഹരിക്കാന്‍ കഴിയില്ലെന്നും വികലാംഗയാണെന്നും പറഞ്ഞ് സീറ്റ് നിഷേധിക്കുകയായിരുന്നു.

നിര്‍ധനകുടുംബത്തിലാണ് ജനിച്ചത്. 12-ാം വയസ്സില്‍ അമ്മ നഷ്ടപ്പെട്ടു. കാല്‍നൂറ്റാണ്ടായി സ്ഥിരം മത്സരിക്കുകയും ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഒരു ആത്മാര്‍ഥതയും കാണിക്കാതിരിക്കുകയും ചെയ്യുന്ന എന്‍ ശക്തന്‍ അഴിമതിയുടെ ആള്‍രൂപമാണ്. വിജിലന്‍സ് അന്വേഷണം നേരിടുന്ന ശക്തനെതിരെ കാട്ടാക്കടയില്‍ മത്സരിക്കുന്നത് അഴിമതിക്കും അധികാര കുത്തകയ്ക്കും എതിരായ ധര്‍മസമരത്തിന്റെ ഭാഗമാണെന്നും ജയാഡാളി പറഞ്ഞു.

സ്റീഫന്‍ ജോര്‍ജ് മാണി ഗ്രൂപ്പ് വിട്ടു; കടുത്തുരുത്തിയില്‍ മത്സരിക്കും

കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ സ്റീഫന്‍ ജോര്‍ജ് പാര്‍ടി വിട്ടു. മൂന്നു പതിറ്റാണ്ടായി പാര്‍ടിയുടെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിച്ചിട്ടും സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി. കടുത്തുരുത്തിയില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് കേരള കോണ്‍ഗ്രസ് പി സി തോമസ് വിഭാഗം നേതാക്കള്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. തന്നോടൊപ്പം നിരവധി പ്രവര്‍ത്തകരും പാര്‍ടി വിട്ടെന്നും അദ്ദേഹം അറിയിച്ചു.

പി ജെ ജോസഫുമായുള്ള ലയനം പാര്‍ടിയില്‍ കടുത്ത പ്രത്യാഘാതമുണ്ടാക്കി. ഒന്നര പതിറ്റാണ്ടായി എതിര്‍ചേരിയില്‍ നിന്ന മോന്‍സ് ജോസഫിനാണ് മാണി കടുത്തുരുത്തി സീറ്റ് നല്‍കിയത്. ഇത് ഉള്‍ക്കൊള്ളാന്‍ നിയോജകമണ്ഡലത്തിലെ ഭൂരിപക്ഷം പാര്‍ടി പ്രവര്‍ത്തകര്‍ക്കും കഴിഞ്ഞിട്ടില്ല. വിരുന്നുകാര്‍ വീട്ടുകാരായ അവസ്ഥയാണ് ഇന്ന് കടുത്തുരുത്തിയിലുള്ളത്. ആണവകരാര്‍ പ്രശ്നത്തില്‍ യുപിഎ സര്‍ക്കാര്‍ പ്രതിസന്ധി നേരിട്ടപ്പോള്‍ ജോസഫ് വിഭാഗത്തെ യുഡിഎഫ് ഘടക കക്ഷിയാക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിച്ചിരുന്നു. എട്ട് നിയമസഭാസീറ്റും ഒരു പാര്‍ലമെന്റ്് സീറ്റും ആയിരുന്നു വാഗ്ദാനം. എന്നാല്‍, അന്ന് മന്ത്രിയായിരുന്ന മോന്‍സ് ജോസഫ് ഈ നിര്‍ദേശത്തെ അട്ടിമറിച്ചു. പി ജെ ജോസഫിന് മന്ത്രിസ്ഥാനം വിട്ടുകൊടുക്കേണ്ടിവന്നതിനെ തുടര്‍ന്ന് മോന്‍സ് നടത്തിയ ഗൂഢാലോചനയാണ് പിന്നീട് ലയനത്തിനു കാരണമായതെന്നും സ്റീഫന്‍ ജോര്‍ജ് ആരോപിച്ചു.

ഇനിയും നിരവധിപേര്‍ വിടും: സ്റ്റീഫന്‍ ജോര്‍ജ്

മാണി ജോസഫ് ലയനത്തില്‍ കടുത്ത പ്രതിഷേധമുള്ള നിരവധി പ്രവര്‍ത്തകര്‍ തന്നോടൊപ്പം പാര്‍ടി വിട്ടുവെന്ന് മാണിഗ്രൂപ്പ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇനിയും കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും രാജിവെക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത പി സി തോമസ് വിഭാഗം സെക്രട്ടറി ജനറല്‍ ജോര്‍ജ് സെബാസ്റ്റ്യന്‍ പറഞ്ഞു.

കടുത്തുരുത്തിയില്‍ താന്‍ തന്നെയാകും പാര്‍ടി സ്ഥാനാര്‍ഥിയെന്ന് ലയനത്തിനു ശേഷവും മാണി വാക്കു തന്നതാണെന്ന് സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു. ബാബു ചാഴിക്കാടന്റെ ആകസ്മിക നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ തന്റെ പേരാണ് ഏകകണ്ഠമായി ഉയര്‍ന്നത്. എന്നാല്‍, ബാബുചാഴിക്കാടന്റെ സഹോദരനും അതുവരെ രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിച്ചിട്ടില്ലാത്തയാളുമായ തോമസ് ചാഴിക്കാടന് മാണി സീറ്റ് നല്‍കി. എന്നിട്ടും പാര്‍ടിയുടെ തീരുമാനത്തിനനുസരിച്ച് പ്രവര്‍ത്തിച്ചു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം നിയോജകമണ്ഡലത്തില്‍ മാണിയുടെ മകന്റെ വിജയത്തിനായി വിശ്രമമില്ലാതെ കഠിന പ്രയത്നം ചെയ്തു. അന്ന് മാണിയുടെ മകനെ തോല്‍പ്പിക്കാന്‍ പ്രവര്‍ത്തിച്ച മോന്‍സ് ജോസഫിനെയാണ് ഇപ്പോള്‍ മാണി സ്ഥാനാര്‍ഥിയാക്കിയത്. വിദ്യാര്‍ഥി യുവജന രംഗങ്ങളിലൂടെയാണ് ഞാന്‍ പാര്‍ടിയുടെ ജനറല്‍ സെക്രട്ടറി വരെയയെത്തിയത്. 2001ല്‍ കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫിനെ കടുത്ത മത്സരത്തിലൂടെയാണ് താന്‍ തോല്‍പിച്ചതെന്നും സ്റ്റീഫന്‍ ജോര്‍ജ് അനുസ്മരിച്ചു.

പട്ടാമ്പിയില്‍ മുഹമ്മദിനെതിരെ വിമത കണ്‍വന്‍ഷന്‍

പട്ടാമ്പി: സി പി മുഹമ്മദിനെ പട്ടാമ്പി മണ്ഡലത്തില്‍ മത്സരിപ്പിക്കരുതെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി കെ എസ് ബി എ തങ്ങളുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോണ്‍ഗ്രസ് കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. പട്ടാമ്പി വ്യാപാരഭവനില്‍ ചേര്‍ന്ന കണ്‍വന്‍ഷനില്‍ കോണ്‍ഗ്രസ് പട്ടാമ്പി ബ്ളോക്ക് പ്രസിഡന്റ് നാരായണസ്വാമി, യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കെ പി ഷാഹിദ്, ഡിസിസി അംഗം വി കെ ചേക്കാമു, ബ്ളോക്ക് പഞ്ചായത്തംഗം സംഗീത എന്നിവര്‍ക്കു പുറമെ യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റ്- വൈസ് പ്രസിഡന്റുമാര്‍ തുടങ്ങി അറുനൂറോളം പേര്‍ പങ്കെടുത്തു. നാരായണസ്വാമി, കെ എസ് ബി എ തങ്ങള്‍, വി കെ ചേക്കാമു, കെ പി ഷാഹിദ് എന്നിവര്‍ സംസാരിച്ചു.

പട്ടാമ്പിയില്‍ ഡോ. ഗോപാലകൃഷ്ണനെയും ലീല ദാമോദര മേനോനെയും എം ഐ ഷാനവാസിനെയും തോല്‍പ്പിക്കാന്‍ ശ്രമിച്ചതിന് സി പി മുഹമ്മദ് നടപടിക്ക് വിധേയനായിട്ടുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു. താന്‍ അസുഖമായി ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ ഉപതെരഞ്ഞെടുപ്പ് വരുമെന്നും അതില്‍ മത്സരിക്കാമെന്നും ചിന്തിച്ചവരുടെ മോഹഭംഗത്തിന്റെ അനന്തരഫലമാണ് കണ്‍വന്‍ഷനെന്ന് സി പി മുഹമ്മദ് എംഎല്‍എ പറഞ്ഞു.

മുരളീധരനെ ഒതുക്കുന്നതില്‍ പ്രതിഷേധം

കെ മുരളീധരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയവരെ അപമാനിക്കുന്നതായി ആക്ഷേപം. മുരളിക്കോ പത്മജയ്ക്കോ ഒരാള്‍ക്കു മാത്രമേ സീറ്റ് നല്‍കൂ എന്ന നിലപാടില്‍ കടുത്ത പ്രതിഷേധമുയര്‍ന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഐസി 18 സീറ്റില്‍ മത്സരിച്ചു. ഇത്തവണ മുരളീധരന്‍ ആറും പത്മജ അഞ്ചും പേരുടെ പട്ടികയാണ് ഹൈക്കമാന്‍ഡിന് നല്‍കിയത്. എന്നാല്‍, ഒരു സീറ്റ് മാത്രമേ നല്‍കൂ എന്നും ആരു മത്സരിക്കണമെന്നു തീരുമാനിച്ച് അറിയിക്കണമെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്.

കെ പി കുഞ്ഞിക്കണ്ണന്‍, അഡ്വ. കെ പ്രവീകുമാര്‍, കെ ടി കുഞ്ഞഹമ്മദ്, എടയ്ക്കല്‍ മോഹന്‍, പി വൈ ഷഹാബുദ്ദീന്‍ എന്നിവരടങ്ങിയ പട്ടികയാണ് മുരളി കൊടുത്തത്. പത്മജയുടെ പട്ടികയില്‍ അവര്‍ക്കു പുറമെ ഇബ്രാഹിംകുട്ടി കല്ലാര്‍, ത്രിവിക്രമന്‍ തമ്പി, കെ കരുണാകരപിള്ള, വിജയന്‍ പൂക്കാടന്‍ എന്നിവരാണ് ഉണ്ടായിരുന്നത്. ഡിഐസി രൂപീകരണഘട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവച്ചവരില്‍ ആരെയും ഇത്തവണ സാധ്യതാപട്ടികയില്‍ പോലും ഉള്‍പ്പെടുത്തിയില്ല. പി ശങ്കരന്‍, ശോഭന ജോര്‍ജ്, ഡി സുഗതന്‍, ടി വി ചന്ദ്രമോഹന്‍, വി ബല്‍റാം, മാലേത്ത് സരളാദേവി, എം എ ചന്ദ്രശേഖരന്‍, എം പി ഗംഗാധരന്‍, എം ഡി അപ്പച്ചന്‍ എന്നിവരാണ് അന്ന് രാജിവച്ചത്.

സ്ഥാനാര്‍ഥിപ്രഖ്യാപനം വന്നാലുടന്‍ മുരളിവിഭാഗം യോഗം ചേര്‍ന്ന് ഭാവിനടപടി ആലോചിക്കും. കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ തങ്ങളെ അപമാനിക്കുകയാണെന്ന് മുരളി സ്വകാര്യ ചാനല്‍ അഭിമുഖത്തില്‍ കുറ്റപ്പെടുത്തി. തനിക്കോ പത്മജയ്ക്കോ ഒരാള്‍ക്കു മാത്രം സീറ്റെന്നു പറയുന്നത്് അപമാനിക്കലാണ്. കെപിസിസി പ്രസിഡന്റും മൂന്നു തവണ എംപിയുമായിരുന്ന ആളാണ് താനെന്നും മുരളി അഭിമുഖത്തില്‍ ഓര്‍മിപ്പിച്ചു.

മാണിക്ക് മുന്നില്‍ അശാന്തിയുടെ നാളുകള്‍

കോട്ടയം: യുഡിഎഫ് സീറ്റ് വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണയവും കീറാമുട്ടിയായതോടെ കേരള കോണ്‍ഗ്രസ് എമ്മിനെ കാത്തിരിക്കുന്നത് അശാന്തിയുടെ ദിനങ്ങള്‍. സ്ഥാനാര്‍ഥിപ്രഖ്യാപനം പൂര്‍ത്തിയാകുന്നതോടെ സ്റ്റീഫന്‍ ജോര്‍ജിനെ പിന്തുടര്‍ന്ന് കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും കെ എം മാണിയെ തള്ളിപ്പറയുമെന്നാണ് സൂചന. ഒരുവിഭാഗം മുതിര്‍ന്ന നേതാക്കള്‍ ഇപ്പോഴത്തെ സംഭവ വികാസങ്ങളില്‍ അസ്വസ്ഥരാണ്. വര്‍ഷങ്ങളായി പാര്‍ടിക്കു വേണ്ടി പ്രവര്‍ത്തിച്ചിട്ടും അംഗീകാരം ലഭിക്കാത്ത നേതാക്കള്‍ അവഗണന തുടര്‍ന്നാല്‍ മാണിയുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള തീരുമാനത്തിലാണ്. ജോസഫുമായുള്ള ലയനം ഉണ്ടാക്കിയ അസ്വാരസ്യത്തിന്റെ ഒരുഭാഗം മാത്രമാണ് സ്റ്റീഫന്‍ ജോര്‍ജിലൂടെ പുറത്തുവന്നത്. മറ്റുചിലര്‍ അവസരം നോക്കിയിരിക്കുകയാണ്.

മാണിവിഭാഗത്തിന്റെ മുതിര്‍ന്ന നേതാക്കളായ അഡ്വ. ടി വി എബ്രഹാം, ജോയി എബ്രഹാം എന്നിവരും അസംതൃപ്തരുടെ പട്ടികയിലുണ്ട്. ജോസഫിനൊപ്പം വന്ന നേതാക്കളില്‍ ആന്റണി രാജുവിന് മാത്രമാണ് സീറ്റില്ലാത്തത്. പി ജെ ജോസഫ്, മോന്‍സ് ജോസഫ്, ടി യു കുരുവിള, ഡോ. കെ സി ജോസഫ് എന്നിവര്‍ സീറ്റുറപ്പിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കുട്ടനാട്ടില്‍ പരാജയപ്പെട്ട കെ സി ജോസഫിന് സീറ്റ് നല്‍കിയിട്ടും ഇത്രയും കാലം കൂടെനിന്ന മുന്‍ ജില്ലാ കൌണ്‍സില്‍ പ്രസിഡന്റ് ടി വി എബ്രഹാമിനും മുന്‍ എംഎല്‍എ ജോയി എബ്രഹാമിനും പരിഗണന നല്‍കാന്‍ മാണി തയ്യാറായില്ലെന്ന വികാരം അണികളില്‍ ശക്തമാണ്. മകനെ എംപിയാക്കാന്‍ കെ എം മാണി കാട്ടിയ താല്‍പര്യം മറ്റ് യുവനേതാക്കളുടെ കാര്യത്തിലില്ല. തിരുവല്ലയില്‍ സ്ഥാനാര്‍ഥിയാകാന്‍ രംഗത്തുള്ള വിക്ടര്‍ ടി തോമസ്, ജോസ് കെ മാണിക്ക് മുന്‍പുള്ള യൂത്ത്ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റാണ്. പ്രവര്‍ത്തനത്തിനുള്ള അംഗീകാരം ഇതുവരെ പാര്‍ടിയില്‍നിന്ന് ലഭിച്ചില്ലെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. കഴിഞ്ഞതവണ തിരുവല്ലയില്‍ മത്സരിച്ചതും വിക്ടറായിരുന്നു. സീറ്റുപ്രഖ്യാപനമാകുന്നതോടെ മാണിവിഭാഗത്തില്‍ പ്രതിസന്ധി കൂടുതല്‍ മൂര്‍ഛിക്കും.

മാണിഗ്രൂപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ വോട്ടെടുപ്പ്; കൈയാങ്കളി

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മില്‍ സ്ഥാനാര്‍ഥിനിര്‍ണയം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ഞായറാഴ്ച ഉന്നതാധികാരസമിതി യോഗത്തിനുശേഷം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും തീരുമാനം മാറ്റി. സീറ്റ് കിട്ടാത്തവരും വിജയസാധ്യതയില്ലാത്ത സീറ്റേ ലഭിക്കൂ എന്ന് തിരിച്ചറിഞ്ഞവരുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ചില മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി തര്‍ക്കം മൂത്തതിനാലാണ് കെ എം മാണിക്ക് പട്ടിക പ്രഖ്യാപിക്കാന്‍ കഴിയാതെവന്നത്. തിരുവല്ല, ചങ്ങനാശേരി സീറ്റുകളിലാണ് പ്രധാന തര്‍ക്കം. തിരുവല്ലയില്‍ ജോസഫ് എം പുതുശേരി, വിക്ടര്‍ ടി തോമസ് എന്നിവര്‍ തമ്മിലും ചങ്ങനാശേരിയില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ സി എഫ് തോമസും യുവജനവിഭാഗം നേതാവ് അഡ്വ. ജോബ് മൈക്കിളും തമ്മിലുമാണ് തര്‍ക്കം. മണ്ഡലത്തിലെ പാര്‍ടി ഭാരവാഹികളുടെ അഭിപ്രായവോട്ടെടുപ്പ് നടത്തി തിരുവല്ലയിലെ തര്‍ക്കം പരിഹരിക്കാനായിരുന്നു ഒടുവില്‍ തീരുമാനം. അഭിപ്രായവോട്ടെടുപ്പ് നടക്കുന്നതിനിടെ പ്രവര്‍ത്തകര്‍ തമ്മില്‍ കൈയാങ്കളിയുമുണ്ടായി. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കിയത്.

എന്ത് പ്രശ്നമുണ്ടായാലും ഞായറാഴ്ച ലിസ്റ്റ് പ്രഖ്യാപിക്കുമെന്നാണ് നേതാക്കള്‍ ശനിയാഴ്ചയും പറഞ്ഞത്. എന്നാല്‍ ശനിയാഴ്ച രാത്രിതന്നെ മാണി വിഭാഗത്തില്‍ ഉരുള്‍പൊട്ടല്‍ ആരംഭിച്ചു. ഇത്വ്യാപിക്കാതിരിക്കാന്‍ നേതൃത്വം തുടര്‍ന്ന് ശ്രമിച്ചു. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സ്ഥാനാര്‍ഥി പട്ടിക ഉടനുണ്ടാവില്ലെന്നാണ് ഉന്നതാധികാരസമിതിയോഗത്തിന് മുമ്പ് കെ എം മാണി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. ഇതിന് രണ്ടു കാരണവും അദ്ദേഹം നിരത്തി. പത്തനംതിട്ട ജില്ലയില്‍ രണ്ട് മണ്ഡലങ്ങളിലാണ് മാണി വിഭാഗം മത്സരിച്ചിരുന്നത്. തിരുവല്ലയും കല്ലൂപ്പാറയും. പുനര്‍നിര്‍ണയത്തോടെ കല്ലൂപ്പാറയുടെ ഭാഗങ്ങള്‍ തിരുവല്ല, റാന്നി മണ്ഡലങ്ങളിലേക്കുപോയി. അതുകൊണ്ടാണ് കോണ്‍ഗ്രസിനോട് റാന്നി ആവശ്യപ്പെട്ടത്. അവര്‍ നല്‍കാത്ത സാഹചര്യത്തില്‍ സമീപ ജില്ലയില്‍ ഒരു സീറ്റുകൂടി ആവശ്യപ്പെട്ടു. ഇതിന് മറുപടി ലഭിച്ചിട്ടില്ല. മലബാര്‍ മേഖലയില്‍ അനുവദിച്ചത് ജയസാധ്യത തീരെയില്ലാത്ത ആലത്തൂര്‍, പേരാമ്പ്ര, തളിപ്പറമ്പ് സീറ്റുകളാണ്. കാഞ്ഞങ്ങാട് വേണമെന്നതാണ് ആവശ്യം. ഇതുസംബന്ധിച്ച് കോണ്‍ഗ്രസിന്റെ പ്രതികരണം കാത്തിരിക്കുകയാണ്. അതിനുശേഷമേ പൂര്‍ണ പട്ടിക ഉണ്ടാകൂ എന്നാണ് മാണിയുടെ ഔദ്യോഗിക വിശദീകരണം.

22 സീറ്റ് ആവശ്യപ്പെട്ട് 15 സീറ്റിലൊതുങ്ങേണ്ടി വന്ന മാണി ഇപ്പോള്‍ പെടാപ്പാടുപെടുകയാണ്. ജോസഫുമായുള്ള ലയനം മാണിഗ്രൂപ്പില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നൂവെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് മാണിയെ തള്ളിപ്പറഞ്ഞ് പുറത്തുവന്ന സംഭവം.

സ്ഥാനാര്‍ഥികളെ കെട്ടിയിറക്കരുതെന്ന് കൊല്ലം ഡിസിസി

കൊല്ലം: തെരഞ്ഞെടുപ്പില്‍ കൊല്ലത്തേക്ക് പുറത്തുനിന്നുള്ള സ്ഥാനാര്‍ഥികളെ കെട്ടിയിറക്കരുതെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രമേയം. ജില്ലയില്‍ നിന്നുള്ള കെപിസിസി, ഡിസിസി ഭാരവാഹികളില്‍ വിജയസാധ്യതയുള്ളവരെ കണ്ടെത്തി മത്സരിപ്പിക്കണമെന്ന് ആവശ്യം. ഞായറാഴ്ച വൈകിട്ട് ഡിസിസി ഓഫീസില്‍ പ്രസിഡന്റ് കടവൂര്‍ ശിവദാസന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പ്രമേയം പാസാക്കിയത്. എഐസിസിക്കും കെപിസിസിക്കും പ്രമേയം ഫാക്്സ് ചെയ്തു.

പുനലൂരില്‍ ആലപ്പുഴ സ്വദേശി ജോസ എബ്രഹാമിനെ സ്ഥാനാര്‍ഥിയാക്കാന്‍ ധാരണയായതിനെ തുടര്‍ന്നാണ് പ്രമേയവുമായി ഡിസിസി രംഗത്തെത്തിയത്. ജോസ എബ്രഹാം 'എ' ഗ്രൂപ്പുകാരനാണ്.എം വി രാഘവന്‍ കഴിഞ്ഞതവണ മത്സരിച്ച പുനലൂര്‍ ഇത്തവണ കേരള കോണ്‍ഗ്രസ് മാണിക്ക് നല്‍കാന്‍ ധാരണയായിരുന്നു. എന്നാല്‍, പുനലൂര്‍ സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കണമെന്ന് ഡിസിസി നേരത്തെ പ്രമേയം പാസാക്കിയിരുന്നു. സീറ്റ് കിട്ടുമെന്ന പ്രതീക്ഷയില്‍ മാണി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബെന്നി കക്കാട് പ്രചാരണരംഗത്ത് സജീവമായിരുന്നു.

കുഞ്ഞാലിക്കുട്ടിയുടെ വരവ് യുഡിഎഫില്‍ ചങ്കിടിപ്പ്

മലപ്പുറം: മുസ്ളിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മത്സരിക്കുന്നത് വന്‍ തിരിച്ചടിയുണ്ടാക്കുമെന്ന് യുഡിഎഫില്‍ ആശങ്ക. കുഞ്ഞാലിക്കുട്ടി പ്രചാരണത്തിനു വേണ്ടെന്ന് പല സ്ഥാനാര്‍ഥികളും നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം സംസ്ഥാനത്തൊട്ടാകെ തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ഐസ്ക്രീം പാര്‍ലര്‍ കേസ് മുഖ്യചര്‍ച്ചാവിഷയമാകുമെന്നും ഘടകകക്ഷികള്‍ ഭയക്കുന്നു. പെണ്‍വാണിഭക്കാരെ കൈയാമംവയ്ക്കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ആവര്‍ത്തിക്കുന്നത് കുഞ്ഞാലിക്കുട്ടിയെയും യുഡിഎഫിനെയും ഭയപ്പെടുത്തുന്നു.

കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ വനിതാസംഘടനകള്‍ കക്ഷിഭേദമില്ലാതെ രംഗത്തുവന്നിട്ടുണ്ട്. ലീഗ് പ്രഖ്യാപിച്ച 22 സ്ഥാനാര്‍ഥികളില്‍ വനിതകളില്ല. വനിതാനേതാക്കള്‍ക്ക് മത്സരിക്കാന്‍ വിമുഖതയുണ്ട്. കുഞ്ഞാലിക്കുട്ടി മാറിനില്‍ക്കണമെന്ന് കോണ്‍ഗ്രസിലെ പ്രബല വിഭാഗവും ലീഗിലെ മുനീര്‍ പക്ഷവും ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം പരിഗണിച്ച് ഏറെ ആലോചിച്ച ശേഷമാണ് കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. യുഡിഎഫ് നേതാക്കളുമായി ഇക്കാര്യം ആലോചിച്ചു. തോല്‍വിയുടെ ഉത്തരവാദിത്തം തന്റെ തലയില്‍ കെട്ടിവയ്ക്കരുതെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ അഭ്യര്‍ഥന.

ഐസ്ക്രീം കേസില്‍ കോടതിയുടെ ഇടപെടലോ അറസ്റോ കുഞ്ഞാലിക്കുട്ടി ഭയപ്പെടുന്നുണ്ട്. അനധികൃത സ്വത്ത് സംബന്ധിച്ച കേസും കോഴിക്കോട്ട്് രണ്ടു പെണ്‍കുട്ടികള്‍ ആത്മഹത്യചെയ്ത കേസും പുതുതായി ഉയര്‍ന്നുവരുന്നു. ഈ സാഹചര്യത്തില്‍ കൊച്ചിയിലെത്തി നിയമോപദേശം തേടിയാണ് കുഞ്ഞാലിക്കുട്ടി മത്സരിക്കുന്നത്. അറസ്റുണ്ടായാല്‍ നേരിടാന്‍തന്നെയാണ് തീരുമാനം. എന്നാല്‍, അങ്ങനെ സംഭവിച്ചാല്‍ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ തോല്‍ക്കുമെന്ന് ലീഗിതര സ്ഥാനാര്‍ഥികള്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

കുഞ്ഞാലിക്കുട്ടി തയ്യാറാക്കിയ ലീഗിന്റെ 22 അംഗ പട്ടികക്കെതിരെയുള്ള പ്രതിഷേധം ഞായറാഴ്ചയും തുടര്‍ന്നു. പാണക്കാട്ട് തങ്ങളുടെ പ്രഖ്യാപനത്തിന് വിലകല്‍പ്പിക്കാതെ പ്രവര്‍ത്തകര്‍ ആദ്യമായി തെരുവിലിറങ്ങി. ഹൈദരലി ശിഹാബ് തങ്ങളെ കാണാന്‍ പ്രതിഷേധക്കാര്‍ ഒഴുകുകയാണ്. എന്നാല്‍, പട്ടിക ഇനി മാറ്റാനാകില്ലെന്ന് തങ്ങളും കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. അണികളുടെ പ്രതിഷേധത്തില്‍ കാലുവാരലുണ്ടാകുമോയെന്നാണ് നേതൃത്വത്തിന്റെ ആശങ്ക. മഞ്ചേശ്വരത്ത് പി ബി അബ്ദുല്‍ റസാഖും കാസര്‍കോട് എന്‍ എ നെല്ലിക്കുന്നും അണികളുടെ പ്രതിഷേധത്തില്‍ ഉലയുകയാണ്. കുഞ്ഞാലിക്കുട്ടി വിരുദ്ധനായ കെ എം ഷാജി പ്രചാരണം തുടങ്ങിയെങ്കിലും അഴീക്കോട് സീറ്റ് സിഎംപിക്ക് വിട്ടുകൊടുക്കേണ്ടിവരുമോയെന്ന പേടിയുണ്ട്. കോഴിക്കോട് സൌത്തില്‍ മത്സരിക്കുന്ന എം കെ മുനീറും മങ്കടയിലെ ടി എ അഹമ്മദ് കബീറും കെ എം ഷാജിയും കുഞ്ഞാലിക്കുട്ടിയുടെ പാര പ്രതീക്ഷിക്കുന്നുണ്ട്. ഇത് മുന്‍കൂട്ടി കണ്ടാണ് പ്രവര്‍ത്തനം. തിരൂരിലും താനൂരിലും പ്രതിഷേധം അടങ്ങിയിട്ടില്ല. വള്ളിക്കുന്നില്‍ കെ എന്‍ എ ഖാദറിനെ ഇനിയും മണ്ഡലം കമ്മിറ്റി അംഗീകരിച്ചിട്ടില്ല. മണ്ണാര്‍ക്കാട് എന്‍ ഷംസുദ്ദീന്‍ മത്സരിക്കുംമുമ്പ് തോറ്റെന്നാണ് ലീഗുകാരുടെ പ്രതികരണം.
(ആര്‍ രഞ്ജിത്)

ദേശാഭിമാനി 210311

1 comment:

  1. കെപിസിസി പ്രസിഡന്റിന്റെ പെട്ടിചുമക്കുന്നവരെ കുത്തിനിറച്ചുള്ളതാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപ്പട്ടികയെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് വനിതാനേതാവ് പാര്‍ടിയില്‍നിന്ന് രാജിവച്ചു. ആറാം വയസ്സു മുതല്‍ കോണ്‍ഗ്രസിനുവേണ്ടി പ്രവര്‍ത്തിച്ചുവന്ന അഡ്വ. എം വി ജയ ഡാളിയാണ് പാര്‍ടിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചത്. കാട്ടാക്കട മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി ജനവിധി തേടുമെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete