Monday, March 21, 2011

മുത്തങ്ങ മറന്ന് ജാനു

ഭൂമി ചോദിച്ചു വെടിയുണ്ട നല്‍കി

പാവപ്പെട്ട ആദിവാസികള്‍ക്ക് പൊള്ളയായ വാഗ്ദാനം നല്‍കി മോഹിപ്പിക്കുക, ഭൂമി ചോദിച്ച് സമരം നടത്തിയവരെ ചോരയില്‍ മുക്കിക്കൊല്ലുക. നൂറ്റാണ്ടുകളായി അടിമത്തം പേറിയ ആദിവാസികള്‍ക്കുനേരെയുള്ള ക്രൂരമായ അടിച്ചമര്‍ത്തലിനും സാക്ഷിയായി 2001-2006 കാലത്തെ യുഡിഎഫ് ഭരണം. വയനാട്ടിലെ മുത്തങ്ങ എന്ന ആദിവാസി ഗ്രാമം ഭരണകൂടത്തിന്റെ കിരാതമായ മനുഷ്യവേട്ടയുടെ മറുപേരായി കേരള ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നത് അന്നാണ്. ദരിദ്രരില്‍ ദരിദ്രരും ചൂഷിതരുമായ ആദിവാസികള്‍ നടത്തിയ അസാധാരണമായ സമരത്തെ ഉന്മൂലനം ചെയ്യാന്‍ പൊലീസ് നടത്തിയ നരമേധത്തില്‍ തകര്‍ന്നത് എ കെ ആന്റണി സ്വയംകെട്ടിപ്പൊക്കിയ ആദര്‍ശ പ്രതിബിംബം കൂടിയായിരുന്നു. സംസ്ഥാനത്തെ പ്രക്ഷോഭചരിത്രത്തില്‍ ആദിവാസി കൊല്ലപ്പെട്ട സംഭവവും രേഖപ്പെടുത്തപ്പെട്ടു. മുത്തങ്ങയില്‍ മാത്രമല്ല, കേരളത്തിലങ്ങോളമിങ്ങോളം ആദിവാസി ഊരുകള്‍ പൊലീസിന്റെ മൃഗീയതയ്ക്ക് യുഡിഎഫ് ഭരണകാലം സാക്ഷിയായി.

2001 സെപ്തംബറില്‍ സെക്രട്ടറിയറ്റിനുമുന്നില്‍ ഒന്നരമാസത്തോളം കുടില്‍കെട്ടി ആദിവാസികള്‍ നടത്തിയ സമരം ആന്റണിസര്‍ക്കാര്‍ ഒതുക്കിയത് 45,000 ആദിവാസി കുടുംബങ്ങള്‍ക്ക് അഞ്ചേക്കര്‍വീതം ഭൂമി നല്‍കാമെന്ന് മോഹിപ്പിച്ചായിരുന്നു. അതിനും മാസങ്ങള്‍ക്കുമുമ്പ് മറയൂരില്‍ ജാനുവിനും ആദിവാസികള്‍ക്കുമൊപ്പം നൃത്തമാടിയ എ കെ ആന്റണി മുന്നോട്ടുവച്ച ഒത്തുതീര്‍പ്പ് സത്യമാകുമെന്ന് പ്രക്ഷോഭകര്‍ വിശ്വസിച്ചു. 2001 ഒക്ടോബര്‍ 16ന് ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥയിലെ ഏഴു വ്യവസ്ഥകള്‍ പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ആദിവാസികള്‍ക്ക് ഭൂമി ലഭ്യമാക്കുന്നതുപോയിട്ട് ഭൂമി കണ്ടെത്താന്‍പോലും സര്‍ക്കാരിനായില്ല. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ആറളം ഫാമില്‍നിന്നും നിക്ഷിപ്ത വനഭൂമിയില്‍നിന്നും ഭൂമി ലഭ്യമാക്കുമെന്ന എ കെ ആന്റണിയുടെ പ്രഖ്യാപനവും പൊള്ളയാണെന്ന് ആദിവാസികള്‍ക്ക് ബോധ്യമായി. ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍ ചവറ്റുകൂനയിലിട്ട സര്‍ക്കാര്‍ 2002 ജനുവരി ഒന്നിന് മറയൂരില്‍ ആന്റണിയും ജാനുവും നൃത്തം ചെയ്ത ചടങ്ങില്‍ വിതരണം ചെയ്തെന്ന് അവകാശപ്പെട്ട ഭൂമി പോലും ലഭ്യമാക്കിയില്ല. അവിടെ 388 ആദിവാസി കുടുംബങ്ങള്‍ വഴിയാധാരമായി. വാഗ്ദാനലംഘനങ്ങളുടെയും വഞ്ചനയുടെയും ഒടുവിലാണ് മുത്തങ്ങയിലെ ആദിവാസികള്‍ സമരത്തിനൊരുങ്ങിയത്.

മുത്തങ്ങ സമരത്തിനുമുമ്പ് ആദിവാസിക്ഷേമസമിതി വയനാട്ടിലടക്കം നടത്തിയ സമരങ്ങളെ പൊലീസ് അതിക്രൂരമായാണ് നേരിട്ടത്. ഗര്‍ഭിണികളെയും കുട്ടികളെയും ആഹാരംപോലും നല്‍കാതെ ജയിലിലിട്ട് പീഡിപ്പിച്ചു. ഇതിനുപിന്നാലെയാണ് ആദിവാസി ഗോത്രസമിതിയുടെ നേതൃത്വത്തില്‍ 2003 ജനുവരി മൂന്നുമുതല്‍ മുത്തങ്ങ വന്യജീവി സംരക്ഷണ കേന്ദ്രം കൈയ്യേറി സ്വയംഭരണമേഖലയായി പ്രഖ്യാപിച്ചത്. ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി നല്‍കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍നിന്നായി ആദിവാസികളെ ജാനുവും കൂട്ടരും മുത്തങ്ങയിലെത്തിച്ചത്. സമരം നീണ്ടുപോയിട്ടും പരിഹരിക്കാന്‍ ശ്രമമുണ്ടായില്ല. പകരം പൊലീസ് നടപടിയിലൂടെ സമരക്കാരെ ഒഴിപ്പിക്കാമെന്ന് കരുതി സര്‍ക്കാര്‍. ഒഴിപ്പിക്കാന്‍ ചെന്ന പൊലീസുകാര്‍ നടപടിക്രമം പാലിക്കാതെ ആദിവാസികളുമായി ഏറ്റുമുട്ടിയപ്പോള്‍ ജോഗി എന്ന ആദിവാസിയും കെ വി വിനോദ് എന്ന പൊലീസുകാരനും കൊല്ലപ്പെട്ടു. ജാനുവും ഗീതാനന്ദനും അടക്കമുള്ള ഗോത്രസമിതി നേതാക്കള്‍ക്ക് ക്രൂരമര്‍ദനമേറ്റു. മുത്തങ്ങയിലെ പൊലീസ് അതിക്രമം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാടൊട്ടുക്ക് സമരം നടത്തിയ സിപിഐ എം നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് ക്രൂരമായി മര്‍ദിച്ചു. മുഖ്യമന്ത്രിയും സംസ്ഥാനഭരണകൂടവും പ്രതിക്കൂട്ടിലായിട്ടും ഭൂമിയെന്ന മൌലികപ്രശ്നത്തിന് പരിഹാരം കാണാന്‍ യുഡിഎഫ് സര്‍ക്കാര്‍ ഒരുശ്രമവും നടത്തിയില്ല. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ദയനീയ പരാജയത്തോടെ മുഖ്യമന്ത്രി സ്ഥാനത്ത് എ കെ ആന്റണിക്കുപകരം ഉമ്മന്‍ചാണ്ടി വന്നിട്ടും യുഡിഎഫ് സര്‍ക്കാരിന്റെ മുന്‍ഗണനയില്‍ ആദിവാസിപ്രശ്നം വന്നില്ല.

മുത്തങ്ങ മറന്ന് ജാനു ചങ്ങാത്തം യുഡിഎഫുമായി

കല്‍പ്പറ്റ: എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഭൂമിക്കുവേണ്ടി സമരംചെയ്ത ആദിവാസികളെ പൊലീസ് തല്ലിച്ചതച്ചത് അന്ന് സമരത്തിന്റെ നായികയായിരുന്ന സി കെ ജാനുവിന് മറക്കാനാകുമോ? ജാനു നേതൃത്വംനല്‍കുന്ന ഗോത്രമഹാസഭയെ യുഡിഎഫിന്റെ ആലയില്‍ കെട്ടാനും സ്ഥാനാര്‍ഥിയാകാനും ശ്രമം നടക്കുമ്പോള്‍ വയനാട്ടിലെ ആദിവാസി ജനവിഭാഗങ്ങളുടെ മനസ്സിലുയരുന്ന ചോദ്യമാണിത്. മുത്തങ്ങസമരത്തിനിടയില്‍ പൊലീസ് വെടിവച്ചുകൊന്ന ജോഗിയുടെ കുടുംബത്തിലും ഇതേ ചോദ്യമുയരുന്നുണ്ടാകണം.

സംസ്ഥാനത്തെ രണ്ട് പട്ടികവര്‍ഗ സംവരണമണ്ഡലവും വയനാട് ജില്ലയിലാണ്. മാനന്തവാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകാനായിരുന്നു ജാനുവിന് മോഹം. തിരുവനന്തപുരത്തുചെന്ന് രമേശ് ചെന്നിത്തലയെയും ഉമ്മന്‍ചാണ്ടിയെയും കണ്ടു. കെപിസിസി ആസ്ഥാനത്തുചെന്ന ജാനുവിനുമുന്നില്‍ നേതാക്കള്‍ വാതില്‍ കൊട്ടിയടച്ചു. 'ജാനു വൈകിപ്പോയി' എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. മാനന്തവാടി സീറ്റിനുവേണ്ടി കോണ്‍ഗ്രസില്‍ത്തന്നെ അരഡസനോളംപേര്‍ രംഗത്തുള്ളപ്പോഴാണ് ചെന്നിത്തലയെ കണ്ടത്. എന്നിട്ടും പ്രതീക്ഷ കൈവിടാത്ത ജാനു ഡല്‍ഹിയിലേക്ക് വണ്ടി കയറി. ഒരുകാലത്ത് അടച്ചാക്ഷേപിച്ച എ കെ ആന്റണിയെയും വയലാര്‍ രവിയെയും കണ്ടു. എന്നിട്ടും ഫലമുണ്ടായില്ല. രണ്ടുദിവസം ഡല്‍ഹിയില്‍ തങ്ങി കഴിഞ്ഞദിവസം അവര്‍ തിരിച്ചെത്തി. മുത്തങ്ങ സമരത്തില്‍ ജാനുവും എം ഗീതാനന്ദനും ഉള്‍പ്പെടെയുള്ള ഗോത്രമഹാസഭാ നേതാക്കള്‍ക്ക് ഭീകരമര്‍ദനമാണ് ഏറ്റത്. അടികൊണ്ട് നീരുവന്നുവീര്‍ത്ത മുഖവുമായി ജാനു പൊലീസ് ജീപ്പിലേക്ക് വലിച്ചെറിയപ്പെടുന്ന ദൃശ്യം ചാനലുകള്‍ വഴി കേരളം കണ്ടു. അന്നത്തെ പൊലീസ് നടപടിയെ ന്യായീകരിക്കുകയായിരുന്നു മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും. സിപിഐ എമ്മും എല്‍ഡിഎഫുമാണ് അന്ന് പ്രതിഷേധത്തിന്റെ മുമ്പിലുണ്ടായിരുന്നത്.

തുടര്‍ന്ന് എല്‍ഡിഎഫ് അധികാരത്തിലെത്തിയപ്പോഴാണ് ജാനു ഉള്‍പ്പെടെയുള്ള ആദിവാസി നേതാക്കള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് പരിഹാരമുണ്ടായത്. ജാനു താമസിക്കുന്ന സ്ഥലത്തിന് കൈവശരേഖ നല്‍കിയതും ഇപ്പോഴത്തെ സര്‍ക്കാരാണ്. ജാനു ചടങ്ങില്‍ പങ്കെടുക്കാതെ മാറിനിന്നപ്പോള്‍ അമ്മയാണ് മന്ത്രിമാരില്‍നിന്ന് രേഖ ഏറ്റുവാങ്ങിയത്. കൈവശരേഖ ലഭിച്ച ഒന്നരയേക്കര്‍ സ്ഥലത്തെ പഴയ വീട് പൊളിച്ച് പുതിയ കോക്രീറ്റ് വീട് പണിയുകയുംചെയ്തു.
(ഒ വി സുരേഷ്)

ദേശാഭിമാനി 210311

1 comment:

  1. പാവപ്പെട്ട ആദിവാസികള്‍ക്ക് പൊള്ളയായ വാഗ്ദാനം നല്‍കി മോഹിപ്പിക്കുക, ഭൂമി ചോദിച്ച് സമരം നടത്തിയവരെ ചോരയില്‍ മുക്കിക്കൊല്ലുക. നൂറ്റാണ്ടുകളായി അടിമത്തം പേറിയ ആദിവാസികള്‍ക്കുനേരെയുള്ള ക്രൂരമായ അടിച്ചമര്‍ത്തലിനും സാക്ഷിയായി 2001-2006 കാലത്തെ യുഡിഎഫ് ഭരണം. വയനാട്ടിലെ മുത്തങ്ങ എന്ന ആദിവാസി ഗ്രാമം ഭരണകൂടത്തിന്റെ കിരാതമായ മനുഷ്യവേട്ടയുടെ മറുപേരായി കേരള ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നത് അന്നാണ്. ദരിദ്രരില്‍ ദരിദ്രരും ചൂഷിതരുമായ ആദിവാസികള്‍ നടത്തിയ അസാധാരണമായ സമരത്തെ ഉന്മൂലനം ചെയ്യാന്‍ പൊലീസ് നടത്തിയ നരമേധത്തില്‍ തകര്‍ന്നത് എ കെ ആന്റണി സ്വയംകെട്ടിപ്പൊക്കിയ ആദര്‍ശ പ്രതിബിംബം കൂടിയായിരുന്നു. സംസ്ഥാനത്തെ പ്രക്ഷോഭചരിത്രത്തില്‍ ആദിവാസി കൊല്ലപ്പെട്ട സംഭവവും രേഖപ്പെടുത്തപ്പെട്ടു. മുത്തങ്ങയില്‍ മാത്രമല്ല, കേരളത്തിലങ്ങോളമിങ്ങോളം ആദിവാസി ഊരുകള്‍ പൊലീസിന്റെ മൃഗീയതയ്ക്ക് യുഡിഎഫ് ഭരണകാലം സാക്ഷിയായി.

    ReplyDelete