തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സന്ദര്‍ഭത്തില്‍ പതിവുപോലെ മലയാള മനോരമ ദിനപത്രം യു ഡി എഫിന്റെ പ്രചാരവേല ഏറ്റെടുത്തിരിക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും സര്‍ക്കാരിനുമെതിരായ ദുഷ് പ്രചരണത്തിനാണ് മനോരമ വൃഥാ പരിശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. അതിനായി പരമ്പരകള്‍ തന്നെ അവര്‍ സൃഷ്ടിക്കുന്നുണ്ട്. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്തു നടന്ന അഴിമതി പരമ്പരകളും മന്ത്രിമാരുടെ രാജിയും മനപ്പൂര്‍വം വിസ്മരിക്കുന്ന മനോരമ എല്‍ ഡി എഫ് സര്‍ക്കാരിനെതിരായി കള്ളക്കഥകള്‍ കെട്ടിച്ചമയ്ക്കുകയും യു ഡി എഫ് കാലത്ത് നടന്ന അഴിമതികള്‍ എല്‍ ഡി എഫ് സര്‍ക്കാരിനുമേല്‍ അടിച്ചേല്‍പ്പിക്കുവാന്‍ യത്‌നിക്കുകയും ചെയ്യുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സിവില്‍ സപ്ലൈസ് വകുപ്പിനെക്കുറിച്ച് മനോരമ പ്രസിദ്ധീകരിച്ച പരമ്പര. യു ഡി എഫ് ഭരണകാലത്ത് നടന്ന അഴിമതിയും ക്രമക്കേടും എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്താണെന്നാണ് മനോരമയുടെ ഭാഷ്യം. 2004 ല്‍ കേരളത്തില്‍ അധികാരത്തിലിരുന്നത് യു ഡി എഫ് ഭരണകൂടമായിരുന്നുവെന്ന ചരിത്രസത്യത്തെ, വാര്‍ത്ത അപവാദകഥയെഴുത്താക്കുന്ന തിരക്കിനിടയില്‍ മലയാളമനോരമ മറന്നുപോയി.
ഭക്ഷ്യ പൊതുവിതരണ ശൃംഖലയെ ശക്തിപ്പെടുത്തുന്നതിലും ജനോപകാരപ്രദമാക്കുന്നതിലും ജാഗ്രതയോടെ പ്രവര്‍ത്തിച്ചത് എല്‍ ഡി എഫ് സര്‍ക്കാരുകളാണ്. യു ഡി എഫ് അധികാരത്തില്‍ വന്നപ്പോഴെല്ലാം പൊതുവിതരണ സംവിധാനത്തെ ദുര്‍ബലമാക്കുകയും അഴിമതിയുടെ കേളീരംഗമായി മാറ്റുകയും ചെയ്തിരുന്നു.
2001 മുതല്‍ 2006 വരെയുണ്ടായിരുന്ന യു ഡി എഫ് ഭരണകാലത്ത് സപ്ലൈകോ അഴിമതിയുടെ വിഹാരഭൂമിയായിരുന്നു. 134 കോടിരൂപയുടെ അഴിമതിയാണ് 2001 മുതല്‍ 2004 വരെ നടന്നതെന്ന് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ 2005ലെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. നിത്യോപയോഗ സാധനങ്ങളും മരുന്നുകളും വാങ്ങുന്നതിലെ വഴിവിട്ട നടപടികളിലൂടെ ഖജനാവിലെ പണം നഷ്ടപ്പെടുത്തി എന്നാണ് സി എ ജി കണ്ടെത്തിയിരിക്കുന്നത്. റിപ്പോര്‍ട്ട് യു ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ് പരിഗണനയ്ക്ക് വന്നത്. പക്ഷേ, കണ്ണടച്ചു പിടിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ആക്ഷേപങ്ങളും വിമര്‍ശനങ്ങളും ശക്തിപ്പെട്ടപ്പോള്‍ ജി മുരളീധരന്‍ കമ്മിഷനെ നിയോഗിക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ നിര്‍ബന്ധിതമായി. അഴിമതിയുടെ വ്യാപ്തി ഏറെയാണെന്നും കുറ്റക്കാര്‍ക്ക് ഉന്നതബന്ധങ്ങള്‍ ഉണ്ടെന്നും കണ്ടെത്തിയ മുരളീധരന്‍ കമ്മിഷന്‍ സി ബി ഐ അന്വേഷണവും നിര്‍ദ്ദേശിച്ചു. ആ റിപ്പോര്‍ട്ടിനു മുകളില്‍ അടയിരിക്കുകയാണ് യു ഡി എഫ് സര്‍ക്കാര്‍ ചെയ്തത്. എന്നാല്‍ എല്‍ ഡി എഫ് അധികാരത്തിലെത്തിയപ്പോള്‍ മുരളീധരന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സി ബി ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു.
സപ്ലൈകോ സ്ഥാപനങ്ങള്‍ക്കായി മരുന്നു വാങ്ങിയതിലെ ക്രമക്കേടിന്റെ പേരില്‍ ഐ പി എസ് ഉദ്യോഗസ്ഥനും സപ്ലൈകോ സി എം ഡിയുമായിരുന്ന പുലികേശി പ്രതിപ്പട്ടികയിലാണ്. സിവില്‍ സപ്ലൈസ് മന്ത്രിമാരായിരുന്ന ജി കാര്‍ത്തികേയനും അടൂര്‍ പ്രകാശും അന്വേഷണ പരിധിയിലുണ്ട്. മൊത്തക്കച്ചവട റേഷന്‍വ്യാപാരം അനുവദിക്കുന്നതിനായി 30 ലക്ഷം രൂപ കൈക്കൂലി ഭക്ഷ്യമന്ത്രിയായിരുന്ന അടൂര്‍ പ്രകാശും പ്രൈവറ്റ് സെക്രട്ടറിയും ചേര്‍ന്ന് ആവശ്യപ്പെട്ടതായി ആക്ഷേപിച്ചത് കെ പി സി സി അംഗമായ അബ്ദു റഹ്മാനാണ്.
സിവില്‍ സപ്ലൈസ് വകുപ്പില്‍ നടമാടിയിരുന്ന അഴിമതികളെക്കുറിച്ച് അന്വേഷിക്കുവാനും നടപടികള്‍ കൈക്കൊള്ളുവാനും മുന്നോട്ടുവന്നത് എല്‍ ഡി എഫ് സര്‍ക്കാരാണ്. പക്ഷേ മലയാള മനോരമ ഈ യാഥാര്‍ത്ഥ്യങ്ങളെ തമസ്‌കരിക്കുകയും എല്‍ ഡി എഫ് സര്‍ക്കാരിനെതിരായ ദുഷ്പ്രചാരവേലയില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു.
2004 മാര്‍ച്ച് 31ന് അവസാനിച്ച അഞ്ചുവര്‍ഷങ്ങളില്‍ അനുവദിച്ച 206.77 കോടിരൂപയുടെ സര്‍ക്കാര്‍ ധനസഹായത്തില്‍ 72.38 കോടിരൂപ മാത്രമേ വിപണി ഇടപെടലിന് ഉപയോഗിച്ചുള്ളൂവെന്നും സ്വകാര്യ വ്യാപാരികള്‍ക്ക് വിപണി ഇടപെടലിന് അവസരമൊരുക്കിയെന്നും മനോരമ പറയുന്നു. ഇതിന്റെ പാപഭാരവും എല്‍ ഡി എഫ് സര്‍ക്കാരിന്റെ മേലാണ് സൗകര്യപൂര്‍വം മനോരമ ചാര്‍ത്തിത്തരുന്നത്. എന്നാല്‍ ആ കാലയളവില്‍ കേരളം ഭരിച്ചത് യു ഡി എഫ് ആണെന്ന ചരിത്രസത്യം മനോരമ സൗകര്യപൂര്‍വം മറക്കുകയാണ്.
യു ഡി എഫ് ഭരണത്തില്‍ തകര്‍ന്നു തരിപ്പണമാവുകയും അഴിമതിയുടെ കൂടാരമാവുകയും ചെയ്ത സപ്ലൈക്കോയെ ജനോപകാരപ്രദമായ നിലയില്‍ മാറ്റുകയും കാര്യക്ഷമമാക്കുകയും ചെയ്തത് ഭക്ഷ്യമന്ത്രി സി ദിവാകരനും എല്‍ ഡി എഫ് സര്‍ക്കാരുമാണ്.
വസ്തുതകള്‍ ഇതായിരിക്കേ യു ഡി എഫ് കാലത്തു നടന്ന അഴിമതികള്‍ സൗകര്യപൂര്‍വം മറന്ന് എല്‍ ഡി എഫിനെ കുറ്റപ്പെടുത്താനുള്ള മനോരമയുടെ പാഴ്ശ്രമം യു ഡി എഫിനു വേണ്ടിയുളള അവരുടെ പ്രഹസനം നിറഞ്ഞ നാടകമാണെന്ന് തിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്.
ജനയുഗം മുഖപ്രസംഗം 210311

ReplyDelete