Monday, March 21, 2011

ജാദവ്പൂര്‍ ഒരുങ്ങി; ആറാം വിജയത്തിന് ബുദ്ധദേവും

കൊല്‍ക്കത്ത: രാജ്യം മാത്രമല്ല, ലോകമാകെ ശ്രദ്ധിക്കുന്ന തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ജാദവ്പൂര്‍ മണ്ഡലം ഒരുങ്ങി. പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായ ബുദ്ധദേവ് ഭട്ടാചാര്യ ഇവിടെനിന്ന് തുടര്‍ച്ചയായ ആറാം തവണ ജനവിധി തേടുന്നു. ബംഗാളിലെ മുന്‍ ചീഫ് സെക്രട്ടറി മനീഷ് ഗുപ്തയാണ് തൃണമൂല്‍ കോഗ്രസ് സ്ഥാനാര്‍ഥി. തൃണമൂല്‍ സ്ഥാനാര്‍ഥി പട്ടിക വെള്ളിയാഴ്ച പുറത്തുവിട്ടയുടന്‍ മനീഷ് ഗുപ്ത മാധ്യമങ്ങളോടു നടത്തിയ പ്രതികരണം ശ്രദ്ധേയമാണ്. താന്‍ ബുദ്ധദേവ് ഭട്ടാചാര്യയെ എതിര്‍ക്കുന്നില്ലെന്നും തന്റെ ഭരണരംഗത്തെ പരിചയം മുന്‍നിര്‍ത്തി ജനങ്ങളുടെ അനുഗ്രഹം തേടുക മാത്രമാണ് ചെയ്യുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. രാഷ്ട്രീയമായി ഇടതുമുന്നണിയെ നേരിടാന്‍ തയ്യാറല്ല എന്ന മുന്‍കൂര്‍ ജാമ്യമാണിത്. ബംഗാളിന്റെ രാഷ്ട്രീയവും വികസനവുമാണ് ജാദവ്പൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന ചര്‍ച്ചയാകുക.

കൊല്‍ക്കത്ത നഗരത്തില്‍ ഇടതുപക്ഷത്തിന്റെ കോട്ടയായാണ് ജാദവ്പൂര്‍ അറിയപ്പെടുന്നത്. 1967ല്‍ നിലവില്‍ വന്ന ജാദവ്പൂര്‍ മണ്ഡലം ഇതുവരെ സിപിഐ എം സ്ഥാനാര്‍ഥികളെ മാത്രമാണ് വിജയിപ്പിച്ചത്. 50 ശതമാനത്തിലധികം വോട്ടുനേടിയാണ് സിപിഐ എം വിജയം. 1987ലെ നിയമസഭാ തെരഞ്ഞെടുപ്പുമുതല്‍ ബുദ്ധദേവാണ് മത്സരിച്ചത്. കോഗ്രസിലെ പ്രഭാത് ചാറ്റര്‍ജിയെ 36,422 വോട്ടിന് തോല്‍പ്പിച്ചാണ് ബുദ്ധദേവ് ആദ്യമായി ജയിച്ചത്. 2006ല്‍ തൃണമൂലിലെ ദീപക്കുമാര്‍ ഘോഷിനെ 58,130 വോട്ടിനാണ് തോല്‍പ്പിച്ചത്. മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമായിരുന്നു ഇത്. കൊല്‍ക്കത്ത നഗരത്തിന്റെ തെക്കുഭാഗത്താണ് ജാദവ്പൂര്‍ മണ്ഡലം. ഇതേ പേരില്‍ സര്‍വകലാശാലയുമുണ്ട്. മണ്ഡല പുനര്‍നിര്‍ണയം കാര്യമായ ഘടനാമാറ്റമൊന്നും ഉണ്ടാക്കിയിട്ടില്ല. ഇടത്തരക്കാരും തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന മണ്ഡലമാണിത്.

കാര്‍ഷികമേഖലയിലെ വളര്‍ച്ച നിലനിര്‍ത്തി വ്യവസായമേഖലയില്‍ ബംഗാളിനെ കൂടുതല്‍ വികസിപ്പിക്കാനുള്ള പ്രയത്നമാണ് ബുദ്ധദേവ് മുഖ്യമന്ത്രിയായശേഷം ആരംഭിച്ചത്. ബംഗാളിന്റെ വ്യവസായവളര്‍ച്ചയില്‍ നിരവധി നേട്ടങ്ങള്‍ ഇതുമൂലം ഉണ്ടായി. ഈ നേട്ടങ്ങളെ താഴ്ത്തിക്കെട്ടാനും വ്യക്തിപരമായി ഇതിന്റെ പേരില്‍ അദ്ദേഹത്തെ ക്രൂശിക്കാനും ശ്രമങ്ങള്‍ നടന്നു. രാഷ്ട്രീയ, ഭരണനയങ്ങളോടു വിയോജിക്കുമ്പോഴും പ്രതിപക്ഷം ബുദ്ധദേവിന്റെ സംശുദ്ധ പൊതുജീവിതത്തെ അംഗീകരിക്കുന്നു. ഒരു അഴിമതി ആരോപണം പോലും അദ്ദേഹത്തിനെതിരെ ഉയര്‍ത്താനായിട്ടില്ല. ജനങ്ങളോട് വിനയാന്വിതനായി പെരുമാറുന്ന, ലളിതജീവിതം നയിക്കുന്ന മുഖ്യമന്ത്രിയെന്ന അംഗീകാരവും അദ്ദേഹത്തിനുണ്ട്. ബാലിഗഞ്ചിനടുത്ത പാം അവന്യൂവിലെ ഒറ്റ ബഡ്റൂം ഫ്ളാറ്റിലാണ് അദ്ദേഹം താമസിക്കുന്നത്.

1944ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച ബുദ്ധദേവ് 1964ല്‍ പ്രസിഡന്‍സി കോളേജില്‍നിന്നാണ് ബിരുദമെടുത്തത്. 1966ല്‍ സിപിഐ എം അംഗമായി. 1971ല്‍ പാര്‍ടി സംസ്ഥാന കമ്മിറ്റിയംഗവും 1982ല്‍ സംസ്ഥാന സെക്രട്ടറിയറ്റംഗവുമായി. 1985 മുതല്‍ കേന്ദ്ര കമ്മിറ്റിയംഗം. 2000 മുതല്‍ പൊളിറ്റ് ബ്യൂറോയില്‍. ഡിവൈഎഫ്ഐക്കു മുമ്പ് ബംഗാളിലെ യുവജനസംഘടനയായിരുന്ന ഡിവൈഎഫ് സെക്രട്ടറിയായിരുന്നു. 1977ല്‍ കോസിപ്പൂരില്‍നിന്നാണ് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഏറെക്കാലം മന്ത്രിയായിരുന്നു. 1996 മുതല്‍ ആഭ്യന്തരവകുപ്പിന്റെയും ചുമതല വഹിച്ചു. കവിതയും ക്രിക്കറ്റും സിനിമയും ഏറെ ഇഷ്ടപ്പെടുന്നു. ഭാര്യ: മീര. മകള്‍: സുചേത്ന പരിസ്ഥിതി പ്രവര്‍ത്തകയാണ്.
(വി ജയിന്‍)

മമതയുടെ വീടിനുമുന്നില്‍ തൃണമൂലുകാരുടെ സമരം


കൊല്‍ക്കത്ത: സ്ഥാനാര്‍ഥിത്വത്തിന്റെപേരില്‍ തൃണമൂല്‍കോഗ്രസില്‍ കലാപവും കൈയേറ്റവും. കിഴക്കന്‍ മേദിനിപുര്‍ ജില്ലയിലെ താംലുക്ക് മണ്ഡലത്തിലെ സ്ഥാനാര്‍ഥി സോമന്‍ മഹാപത്രയെ മാറ്റണമെന്നാവശ്യപ്പെട്ട് നേതാക്കളടക്കം നൂറിലധികം തൃണമൂല്‍കോഗ്രസ് പ്രവര്‍ത്തകര്‍ ഞായറാഴ്ച കൊല്‍ക്കത്തയിലെകാളിഘട്ടിലെ മമത ബാനര്‍ജിയുടെ വീടിനുമുന്നില്‍ പ്രകടനവും ധര്‍ണയും നടത്തി. പ്രകടനക്കാരെ മമതയുടെ സംരക്ഷകര്‍ അടിച്ചോടിച്ചു. പലര്‍ക്കും പരിക്കുണ്ട്. ഇറക്കുമതി സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ലെന്നുപറഞ്ഞാണ് പ്രതിഷേധം.

കൊല്‍ക്കത്തയിലെ എന്റാലി മണ്ഡലത്തില്‍ തൃണമൂല്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച താരക് നാഥ് ബന്ദോപാധ്യായ മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചു. പ്രമുഖ നേതാവായ താരക് നാഥ് ഇഷ്ടപ്പെട്ട മണ്ഡലം ലഭിക്കാത്തതിനെ തുടര്‍ന്നാണ് പിന്മാറിയത്. വിജയസാധ്യതയുള്ള ശ്യാമപുക്കൂറോ ജോരാസംഗോ നല്‍കുമെന്നാണാണ് മമത പറഞ്ഞിരുന്നത്. എന്നാല്‍, വാക്ക് ലംഘിച്ച് ഇടതുകോട്ടയായ എന്റാലി നല്‍കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

പുറത്തുനിന്നുള്ളവരെ സ്ഥാനാര്‍ഥിയാക്കിയതില്‍ ബര്‍ദ്വമാന്‍, പടിഞ്ഞാറന്‍ മേദിനിപുര്‍, ഹൂഗ്ളി തുടങ്ങിയ ജില്ലകളിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കോഗ്രസുമായി സീറ്റ് തര്‍ക്കം തുടരുന്നതിനിടെ തൃണമൂലിനെതിരെ എസ്യുസിഐയും രംഗത്തെത്തി. രണ്ടുസീറ്റ് മാത്രം അനുവദിച്ചതില്‍ എസ്യുസിഐ പ്രതിഷേധിച്ചു. ആരുടെയും പിന്തുണയില്ലാതെ തങ്ങള്‍ ദീര്‍ഘകാലമായി ജയിക്കുന്ന സീറ്റുകളാണ് ജയ്നഗറും കുള്‍പ്പിയും. അത് മമതയുടെ ഔദാര്യമല്ല. മൂന്നുവര്‍ഷമായി മമതയുടെ എല്ലാ പ്രക്ഷോഭങ്ങള്‍ക്കും പിന്തുണ നല്‍കിയ തങ്ങളെ തഴയുകയായിരുന്നെന്നും എസ്യുസിഐ സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
(ഗോപി)

ദേശാഭിമാനി 210311

1 comment:

  1. രാജ്യം മാത്രമല്ല, ലോകമാകെ ശ്രദ്ധിക്കുന്ന തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ജാദവ്പൂര്‍ മണ്ഡലം ഒരുങ്ങി. പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായ ബുദ്ധദേവ് ഭട്ടാചാര്യ ഇവിടെനിന്ന് തുടര്‍ച്ചയായ ആറാം തവണ ജനവിധി തേടുന്നു. ബംഗാളിലെ മുന്‍ ചീഫ് സെക്രട്ടറി മനീഷ് ഗുപ്തയാണ് തൃണമൂല്‍ കോഗ്രസ് സ്ഥാനാര്‍ഥി. തൃണമൂല്‍ സ്ഥാനാര്‍ഥി പട്ടിക വെള്ളിയാഴ്ച പുറത്തുവിട്ടയുടന്‍ മനീഷ് ഗുപ്ത മാധ്യമങ്ങളോടു നടത്തിയ പ്രതികരണം ശ്രദ്ധേയമാണ്. താന്‍ ബുദ്ധദേവ് ഭട്ടാചാര്യയെ എതിര്‍ക്കുന്നില്ലെന്നും തന്റെ ഭരണരംഗത്തെ പരിചയം മുന്‍നിര്‍ത്തി ജനങ്ങളുടെ അനുഗ്രഹം തേടുക മാത്രമാണ് ചെയ്യുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. രാഷ്ട്രീയമായി ഇടതുമുന്നണിയെ നേരിടാന്‍ തയ്യാറല്ല എന്ന മുന്‍കൂര്‍ ജാമ്യമാണിത്. ബംഗാളിന്റെ രാഷ്ട്രീയവും വികസനവുമാണ് ജാദവ്പൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന ചര്‍ച്ചയാകുക.

    ReplyDelete