2001 മുതല്‍ യുഡിഎഫ് ഭരിച്ച അഞ്ചുവര്‍ഷത്തെക്കുറിച്ച് ഓര്‍ക്കാന്‍ മടിക്കുന്നവരാണ് മാറാടുകാര്‍. 2002 ജനുവരി മൂന്നിനും 2003 മെയ് രണ്ടിനും കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ പഞ്ചായത്തിലെ കടലോരഗ്രാമമായ മാറാട്ട് നടന്ന കലാപങ്ങളില്‍ 12 ജീവനാണ് പൊലിഞ്ഞത്. ഹിന്ദു, മുസ്ളിം വര്‍ഗീയശക്തികളെ ഒരുപോലെ പ്രീണിപ്പിച്ച യുഡിഎഫ് നയത്തിന്റെ അനിവാര്യദുരന്തത്തിനാണ് മാറാട് ഇരയായത്.
കേരളത്തിന്റെ ഉജ്വലമായ മതനിരപേക്ഷ പാരമ്പര്യത്തിന് കളങ്കമേല്‍പ്പിച്ചുകൊണ്ട് രണ്ടു ഉഗ്രകലാപം യുഡിഎഫ് ഭരണകാലത്തുണ്ടായപ്പോള്‍ ജനങ്ങളെ ഒരുമിപ്പിക്കാനും അവരിലെ മതവിദ്വേഷത്തെ വേരോടെ പിഴുതെറിയാനുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷമായി ശ്രമിച്ചത്. മുറിവുണങ്ങിയ ഈ തീരത്ത് ഇപ്പോള്‍ വീശുന്നത് സൌഹൃദത്തിന്റെ ഇളംകാറ്റാണെന്ന് സമ്മതിക്കാത്ത മാറാടുകാരുണ്ടാകില്ല.
പതിറ്റാണ്ടുകള്‍ക്കുമുമ്പ് ഇരുവിഭാഗത്തില്‍പ്പെട്ട രണ്ടുപ്രമാണിമാരുടെ കുടിപ്പക തീര്‍ക്കാന്‍ ആയുധമാക്കിയത് ബേപ്പൂരിലെയും മാറാട്ടെയും പാവങ്ങളെയായിരുന്നു. അറുപതുകളില്‍ തമ്പി മുതലാളി, നരിമുക്കില്‍ അഹമ്മദ് കുട്ടി എന്നീ മാടമ്പിമാരുടെ തര്‍ക്കം പത്തിലേറെ പേര്‍ കൊല്ലപ്പെട്ട നടുവട്ടം വെടിവയ്പിലാണ് കലാശിച്ചത്.
തുടര്‍ന്ന് പലപ്പോഴുമുണ്ടായ ശ്രമങ്ങളെ പ്രതിരോധിച്ചത് ബേപ്പൂര്‍ പഞ്ചായത്തിലെ സംഘടിത കമ്യൂണിസ്റ് പ്രസ്ഥാനമായിരുന്നു. ഹിന്ദു വര്‍ഗീയത രാജ്യമൊട്ടുക്ക് രാഷ്ട്രീയമായി ശക്തിപ്രാപിച്ച തൊണ്ണൂറുകളില്‍ ആര്‍എസ്എസുകാര്‍ സിപിഐ എം പ്രവര്‍ത്തകരെയും ന്യൂനപക്ഷങ്ങളെയും ഒരുപോലെ ആക്രമിച്ചു. വര്‍ഗീയ പ്രവണതയെ ചെറുക്കുന്നതിനുപകരം ഇരുവര്‍ഗീയതയെയും താലോലിക്കുന്ന കോണ്‍ഗ്രസ് നിലപാടിന്റെ സൃഷ്ടിയായിരുന്നു 1991ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി കെ ഹംസയ്ക്കെതിരെ കോണ്‍ഗ്രസ്-ലീഗ് മുന്നണിയും ബിജെപിയും ചേര്‍ന്നുള്ള പരസ്യബാന്ധവം. ഈ കോലീബി സഖ്യത്തെ തൂത്തെറിഞ്ഞുകൊണ്ടാണ് ബേപ്പൂര്‍ മതനിരപേക്ഷ പാരമ്പര്യം കാത്തത്.
വര്‍ഗീയധ്രുവീകരണം ശക്തമാവുകയായിരുന്നു 2001ലെ യുഡിഎഫ് വിജയത്തോടെ. 2002ലെ പുതുവര്‍ഷാഘോഷത്തിനിടെയുണ്ടായ ചെറിയ കശപിശ സ്ഫോടനാത്മകമായ സ്ഥിതിയിലേക്ക് നയിക്കുകയായിരുന്നു. വര്‍ഗീയ കലാപമുണ്ടാകുമെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പുകള്‍ പാടെ അവഗണിക്കുകയായിരുന്നു എ കെ ആന്റണി നേതൃത്വം നല്‍കിയ ഭരണകൂടം. 2002ലും 2003ലുമായി നടന്ന കലാപങ്ങള്‍ തടയുന്നതിനുപകരം നിരുത്തരവാദപരമായ പ്രസ്താവനകളിറക്കി രക്ഷപ്പെടുകയായിരുന്നു അന്നത്തെ മുഖ്യമന്ത്രി.
കലാപത്തെ തുടര്‍ന്ന് സംഘപരിവാറുകാര്‍ നിരപരാധികളായ മുസ്ളിങ്ങളെ ആട്ടിയോടിച്ചപ്പോള്‍ അതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ഇരുപക്ഷവും വെവ്വേറെ ക്യാമ്പുകള്‍ നടത്തി വീണ്ടും വര്‍ഗീയധ്രുവീകരണം ശക്തമാക്കിയപ്പോള്‍ ഇരുസമുദായത്തിലുള്ളവര്‍ക്കുമായി പൊതുക്യാമ്പ് തുടങ്ങാന്‍ സിപിഐ എം തയ്യാറായി. വര്‍ഗീയവാദികളുടെ ക്യാമ്പുകളില്‍ സര്‍ക്കാര്‍ വക ഭക്ഷണസാധനങ്ങളും ധനസഹായവും പ്രവഹിച്ചപ്പോള്‍ ജനങ്ങളില്‍നിന്ന് പണവും ഉല്‍പ്പന്നങ്ങളും പിരിച്ചെടുത്താണ് സിപിഐ എം ക്യാമ്പ് നടത്തിയത്. ക്യാമ്പ് നടത്തിയ വര്‍ഗീയവാദികള്‍ക്ക് ആന്റണിതന്നെ മാറാട്ട് വന്ന് പട്ടും വളയും സമ്മാനിച്ചപ്പോള്‍ ജീവന്‍ പണയംവച്ചും സമാധാനം പാലിക്കാന്‍ ശ്രമിച്ച സിപിഐ എമ്മുകാരെ സര്‍ക്കാര്‍ മറന്നു. കലാപത്തിനിരയായവരെ ഒരുമിച്ച് താമസിപ്പിക്കണമെന്ന സിപിഐ എം നിര്‍ദേശവും സര്‍ക്കാര്‍ പരിഗണിച്ചില്ല. ദുരിതാശ്വാസപ്രവര്‍ത്തനം കാര്യക്ഷമമായി നടത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചതുമില്ല. കലാപത്തില്‍ സിപിഐ എമ്മുകാര്‍ക്ക് പങ്കുണ്ടെന്ന് വരുത്താനായിരുന്നു ആന്റണിയുടെ ശ്രമം.
കലാപസ്ഥലം സന്ദര്‍ശിച്ച എ കെ ആന്റണിക്ക് ലീഗ് നേതാവായ കുഞ്ഞാലിക്കുട്ടിയെ കൂടെക്കൊണ്ടുപോകാന്‍ കഴിയാത്തവിധം ഭരണകക്ഷി നേതാക്കള്‍ക്കുള്ള പങ്ക് തെളിഞ്ഞ കാലമായിരുന്നു അത്. കലാപത്തെക്കുറിച്ച് അന്വേഷിച്ച തോമസ് പി ജോസഫ് കമീഷന്‍ ആഭ്യന്തരവകുപ്പിന്റെ വീഴ്ചകളെ വിമര്‍ശിക്കുകയും തീവ്രവാദികള്‍ക്ക് പണം നല്‍കിയത് ലീഗുമായി അടുത്ത ബന്ധമുള്ള എഫ് എം എന്നറിയപ്പെടുന്നയാളെന്നും സൂചിപ്പിക്കുകയും ചെയ്തിരുന്നു.
2006ല്‍ അധികാരമേറ്റ എല്‍ഡിഎഫ് സര്‍ക്കാര്‍ മാറാടിലെ ജനങ്ങളുടെ പരസ്പരവിശ്വാസം വീണ്ടെടുക്കാന്‍ ചെയ്ത കാര്യങ്ങള്‍ ആ പ്രദേശത്തിന്റെ മുഖഛായ മാറ്റിയിരിക്കയാണ്. സ്ത്രീകള്‍ക്കുള്‍പ്പെടെ നിരവധി സ്വയംതൊഴിലവസരങ്ങള്‍ നല്‍കുന്ന സ്പര്‍ശം പദ്ധതി ജനങ്ങളില്‍ ആത്മവിശ്വാസവും ഒരുമയും വര്‍ധിപ്പിക്കാന്‍ ഏറെ സഹായിക്കുന്നു.
ബേപ്പൂരിന്റെ എംഎല്‍എ കൂടിയായ വ്യവസായ മന്ത്രി എളമരം കരീമിന്റെ മുന്‍കൈയോടെയാണ് കുടുംബശ്രീ മിഷനും ജില്ലാ പഞ്ചായത്തും കോര്‍പറേഷനും ചേര്‍ന്ന് സ്പര്‍ശം പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ മെയ് ഒന്നിന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. 'സസ്റൈനബിള്‍ പ്രോജക്ട് ഫോര്‍ പോവര്‍ടി അലീവിയേഷന്‍ ആന്റ് റിഫോര്‍മേഷന്‍ ഓഫ് ദി സീറ്റ്ബെല്‍റ്റ് ഏരിയ ഓഫ് മാറാട്' എന്നതിന്റെ ചുരുക്കെഴുത്താണ് സ്പര്‍ശം. ബേപ്പൂര്‍ പഞ്ചായത്തില്‍ കലാപത്തിനിരയായ മാറാട് ഉള്‍പ്പെടെയുള്ള നാല് വാര്‍ഡുകളിലെ സ്ത്രീകള്‍ക്കാണ് ആദ്യഘട്ടത്തില്‍ പദ്ധതിയിലൂടെ തൊഴില്‍ ലഭിച്ചത്. വികെസി ചപ്പല്‍സ്, തെഹനക്ക സ്റ്റീല്‍സ്, കാലിക്കറ്റ് പീസ്ഗുഡ്സ് മര്‍ച്ചന്റ്സ് അസോസിയേഷന്‍, സാന്ത്വന സ്പര്‍ശം ഓഫ്സെറ്റ് പ്രിന്റിങ് ആന്റ ബുക്ക് ബൈന്റിങ്, ഒലീന തുടങ്ങിയ സംരഭകരാണ് തൊഴില്‍ ദാതാക്കള്‍.അഞ്ച് സ്ഥാപനങ്ങളുടെയും യുണിറ്റുകള്‍ മാറാട് ബീച്ചില്‍ സ്ഥാപിച്ചു. ഭിന്നതകള്‍ മാറ്റിവെച്ച് എല്ലാ വിഭാഗവും ഒരുമിക്കുന്ന ഈ സ്ഥാപനങ്ങള്‍ ഇന്ന് മാറാട് ഒരുമയുടെ സന്ദേശം പകരുകയാണ്.
(എന്‍ എസ് സജിത്)
ദേശാഭിമാനി 210311
2001 മുതല്‍ യുഡിഎഫ് ഭരിച്ച അഞ്ചുവര്‍ഷത്തെക്കുറിച്ച് ഓര്‍ക്കാന്‍ മടിക്കുന്നവരാണ് മാറാടുകാര്‍. 2002 ജനുവരി മൂന്നിനും 2003 മെയ് രണ്ടിനും കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ പഞ്ചായത്തിലെ കടലോരഗ്രാമമായ മാറാട്ട് നടന്ന കലാപങ്ങളില്‍ 12 ജീവനാണ് പൊലിഞ്ഞത്. ഹിന്ദു, മുസ്ളിം വര്‍ഗീയശക്തികളെ ഒരുപോലെ പ്രീണിപ്പിച്ച യുഡിഎഫ് നയത്തിന്റെ അനിവാര്യദുരന്തത്തിനാണ് മാറാട് ഇരയായത്.
ReplyDeleteകേരളത്തിന്റെ ഉജ്വലമായ മതനിരപേക്ഷ പാരമ്പര്യത്തിന് കളങ്കമേല്‍പ്പിച്ചുകൊണ്ട് രണ്ടു ഉഗ്രകലാപം യുഡിഎഫ് ഭരണകാലത്തുണ്ടായപ്പോള്‍ ജനങ്ങളെ ഒരുമിപ്പിക്കാനും അവരിലെ മതവിദ്വേഷത്തെ വേരോടെ പിഴുതെറിയാനുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷമായി ശ്രമിച്ചത്. മുറിവുണങ്ങിയ ഈ തീരത്ത് ഇപ്പോള്‍ വീശുന്നത് സൌഹൃദത്തിന്റെ ഇളംകാറ്റാണെന്ന് സമ്മതിക്കാത്ത മാറാടുകാരുണ്ടാകില്ല.