Wednesday, March 23, 2011

സാമ്പത്തിക പരിഷ്കാരങ്ങള്‍ തുടരും: കേന്ദ്രം

പ്രതിഷേധം വകവയ്ക്കാതെ സാമ്പത്തിക പരിഷ്കാരങ്ങള്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി. ബാങ്കിങ് ഭേദഗതി നിയമവും ചരക്ക് സേവന നികുതിയും സംബന്ധിച്ച ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചുകഴിഞ്ഞു. പെന്‍ഷന്‍ നിയമവും ഉടന്‍ പാസ്സാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലോകസഭയില്‍ ധനബില്‍ അവതരിപ്പിക്കുകയായിരുന്നു ധനമന്ത്രി. ലിബിയ ഉള്‍പ്പെടെ മധ്യപൌരസ്ത്യ ദേശത്തെ സംഘര്‍ഷങ്ങളും ജപ്പാനിലെ ദുരന്തവും എണ്ണ വില വര്‍ധിപ്പിക്കുമെന്നും അതു വിലക്കയറ്റം വീണ്ടും മൂര്‍ച്ഛിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

രോഗനിര്‍ണയ പരിശോധനയ്ക്കും 25 കിടക്കകളുള്ള എയര്‍കണ്ടീഷന്‍ഡ് ആശുപത്രികള്‍ക്കും ബജറ്റില്‍ ഏര്‍പ്പെടുത്തിയ അഞ്ചു ശതമാനം സേവനനികുതി പ്രതിപക്ഷത്തിന്റെ ശക്തമായ ആവശ്യത്തെത്തുടര്‍ന്ന് പിന്‍വലിച്ചു. എന്നാല്‍, അടുത്തവര്‍ഷം ചരക്ക് സേവന നികുതി നടപ്പാക്കുന്നതോടെ ഇതു വീണ്ടും ഏര്‍പ്പെടുത്തുമെന്നും മുഖര്‍ജി പ്രസംഗത്തില്‍ സൂചിപ്പിച്ചു. ചരക്ക് സേവന നികുതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് അഞ്ചു ശതമാനം സേവന നികുതി ഏര്‍പ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

ചരക്ക്-സേവന നികുതി: ഭരണഘടനാ ഭേദഗതിബില്‍ പാര്‍ലമെന്റില്‍

രാജ്യത്ത് ഏകീകൃത ചരക്കു-സേവന നികുതി (ജിഎസ്ടി) നടപ്പാക്കാന്‍ 115-ാം ഭരണഘടനാ ഭേദഗതി ബില്‍ ധനമന്ത്രി പ്രണബ്മുഖര്‍ജി ലോക്സഭയില്‍ അവതരിപ്പിച്ചു. ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന വിവിധ പരോക്ഷനികുതികള്‍ക്കും സെസുകള്‍ക്കും പകരം ഏകീകൃത നികുതിസമ്പ്രദായം കൊണ്ടുവരുന്നതാണ് നിര്‍ദിഷ്ട ഭേദഗതി. കേന്ദ്ര എക്സൈസ് തീരുവ, സേവനനികുതി, അഡീഷണല്‍ കസ്റംസ് തീരുവ, സംസ്ഥാന വില്‍പ്പനനികുതി, വിനോദനികുതി, ആഡംബര നികുതി, ലോട്ടറികള്‍ക്കും ചൂതാട്ടത്തിനും ഈടാക്കുന്ന നികുതി, കേന്ദ്ര- സംസ്ഥാന സെസുകള്‍ തുടങ്ങിയവയെല്ലാം ജിഎസ്ടിക്ക് വഴിമാറും.

2012 ഏപ്രിലില്‍ ജിഎസ്ടി നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിട്ടുള്ളതെങ്കിലും ബിജെപിയടക്കമുള്ള എന്‍ഡിഎ കക്ഷികള്‍ എതിര്‍ക്കുന്നതിനാല്‍ അത് എളുപ്പമാകില്ല. ബില്ലിന് പാര്‍ലമെന്റ് അംഗീകാരം നല്‍കിയാല്‍ത്തന്നെ പകുതിയിലധികം സംസ്ഥാനങ്ങള്‍കൂടി അംഗീകരിക്കേണ്ടതുണ്ട്. ജിഎസ്ടി സംസ്ഥാനങ്ങള്‍ക്ക് നഷ്ടം വരുത്തുമെന്നതിനാല്‍ ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള നികുതിഘടനയില്‍ മാറ്റം വേണമെന്നാണ് എന്‍ഡിഎ ഭരിക്കുന്നസംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നത്. ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും പരമാവധി 20 ശതമാനവും കുറഞ്ഞത് 12 ശതമാനവുമാണ് ആദ്യഘട്ടത്തില്‍ ജിഎസ്ടിയായി നിശ്ചയിച്ചിരിക്കുന്നത്. പിന്നീട് 16 ശതമാനമെന്ന ഏകീകൃത നിരക്കിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യം. നികുതിയുടെ പകുതിവീതം ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും ലഭിക്കും. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, വിമാനഇന്ധനം, പ്രകൃതിവാതകം, മദ്യം തുടങ്ങിയ ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അന്തര്‍സംസ്ഥാന ചരക്കുനീക്കങ്ങള്‍ക്ക് കേന്ദ്രമാകും നികുതി ഈടാക്കുക. തുക പിന്നീട് സംസ്ഥാനങ്ങള്‍ക്കുകൂടി വീതിച്ചുനല്‍കും.

ജിഎസ്ടി പ്രകാരമുള്ള നികുതികള്‍ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് കേന്ദ്ര ധനമന്ത്രിയുടെ അധ്യക്ഷതയില്‍ ജിഎസ്ടി കൌണ്‍സില്‍ രൂപീകരിക്കുമെന്ന് ബില്ലില്‍ പറയുന്നു. ഭരണഘടനാ ഭേദഗതി നിയമം നിലവില്‍ വന്ന് 60 ദിവസത്തിനകം രാഷ്ട്രപതിയാണ് കൌണ്‍സിലിന് രൂപം നല്‍കേണ്ടത്. ജിഎസ്ടി തര്‍ക്കം പരിഹരിക്കുന്നതിന് തര്‍ക്കപരിഹാര അതോറിറ്റിയെന്ന നിര്‍ദേശവും ബില്ലിലുണ്ട്.

ദേശാഭിമാനി 230311

1 comment:

  1. പ്രതിഷേധം വകവയ്ക്കാതെ സാമ്പത്തിക പരിഷ്കാരങ്ങള്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി. ബാങ്കിങ് ഭേദഗതി നിയമവും ചരക്ക് സേവന നികുതിയും സംബന്ധിച്ച ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചുകഴിഞ്ഞു. പെന്‍ഷന്‍ നിയമവും ഉടന്‍ പാസ്സാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലോകസഭയില്‍ ധനബില്‍ അവതരിപ്പിക്കുകയായിരുന്നു ധനമന്ത്രി. ലിബിയ ഉള്‍പ്പെടെ മധ്യപൌരസ്ത്യ ദേശത്തെ സംഘര്‍ഷങ്ങളും ജപ്പാനിലെ ദുരന്തവും എണ്ണ വില വര്‍ധിപ്പിക്കുമെന്നും അതു വിലക്കയറ്റം വീണ്ടും മൂര്‍ച്ഛിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

    ReplyDelete